നിർമലഗിരി കോളേജ് ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ പ്രഭാഷണം നടത്തുന്നു.
കൂത്തുപറമ്പ്: സ്വയം ജീവിക്കുമ്പോഴും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുന്ന സഹവര്‍ത്തിത്വമനോഭാവമാണ് മനുഷ്യനുണ്ടാകേണ്ടതെന്ന് എഴുത്തുകാരന്‍ ഇ. സന്തോഷ് കുമാര്‍. 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന് മുന്നോടിയായി നിര്‍മലഗിരി കോളേജ് ഓഡിറ്റോറിയത്തില്‍ 'ചരിത്രത്തിന്റെ നിഴലില്‍; ഭാവിയുടെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിര്‍മിതബുദ്ധി നിര്‍ണായകമാകുന്ന കാലമാണ് വരുന്നത്. ചരിത്രം ഇരുണ്ടതും ഭാവി വെളിച്ചമുള്ളതുമാണെന്ന പ്രതീക്ഷയെ അതെങ്ങനെ സ്വാധീനിക്കുമെന്ന് ഇനിയും വ്യക്തമല്ല.
മനുഷ്യപ്പറ്റെന്നത് വലിയ സംഭവമാണെന്ന് മനസ്സിലാക്കിയത് കോവിഡ് കാലത്താണ്. ലോകത്തെ മാറ്റിമറിക്കാനുള്ള ഫലങ്ങള്‍ കോവിഡിലൂടെയുണ്ടായി. ഈ കാലം ചരിത്രത്തിന്റെ ഭാഗമാകും. സാഹിത്യവും അതിനെ അടയാളപ്പെടുത്തും. ചരിത്രം വൈകാരികമായി രേഖപ്പെടുത്തുന്നതാണ് സാഹിത്യം.
ഇന്നത്തെ പല നിരോധനങ്ങളെയും തമാശയായിട്ടാണ് കാണുന്നത്. വായനയെയും സംഗീതത്തെയും തടഞ്ഞുവെക്കാന്‍ കഴിയില്ല. രഹസ്യാത്മകത സൂക്ഷിക്കുന്ന ഒന്നിനും നിലനില്‍പ്പില്ല.
ഒളിച്ചുവെക്കുന്നതിന് പകരം അനുഭവിക്കുകയും ചര്‍ച്ചനടത്തുകയുമാണ് വേണ്ടത്. പുതിയ ആവിഷ്‌കാരങ്ങള്‍ വന്നാല്‍ മാത്രമേ സമൂഹം മാറുകയുള്ളു.
ഭൂതകാലത്തെ തിരുത്താന്‍ കഴിയില്ല. എന്നാല്‍ ഭൂതകാലത്തെ മനസ്സിലാക്കാനാകണം. ചരിത്രത്തെ കുളിപ്പിച്ച് വൃത്തിയാക്കി സൂക്ഷിക്കേണ്ട ആവശ്യമില്ല. എല്ലാ പ്രസ്ഥാനങ്ങളും മതങ്ങളും പൈശാചികമായ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അവ മൂടിവെക്കാന്‍ സാധ്യമല്ല.
മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഒഴിവാക്കാനും ശ്രമിക്കുന്നതിന് പകരം അവരുടെ ഭാഗത്തുനിന്ന് നോക്കികാണാനുള്ള ശ്രമമുണ്ടാകണം. അത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നതിലൂടെ ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും -അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി. ഔസേപ്പച്ചന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോബി ജേക്കബ്, മലയാളവിഭാഗം അധ്യക്ഷ ഡോ. ദീപമോള്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് പ്രഭാഷണത്തിന്റെ പ്രായോജകര്‍.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: mbifl lecture series 2023, mbifl 2023, E. Santhosh Kumar, Nirmalagiri college, Kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..