അത്യധ്വാനമാണ് വിജയത്തിന് വേണ്ടതെങ്കില്‍ ദളിതര്‍ എന്നേ സമ്പന്നരാകുമായിരുന്നു - ഡോ. എം. കുഞ്ഞാമന്‍


By ശ്രീഷ്മ എറിയാട്ട്

2 min read
Read later
Print
Share

"അസ്വാതന്ത്ര്യത്തില്‍നിന്നും സ്വാതന്ത്ര്യ ചിന്തകളുണ്ടാകും. മാര്‍ക്‌സിനും അന്റോണിയോ ഗ്രാംഷിക്കും നെഹ്‌റുവിനുമെല്ലാം അസ്വാതന്ത്ര്യമുണ്ടായിരുന്നു".

ഡോ. എം. കുഞ്ഞാമൻ, കെ.എ. ജോണി എന്നിവർ വേദിയിൽ.

കഠിനാധ്വാനമാണ് മനുഷ്യരെ വലിയ വിജയങ്ങളിലേക്ക് എത്തിക്കുന്നത് എന്ന് പറയുന്നത് ഒരു കെണിയാണെന്നും അങ്ങനെയായിരുന്നെങ്കില്‍ ദളിതര്‍ എന്നേ വലിയ വിജയികളും സമ്പന്നരും ആയിത്തീരുമായിരുന്നെന്നും ഡോ. എം. കുഞ്ഞാമന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ 'അതിജീവിതന്‍; പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ഉയരങ്ങളിലേക്ക്' എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ജോണിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എതിരും' 'ഒരു പരാജിതന്റെ കഥ'യും

തന്റെ ആത്മകഥയായ 'എതിരി'ന് 'ഒരു പരാജിതന്റെ കഥ'യെന്ന് പേര് നിര്‍ദേശിക്കാന്‍ പറയാന്‍ രണ്ട് കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. ആളുകള്‍ പരമ്പരാഗതമായി വിജയം ആഘോഷിക്കുന്നവരാണ്. പരാജയത്തെ ഭയപ്പെടുന്നു. ഇപ്പോഴും അങ്ങനെത്തന്നെ. പക്ഷേ വിജയത്തില്‍നിന്നല്ല, പരാജയത്തില്‍നിന്നാണ് നമുക്ക് പഠിക്കാനുള്ളത്. ചിന്തിക്കുന്ന ഒരു വ്യക്തി പഠിക്കുന്നത് പരാജയത്തില്‍നിന്നാണ്. 'ഒരു പരാജിതന്റെ കഥ'യെന്ന് പേര് നിര്‍ദേശിച്ചത് ഞാന്‍ പരാജിതനായി വ്യസനിക്കുന്നവനാണ് എന്ന അര്‍ത്ഥത്തിലല്ല.

പലപ്പോഴും ഒരു മലയോട് കലമെറിയുമ്പോഴും കലം പൊട്ടിപ്പോകും.ഞാന്‍ എതിര്‍ത്ത പല വ്യക്തികളെയും അതില്‍ കാണിക്കുന്നുണ്ട്. അവരെ എതിര്‍ത്തത് ജയിക്കാന്‍വേണ്ടി ആയിരുന്നില്ല. എതിര്‍ക്കുക എന്നതാണ് അവിടെ പ്രസക്തം- പ്രതികൂല സാഹചര്യങ്ങളെ മറികടന്നുകൊണ്ട് മുന്നേറി വന്ന എഴുത്തുകാരനും ദളിത് ചിന്തകനുമായ എം. കുഞ്ഞാമന്‍ പറഞ്ഞു.

പണ്ടുമുതല്‍ക്കേ താന്‍ അരുതുകളോട് എതിര്‍ത്തിരുന്നെങ്കിലും അന്ന് അത്ര കരുത്തനൊന്നുമായിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെ തോന്നുന്നു. അന്ന് ദാരിദ്ര്യവും ഭയവും അപകര്‍ഷതാബോധവുമൊക്കെയുണ്ടായിരുന്നു. അതെല്ലാം ഒരു വിധിയായിട്ടായിരുന്നു ഞാന്‍ മനസ്സിലാക്കിയിരുന്നത്. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി വിക്ടോറിയ കോളേജില്‍ പഠിക്കാനെത്തിയപ്പോള്‍ ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചപ്പോഴാണ് ദാരിദ്ര്യം ഒരു വിധിയല്ല, അതൊരു സാമൂഹ്യസൃഷ്ടിയാണെന്നും അതിനെ നിലനിര്‍ത്തുന്നത് ഒരു രാഷ്ട്രീയപ്രക്രിയയാണെന്നും അതില്‍ ഇടപെടണമെന്നെല്ലാം തോന്നുന്നത്.

കള്ളനില്‍ നിന്ന് പഠിച്ചതും പ്രചോദനമായതും

എത്ര ചെറിയ ആള്‍ക്കൂട്ടത്തിലാണെങ്കിലും ശ്രദ്ധിക്കപ്പെടണം എന്ന ഒരാഗ്രഹമുണ്ടായത് എന്റെ നാട്ടിലെ ഒരു കള്ളനില്‍ നിന്നാണ്. ആര്‍ക്ക് മുന്നിലും അയാള്‍ തലകുനിക്കില്ലായിരുന്നു. നാട്ടില്‍ അയാള്‍ക്ക് ലഭിച്ച ബഹുമാനവും ഭയവും എന്നെ ആകര്‍ഷിച്ചു. സത്യത്തില്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ആഗ്രഹം ഒരു കള്ളനാകണം എന്നതായിരുന്നു- കുഞ്ഞാമന്‍ പറഞ്ഞു. എന്നാല്‍ കള്ളനാകാനുള്ള യോഗ്യതയില്ലാതെ ആ ആഗ്രഹത്തില്‍നിന്നും പിന്മാറി താന്‍ എസ്.എസ്.എല്‍.സി പാസ്സാവുകയും ഭാവിയില്‍ ഒരു കേന്ദ്രമന്ത്രിയോ മറ്റോ ആകാനുള്ള അവസരം ഇല്ലാതാകുകയും ചെയ്തു. നമ്മളൊന്ന് ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹം ജനിക്കുന്നത് ആ കള്ളനില്‍നിന്നാണ്.

ആശയത്തിന് ആധികാരികത നല്‍കുന്നത് അധികാരികള്‍ പറഞ്ഞാല്‍

നമ്മുടെ സമൂഹത്തില്‍ പലപ്പോഴും ആശയങ്ങളെ അംഗീകരിക്കുന്നത് അധികാരികളാണ്. സമ്പത്തുള്ളവര്‍ വിജ്ഞാനം നിയന്ത്രിക്കുന്നു. സമ്പത്തും വിജ്ഞാനവുമുള്ളവര്‍ അധികാരവും നിയന്ത്രിക്കുന്നു. പലപ്പോഴും ഒരാശയത്തിന് ആധികാരികത കൊടുക്കുന്നത് അധികാരമാണ്. ഒരു അധികാരി പറഞ്ഞാല്‍ അതിന് ആധികാരികതയായി എന്ന രീതിയാണ് ഇന്ത്യന്‍ സമൂഹത്തില്‍.

താഴ്ന്ന വിഭാഗത്തില്‍നിന്ന് പ്രസിഡന്റോ ചീഫ് ജസ്റ്റിസോ ഉണ്ടായാലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന എഴുത്തുകാരോ ശാസ്ത്രജ്ഞരോ ടെക്‌നോളജിസ്റ്റുകളോ പാര്‍ശ്വവല്‍കൃത സാമൂഹ്യ വിഭാഗങ്ങളില്‍നിന്ന് വരുന്നില്ല. കാരണം ഇതിപ്പോഴും സമ്പന്നരുടെ നിയന്ത്രണത്തിലാണ്.

അസ്വാതന്ത്ര്യത്തില്‍നിന്നും സ്വാതന്ത്ര്യ ചിന്തകളുണ്ടാകും. മാര്‍ക്‌സിനും അന്റോണിയോ ഗ്രാംഷിക്കും നെഹ്‌റുവിനുമെല്ലാം അസ്വാതന്ത്ര്യമുണ്ടായിരുന്നു. അവിടെനിന്നുമാണ് അവര്‍ തങ്ങളുടെ സ്വതന്ത്രചിന്തകളും ആശയങ്ങളും ആവിഷ്‌കരിച്ചത്.

ഭരണാധികാരികള്‍ക്ക് വേണ്ടത് ഭരണത്തുടര്‍ച്ചയാകുമ്പോള്‍ മോചനം ആവശ്യമായ ജനങ്ങളെ സംബന്ധിച്ച് ആ ഭരണതുടര്‍ച്ച വലിയ പ്രതിസന്ധിയാണ്. പുതുതലമുറയ്ക്ക് സ്വാതന്ത്ര്യമാണ് ആവശ്യം. അവരെ പഴയ മിഥ്യാബോധങ്ങളില്‍ തളച്ചിടരുത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലത്ത് സ്മാര്‍ട്ട് വര്‍ക്ക് ആണ് വേണ്ടത്. കഠിനാധ്വാനം, ബഹുമാനം, തുടങ്ങി ഫ്യൂഡല്‍ ആശങ്ങളല്ല പുതുതലമുറയ്ക്ക് നല്‍കേണ്ടത് - ഡോ. കുഞ്ഞാമന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: mbifl2023, dr m kunjaman, interactive session with k a johny

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented