സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നു
തിരുവനന്തപുരം: കുമാരനാശാന്‍ കാലത്തിനൊപ്പം സഞ്ചരിച്ച കവിയാണെന്ന് പ്രഭാഷകന്‍ സുനില്‍ പി ഇളയിടം. ആശാന്റെ കവിതാലോകം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനോട് നിരന്തരം സംവദിച്ച് ഓരോ വായനാ അഭിരുചികളും വികസിച്ച് വരുമ്പോള്‍ അത്തരം സൈദ്ധാന്തികതയോട് നിരന്തരം സംവദിച്ച് കാലത്തിനൊപ്പം സഞ്ചരിച്ച് ഏതെങ്കിലും കാലത്തേക്ക് തിരികെ വലിക്കാന്‍ കഴിയാത്ത തരത്തില്‍ ആശാന്‍ മാറി.
ആശാന്‍ അവതരിപ്പിച്ച പല കല്പനകളും അദ്ദേഹത്തിന്റെ കാലവും കഴിഞ്ഞ് പിന്നെയും കുറേ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തിലുറച്ചത്. പ്രണയത്തെപറ്റി ആശാന്‍ എഴുതുമ്പോള്‍ അത് മലയാളിയുടെ വ്യക്തിസ്വത്വത്തില്‍ രൂപപ്പെട്ടിരുന്നില്ല. പ്രണയവും ആധുനിക വ്യക്തിസ്വത്വവും രൂപപ്പെട്ട് വരുന്ന സന്ദര്‍ഭത്തില്‍തന്നെ അതിനെ അഭിസംബോധന ചെയ്തയാളാണ് കുമാരനാശാന്‍. കഴിഞ്ഞ 100 കൊല്ലത്തിനിടയില്‍ നിരവധി നിരൂപകരിലൂടെ ആശാന്‍ ചര്‍ച്ചചെയ്യപ്പെട്ടു.
എല്ലാവരോടും എല്ലാ കാലത്തോടും അദ്ദേഹം സംവാദ സന്നദ്ധനായിരുന്നു. അത് പ്രണയമായാലും സാമൂഹിക വിമര്‍ശനമാകാം. ഏത് ജീവിത സാഹചര്യത്തില്‍ നിന്ന് മഹാഭാരതം എടുത്ത് നോക്കിയാലും നിങ്ങള്‍ക്ക് നിങ്ങളെ തന്നെ അതില്‍ കാണാന്‍ സാധിക്കുമെന്ന് പറയാറുണ്ട്. അതേപോലൊരു ഭാവനാ പ്രപഞ്ചമാണ് ആശാന്‍ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്.
സീതാകാവ്യത്തില്‍ ആശാന്‍ നടത്തിയ പ്രകൃതി വര്‍ണനയ്ക്ക് തുല്യമോ അതിനോട് കിടപിടിക്കുന്നതോ ആയ രചനകള്‍ പിന്നീട് മലയാളത്തിലുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ആശാനെപ്പറ്റി പറയുമ്പോള്‍ പി.കെ. ബാലകൃഷ്ണനൊക്കെ പറയുന്നത് പ്രതിഭാരക്ഷസിന്റെ കുതിരസവാരിയെന്നാണ്. വീണപൂവ് മുതലങ്ങോട്ട് ആശാന്റെ കവിതയില്‍ തുടരുന്ന ഒരു പ്രവണതയുണ്ട്. അത് ആധുനിക മനുഷ്യന്റെ ഭിന്നപ്രകാരങ്ങളും അതിനെ മുന്‍നിര്‍ത്തിക്കൊണ്ട് സാമൂഹികമായ നീതിയെ സാക്ഷാത്കരിക്കാനുള്ള ഭാവാത്മകമായൊരു ഇടപെടലുമാണ്.
വീണപൂവ് എന്ന കവിതയില്‍ ആധുനിക മനുഷ്യന്റെ സ്വത്വം ഉയര്‍ന്നുവരുന്നുണ്ട്. അതായത് ആന്തരികമായൊരു അനുഭവ
മണ്ഡലത്തെപ്പറ്റി അതില്‍ പ്രതിപാദിക്കുന്നു. നിങ്ങള്‍ കാണുന്ന ഒരു ലോകത്തിന്റ വസ്തുയാഥാര്‍ഥ്യവും അനുഭവ മണ്ഡലവും വ്യത്യസ്തമായിരിക്കും. ഒരുപൂവ് സുന്ദരമാണെന്ന് പറയാന്‍ ആശാന്‍ ഉപയോഗിച്ചത് അനുരാഗിയായ ഒരുവന്റെ കണ്ണില്‍ മാത്രം തെളിയുന്ന വിശേഷ ഭംഗി എന്നാണ്. ഇതാണ് വസ്തുയാഥാര്‍ഥ്യവും ആന്തരികമായ അനുഭവ മണ്ഡലവും തമ്മിലുള്ള വ്യത്യാസം. സാഹോദര്യമെന്ന സന്ദേശം ഇതിലാണ് ആദ്യം ആശാന്‍ ഉപയോഗിക്കുന്നത്. ഇതിന് ശേഷം ഇതേ ആശയം വിപുലമായി ചണ്ഡാലഭിക്ഷുകി എന്ന കവിതയില്‍ കാണാം.
ലീലയിലും നളിനിയിലുമെത്തുമ്പോള്‍ ആശാന്‍ സ്നേഹമെന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. മാംസനിബന്ധമല്ല രാഗം
എന്ന് ആശാന്‍ പറയുമ്പോള്‍ അതിനെ അക്കാലത്ത് നിലനിന്ന ജാതിവ്യവസ്ഥയുമായി ചേര്‍ത്ത് വേണം കാണാന്‍. അന്ന് വ്യക്തി ശരീരങ്ങളല്ല ജാതി ശരീരങ്ങളാണ് ഉണ്ടായിരുന്നത്. ജാതിക്കതീതമായ സ്നേഹമെന്നത് അന്ന് സമൂഹത്തിന് സാധ്യമായൊരു കാര്യമല്ല. അവിടെയാണ് ശരീര ബദ്ധമല്ല പ്രണയമെന്ന് ആശാന്‍ പറഞ്ഞുവെക്കുന്നത്. അനുരാഗമെന്നൊരു പുതിയ മൂല്യത്തെ ആശാന്‍ മുന്നോട്ടുവെക്കുകയാണ് ചെയ്തത്. അനുരാഗമെന്നത് ഭൗതികതയ്ക്ക് അപ്പുറം പോകുന്ന ഒന്നായാണ് ആശാന്‍ കാണുന്നത്.
പുരുഷന്മാര്‍ക്കല്ല മറിച്ച് സ്ത്രീകള്‍ക്കാണ് ആശാന്‍ ബഹുമാനം നല്‍കിയിട്ടുള്ളത്. സീതാകാവ്യത്തിലൂടെ രാമനെയല്ല മറിച്ച് രാമനിലൂടെ തുടര്‍ച്ചയായി വന്ന പാരമ്പര്യത്തെയാണ് ആശാന്‍ വിമര്‍ശിക്കുന്നത് എന്ന് കാണാം, ചണ്ഡാലഭിക്ഷുകിയിലെത്തിനില്‍ക്കുമ്പോള്‍ ആശാന്റെ കാവ്യഭാവനയുടെ അടിസ്ഥാനം കാണാനാകും. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന വാചകത്തിലത് കാണാം. മനുഷ്യര്‍ തമ്മിലുളള മൈത്രി. ഇതിന് രാജ്യത്തിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് പറയുകയും ചെയ്യുകയാണ് ആശാന്‍ ഇതിലൂടെ ചെയ്യുന്നത്. സുനില്‍ പി ഇളയിടം പറഞ്ഞുനിര്‍ത്തുന്നു
Content Highlights: sunil p ilayidam speaks about kumaranasan at mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..