മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി തിരുവനന്തപുരം വിളപ്പിൽശാല സരസ്വതി കോളേജിൽ എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ 'ഭാവനയുടെ ചിത്രീകരണം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു
തിരുവനന്തപുരം: നിഷ്കളങ്കമെന്നു തോന്നിച്ച് സമൂഹമാധ്യമങ്ങളിലൂടെ മുന്നിലെത്തുന്ന 'റീല്‍സുകള്‍' ഉള്‍പ്പെടെ പലതും നമ്മുടെ സമയത്തെ അവരുടെ വരുമാനമാക്കി മാറ്റുന്ന തന്ത്രങ്ങളാണെന്ന് പ്രമുഖ എഴുത്തുകാരന് ജി.ആര്.ഇന്ദുഗോപന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള മേഖലാതല പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളപ്പില്‍ശാല സരസ്വതി കോളേജില്‍ നടന്ന പരിപാടിയില്‍ 'ഭാവനയുടെ ചിത്രീകരണം' എന്ന വിഷയത്തിലായിരുന്നു പത്താമത് പ്രഭാഷണം.
ഇനിവരുന്നത് ശിക്ഷണത്തിന്റെയല്ല നിഷേധിക്കലുകളുടെ കാലമാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, എന്തിനെയൊക്കെ നിഷേധിക്കണം എന്നത് പ്രധാനമാണ്. മൊബൈല്സ്ക്രീനിലെ പല കാഴ്ചകളും വിരല്‍കൊണ്ട് ഒഴിവാക്കി വിടാന്‍ മാത്രം എത്രസമയമാണ് നാം ചെലവഴിക്കുന്നത്. അറിവുകളുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് എന്തൊക്കെ നാം നിഷേധിക്കുന്നു എന്നതാണ് ഭാവി വിജയം നിശ്ചയിക്കുന്നത്.
മറ്റൊരാളുടെ സമയത്തെ എത്രകണ്ട് ഉപയോഗപ്പെടുത്താന്‍ കഴിയുന്നു എന്നതിലാണ് ഒരു സ്ഥാപനത്തിന്റെ വിജയം. ഏതെങ്കിലും പ്രചാരണത്തിന്റെയോ കച്ചവടത്തിന്റെയോ ഭാഗമാണെന്നു തോന്നിപ്പിക്കാതെ പലതും നിങ്ങളുടെ മുന്നിലെത്തുന്നു. നിങ്ങളുടെ കാഴ്ചയുടെ സമയം അവരുടെ കീശ വീര്‍പ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആയുസ്സിന്റെ പരമാവധി സമയം ഊറ്റിയെടുക്കുന്ന പതിനായിരക്കണക്കിനു സ്ഥാപനങ്ങളുണ്ട്- ഇന്ദുഗോപന് പറഞ്ഞു.
ഭാവനയെന്നത് അപകടം പിടിച്ച മേഖലയാണെന്നും ഭാവനയുടെ അന്ത്യത്തിലാണ് ഭയത്തിന്റെ ആരംഭമെന്നും ഇന്ദുഗോപന് പറഞ്ഞു. ഭാവന കാടുകയറാതെ സൂക്ഷിക്കണം. ഭാവനയെ നിയന്ത്രിച്ച് പരുവപ്പെടുത്തിയെടുക്കുന്നതാണ് കല. പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് പ്രേതഭവനങ്ങളില്‍ ഒറ്റയ്ക്കു താമസിച്ച് എഴുതേണ്ടിവന്ന അനുഭവമുണ്ട്. അപ്പോഴാണ് ഭാവനയും ഓര്‍മകളുമാണ് സ്വയം നമ്മെ ഭയത്തിലേക്കു തള്ളിവിടുന്നതെന്ന് തിരിച്ചറിഞ്ഞത്.
ഇത്തരം സാഹചര്യത്തില്‍ ശബ്ദം, നിഴല്‍, അനക്കം തുടങ്ങിയവയൊക്കെ പഴയ ഏതെങ്കിലും ഓര്‍മകളിലൂടെയും ഭാവനയിലൂടെയും ഭയപ്പെടുത്താന്‍ തുടങ്ങും.
നമ്മെ ഭയപ്പെടുത്താന്‍ സാധ്യതയുള്ള കാര്യങ്ങള്‍ കണ്ടെത്തണം. കുട്ടിക്കാലത്തെ പ്രേതകഥകളുടെ ഓര്‍മകളും നമ്മള് സങ്കല്പ്പിച്ചെടുക്കുന്നതുമൊക്കെയാണ് പേടിയുടെ കാരണം. യാഥാര്‍ഥ്യത്തെ ചോദ്യംചെയ്യാന്‍ അവസരമുണ്ടാക്കരുത്.
പ്രൊഫഷണലിസം എന്നാല്‍, മാറി ചിന്തിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സരസ്വതി കോേളജ് പ്രിന്‍സിപ്പലും അക്കാദമിക് ഡയറക്ടറുമായ പ്രൊഫ. എന്‍.ജയകുമാര്‍ മാതൃഭൂമിയുടെ ഉപഹാരം ജി.ആര്.ഇന്ദുഗോപനു സമ്മാനിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍, യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: mbifl lecture series 2023 mbifl 2023 gr indugopan speaks at vilappilshala saraswathi college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..