ഫോട്ടോ: ആകാശ് എസ്. മനോജ്
തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിന് സമാനമായി മിഡിൽ ഈസ്റ്റ് കലോത്സവത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നുണ്ടെന്ന് മുൻ സ്പീക്കറും നോർക്ക റൂട്സ് റസിഡൻ്റ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ.'പ്രവാസിയുടെ അക്ഷരകാലം' വിഷയത്തിൽ മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു. എഴുത്തുകാരൻ ബെന്യാമിൻ, കെ.വി. മോഹൻകുമാർ, ഷബിനി വാസുദേവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നോർക്കയെ എങ്ങനെ അന്താരാഷ്ട്ര തലത്തിൽ മലയാളികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി മാറ്റാം എന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. മലയാള മിഷനുമായി ചേർന്നുകൊണ്ട് ലോകത്താകമാനമുള്ള ഭാഷാപരമായ സത്വത്തെ ഉയർത്തിക്കൊണ്ടുവരുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
എഴുത്ത് കാലഘട്ടത്തിന്റെ ബോധ്യത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ജീവിക്കുന്ന കാലഘട്ടത്തിന്റെ മനുഷ്യ മനസുകളുടെ അടയാളപ്പെടുത്തലുകളാണ് എഴുത്ത് എന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. ജീവിത ദൈന്യതകൊണ്ടല്ല സാഹിത്യം ഉണ്ടാകുന്നത്. അങ്ങനെ ആയിരുന്നുവെങ്കിൽ ഏറ്റവും ഉത്തമ സാഹിത്യങ്ങൾ ഉണ്ടാകേണ്ടിയിരുന്നത് വിയറ്റ്നാമിൽ നിന്നായിരുന്നു. ഇത്രയും ദുരിതം അനുഭവിച്ച മനുഷ്യർ വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെ പേടിച്ചോ ഭരണകൂടങ്ങളെ പേടിച്ചോ ജാതിയെ പേടിച്ചോ രാഷ്ട്രീയ കക്ഷികളെ പേടിച്ചോ എഴുതാനുള്ളതല്ല എഴുത്ത് എന്ന് ബെന്യാമിൻ പറഞ്ഞു. അങ്ങനെ എഴുത്തുകാരൻ പേടിച്ച് എഴുതാതിരുന്നെങ്കിൽ ലോകത്തിൽ മനോഹരങ്ങളായ പല കൃതികളും ലഭിക്കുമായിരുന്നില്ല. സെൻസർഷിപ്പ് ഭീഷണികൾ ഉണ്ടാകുന്ന കാലത്ത് പഴയ ശക്തരായ എഴുത്തുകാരെക്കുറിച്ച് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ലോകം വന്നതോടെ സെൻസർഷിപ്പിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലസ്തംഭനം സംഭവിച്ചവരാണ് പ്രവാസികൾ എന്നായിരുന്നു കുറച്ചു കാലം മുമ്പ് വരെകേട്ടിരുന്ന കളിയാക്കലുകൾ. എന്നാൽ ഇന്നത്തെ പ്രവാസി അങ്ങനെ അല്ല. ഡിജിറ്റൽ കാലത്ത് എല്ലാ കാര്യങ്ങളിലും ഇടപെടൽ നടത്താനുള്ള സാഹചര്യം പ്രവാസികൾക്കുണ്ടെന്നും മോഡറേറ്റർ ഷബിനി വാസുദേവ് പറഞ്ഞു.
Content Highlights: p sreeramakrishnan on mbifl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..