വി.കെ.മാത്യൂസ് സംസാരിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കഴിവുള്ളവര്‍ പുറത്തേക്ക് പോവുകയാണെന്ന് ഐബിഎസ് കമ്പനി മേധാവി വി.കെ. മാത്യൂസ്. കേരളത്തിന്റെ ഭാവി എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ വേഗം മാറുന്ന ലോകത്ത് കേരളത്തിന്റെ ഭാവി ശോഭനമാകണമെങ്കില്‍ രാഷ്ട്രീയത്തിലും ചിന്താഗതികളിലും മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ ലോകമെന്നത് ഡിജിറ്റല്‍ എക്കണോമിയുടേതാണ്. 2007ന് മുമ്പ് ഇത്തരമൊരു സാഹചര്യമായിരുന്നില്ല ഇവിടെ. ഇന്നത്തെ ലോക ജിഡിപിയുടെ 20 ശതമാനവും സംഭാവന ചെയ്യുന്നത് ഡിജിററല്‍ എക്കണോമിയാണ്. ഡിജിറ്റല്‍ വിവരങ്ങളിലധിഷ്ടതമാണ് ഈ സമ്പദ്വ്യവസ്ഥ. വളരെവേഗമാണ് ഇതില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നത്. 2007ല്‍ ലോകത്തിലാകെ ഒരുമെഗാബിറ്റ് മാത്രമായിരുന്നു ലോകത്തിലെ ആകെ ഇന്റര്‍നെറ്റ് ട്രാഫിക് എങ്കില്‍ ഇന്നത് സെക്കന്‍ഡില്‍ ഒരു ടെറാബൈറ്റിന് മുകളിലാണ്. 5ജി സാങ്കേതിക വിദ്യ വന്നതോടുകൂടി വളരെ വലിയ മാറ്റങ്ങളാണ് വന്നത്.
എന്നാല്‍ ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിന്റെ നിയന്ത്രണം വളരെ കുറച്ച് രാജ്യങ്ങളുടെയും ചുരുക്കം ചില കമ്പനികളുടെയും കൈവശമാണ്. വളരെ അധികം ഡാറ്റയാണ് ഡിജിറ്റല്‍ എക്കണോമിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍ ഡിജിറ്റല്‍ എക്കണോമിയുടെ സൃഷ്ടിയാണ് പ്ലാറ്റ്ഫോമുകള്‍. ആമസോണ്‍ ഒരു ഉദാഹരണം. ലോകത്തെ ആകെയുള്ള എട്ട് വലിയ കമ്പനികളില്‍ ഏഴും ഈ മേഖലയിലെ കുത്തകകളാണ്. ഏഴ് കമ്പനികളും പ്ലാറ്റ്ഫോം അടിസ്ഥാനമായ ബിസിനസ് ആണ് ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തെ വികസിത സമ്പദ്വ്യവസ്ഥകള് ഭൂമിയുടെ വടക്ക് ഭാഗത്തും വികസ്വര-അവികസിത രാജ്യങ്ങളെല്ലാം ദക്ഷിണ ഭാഗത്തുമാണ് ഉള്ളത്. എന്നാല്‍ ഡിജിറ്റല്‍ എക്കണോമിയുടെ കാര്യമെടുത്താല്‍ യുഎസും ചൈനയുമാണ് ഇതിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത്. ഇതിന്മേലുള്ള മേധാവിത്വം ഉറപ്പിക്കുന്നതിലുള്ള തര്‍ക്കങ്ങളാണ് പുറമേക്ക് കാണുന്ന സംഘര്‍ഷങ്ങളെല്ലാം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലോകം കൂടുതല്‍ ഡിജിറ്റലായി. എത്രത്തോളം ഡിജിറ്റലാകുന്നുവോ അത്രത്തോളം അവര്‍ക്ക് ഭാവിയുണ്ടാകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. മാത്രമല്ല തൊഴിലിന്റെ സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡിന്‌ശേഷം പല സെക്ടറുകളിലും ജോലികള്‍ പഴയതു പോലെയായില്ല. ഓണ്‍ലൈനായി ജോലി ചെയ്യാമെന്ന സാഹചര്യമുണ്ടായി.
ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഒരു കാര്‍ഡിയാക് സര്‍ജന് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുക്കാന്‍ സാധിക്കുമെന്ന നിലയിലേക്ക് ലോകം മാറി. മാത്രമല്ല വിദ്യാഭ്യാസരീതി തന്നെ ഇനി ഭാവിയില്‍ മാറിമറിയും. ഇന്നത്തെ ഡിഗ്രിയും ഡിപ്ലോമയും നാളെകളില്‍ പ്രയോജനമില്ലാതാകും. 20 മുതല്‍ 25 ശതമാനം തൊഴിലുകളും റിമോട്ട് സംവിധാനത്തിലേക്ക് മാറുകയാണ് ചെയ്യുക.
നമ്മളിന്ന് തീര്‍ത്തും വിഭിന്നമായൊരു സാമൂഹിക- വ്യാവഹാരിക ലോകത്താണുള്ളത്. മിക്ക മേഖലകളിലും യന്ത്രവത്കരണം സാധ്യമായി. എല്ലാം കൂടുതല്‍ വ്യക്തികേന്ദ്രീകൃതമായി മാറി. അതുകൊണ്ട് നമ്മുടെ നേതാക്കള്‍ അതിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു.
2047 ആകുമ്പോഴേക്കും ലോകത്ത് കഴിവുള്ളവരെ സൃഷ്ടിക്കുന്ന ഫാക്ടറിയായി ഇന്ത്യ മാറും. മാത്രമല്ല ലോകത്തിലെ മൂന്നാമത്തം വലിയ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യും. ലോകത്തിന്റെ വിതരണശൃംഖലയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കാളിത്തമുണ്ടാകും. മാത്രമല്ല നമ്മള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെയധികം ഡിജിറ്റല്‍വത്കരിക്കപ്പെട്ടിരിക്കുന്നു. അതിന് സര്‍ക്കാരുകളോട് നമുക്ക് നന്ദി പറയാം. ഭാവി തലമുറ വളരെ മികച്ച ജീവിതമാണ് നയിക്കാന്‍ പോകുന്നത്.
നമ്മുടെ സംസ്ഥാനത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ ആദ്യകാലങ്ങളില്‍ മിക്ക സൂചികകളിലും ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സംസ്ഥാനമാണ്. ഏതൊരു എക്കണോമിയും സ്ഥിരമായി വളരണമെന്നുണ്ടെങ്കില്‍ കഴിവുള്ള വ്യക്തികള്‍, മൂലധനത്തിന്റെ നിക്ഷേപം, സേവന മേഖല ഇവ മികച്ചതായിരിക്കണം. കേരളത്തിലേക്ക് നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് വന്നുകൊണ്ടിരിക്കുന്നത്. 32 ലക്ഷം വരും അവരുടെ സംഖ്യ. എന്നാല്‍ കേരളത്തില്‍ നിന്ന് കഴിവുള്ള യുവാക്കള്‍ പുറത്തേക്ക് പോകുന്നു. ഇതുവഴി തൊഴില്‍ സൃഷ്ടിക്കാവുന്ന സാഹചര്യം കേരളത്തിന് നഷ്ടപ്പെടുന്നു. 34 ലക്ഷം യുവാക്കളാണ് കേരളത്തിന് പുറത്തേക്ക് പോയത്.
ലക്ഷക്കണക്കിന് യുവാക്കളാണ് എല്ലാവര്‍ഷവും വിവിധ ബിരുദങ്ങള്‍ കഴിഞ്ഞിറങ്ങുന്നത്. അതില്‍ 10 ശതമാനവും പുറത്തേക്ക് പോകുന്നു. എന്താണ് കാരണം ഇവിടെ ജീവിക്കാനോ, ജോലി ചെയ്യാനോ അവര്‍ക്ക് താത്പര്യമില്ല. അവരെ പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല. ഇവിടെ എല്ലായിടത്തും രാഷ്ട്രീയമാണ്. ചെറുപ്പക്കാരെ ഇത് നിരാശരാക്കുന്നു. നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനാണ് ഇതിന്റെ ഉത്തരവാദിത്തം. നിരന്തരം ഹര്‍ത്താലും സമരങ്ങളും മികച്ച സേവനമേഖലയുമില്ലാത്ത ഒരിടത്ത് എന്തിനവര്‍ നില്‍ക്കണം. ഇത് കഴിവുള്ള ആളുകള്‍ നാടുവിട്ട് പോകാന്‍ കാരണമാകുന്നു. സാമൂഹിക സന്തുലനത്തെപ്പോലും ബാധിക്കുന്ന വിഷയമാണിത്.
2022 ല്‍ 169 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. അതിന്റെ ഒരു ശതമാനം പോലും കേരളത്തിലേക്ക് വന്നില്ല. എന്തുകൊണ്ട്. കേരളത്തെ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമായി നിക്ഷേപകര്‍ കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 2022ല്‍ കേരളത്തിലേക്ക് വന്നത് 1,55,000 കോടിയുടെ ചരക്കുകളാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്തത് വെറും 55,000 കോടിയുടെ ചരക്കുകളാണ്. ഒരുലക്ഷം കോടിയുടെ വ്യാപാര കമ്മിയാണ് കേരളത്തിനുള്ളത്. ഉത്പാദനത്തിനേക്കാള്‍ ഉപഭോഗമാണ് ഇവിടെ കൂടുതല്‍. ഇതിനെ എങ്ങനെ സന്തുലിതമാക്കാന്‍ സാധിക്കും.എല്ലാ വര്‍ഷവും കഴിവുറ്റ യുവനിര മറ്റുനാടുകളിലേക്ക് ചേക്കേറുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ നില പരിതാപകരമാണ്.
നമ്മള്‍ കൂടുതല്‍ കടമെടുക്കുന്നതിനെപ്പറ്റിയൊക്കെ വാചാലരാകുന്നു. പക്ഷെ ഇതൊക്കെ മേല്‍പ്പറഞ്ഞ പ്രശ്നത്തിന്റെ പ്രത്യാഘാതങ്ങളാണ്. ഇതിനെന്ത് ചെയ്യണം. നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളില്‍ മാറ്റം വരണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി മാറണമെന്നല്ല പാര്‍ട്ടികളുടെ രീതി മാറണമെന്നാണ് പറയാനുള്ളത്. ഇന്നത്തെ സാഹചര്യങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിലല്ല നമ്മുടെരാഷ്ട്രീയ സംവിധാനങ്ങളുള്ളത്.
2017ല്‍ മാത്രം കേരളത്തില്‍ 119 ഹര്‍ത്താലുകളാണ് നടന്നത്. 2018ല്‍ അത് 108 ആണ്. ഇതെല്ലാം നിക്ഷേപങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെയും പുരോഗതിയെയും തടസപ്പെടുത്തുന്നതാണ്. ഇവയെല്ലാം ബുദ്ധിമുട്ടിക്കുന്നത് സാധാരണക്കാരെയാണ്.
സംരംഭത്തിനുള്ള മനോഭാവം കൊണ്ട് ഈ രാജ്യം കുടുതല്‍ മുന്നോട്ടുപോകും. ജനങ്ങളുടെ കഴിവിനെ തുറന്നുവിടുകയാണ് അതിന് വേണ്ടത്. ഇവിടെ അധികവും പൊതുമേഖലാ സ്ഥാപനങ്ങളാണ്. മിക്കതും നഷ്ടത്തില്‍ തന്നെ. വിപണിയില്‍ കുത്തകയായിരുന്ന സമയത്ത് മാത്രമാണ് അവര്‍ ലാഭമുണ്ടാക്കിയിരുന്നത്. എല്ലാം സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കുന്ന രീതി മാറണം. ഇതിന് പകരം സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഇടങ്ങളില്‍ മാത്രം സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം. അല്ലാത്തിടത്തെല്ലാം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സ്വകാര്യ പങ്കാളികള്‍ വരണം.
ഇന്ത്യയില്‍ നിരവധി കോര്‍പ്പറേറ്റ് കമ്പനികളുണ്ട്. പദ്ധതി നടത്തിപ്പില്‍ അവരെ പങ്കാളികളാക്കണം. നമുക്ക് ഒരു കോര്‍പ്പറേറ്റ് വിരുദ്ധ മനോഭാവമുണ്ട്. അത് മാറണം. ചരിത്രത്തില്‍ നടന്നതില്‍ നിന്ന് പഠിച്ച് മികച്ച രീതിയില്‍ അവര ഉപയോഗപ്പെടുത്തണം. നമുക്ക് ചുറ്റും ഈ കാണുന്ന ലോകം നമ്മുടെതന്നെ ചിന്തകളുടെ സൃഷ്ടിയാണ്. അതില്‍ മാറ്റമുണ്ടാകണമെങ്കില്‍ ആദ്യം നമ്മുടെ ചിന്തയിലാണ് ആ മാറ്റമുണ്ടാകേണ്ടത്.- ഇത് ഐന്‍സ്റ്റീന്‍ പറഞ്ഞതാണ്. ഇതാണ് എനിക്കിവിടെയും പറയാനുള്ളത്.
Content Highlights: vk mathews kerala development
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..