മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ജി.എസ്. പ്രദീപ് പ്രഭാഷണം നടത്തുന്നു.
കോഴിക്കോട് : അറിവിന്റെ ലക്ഷ്യം മരണശേഷവും ജീവിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുകയാണെന്ന് ജി.എസ്. പ്രദീപ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി മെഡിക്കല്‍ കോളേജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. '100 ദേശം 100 പ്രഭാഷണങ്ങള്‍' എന്ന പരമ്പരയുടെ ഭാഗമായി 'അറിവും മാനവികതയും ഇന്നലെയും നാളെയും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
അറിവും വിജ്ഞാനവും തമ്മിലുള്ള ദൂരമാണ് അറിവും മാനവികതയും തമ്മിലുള്ള അകലം. വര്‍ത്തമാനകാലത്ത് അറിവ് മാനവികതയിലേക്ക് എത്തിക്കാനാവുന്നില്ല. മനുഷ്യര്‍ ഞാന്‍ എന്ന വാക്കിന്റെ തടവറയിലായതാണ് ഇതിനുകാരണം. ആ തടവറയില്‍നിന്ന് പുറത്തുകടന്നവരാണ് മരണശേഷവും ജീവിക്കുന്നത്. ഞാനെന്ന വാക്കിന്റെ തടവറയില്‍ കിടക്കുന്നവന്റെ അറിവ് വിജ്ഞാനമല്ല, അജ്ഞാനമാണ്. താത്കാലികനേട്ടങ്ങള്ക്കും ജീവിതത്തിന്റെ പുഷ്ടിപ്പെടലിനുംമാത്രമുള്ള മാധ്യമമായി അറിവ് അധഃപതിക്കുന്നതാണ് ലോകം നേരിടുന്ന അപകടം.
ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് വര്ത്തമാനകാലമനുഷ്യന് അപരനെ ആശ്രയിക്കുന്നത്. ആത്മവിശ്വാസമില്ലായ്മയെ പ്രതിരോധിക്കുന്ന ആയുധമാണ് അറിവ്. അറിവ്, പ്രണയം, അധ്വാനം, യാത്ര തുടങ്ങിയവയെക്കാള്‍ വലിയ ലഹരികള്‍ ജീവിതത്തിലില്ല. ജീവിതമാണ് ലഹരി എന്ന് ബോധ്യപ്പെടുത്തുകയാണ് ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേയുള്ള ഫലപ്രദമായ മാര്‍ഗം. ആത്മവിശ്വാസക്കുറവുപോലെ അറിവുനേടുന്നതില്നിന്ന് നമ്മെ തടയുന്ന മറ്റൊരു കാര്യമാണ് മുന്‍ധാരണ. ശരിയായ അറിവ് നേടുന്നതില്‍നിന്ന് ഒരാളെ അത് പരാജയപ്പെടുത്തും. അറിവ് മാനവികമാണെങ്കില് മുന്ധാരണയുണ്ടാവണം. ആത്മവിശ്വാസം വേണം. ഞാന്‍ ഇല്ലാതാവണം.
അറിവ് വിജയിച്ചവന്റെ ലക്ഷണമല്ല, പരാജയപ്പെട്ടവന്റെ മടങ്ങിവരവിന്റെ കൊടിയടയാളമാണ്. ലോകത്തെ ഏതുത്സവത്തിനും പിന്നില്‍ ആഹ്ലാദകരമായ ഒരു വിജയത്തിന്റെ കഥയുണ്ട്. എന്നാല്‍, വിജയത്തിന്റെ ഓര്‍മയല്ലാതെ ഉത്സവമുള്ള ജനസമൂഹം മലയാളികളാണ്. തോറ്റവന്റെ തിരിച്ചുവരവിനെ ഉത്സവമായി കാണുന്ന ജനതയാണ് മലയാളികള്‍. അപരന്റെ ഹൃദയത്തെ തന്റേതുകൂടിയാണ് എന്നു തിരിച്ചറിയുന്നതാണ് അറിവ്. അപരനെ ആലിംഗനം ചെയ്യാനാവുന്നതിനെക്കാള് വലിയ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇ.വി. ഗോപി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് റീജണല്‍ എഡിറ്റര്‍ കെ. മധു സ്വാഗതവും മെഡിക്കല്‍ കോളേജ് യൂണിയന് യു.യു.സി. മുഹമ്മദ് അഖ്വീല്‍ നന്ദിയും പറഞ്ഞു.
.jpg?$p=fc20cf2&&q=0.8)
യൂസ്ഡ് കാര്‍ ഡീലറായ ഓട്ടോ വെന്‍ച്വറുമായി സഹകരിച്ചായിരുന്നു പരിപാടി. ഓട്ടോ വെന്‍ച്വര്‍ ദ കാര്‍ ക്ലബ്ബ് മാനേജിങ് പാട്ണര്‍ എം.വി. ഷബിന് ജി.എസ്. പ്രദീപിന് ഉപഹാരം നല്കി.
Content Highlights: mbifl lecture series 2023, mbifl 2023, g s pradeep, grandmaster, calicut medical college, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..