ജ്യോതി രാധികാ വിജയകുമാർ
കോഴിക്കോട്: സ്വന്തം കഴിവുകളില്‍ അഭിമാനിക്കുന്നവരും സാമ്പത്തിക സ്വാതന്ത്ര്യം ഉളളവരുമാവണം പെണ്‍കുട്ടികള്‍ എന്ന് മോട്ടിവേഷണല്‍ സ്പീക്കറും പരിഭാഷകയുമായ ജ്യോതി രാധികാ വിജയകുമാര്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ 'പെണ് ജീവിതം തെളിയേണ്ട വഴികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീ എങ്ങനെ ജീവിക്കണമെന്നും പുരുഷന് എങ്ങനെ ജീവിക്കണമെന്നും ഉള്ളതിന് ചില മാനദണ്ഡങ്ങള്‍ സമൂഹം വരച്ചു വെച്ചിട്ടുണ്ട്, ഇത് മാറ്റേണ്ടവര്‍ നമ്മള് തന്നെയാവണം എന്ന ബോധം ഒരോ പെണ്‍കുട്ടിയ്ക്കും ഉണ്ടാവണം. സ്വന്തം ജീവിതത്തിന്റെ മൂല്യം നമ്മളാണ് ആദ്യം തിരിച്ചറിയേണ്ടത്. എന്നാല്‍ മാത്രമേ മറ്റുളളവരില്‍ നിന്ന് നമുക്കത് ആവശ്യപ്പെടാന്‍ പറ്റൂ, സമൂഹത്തില്‍ നിലനില്‍ക്കുന്ന പാട്രിയാര്‍ക്കി സംവിധാനം പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ദോഷമാണ് ചെയ്യുന്നത്.
കരയാന്‍ പറ്റാത്ത സോഫ്റ്റ് ആയി പെരുമാറാന്‍ പറ്റാത്ത ആണ്‍കുട്ടികളെയാണ് നമ്മള് വളര്‍ത്തുന്നത്. ഇത്തരം പങ്കാളികളെ അംഗീകരിക്കാന്‍ പെണ്‍കുട്ടികള്‍ക്കും പറ്റില്ല. ഈ സാമൂഹ്യവ്യവസ്ഥിതി മാറണം. സ്വന്തം സ്വത്വം തിരിച്ചറിയാനും അവനവന്റെ താല്പര്യങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കാനും കഴിവുള്ളവരാവണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും.
മറ്റൊരാളെ ആശ്രയിച്ച ശേഷം ഞാന്‍ എന്റെ ജീവിതം മെച്ചപ്പെടുത്തും എന്ന് പെണ്‍കുട്ടികള്‍ ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് ഞാന്‍ എന്റെ ജീവിതം മനോഹരമാക്കുമ്പോള്‍ അത് പങ്കിടാന്‍ മറ്റൊരാള്‍ വരണം എന്നതാണ്. കുട്ടികളെ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയി വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് പറ്റണം. പെണ്‍കുട്ടികളോട് രാത്രി പുറത്ത് ഇറങ്ങാന്‍ പാടില്ല എന്നല്ല പറയേണ്ടത്, ആണ്‍കുട്ടികളെ പെണ്‍കുട്ടികളോട് നല്ല രീതിയില്‍ പെരുമാറാന്‍ ആണ് രക്ഷിതാക്കള്‍ പഠിപ്പിക്കേണ്ടതെന്നും ജ്യോതി രാധികാ വിജയകുമാര്‍ പറഞ്ഞു.
നല്ലതും ചീത്തയായതും ആയ ബന്ധങ്ങള്‍ തിരിച്ചറിയാനും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇടങ്ങളില്‍ നിന്ന് തന്റേടത്തോടെ ഇറങ്ങി പോവാനും പെണ്‍കുട്ടികള്‍ക്ക് കഴിയണം. അമ്മ വീട് നോക്കുന്നു അച്ഛന് പുറത്ത് പോയി ജീവിക്കുന്നു എന്ന് ചില പാഠപുസ്തകങ്ങളില്‍ ഇപ്പോഴുമുണ്ട്. പാഠപുസ്തകങ്ങളില്‍ ജെന്‍ഡര്‍ റിവിഷന്‍ നടത്തേണ്ടതും അത്യാവശ്യമാണെന്നും ജ്യോതി രാധികാ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: mbifl lecture series 2023, Jyothi Radhika Vijayakumar, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..