പ്രകാശ് രാജ് സംസാരിക്കുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്
തിരുവനന്തപുരം: ബാൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബോളിവുഡ് ചിത്രം പത്താൻ 700 കോടിയിലേറെ രൂപയാണ് കളക്ഷൻ നേടിയതെന്ന് നടൻ പ്രകാശ് രാജ്. ജനങ്ങളെ എപ്പോഴും മണ്ടന്മാരാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'മൈ അദർ ലൈഫ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. സിനിമയുമായോ സാഹിത്യമായോ അത്രമാത്രം പരിചയമുണ്ടായിരുന്നില്ല, അത്തരത്തിലുള്ളഒരു പശ്ചാത്തലവും ഉണ്ടായിരുന്നില്ല. സ്കൂൾ കാലത്ത് പഠനത്തിൽ അത്ര മിടുക്കനല്ലെങ്കിലും ചർച്ചകളിലും മറ്റും പങ്കെടുക്കുമായിരുന്നു. ഡിഗ്രി കാലത്ത് കന്നഡ അധ്യാപകനാണ് അഭിനയത്തിലേക്ക് എത്തിക്കുന്നത്. കന്നഡ തീയേറ്ററിൽ എത്തിയതോടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായി. അവിടെ നിന്ന് സാഹിത്യ - അഭിനയ മേഖലകളിലുമുള്ള പലരേയും പരിചയപ്പെട്ടു. അത് ഒരു ഭാഗ്യമായി കാണുന്നു. പലരും ഒരു കംപ്ലീറ്റ് ആക്ടറായാണ് എന്നെ കാണുന്നത്. എന്നാൽ ഞാൻ അങ്ങനെയല്ല. ഞാൻ ഒരു കംപ്ലീറ്റ് ആക്ടറല്ല, അങ്ങനെ ആരോപിക്കപ്പെട്ട നടനാണ്' പ്രകാശ് രാജ് തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി.
'എന്റെ വാതിലിനരികിൽ വെച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. എന്റെ സുഹൃത്തിന് വേണ്ടി എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. അതെന്ന് ഹൃദയത്തെ വല്ലാതെയാക്കി. പരാതിപ്പെടുകയല്ല ശബ്ദമുയർത്തുകയാണ് വേണ്ടതെന്ന് മനസ്സിലായി. മറ്റൊരു ഗൗരി രാജ്യത്ത് ഉണ്ടാകരുതെന്നും. പൻസാരെ, ധബോൽകർ, കൽബുർഗി, ഗൗരി തുടങ്ങിയവർ അവരുടെ പ്ലാനിന്റെ ഒരു ഭാഗം മാത്രമാണ്. വ്യക്തിപരമായിട്ടല്ല, അവരെ ഇല്ലാതാക്കുന്നതിലൂടെ മറ്റുള്ളവരുടെ ശബ്ദം കൂടി ഇല്ലാതാക്കുകയാണ് ചെയ്തത്. എന്നാൽ ഒരാളെ നിശബ്ദമാക്കിയാൽ നൂറിലേറെപേർ ശബ്ദമുയർത്തും. ഇത് അവരെ ഭയപ്പെടുത്തുന്നു. ആരാണ് കൊലപാതകി എന്ന് നമുക്ക് അറിയാം. എന്താണ് അജണ്ട എന്നും. എല്ലാം നമ്മുടെ മുമ്പിലുണ്ട്.
സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു എന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരുന്നതിന്റെ ആവശ്യമെന്താണ്. നിങ്ങളുടെ അമ്മ ആരാണെന്ന് എല്ലാ ദിവസവും തെളിയിക്കേണ്ടി വരുന്നുണ്ടോ?
ഭാഷ വെറുമൊരു ശബ്ദമാണ്. ഹിന്ദി ഭാഷ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്? അതൊരു അജണ്ടയുടെ ഭാഗമാണെന്നും മോദിയുടെ പ്രസംഗം മനസിലാക്കാൻ വേണ്ടിയിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ നമ്മുടെ വിഷമങ്ങൾ അവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരന്തരമുള്ള പ്രതികരണങ്ങളും വിമർശനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ; ഈ ഭൂമിയിൽ ഒരു അപരിചിതനായി മരിക്കാൻ എനിക്ക് താൽപര്യമില്ല. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും ജനങ്ങൾ അറിയണം. അതിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെടും എന്ന് പറഞ്ഞ് പിന്മാറാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പല ചിത്രങ്ങളും ഇപ്പോൾ ഡബ്ബിംഗ് പോലുമില്ലാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ് ഫോമിൽ കാണേണ്ടവർ അത്തരത്തിൽ സിനിമ കാണട്ടെ എന്നും അദ്ദേഹം പറഞ്ഞു.
'കശ്മീർ ഫയൽസ് ഒരു അസംബന്ധമായ സിനിമയാണ്. നാണക്കേടാണ്, അന്താരാഷ്ട്ര ജൂറി അതിനെ വിമർശിക്കുകയും ചെയ്തു. ഓസ്കർ അല്ല ഭാസ്കർ പോലും അതിന് കിട്ടാൻ പോകുന്നില്ല. അതൊരു പ്രൊപഗണ്ട സിനിമയാണ്. പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
Content Highlights: prakash raj discussion on mbifl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..