ജി.മോഹൻരാജ് പ്രഭാഷണം നടത്തുന്നു.
കൊല്ലം: കേസ് അന്വേഷണത്തിന്റെയും നിയമനടപടികളുടെയും സമഗ്രതയ്ക്ക് വൈദ്യശാസ്ത്രം നിര്‍ണായക പങ്കുവഹിക്കുന്നെന്ന് പ്രമുഖ അഭിഭാഷകന് ജി. മോഹന്‍രാജ്. മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്‍പതാമത്തെ പ്രഭാഷണം മീയണ്ണൂര്‍ അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തെ വൈദ്യശാസ്ത്രം എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉത്ര വധക്കേസ്. പാമ്പുകടിയേറ്റുള്ള സാധാരണ മരണമായി മാറാമായിരുന്ന ഉത്രവധത്തില്‍ കൊലപാതകത്തിന്റെ സൂചനകള്‍ കിട്ടിയത് ഡോക്ടറുടെ സംശയങ്ങളില്നിന്നാണ്. മൂര്‍ഖന്‍പാമ്പ് കടിക്കുമ്പോള്‍ പല്ലുകള്‍ പതിയുന്നതും പാമ്പിന്റെ തലയില്‍ ബലമായി പിടിച്ച് കടിപ്പിക്കുമ്പോള്‍ പല്ലുകള്‍ പതിയുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും വൈദ്യശാസ്ത്രമാണ് സഹായിച്ചത്.
ഉത്രയുടെ കൈയില്‍ പാമ്പുകടിച്ചത് രണ്ടിടത്താണ്. കടിയേറ്റ ഇടങ്ങള്‍ തമ്മിലുള്ള അകലം വളരെക്കുറവായിരുന്നു. മൂര്‍ഖന്റെ കടിയേറ്റാല്‍ അസഹനീയമായ വേദനയുണ്ടാകും. എന്നാല്‍ രണ്ടുതവണ കടിച്ചിട്ടും ഉത്ര അറിഞ്ഞില്ലെന്നുള്ളത് മറ്റു മരുന്നുകള്‍ ഉത്രയ്ക്ക് നല്‍കിയെന്നതിന്റെ തെളിവാണെന്ന സൂചന നല്കിയതും ഡോക്ടറാണ്. ഇത്തരത്തില്‍ സാധാരണ മരണവും ആത്മഹത്യയുമൊക്കെയാകാമായിരുന്ന നിരവധി കേസുകളില്‍ കൊലപാതകത്തിന്റെ സൂചനകള്‍ വൈദ്യശാസ്ത്രം നല്‍കിയിട്ടുണ്ട്. ഒന്നിലധികം മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ ഉത്രവധത്തിലെ കണ്ടെത്തലുകള്‍ പഠനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
'വൈദ്യശാസ്ത്രവും നിയമവും' എന്നതായിരുന്നു വിഷയം. ചികിത്സാപ്പിഴവുകള്‍ രണ്ടുതരത്തിലാണ്. ബോധപൂര്‍വമായി ഉണ്ടാക്കുന്നതും അല്ലാത്തവയും. ഏതുതരത്തിലുള്ള ചികിത്സാപ്പിഴവുകളും കേസ് അന്വേഷണത്തെയും നിയമങ്ങളെയും പ്രതികൂലമായി ബാധിച്ച സംഭവങ്ങളും ഒട്ടേറെയാണ്.
വിസ്മയ കേസില്‍ കൊലപാതകമാണെന്ന് സമര്‍ഥിക്കാവുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വിദഗ്ധ വൈദ്യസംഘം നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാണെന്ന് കണ്ടെത്തിയത്.
വധശിക്ഷ അര്‍ഹിക്കുന്നെന്ന് നമുക്ക് തോന്നുന്ന കേസുകളില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നില്ല. കാരണം മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പിന്തുടരുന്നതാണ് നമ്മുടെ രാജ്യത്തെ നിയമം. കുറ്റംചെയ്തയാള്ക്ക് ഏറ്റവും ചെറിയ ശിക്ഷകൊണ്ടുപോലും മാനസാന്തരമുണ്ടായേക്കാമെന്നാണ് നമ്മുടെ ആശയമെന്നും ജി.മോഹന്‍രാജ് പറഞ്ഞു.
.jpg?$p=a80322e&&q=0.8)
അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. മിഥുലാജ് അസീസ് പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശശികല ജി.മോഹന്‍രാജിന് ഉപഹാരം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. റിയാസ് ഷെരീഫ്, മാതൃഭൂമി പ്രത്യേക ലേഖകന്‍ ജി. സജിത്കുമാര്‍, ചീഫ് സബ് എഡിറ്റര്‍ ബിജു പാപ്പച്ചന് എന്നിവര്‍ സംസാരിച്ചു.
Content Highlights: mbifl lecture series 2023, G Mohan Raj Azeezia, Institute of Medical Sciences and Research, Kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..