ഷാജഹാൻ മാടമ്പാട്ട്, ജെയിൻ ജോസഫ്, വി.എം. ദേവദാസ്, അമുദ
ഉരുകിത്തീരുന്നതാണ് പ്രവാസ ജീവിതം. ആരാണ് ഇതിന് ഉത്തരവാദികൾ. ഇതാണ് 'മടക്കമില്ലാത്ത ജീവിത യാത്രകൾ' ഉത്തരം തേടിയ ചോദ്യം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ഈ സെഷനിൽ എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട്, ജെയിൻ ജോസഫ്, വി.എം. ദേവദാസ്, ജെ.എൻ.യു. വിദ്യാർഥി അമുദ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ നിന്ന് പ്രവാസത്തിലേക്ക് പോകുന്ന പലരും നിസ്സഹായത കൊണ്ട് മാത്രമാണെന്ന് ഷാജഹാൻ മാടമ്പാട്ട് പറഞ്ഞു. അതിന് കാരണക്കാർ ആരാണെന്നും അതിനെ എങ്ങനെ സമീപിക്കണം എന്നതുമാണ് മൗലികമായ പ്രശ്നമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ലക്ഷക്കണക്കിനാളുകൾ ഇവിടെ നിന്ന് പ്രവാസജീവിതത്തിലേക്ക് പോകുന്നത് ഇക്കാലം വരെയുള്ള സർക്കാരുകൾ ഒരു സൗകര്യവും ഒരുക്കാത്തതു കൊണ്ടാണ്. പലപ്പോഴും പലരും വിസിറ്റ് വിസയിൽ എത്തി ജോലി ഉണ്ടോ എന്ന് ചോദിച്ച് വിളിക്കും. എഞ്ചിനീയർ കഴിഞ്ഞ, ഡിഗ്രി, പിജി കഴിഞ്ഞ ആളുകളായിരിക്കും പലരും. എന്തു ജോലിയാണ് നോക്കുന്നത് എന്ന് ചോദിച്ചാൽ, എന്തുകിട്ടിയാലുംമതി എന്നായിരിക്കും മറുപടി. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ആളുകൾ കേരളത്തിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ടെങ്കിൽ ഇവിടെ ഭരിച്ച മുഴുവൻ സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും പ്രവാസികളെ ചൂഷണം ചെയ്തുകൊണ്ട് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മാധ്യമങ്ങളും ഒരേപോലെ ഉത്തരവാദികളാണ്' ഷാജഹാൻ മാടമ്പാട്ട് പറഞ്ഞു.
മനുഷ്യനുള്ളിടത്തോളം കാലം ഇത്തരത്തിലുള്ള പ്രവാസ ജീവിതം തുടർന്ന് കൊണ്ടേയിരിക്കും. എന്നാൽ കുടുംബവുമായി പ്രവാസജീവിതം നയിക്കുന്നവർ, അവരുടെ കുട്ടികൾ വലിയൊരു പ്രശ്നങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വി.എം. ദേവദാസ് പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ഉണ്ടെങ്കിലും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യചരിത്രത്തിന്റെ തുടക്കം തൊട്ട് തന്നെ പലായനങ്ങളുടെ ചരിത്രമുണ്ടെന്ന് ജെയിൻ ജോസഫ് പറഞ്ഞു. വാസയോഗ്യമായ ഇടം തേടി വളക്കൂറുള്ള മണ്ണ് തേടി യുദ്ധക്കെടുതിയിൻ നിന്നൊക്കെ മനുഷ്യൻ പലായനം ചെയ്തു. ഇന്നും അത് തുടരുന്നു. എന്നാൽ ഇന്ന് അതിന്റെ നിർവചനം മാറി. പണ്ട് അതിജീവിതം എന്നതായിരുന്നുവെങ്കിൽ ഇന്ന് മെച്ചപ്പെട്ട ജീവിതം എന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.
പ്രവാസി ഒരു യോദ്ധാവാണ്. ഒരു പുതിയ സ്ഥലത്ത് ജീവിതം കെട്ടിപ്പടുത്ത് വെന്നിക്കൊടി പാറിക്കുന്നത് ചെറിയൊരു കാര്യമല്ല. അവരുടെ ആദ്യത്തെ കുറേ വർഷങ്ങൾ പോരാട്ടത്തിന്റേത് കൂടിയാണ്. പലരും പ്രവാസം തിരഞ്ഞെടുക്കുമ്പോൾ അവരോട് ഒന്നു കൂടി ആലോചിക്കാൻ പറയാറുണ്ടെന്നും ജെയിൻ ജോസഫ് പറഞ്ഞു.
ഇന്ത്യയിലെ ഗൾഫാണ് കേരളം. ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ എത്തുന്നത് കേരളത്തിലേക്കാണെന്ന് അമുദ പറഞ്ഞു.
Content Highlights: shajahan madampatt amutha vm devadas jane joseph discussion in mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..