മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയിൽ, കണിയാപുരം എം.ജി. എം. കോളേജിൽ ഗോപിനാഥ് മുതുകാട് 'എനിക്കുമൊരു സ്വപ്നമുണ്ട്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം: വ്യക്തിയുടെ ചിന്തകളും സ്വപ്നങ്ങളും എക്കാലവും മാറിമറിയുമെന്ന് ഗോപിനാഥ് മുതുകാട്. ഇന്നത്തെ സ്വപ്നങ്ങളല്ല നാളെയുടേത്. എന്നാല്‍, എല്ലാ സ്വപ്നങ്ങളിലും പോസിറ്റീവ് ചിന്തയുടെ അംശങ്ങളുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'എനിക്കുമൊരു സ്വപ്നമുണ്ട്' എന്ന വിഷയത്തില്‍ കണിയാപുരം എം.ജി.എം. കോളേജില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുതുകാട്.
മൂന്നു ഘട്ടങ്ങളിലാണ് എന്റെ ജീവിതത്തില്‍ സ്വപ്നങ്ങളില്‍ മാറ്റമുണ്ടായത്. മാജിക് പഠിച്ചപ്പോള്‍ അതൊരു പാഷനായി മാറി. എത്ര വേദികളില്‍ മാജിക് അവതരിപ്പിക്കാന്‍ കഴിയുമെന്ന സ്വപ്നമാണ് അക്കാലത്ത് മുന്നോട്ടു നയിച്ചത്. പിന്നീട് മാജിക് എനിക്ക് കലയും ബിസിനസുമായി മാറി. അതോടെ ലോകത്തെ ഏറ്റവും മികച്ച മാജിക്കുകാരനാവുകയെന്നതായിരുന്നു സ്വപ്നം.
എന്നാല്‍, കാസര്‍കോട്ടു വച്ച് കണ്ട ഒരമ്മയുടെ ദയനീയ അവസ്ഥ എന്റെ സ്വപ്നത്തെ വീണ്ടും വഴിതിരിച്ചു. വിശന്നുകരഞ്ഞ, ഭിന്നശേഷിക്കാരനായ മകന് പൊതുവേദിയില്‍വച്ച് ആഹാരം നല്‍കാന്‍ കഴിയാത്ത ഒരമ്മയുടെ നിസ്സഹായാവസ്ഥയാണ് പിന്നത്തെ സ്വപ്നങ്ങള്‍ക്ക് വഴികാട്ടിയായത്.
.jpg?$p=31e08d7&&q=0.8)
സ്വപ്നം കാണാനാകാത്ത കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ജീവിക്കുകയെന്നതാണ് ഇപ്പോഴത്തെ സ്വപ്നം. എന്നോടൊപ്പം കഴിയുന്ന, മാജിക് പ്ലാനറ്റ് ഡിഫറന്റ് ആര്‍ട് സെന്ററിലെ 200 കുട്ടികളുടെ ജീവിതമാണ് ഇന്നത്തെ സ്വപ്നം.
ഏത് സമ്പത്തിനേക്കാളും വലുത് അറിവാണെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. വായിച്ച് ചിന്തകളെ ഉണര്‍ത്തണം. ഓരോ നിമിഷവും പുതിയ പുതിയ കാര്യങ്ങള്‍ അറിയാന്‍ കുട്ടികള്‍ ശ്രമിക്കണം. കണ്ണ് തുറന്നു കാണാനും കാത് തുറന്നു കേള്‍ക്കാനും ഹൃദയം തുറന്ന് അറിയാനും ശ്രമിക്കണം. ചിന്തകളെ ഉണര്‍ത്താന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ പഠിക്കണം. വിദ്യാലയങ്ങളില്‍ നിന്ന് മാത്രമല്ല; കൂട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പഠിക്കണം. പ്രശ്നങ്ങളെ അതിജീവിക്കുമ്പോഴാണ് അനുഭവങ്ങളുണ്ടാകുന്നത്.
ആദ്യ മാജിക് പരാജയപ്പെട്ടപ്പോള്‍, പരാജയങ്ങളില്‍ നിന്ന് മാത്രമേ പാഠം പഠിക്കാനാകൂവെന്ന് പറഞ്ഞുതന്ന അച്ഛനാണ് ഇപ്പോഴും മാര്‍ഗദര്‍ശി. തെറ്റും ശരിയും തിരിച്ചറിഞ്ഞ് അരുതാത്ത കാര്യങ്ങളോട് പറ്റില്ല എന്ന് പറയാനുള്ള ചങ്കൂറ്റം കുട്ടികള്‍ കാണിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്രത്തിനൊപ്പം മാനവികതയും പഠിക്കണം. സ്വപ്നങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധികളെ തീവ്രമായ പരിശ്രമത്തിലൂടെ അതിജീവിക്കാനാകും- മുതുകാട് പറഞ്ഞു.
.jpg?$p=e46f401&&q=0.8)
എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ആര്‍.സുനില്‍കുമാര്‍, എം.ജി.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.ജെ. സാജന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: mbifl lecture series 2023, mbifl 2023, Gopinath Muthukad, Kaniyapuram M.G.M. College, Trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..