പി. പത്മനാഭൻ | ഫോട്ടോ: ആകാശ് എസ്. മനോജ്
മനുഷ്യരെക്കുറിച്ച്, കാരുണ്യത്തെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച് കഴിഞ്ഞ എഴുപത്തഞ്ച് വർഷങ്ങളായി നിരന്തരം എഴുതുന്ന, കഥകൾ വറ്റാത്ത ഉടലുമായി ജീവിക്കുന്ന ടി. പത്മനാഭൻ. ഇനിയും പറയാൻ ഒരുപാടുണ്ട്, എഴുതിത്തീർത്ത, എഴുതിത്തീരാൻ ബാക്കിയുള്ള കഥകളെക്കുറിച്ച്, മനസ്സിൽ പ്രതിഷ്ഠിച്ച് റോൾ മോഡലുകളെക്കുറിച്ച്, സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച്, അനുഭവങ്ങളക്കുറിച്ച് ടി. പത്മനാഭൻ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നു.
കഥയിലെ നെഗറ്റീവ് കഥാപാത്രങ്ങൾ
നെഗറ്റീവ് കഥാപാത്രങ്ങൾ എന്റെ കഥയിൽ ചുരുക്കമാണ്. തീരെ ഇല്ല എന്ന് പറയാൻ കഴിയുമോ എന്നറിയില്ല, പക്ഷെ അരിച്ചുപെറുക്കി നോക്കിയാൽ കുറവാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരിക്കലും അത് കരുതിക്കൂട്ടി ചെയ്തതല്ല. വളരെ വൈകി തിരിഞ്ഞു നോക്കുമ്പോൾ ഇങ്ങനെ ആണല്ലോ എന്ന് ഞാനും കരുതിയിട്ടുണ്ട്. ഇത്തരത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം എഴുത്തിൽ കാണാത്തത് എന്റെ കഴിവുകേടു കൊണ്ടാണ് എന്ന് കേരളത്തിലെ പ്രശസ്ത കഥാകൃത്ത് പറഞ്ഞ് എഴുതിയിട്ടുണ്ട്. ഞാൻ ആ സുഹൃത്തിനോട് നന്ദി പറഞ്ഞിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് പറഞ്ഞ ഉത്തരം, ഞാൻ നെഗറ്റീവ് കഥാപാത്രങ്ങളെ എഴുതാതെ തന്നെ ഈ ലോകത്ത് വേണ്ടത്ര നെഗറ്റീവ് കഥാപാത്രങ്ങളുണ്ട്. ഞാൻ എഴുതിയിട്ട് ഈ സംഖ്യയിലേക്ക് എന്റെ സംഭാവന കൂടി എന്തിന് നൽകണം. തുടക്കത്തിലും അല്ലെങ്കിലും ഇപ്പോഴും കരുതിക്കൂട്ടിയല്ല ഇത്തരത്തിൽ ചെയ്യുന്നത്.
എഴുത്തും മനുഷ്യന്റെ മനസ്സും
എഴുത്തിലൂടെ മനുഷ്യന്റെ മനസ് മാറ്റാനാവുമെന്ന ഒരു തെറ്റിദ്ധാരണയും ഒരു കാലത്തും ഇല്ല. എഴുത്തുകാരൻ വിചാരിച്ചിട്ട് ഈ മനുഷ്യനെ ഒക്കെ ഒന്ന് നന്നാക്കിക്കളയാം എന്ന ബോധം ഒരുകാലത്തും ഇല്ല. അങ്ങനെ ആണെങ്കിൽ വാത്മീകി മുതൽ, വിക്ടർ ഹ്യൂഗോ മുതൽ എത്രയെത്ര പേർ എഴുതി. എന്നിട്ട് ആരെങ്കിലും നന്നായോ
കാരുണ്യവും സ്നേഹവും നിറച്ചുള്ള എഴുത്ത്.
മനുഷ്യന് മാത്രമല്ല, ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളുടേയും ഈ 94-ാം വയസ്സിലും ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ഇന്നലേയും ഞാൻ കരഞ്ഞിട്ടുണ്ട്. അത് എനിക്ക് വേണ്ടിയിട്ടല്ല. ഓച്ചിറയിൽ സ്വന്തം കുടുംബം അമ്മയെ ഉപേക്ഷിച്ചു പോയപ്പോഴാണ്. ദർശനത്തിനായി ഉത്സവസമയത്ത് അമ്മയുമായി വന്നതാണ് മക്കൾ. കണ്ണടച്ച് പ്രാർഥിക്കുന്ന അമ്മയെ ഉപേക്ഷിച്ച് മക്കൾ പിന്മാറുന്നു. നടതള്ളാൻ കൊണ്ടു വന്നതാ, ദേവി ദർശനത്തിന് വേണ്ടിയല്ല. കിട്ടേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞ്. പ്രാർഥനയൊക്കെ കഴിഞ്ഞ് അമ്മ മക്കളെ നോക്കിയപ്പോൾ മക്കളെ കാണാനില്ല. വെപ്രാളത്തോടെ ചുറ്റും ഓടി നടന്ന് മക്കളെ അന്വേഷിക്കുകയാണ്. എനിക്ക് മക്കളെ നഷ്ടപ്പെട്ടു പോയോ എന്ന പേടിയോടെ. നടതള്ളി എന്ന് വിശ്വസിക്കാനാകാതെ. ഇത് നേരിട്ടു കണ്ട പോലീസുകാരൻ എന്നോട് പറഞ്ഞതാണ് ഇത്. കേട്ടപ്പോൾ മനസ്സ് വല്ലാതെ വിഷമിച്ചു. ഒരുപക്ഷെ അതെന്റെ ദൌർബല്യമായിരിക്കാം.
കഥയിലെ കാരുണ്യം
ലോകം മുഴുവനും ഇത്തരത്തിൽ ഒറു ചിന്താഗതിയുണ്ട്. എനിക്കെന്ത് കിട്ടും, അധികപ്പറ്റായ അമ്മയേയോ അച്ഛനേയോ നോക്കിയാൽ എനിക്കെന്ത് കിട്ടും എന്ന ചിന്ത. ഇത് ഇവിടെ മാത്രമല്ല എല്ലായിടത്തും ഉണ്ട്. ഇവിടെ, പഴയ കൂട്ടുകുടുംബത്തിന്റെ പഴയ കാഴ്ചകൾ നഷ്ടപ്പെട്ടു. ഇപ്പോൾ എവിടെയോ അത് നഷ്ടപ്പെട്ടു. ഉള്ള സമയത്ത് അടിച്ചുപൊളിക്കാം എന്ന ചിന്താഗതിയിലേക്ക് മാറി. അങ്ങനെ വരുമ്പോൾ, പഴയ 'കാലഹരണപ്പെട്ട' അച്ഛനമ്മമാരും ബന്ധുജനങ്ങളും, മനുഷ്യൻ മാത്രമല്ല, മറ്റു ജീവജാലങ്ങളും, ഇന്നലെ വരെ പാൽ തന്ന മനുഷ്യർ, നമ്മുടെ കൃഷിക്ക് എല്ലാ സഹായവും ചെയ്ത, പാൽ ഗതാഗതത്തിന് സഹായിച്ച ജീവികൾ, അവയുടെ പ്രയോജനം കഴിഞ്ഞാൽ അവയെ അറക്കാൻ കൊടുക്കാൻ അല്ലെങ്കിൽ ഉപേക്ഷിക്കാൻ തയ്യാറാകുകയാണ്.
ദശകങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ കാളയെക്കുറിച്ചുള്ള കഥ അത് എന്റെ അനുഭവം തന്നെ ആയിരുന്നു. ഞാൻ എഴുതിയ കഥയിലെ സൈറ്റ് എഞ്ചിനീയർ അത് ഞാൻ തന്നെ ആയിരുന്നു. പ്രയോജനം കഴിഞ്ഞ കാളയെ ഉടമ ഒരു പ്രദേശത്ത് കൊണ്ടു വന്ന് കെട്ടിയിടുന്നു. കെട്ടിയ ദിക്കിൽ തണലില്ല, ഭക്ഷണമില്ല, രണ്ട് ദിവസമായി അതിനെ കെട്ടിയിരിക്കുകയാണ്. സൈറ്റിലുള്ള സെക്രട്ടറിയെ വിളിച്ച് ആ കാളയെ ഉടമ പറഞ്ഞ വിലയ്ക്ക് വാങ്ങിവരാൻ പറയുന്നു. എല്ലും തോലുമായി നിൽക്കുന്ന കാളയെ എന്തിന് എന്ന സംശയത്തോടെ നിൽക്കുന്ന സെക്രട്ടറിയോട്, ആവശ്യമുണ്ട് എന്ന് പറഞ്ഞ് കീശയിൽ നിന്ന് പണം എടുത്തു കൊടുക്കുന്ന ആ സൈറ്റ് ഇൻസ്പെക്ടർ അത് ഞാനായിരുന്നു.
ആക്രിയായി മാറിയ ഞാൻ
ഞാൻ തന്നെ പഴയ കാളയായി മാറിയിട്ടുണ്ട് എന്ന ബോധം എനിക്കുണ്ട്. രണ്ട് കൊല്ലം മുമ്പ് എഴുതിയ ആക്രി എന്ന കഥയിൽ, കേരളത്തിലെ വെള്ളപ്പൊക്ക ദുരിത സഹായത്തിനായി ഡി.വൈ.എഫ്.ഐയുടെ ആക്രി ശേഖരണമാണ് വിഷയം. അതിൽ ആക്രിയായി മാറിയ ആ ആൾ ഞാൻ തന്നെയായിരുന്നു.
ഈ സമൂഹത്തിൽ അടിച്ചു പൊളിക്കുന്ന, അതിൽ അഭിരമിക്കുന്നവർക്കിടയിൽ ഞാൻ ആക്രിയാണ്, ഒരു അധികപ്പറ്റ്.
കൊടി പിടിക്കാത്ത സൗഹൃദം
ഞാൻ ജനിക്കുമ്പോൾ തൊട്ടേ അങ്ങനെയാണ്. എന്റെ അമ്മ തന്ന സ്നേഹം, പെങ്ങന്മാർ തന്ന സ്നേഹം എനിക്കറിയാം. ഭക്ഷണം കഴിക്കാതേയും പട്ടിണിയെന്താണെന്ന് അറിഞ്ഞ, ദിവസങ്ങളോളം ഭക്ഷണം കഴിക്കാനില്ലാത്ത ദിനങ്ങൾ. കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകാത്ത ഒരു വിദ്യാർഥിയേയുള്ളു. അത് ഞാൻ ആണ്. തൊട്ടടുത്തുള്ള വീട്ടിലെ കിണറിൽ നിന്ന് പോയി വെള്ളം കുടിച്ച് ദാഹം തീർക്കും. തിരിച്ചു വീട്ടിലെത്തുമ്പോൾ അമ്മ കാത്തിരിക്കും. എന്നാൽ ഭക്ഷണം ഒന്നും ഉണ്ടാകില്ല. തൊട്ടടുത്ത വീട്ടിലെ മാവിന്റെ വലിയൊരു ശാഖ വീടിന്റെ മുറ്റത്തേക്ക് ചാഞ്ഞിരിക്കുന്നുണ്ടാകും. അതിൽ നിന്ന് മാങ്ങകൾ മുറ്റത്തേക്കാണ് വീഴുക. അമ്മ അതെടുത്തു കൊണ്ട് വരും. അത് അമ്മ കഴിക്കില്ല, എനിക്ക് വേണ്ടി കാത്തുവെക്കും. ഇത് തന്നെയായിരുന്നു പെങ്ങന്മാരും. ഒരിക്കൽ, ഒരെഴുത്തുകാരൻ ചോദിച്ചു, നിങ്ങൾ എങ്ങനെയാണ് ഇത്രയും ബഹുമാനത്തിൽ സ്ത്രീകളെക്കുറിച്ചെഴുതുന്നത് എന്ന്. ഞാൻ പറഞ്ഞു, ഞാൻ എന്റെ അമ്മയേയും പെങ്ങന്മാരേയും കണ്ടിട്ടാണ് വളർന്നതെന്ന്. അത് ഇപ്പോഴും ഉണ്ട്. എല്ലാവരോടും ഉണ്ട്.
പുതിയ തലമുറയോട്
പുതിയ തലമുറയോട് ഞാൻ യാതൊന്നും പറയുന്നില്ല.
ഇല്ലാതാവുന്ന റോൾ മോഡൽ
സഖാവ് എന്ന കഥയിൽ പി കൃഷ്ണപ്പിള്ളയെയാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതെവിടെയും കഥയിൽ നേരിട്ട് പരാമർശിക്കുന്നില്ല. എന്നിട്ടും അദ്ദേഹം സംസാരിക്കുന്നു. ഞാൻ വളരെ ചെറുപ്പത്തിലേ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വ്യക്തിയാണ്. 1940ൽ എനിക്ക് ഒൻപത് വയസ്സ്. അന്ന് മുതൽക്ക് തുടങ്ങി മഹാത്മാ ഗാന്ധി സത്യാഗ്രഹം ആരംഭിച്ച കാലം. അതിനെക്കുറിച്ച് മാതൃഭൂമിയിൽ അടക്കം എഴുതിയിട്ടുണ്ട്. സത്യാഗ്രഹത്തിൽ കേരളത്തിൽ ഗാന്ധിയുടെ സന്ദേശത്തോടുകൂടിയാണ് കോഴിക്കോട്ടു നിന്ന് കാൽനടയാത്രയായി പുറപ്പെട്ടത്. യാത്ര കണ്ണൂരിലെത്തി. പോലീസ് ഇത് നിരോധിച്ചു. സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ മുമ്പ്. പിന്നെ കണ്ണൂർ പയ്യാമ്പലം ബീച്ചിലേക്ക് പോയി. അവിടേയും പോലീസ് നിരോധിച്ചു. അപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.
പിറ്റേദിവസം കാലത്ത് അവർ ദേശീയ പാതയുടെ വടക്കോട്ട് നീങ്ങി. എന്റെ വീട് ദേശീയപാതയുടെ അരികിലാണ്. ഞാൻ റോഡരികിൽകാത്തിരുന്നു. അവരുടെ പിറകെ ഞാനും നടന്നു. പുതിയ തെരുവിലെത്തിയപ്പോൾ അവിടെ വെച്ച് സമരത്തെ നേരിട്ടു. അത് പോലീസുകാരല്ല തകർത്തത്. അന്നത്തെ കോൺഗ്രസ് സോഷ്യലിസ്റ്റുകാരാണ്, പിൽകാലത്ത് കമ്മ്യൂണിസ്റ്റുകാർ. മാധവമേനോനും കുട്ടരും പിന്നേയും നടന്ന് വടക്കോട്ട് പോയി. ഞാൻ കണ്ണൂരിലേക്കും. പിന്നീട് സ്കൂളിൽ ഗാന്ധിജിയുടെ മുദ്രാവാക്യങ്ങൾ സ്കൂൾ ഭിത്തിയിൽ എഴുതിയപ്പോൾ സ്കൂളിൽ നിന്ന് പുറത്താക്കി. പിന്നെ വിദ്യാർഥി കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ഭാരവാഹിയുമായി. 1945ൽ മദ്രാസ് പ്രസിഡൻസിയുടെ തിരഞ്ഞെടുപ്പ്.
എന്റെ സമയവയസ്കരായ പിൽകാല സാഹിത്യകാരന്മാർ പരിപാടികളിൽ ഒരു ബാഡ്ജ് കുത്തിയ ബന്ധം പോലും ഉണ്ടായിരുന്നില്ല എന്ന് എനിക്കറിയാം. സ്വാതന്ത്ര്യത്തിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു. ഞാൻ അന്ന് കോൺഗ്രസുകാരനാണ്. കേളപ്പനുമായി വളരെ അടുത്തപരിചയമാണ്. മാതൃഭൂമിയുടെ നവതിപ്പതിപ്പിൽ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.
അതിയായ കോൺഗ്രസ് പ്രേമമുണ്ടായിരുന്ന ആ കാലത്തും എന്റെ ഹൃദയത്തിൽ ഞാൻ പ്രതിഷ്ഠിച്ച വിഗ്രഹം പി. കൃഷ്ണപിള്ളയായിരുന്നു. വളരെ കാലങ്ങൾക്ക് ശേഷം ആ റോൾ മോഡലിന്റെ അടുക്കൽ മറ്റൊരാളെ കൂടി ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. കാസ്ട്രോ അല്ല, സ്റ്റാലിൻ അല്ല, മാവോ സേതുങ് അല്ല, അത് ചെ ഗുവേരയേയായിരുന്നു. ഞാൻ അന്ന് കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നില്ല.
കേരളത്തിൽ ഒരുപക്ഷെ സ്വന്തമായി ഒരു വാഹനം ഇല്ലാത്ത ഒരു വ്യക്തി ഞാൻ ആയിരിക്കും. സ്വന്തമായി ഒരു വാഹനം ഇതുവരെ ആയിട്ടില്ല. അപ്പോൾ, ഇന്നോവ ക്രിസ്റ്റ ഇല്ലാതെ ഒരു പഞ്ചായത്ത് മെമ്പറെ, ഏത് പാർട്ടിയിൽ നോക്കിയാലും കിട്ടില്ല. നമ്മുടെ ട്രഷറി കാലിയാണ്, അതിൽ പൂച്ച പെറ്റുകെടക്കുന്ന പ്രതിപക്ഷ നേതാക്കന്മാരുണ്ട്. അവർക്കും ഇന്നോവ ക്രിസ്റ്റ തന്നെ വേണം. നമുക്ക് റോൾ മോഡലുകളില്ല.
സ്വപ്നങ്ങളെക്കുറിച്ചുള്ള എഴുത്ത്
സ്വപ്നങ്ങൾ കാണാറുണ്ട്. അതിനെ മാത്രം പശ്ചാത്തലമാക്കി എഴുതിയിട്ടുമുണ്ട്. അതൊരു ഭാഗ്യമാണ്.
സ്വാതന്ത്ര്യമില്ലായ്മയുടെ കാലം
ഞാൻ ഒരിക്കലും വരുംവരായ്കകളും ലാഭ-ജയങ്ങൾ നോക്കിയിട്ടില്ല. സോഷ്യൽ മീഡിയയിൽ എഴുതുന്ന ആളുമല്ല. എന്നാൽ എന്തെങ്കിലും പറയേണ്ടി വരുന്ന ഘട്ടങ്ങളിലൊക്കെ അത് പറഞ്ഞിട്ടുണ്ട്. എന്ന് വെച്ച് സ്ഥിരമായി പറഞ്ഞു നടക്കാറും ഇല്ല. പറയേണ്ട ഘട്ടം വരുമ്പോൾ പറയും. ഒരു വിഷമവും കൂടാതെ ഈ പ്രായത്തിലും ഒരു മണിക്കൂറ് സംസാരിക്കാൻ എനിക്ക് ഒരു കടലാസും ഓർമ്മക്കുറിപ്പായി എഴുതേണ്ട ആവശ്യം എനിക്കില്ല. എന്നാൽ ജീവിതത്തിൽ ചില പ്രധാന പ്രസംഗങ്ങൾ ഞാൻ എഴുതി വായിച്ചു. ഒ.എൻ.വി. കൾചറൽ അക്കാദമിയുടെ അവാർഡ് പരിപാടിയിലേതായിരുന്നു അതിലൊന്ന്. എഴുതി വായിച്ചത് വേറൊന്നും കൊണ്ടല്ല, ഞാൻ പറഞ്ഞ കാര്യങ്ങൾ ഇതിലുണ്ടാകും. നാളെ ഞാൻ ഇത് മാറ്റിപ്പറയുകയില്ല. എന്നെ തെറ്റായി ഉദ്ധരിക്കുമ്പോൾ എനിക്ക് ഉറച്ചു നിൽക്കാൻവേണ്ടി മാത്രമാണ് അങ്ങനെ എഴുതി വായിച്ചത്.
എന്നാൽ, രാഷ്ട്രീയനേതാക്കളും സാഹിത്യ 'ദുരന്തകരന്മാരും' വിവാദമായിക്കഴിഞ്ഞാൽ അത് ഞാൻ ഉദ്ദേശിച്ചത് അതല്ല എന്ന് പറഞ്ഞ് തലയൂരുകയാണ്. രാഷ്ട്രീയക്കാർ മാത്രമല്ല, പല മേഖലകളിലുള്ളവരും അത്തരത്തിൽ തലയൂരുകയാണ്.
Content Highlights: writer p padmanabhan interviews in mbifl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..