ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ സംസാരിക്കുന്നു.
മലപ്പുറം: തമ്മില്‍ത്തല്ലുന്ന കാഴ്ചകളുടെ കാലത്ത് സ്നേഹത്തിന്റെ സംവാദം സാധ്യമാക്കാന്‍ വാക്കുകള്ക്കുകഴിയുമെന്ന് ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനുമുന്നോടിയായി 'സംഗീതത്തിലെ കാലങ്ങളും കാതങ്ങളും' എന്ന വിഷയത്തില്‍ വ്യാഴാഴ്ച മലപ്പുറം ഗവ. കോളേജില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാട്ട് ഒരു രാഷ്ട്രീയംകൂടിയാണ്. വാക്കുകളിലൂടെ സംവേദനത്തിന്റെ സാധ്യത തുറന്നിടുന്ന രാഷ്ട്രീയം. പാട്ടിലാണ് ജനപ്രിയമായ കവിത ഉള്ളത്. കവിതയ്ക്ക് സാധിക്കാത്തത് പാട്ടിന് സാധിക്കുന്നു. പാട്ടുകെട്ടിയുണ്ടാക്കുന്ന ഒരു വലിയ പാരമ്പര്യം നമുക്കുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട രാമചരിതമാനസവും തിരുനിഴല്‍മാലയും പോലുള്ള കൃതികള്‍ പാട്ടുപാരമ്പര്യത്തിന്റെ ഭാഗമാണ്. കൊയ്യുന്നവന്, കടലില്പോകുന്നവന്, ഞാറുനടുന്നവന് എല്ലാവര്ക്കും അവരുടേതായ പാട്ടുകളുണ്ട്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഓരോ അണുവിലും പാട്ടാണ്. അതുപോലെ ഓരോ ജനവിഭാഗങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം പാട്ടുണ്ട്. ബാലെ, നാടകം, സിനിമ എന്നിവയിലൂടെ അത് മുന്നേറി. പാട്ടിനെ പുറത്തുനിര്‍ത്തുകയാണ് നമ്മുടെ സാഹിത്യപാരമ്പര്യം പലപ്പോഴും ചെയ്യാറുള്ളത്.
ഇന്ന് പാട്ടിന്റെ വഴികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സംഗീതശീലം മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പുതിയ തലമുറയുടെ സംഗീതം എന്താകുമെന്നതിനെപ്പറ്റി വേവലാതിപ്പെടേണ്ടതില്ല. കലര്‍പ്പിലൂടെ വികസിച്ചുവന്നതാണ് അതിന്റെ ചരിത്രം. ബംഗാളികള്‍ വന്ന ശേഷം അവരുടെ വാക്കുകളും ഞാറ്റുപാട്ടുകളിലേക്കുവന്നില്ലേ? എത്രകാലങ്ങള്‍ പിന്നിട്ടാലും എത്രകാതങ്ങള്‍ പിന്നിട്ടാലും നമ്മുടെ പാട്ടിന്റെ ഉള്ളില്‍ ഒരു 'മലയാളം' ഉണ്ടാകും-അതുമതി ഹരിനാരായണന് പറഞ്ഞു.
മലയാളികളെ ഒരുകാലത്ത് ഏറെ സ്വാധീനിച്ച സിനിമാഗാനങ്ങള്‍ കവിതയുള്ള പാട്ടുകളായിരുന്നു. വയലാര്‍, ഒ.എന്‍.വി., പി. ഭാസ്കരന് തുടങ്ങിയ മഹാരഥന്മാരായ പാട്ടെഴുത്തുകാര്‍ പാട്ടില്‍ കവിത നിറച്ചു. പാട്ടെഴുത്തില്‍ ഒരുപാട് വ്യത്യസ്തത കൊണ്ടുവന്ന ഒരാളാണ് കാവാലം നാരായണപ്പണിക്കര്‍. നിന്റകത്തോം, എന്റകത്തോം, അയ്യപ്പത്തിന്തകത്തോം എന്നഗാനം പോലെ അത്ര വ്യത്യസ്തമായ ശൈലിയായിരുന്നു കാവാലത്തിന്റേത്-ഹരിനാരായണന് നിരീക്ഷിച്ചു.
മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി നൂറ് ദേശങ്ങളില്‍ നടത്തുന്ന പ്രഭാഷണപരമ്പരകളില്‍ ജില്ലയിലെ ആദ്യത്തേതായിരുന്നു ഇത്.

മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ദാമോദരന്‍, മലയാളവിഭാഗം അസി. പ്രൊഫസര്‍ ഡോ. നിസാര്‍ അഹമ്മദ്, മാതൃഭൂമി റീജണല്‍ മാനേജര്‍ സി. സുരേഷ് കുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥ്, ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആര്. ഗിരീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. ശശി തരൂരാണ് ചൊവ്വാഴ്ച കോഴിക്കോട്ട് പ്രഭാഷണപരമ്പരയ്ക്ക് തുടക്കമിട്ടത്. മാതൃഭൂമി ജന്മശതാബ്ദി ആഘോഷവര്‍ഷത്തില്‍ ഇത്തവണത്തെ അന്താരാഷ്ട്ര അക്ഷരോത്സവം തിരുവനന്തപുരം കനകക്കുന്നിലാണ് നടക്കുക.
Content Highlights: mbifl lecture series 2023, mbifl 2023, b.k.harinarayanan, lyricist, malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..