മാതൃഭൂമി അക്ഷരോത്സവം നാലാം എഡിഷന്റെ ഭാഗമായി നടത്തുന്ന നൂറ് പ്രസംഗങ്ങളുടെ ഉദ്ഘാടനം ശശി തരൂർ നിർവഹിക്കുന്നു
കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തികവികസനത്തിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണമെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു.
ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള നൂറു പ്രഭാഷണങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 'ആഗോളമലയാളി' എന്ന വിഷയത്തിലായിരുന്നു തരൂരിന്റെ പ്രഭാഷണം.
ഒരു ലക്ഷം കോടി രൂപ വിദേശത്തുനിന്നുള്ള മലയാളികള്‍ ഇങ്ങോട്ടയക്കുന്നതുകൊണ്ടാണ് കേരളം ജീവിക്കുന്നതെന്നാണ് സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ കണക്ക്. ആ വരവുനിലച്ചാല്‍ കേരളവികസനം അതോടെ തീരും. തൊഴിലില്ലായ്മനിരക്ക് ഇന്ത്യയുടേതിനെക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തില്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിനുമുമ്പ് മലയാളികള്‍ തൊഴില്‍തേടി മറ്റു സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. അത് ഇന്ന് നടക്കില്ല. ഗള്‍ഫിന്റെ വാതിലടഞ്ഞാല്‍ വികസനം നിലയ്ക്കുമെന്ന സ്ഥിതി ഇപ്പോഴത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല. ഈ സ്ഥിതിക്ക് കേരളത്തില്‍ത്തന്നെ പരിഹാരം കാണണം.
കേരളത്തിനു പുറത്ത് എവിടെയും അധ്വാനശേഷിയും പ്രൊഫഷണല്‍ മികവും കാണിക്കുന്ന മലയാളികള്‍ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? രാഷ്ട്രീയമാണ് ഇതിനുകാരണമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ പറയുന്നത്.
എന്നാല്‍, മലയാളികള്‍ ഇവിടെ വിജയമാതൃക സൃഷ്ടിച്ചതിന്റെ കഥകളുമുണ്ട്. കപ്പല്‍ രൂപകല്പനാ വിദഗ്ധനായ ആന്റണി പ്രിന്‍സ് കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ലോകോത്തരമായ കപ്പല്‍ പുറത്തിറക്കിയത് ഇത്തരത്തിലൊന്നാണ്. നാട്ടുകാരെ വിശ്വസിച്ചാല്‍ നല്ല ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണിത്. അതിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണം -ശശി തരൂര്‍ പറഞ്ഞു.
കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെയായിരുന്നു പ്രഭാഷണം. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി തരൂരിന് ഉപഹാരം നല്‍കി. ശശി തരൂര്‍ രചിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 'നെഹ്രു: ഇന്ത്യയുടെ സൃഷ്ടി' എന്ന പുസ്തകം എം.കെ. രാഘവന്‍ എം.പി.ക്ക് ശശി തരൂര്‍ കൈയൊപ്പിട്ട് സമ്മാനിച്ചു.
പ്രഭാഷണം കേള്‍ക്കാനെത്തിയ കരുളായി ഓര്‍ഫനേജ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത് സന്തോഷം പങ്കിട്ടാണ് തരൂര്‍ വേദിവിട്ടത്.
Content Highlights: Mbifl Lecture Series 2023, mbifl 2023, Shashi Tharoor, Mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..