മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കാലത്തിലൂടെയാണ് നാം കടന്ന് പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ വായന കൊണ്ടാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനം നിശാഗന്ധിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വായന മരിക്കുന്നുവെന്ന് ഒരുഭാഗത്ത് നിന്നും മുറവിളി ഉയരുന്നുണ്ട്. എന്നാല്‍ വായന മരിക്കുകയല്ല വായനയ്ക്ക് പുതിയ മാനങ്ങള്‍ വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ നിര്‍മിതികള്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലമാണിത്. ഇതിനെ വായനകൊണ്ട് മാത്രമേ തിരുത്താന്‍ കഴിയൂ.
ചുരുങ്ങിയ കാലം കൊണ്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം രാജ്യത്തെ ശ്രദ്ധേയമായ സാഹിത്യോത്സവമായി മാറിയിട്ടുണ്ട്. അതിന്റെ തെളിവാണ് ഈ ജനക്കൂട്ടം. വെറും സാഹിത്യ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്കും മാതൃഭൂമി അക്ഷരോത്സവം വേദിയൊരുക്കുന്നുണ്ട്. ലോക സാഹിത്യത്തിനും മലയാള സാഹിത്യത്തിനും ഇടയില്‍ ഒരു പാലമായി മാതൃഭൂമി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന്‍ എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണം നിര്‍വഹിച്ചു. നൊബേല്‍ സമ്മാന ജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ, ബുക്കര്‍ സമ്മാന ജേതാവ് ഷെഹന്‍ കരുണ തിലക, മാതൃഭൂമി ഡയറക്ടര്‍ ഡിജിറ്റല്‍ ബിസിനസ് മയൂര ശ്രേയാംസ് കുമാര്‍, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Content Highlights: pinarayi vijayan,mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..