ഹിംസാത്മകത മലയാളിയുടെ സഹജസ്വഭാവമായി മാറിയിരിക്കുന്നു -സജയ് കെ.വി.


By ശ്രീഷ്മ എറിയാട്ട്

1 min read
Read later
Print
Share

എഴുത്തുകാരായ സജയ് കെ.വി., ബി. രാജീവൻ എന്നിവർ ചർച്ചയിൽ. | ഫോട്ടോ: ആകാശ് എസ്. മനോജ്


ഹിംസ സ്വഭാവം മലയാളികളില്‍ കൂടുതലായി കണ്ടുവരുന്നെന്ന് എഴുത്തുകാരന്‍ സജയ് കെ.വി. ഹിംസാത്മകത മലയാളിയുടെ സഹജസ്വഭാവമായി മാറിയിരിക്കുന്നു. എവിടെയും ഹിംസാത്മക അന്തരീക്ഷമാണ്. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആസ്വദിക്കുന്ന വിധത്തില്‍ ആളുകള്‍ മാറിയിരിക്കുന്നു' - അദ്ദേഹം പറഞ്ഞു.

'എഴുത്തുകാരന്റെ മനസ്സും ഇന്നത്തെ കേരളവും' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ബി. രാജീവനുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സജയ് കെ.വി.

സൈബര്‍ലോകവുമായി കട്ടുപിണഞ്ഞ് കിടക്കുന്ന ഒരു കാലംകൂടിയാണ് ഇത്. എഴുത്തിന്റെ ഒരു പ്രതലമായി സമൂഹമാധ്യമങ്ങള്‍ മാറുന്നു. അത് പരസ്യപ്പെടുത്താനുള്ള ഒരു ഇടമായും സൈബറിടം മാറുന്നു. വെബിനിവേശങ്ങളുടെ കാലമാണ്. എഴുത്ത് എന്നാല്‍ പുസ്തകവും ഡയറിയും മാത്രമുള്ള ഒരു ഏകാന്തതയുടെ ലോകമല്ല മറിച്ച് സമൂഹമാധ്യമങ്ങളുടെ മൂര്‍ധരമായ ഒരനുഭവത്തിന്റെയാണ്.

വെബ് എഴുത്ത് ഇന്ന് സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ വരികളെഴുതി, ആളുകളുടെ കമന്റുകളില്‍ കൃതാര്‍ത്ഥരായി മനുഷ്യര്‍ ഇന്ന് എഴുത്തുകാരാകുന്നു. കവിയുടെ ആവിഷ്‌കാരത്വര ഫേസ്ബുക്കിലൂടെയും മറ്റും അത് സാധിക്കുന്നു. ഏത് വായനക്കാരനും എഴുത്തുകാരനായി മാറാന്‍ ഇന്നെളുപ്പമാണ്.

മലയാളിയുടെ രാഷ്ട്രീബോധം അനുരഞ്ജനത്തിന്റെ രാഷ്ട്രീയമായി മാറിയെന്ന് ബി. രാജീവന്റെ നിരീക്ഷണത്തെ സജയ് കെ.വി. അനുകൂലിച്ചു. സമത്വത്തിന്റ ഒരു ലോകം മലയാളി എന്നോ കൈവെടിഞ്ഞുകഴിഞ്ഞു.ജീവിതക്രമത്തോട് വലിയ അനുരഞ്ജനത്തിലെത്തിക്കഴിഞ്ഞ ഒരാളുടെ പേരാണ് മലയാളി.

മലയാളികള്‍ക്കോ മലയാളി എഴുത്തുകാര്‍ക്കോ വലിയ രാഷ്ട്രീയ മോഹങ്ങളോ, രാഷ്ട്രീയ ദാഹങ്ങളോ വിശപ്പോ ഒന്നുമില്ല. എഴുത്തുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മഹാകവി കുമാരനാശാന്റെ 'ദുരവസ്ഥ'യുടേയും 'ചണ്ഡാലഭിക്ഷുകി'യുടേയും ശതാബ്ദി ആഘോഷിക്കുന്നു. അവ ഉണ്ടാക്കിതീര്‍ത്ത ആഘോഷങ്ങളല്ല. ആ കൃതികളെ വീണ്ടെടുക്കാന്‍ മലയാളിയുടെ സാംസ്‌കാരിക മനസ്സ് ആഗ്രഹിക്കുകയും അത് സംഭവിക്കുകയും ചെയ്തതാണ്.

ഇത്തരത്തില്‍ എന്റ ഒരു കൃതിയുടെ ശതാബ്ദി മലയാളി ആഘോഷിക്കണമെന്ന് വിചാരിക്കുന്ന ഒരെഴുത്തുകാര്‍പോലും ഇന്നില്ല. തല്‍ക്കാലത്തെ കമ്പോളത്തിനായും പുരസ്‌കാരത്തിനും പ്രശസ്തിക്കുമല്ലാതെ ഒരു നൂറ്റാണ്ടിനപ്പുറം തന്റെ കൃതി വായിക്കണമെന്ന ദാഹമൊന്നും ഒരെഴുത്തുകാരനേയും എഴുത്തുകാരിയേയും ഇന്ന് അലട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല. അതൊരു വസ്തുതയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Content Highlights: mbifl2023, Discussion with K V Sajay and B Rajeevan, Kanakakkunnu, Trivandrum

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented