പൂർണ മലാവത്ത്
ജീവിതത്തില്‍ നമ്മുടെ ആദ്യത്തെ ചുവടിന് വലിയ പ്രാധാന്യമുണ്ടെന്ന് പതിമൂന്നാം വയസില്‍ എവറസ്റ്റ് കീഴടക്കി റെക്കോഡ് സൃഷിച്ച പൂര്‍ണ മലാവത്ത്. ആ ചുവട് താന്‍ വെച്ചു. അത് വെച്ചില്ലായിരുന്നുവെങ്കില്‍ എവിടേയും എത്തില്ലായിരുന്നു. ഈ ലോകത്ത് ഒരുപാട് അവസരങ്ങളുണ്ട്. ചിലത് നമ്മളെ തേടി വരും. അതല്ലെങ്കില്‍ അവസരങ്ങള്‍ നമ്മള്‍ സൃഷ്ടിക്കണമെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
യാതൊരു ഭൗതിക സാഹചര്യവുമില്ലാത്ത ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഒരു തീപ്പെട്ടി വാങ്ങാന്‍ പോലും എന്റെ ഗ്രാമത്തില്‍നിന്ന് ഏഴ് കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. ആശുപത്രിയില്‍ പോകണമെങ്കില്‍ 16 കിലോമീറ്ററും. അത്തരം ഒരു ഗ്രാമത്തില്‍ നിന്നാണ് എന്റെ വരവ്. റോക്ക് ക്ലൈബിങ്ങിന്റെ ഭാഗമായി ആദ്യമായി ഒരു പാറ കണ്ടപ്പോള്‍, ഇത് എങ്ങനെ കയറാന്‍ സാധിക്കും എന്ന ചിന്തയാണ് ഉണ്ടായത്. കയറി തിരിച്ചിറങ്ങുമ്പോള്‍ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി, പിന്നെ അത് ശരീരം മുഴുവന്‍ വ്യാപിച്ചു.
എവറസ്റ്റ് കയറാനുള്ള പരിശീലനം അതികഠിനമായിരുന്നു. ഒരു ദിവസം 20-25 കലോമീറ്റര്‍ ഓടണം. അതിന് പുറമേ മറ്റ് വ്യായാമങ്ങളും ചെയ്യണം. ഒപ്പം പഠനത്തിലും ശ്രദ്ധിക്കണം. പര്‍വതാരോഹകര്‍ക്ക് ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവും പ്രധാനമാണ്. എല്ലാത്തിനേയും അംഗീകരിക്കാനുള്ള മനസ് വേണം. തോല്‍വി അംഗീകരിക്കാന്‍ കഴിയണം. നമ്മുടെ മരണത്തെ പോലും നമുക്ക് അംഗീകരിക്കാന്‍ സാധിക്കണം.
16 വയസില്‍ താഴെയുള്ളവര്‍ക്ക് നേപ്പാള്‍ വഴി കയറാന്‍ അനുമതിയില്ലാത്തതിനാല്‍ ടിബറ്റിന്റെ ഭാഗത്ത് കൂടിയാണ് എവറസ്റ്റ് കയറിയത്. കയറുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും നിര്‍ത്തി തിരിച്ചിറങ്ങണമെന്ന് കരുതിയില്ല. ലക്ഷ്യം മാത്രമായിരുന്നു മനസില്‍. 6400 മുതല്‍ 7100 മീറ്റര്‍ വരെയുള്ള കയറ്റമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മുകളിലേയ്ക്ക് കയറുമ്പോള്‍ കാണുന്നത് ഒരു മൃതദേഹമാണ്. ഞാന്‍ മരിച്ചാല്‍ ഇതുപോലെ കിടക്കുമല്ലോ എന്ന് ചിന്തിച്ചു.
മുകളിലെത്തി ഒരു 10 മിനിറ്റ് ചെലവഴിച്ചു. അതില്‍ കൂടുതല്‍ അവിടെ ചെലവഴിക്കാന്‍ സാധിച്ചില്ല. എവറസ്റ്റ് കയറുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇറങ്ങാന്‍. ഓരോ ചുവടും സൂക്ഷിക്കണം. വീണുപോയാല്‍ ആര്‍ക്കും രക്ഷിക്കാനാവില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും സാഹസികത അനുഭവിക്കണം. അത് നിങ്ങളെ ഒരുപാട് അനുഭവങ്ങള്‍ പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlights: poorna malavath, mbifl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..