മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരയിൽ ചേർത്തല എസ്.എൻ.കോളേജിൽ അജയ് പി. മങ്ങാട്ട്
ചേര്‍ത്തല: നോവല്‍ വികാസം നേടിയത് കോളനിവാഴ്ചയിലൂടെയാണെന്ന് നോവലിസ്റ്റും നിരൂപകനുമായ അജയ് പി. മങ്ങാട്ട് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി നടക്കുന്ന പ്രഭാഷണപരമ്പരയില്‍ ചേര്‍ത്തല എസ്.എന്‍. കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോവല്‍: ദേശം, ചരിത്രം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. തന്റെ നാട്ടിലേക്കു മടങ്ങണമെന്ന ആഗ്രഹം ഒട്ടേറെ നോവലുകളിലെ നായകന്മാര്ക്കു കാണാം. എം.ടി. യുടെ നായകര്‍ നാട്ടിലെ സ്നേഹവും സൗഹൃദവും ബന്ധുത്വവും ഉപേക്ഷിച്ച് പോകുന്നുണ്ട്. അവര്‍ ജീവിതവിജയം നേടി തിരിച്ച് നാട്ടിലെത്തുമ്പോള്‍ അവരെ സ്നേഹിക്കാന്‍ ആരുമില്ല. 'കാലം' ഉദാഹരണമാണ്.
എം. മുകുന്ദന്, ഒ.വി. വിജയന്, എം.ടി., സേതു തുടങ്ങിയവരുടെയെല്ലാം നോവലുകളില്‍ നാട്ടിലേക്കുള്ള മടക്കം കാണാം. എന്നാല്‍, ബഷീര്‍ നേരേതിരിച്ചാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ ഏതെങ്കിലും പ്രത്യേകദേശം കാണാനാകില്ല. നാടുവിട്ടു സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടയാളാണ് ബഷീര്‍. സേതുവിന്റെ നായകന്മാര് വലിയ ജോലി ഉപേക്ഷിച്ചാണ് നാടുവിടുന്നത്. ആനന്ദിന്റെ കഥകളെല്ലാം മഹാനഗരത്തിലാണ്. കഥാപാത്രങ്ങളുടെ പേരിനുപോലും മലയാളിത്തമുണ്ടോയെന്നു സംശയം വരും. ഓരോ കഥാപാത്രവും തത്ത്വചിന്ത സംസാരിക്കുന്നതു കാണാം. അവിടെ ചരിത്രമാണ് വിഷയം. ചരിത്രമെങ്ങനെ വ്യക്തികളില്‍ ഇടപെടുന്നുവെന്നാണു കാണുക.
ദേശം എന്നു പറയുന്നത് ഗ്രാമമാണ്. നഗരങ്ങളെ ആരും അങ്ങനെ വിശേഷിപ്പിക്കാറില്ല. ദേശത്തിനു പുറത്തുപോകുന്നയാള്‍ അനുഭവിക്കുന്നത് അസ്തിത്വപ്രശ്നമാകാം. മുകുന്ദനില്‍ ഇതുകാണാം. ഭര്‍ത്താവിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നയാളാണ് ഉറൂബിന്റെ ഉമ്മാച്ചുവിലെ മുഖ്യകഥാപാത്രം. മലയാളത്തിലെ ഏറ്റവും എണ്ണപ്പെട്ട 10 കൃതികളെടുത്താല്‍ ഉമ്മാച്ചു അതിലൊന്നാകും. ദേശത്തെക്കുറിച്ചുള്ള എഴുത്തുകാരുടെ സങ്കല്‍പ്പങ്ങള്‍ പില്ക്കാലത്ത് മാറിമാറിപ്പോകുന്നതു കാണാം.
ഒ.വി. വിജയന്റെ മധുരംഗായതിയില്‍ മിത്തിക്കലായ അന്തരീക്ഷമാണുള്ളത്. രാഷ്ട്രീയം തുറന്നെഴുതിയിട്ടുള്ളയാളാണു വിജയന്. ദസ്തയേവ്സ്കിയുടെ നോവലുകളില്‍ കഥാപാത്രങ്ങളുടെ നീണ്ട സംഭാഷണങ്ങളാണുള്ളത്. സ്ത്രീയുടെ ജീവിതം മറ്റൊരുതരത്തില്‍ കീറിമുറിക്കുന്ന നോവലാണ് ടോള്‍സ്റ്റോയിയുടെ അന്നകരിനീന. എന്നാല്‍, പില്ക്കാലത്ത് ടോള്‍സ്റ്റോയി തികഞ്ഞ സ്ത്രീവിരുദ്ധനിലപാട് സ്വീകരിച്ചിട്ടുണ്ട്. അന്നകരിനീന വായിക്കരുതെന്നുപോലും പറഞ്ഞു.
ഖസാക്കിന്റെ ഇതിഹാസം വായിക്കുമ്പോള്‍ രവിയുടെ അശാന്തിയില്‍നിന്ന് ആ ദേശം നമ്മില്‍ നിറയുകയാണ്. വായനയെ ആളുകള്‍ യാഥാര്‍ഥ്യവുമായി ബന്ധിപ്പിക്കുമ്പോഴാണ് അവര്‍ തസ്രാക്കിലേക്കു യാത്രപോകുന്നത്-അജയ് പറഞ്ഞു. തന്നില്‍ ഏറ്റവും ഊര്‍ജം നിറച്ചിട്ടുള്ള എഴുത്തുകാരന് ആന്റണ്‍ ചെക്കോവാണെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എന്‍. ഷാജി സ്വാഗതം പറഞ്ഞു.
Content Highlights: mbifl lecture series 2023 mbifl 2023 ajay p mangattu speaks at cherthala nss college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..