മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി താളൂർ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പ്രഭാഷണപരിപാടിയിൽ ബെന്യാമിൻ സംസാരിക്കുന്നു.
താളൂര്‍: തനിക്ക് നിലപാടുകളും അഭിപ്രായങ്ങളുമുള്ളതുപോലെതന്നെ, അപരനുമുണ്ടെന്ന് അംഗീകരിച്ച് മുന്നോട്ടുപോവുമ്പോഴാണ് പാരസ്പര്യവും ഊര്‍ജവുമുള്ള മനോഹരമായ സമൂഹം രൂപപ്പെടുന്നതെന്ന് എഴുത്തുകാരന് ബെന്യാമിന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി താളൂര്‍ നീലഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പ്രഭാഷണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ എന്ന ഇടത്തിലേക്ക് നമ്മള് ചുരുങ്ങുകയാണ്. ഞാനും എന്റെ മതവും എന്റെ വിശ്വാസവും മാത്രം ശരിയും അപരന് ദുഷിച്ചയാളും എതിര്ക്കപ്പെടേണ്ടവനുമാണെന്ന് വിചാരിക്കുന്നകാലത്ത് അപരനും ശബ്ദമുണ്ടെന്ന് പറയാന്‍ വേദിയൊരുക്കുകയാണ് സാഹിത്യോത്സവങ്ങള്‍ ചെയ്യുന്നത്.
പുസ്തകോത്സവങ്ങളില്‍ എല്ലാതരം സംവാദങ്ങളും കൊടുക്കല്വാങ്ങലുകളുമുണ്ടാവും. അവിടെ കേള്വിക്കാരന് തിരിച്ചുചോദിക്കാനുള്ള അവസരമുണ്ടാവും. സംവാദാത്മകമായ സാഹചര്യം രൂപപ്പെടുമ്പോഴാണ് സമൂഹം ശക്തമായി മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഥകള്‍ നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ പുതിയ കഥകളാണ് നമുക്ക് പുതിയ ലോകങ്ങളെ തുറന്ന് കാണിച്ചുതരുന്നത്. നമ്മുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള വഴിയായി കഥകള്‍ നില്‍ക്കുന്നുണ്ട്. നാലു പുസ്തകം പ്രസിദ്ധീകരിച്ച് റോയല്റ്റിവാങ്ങാം, സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടാം എന്നൊക്കെ വിചാരിച്ചാല്‍ കഥകളുണ്ടാവില്ല.
കഥകളുണ്ടാവണമെങ്കില് എന്തെങ്കിലും നമ്മളെ വല്ലാതെ നീറ്റുകയും നൊമ്പരപ്പെടുത്തുകയും വേണം. നമ്മള് സമൂഹത്തിലേക്ക് ചുറ്റും നോക്കുമ്പോഴുള്ള അനീതികള്‍, സംഘര്‍ഷങ്ങള്‍, വൈഷമ്യങ്ങള്‍ എന്നിവ നമ്മുടേതുകൂടിയായി മാറുകയും അത് ലോകത്തോട് പറയുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് നിശ്ചയിക്കുകയും ചെയ്യുമ്പോഴാണ് നമ്മള് ഒരു കഥകാരനായിത്തീരുന്നതെന്നും ബെന്യാമിന് പറഞ്ഞു.
ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ വയനാട് ഹില്‍വാലി എരുമാടുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കോളേജ് മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സെക്രട്ടറി റാഷിദ് ഗസ്സാലി ആമുഖപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ജി. സെന്തില്‍കുമാര്‍ അധ്യക്ഷനായി.
.jpg?$p=1990e2a&&q=0.8)
എരുമാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി.പി. സെബാസ്റ്റ്യന്‍ ഉപഹാരം നല്കി. കോളേജ് ഡീന്‍ പ്രൊഫ. മോഹന്‍ബാബു, റീഡേഴ്സ് ക്ലബ്ബ് ജോ. കോഓര്‍ഡിനേറ്റര്‍ എ.പി. ബിന്‍സി എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി കെ.എം. ശശിധരന്, എക്സിക്യുട്ടീവ് അംഗം വി.പി. ബേബി എന്നിവര്‍ പങ്കെടുത്തു.
Content Highlights: mbifl lecture series 2023, Benyamin, Nilgiri College of arts and science, Thaloor, Wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..