എഴുത്തുകാരും മാധ്യമപ്രവർത്തകരുമായ സുഭാഷ് ചന്ദ്രൻ, കെ.സി. നാരായണൻ എന്നിവർ അക്ഷരോത്സവവേദിയിൽ.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം രണ്ടാംദിനത്തില്‍ വേദി 'അണ്ടര്‍ ദ ട്രീ'യിലെ അവസാന ചര്‍ച്ചയില്‍ സമകാലിക പ്രസിദ്ധീകരണങ്ങളുടെ രണ്ട് പത്രാധിപരോട് വായനക്കാര്‍ നേരിട്ട് സംവദിച്ചു. ' എഡിറ്ററാണ് സത്യം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപര്‍ സുഭാഷ് ചന്ദ്രന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്ററും ഭാഷാപോഷിണി എഡിറ്ററുമായിരുന്ന കെ.സി. നാരായണന്‍, എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
'നിരൂപണത്തില്‍ സര്‍ഗാത്മകതയുള്ള എഴുത്തുകാരനാണ് കെ.സി'. കെ.സി. നാരായണന്‍ മാതൃഭൂമിയില്‍ എഡിറ്ററായിരുന്ന കാലംമുതല്‍ താനുമായുണ്ടായ ആത്മബന്ധത്തെക്കുറിച്ചും ഓര്‍മകളെക്കുറിച്ചും പങ്കുവെച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
ഒരിക്കലെങ്കിലും എഡിറ്ററോട് വായനക്കാര്‍ ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ ഓരോന്നായി ഇ. സന്തോഷ്‌കുമാര്‍ ആരാഞ്ഞപ്പോള്‍ സദസ്സിലുള്ളവര്‍ ആകാംക്ഷയോടെ കാത്തിരുന്ന കാഴ്ചയാണ് ചര്‍ച്ചയില്‍ കണ്ടത്.
ആഴ്ചപ്പതിപ്പിലേക്കെത്തുന്ന എല്ലാ സാഹിത്യസൃഷ്ടികളും എഡിറ്റര്‍ വായിക്കുമോ?
'എല്ലാ ദിവസവും ആഴ്ചപ്പതിപ്പിലേയ്ക്ക് 100 കഥകളും 200 കവിതകളും എന്തായാലും എത്താറുണ്ട്'- പറഞ്ഞുതുടങ്ങിയത് സുഭാഷ് ചന്ദ്രനാണ്. പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ കിട്ടുന്ന എല്ലാ കൃതികളും വായിക്കേണ്ടതില്ല. വായിച്ച് തുടങ്ങുമ്പോള്‍ തന്നെ നമുക്ക് അത് പ്രസിദ്ധീകരണയോഗ്യമാണോ അല്ലയോ എന്ന് വ്യക്തമാകും. അവ വായിക്കുമ്പോള്‍ ഹൃദയമാണ് എന്റെ അളവുകോല്‍. അവിടെ തലച്ചോര്‍ ഉപയോഗിക്കാറില്ല'.
'എഡിറ്ററുടെ ബോധ്യമാണ് എല്ലാം. അതിന്റെ അടിസ്ഥാനത്തിലാണ് നല്ലതിനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അഭിരുചി ഒരേസമയം ശക്തിയും പരിമിതിയുമാകുകയും ചെയ്യും'- കെ.സി. നാരായണന്‍ പ്രതികരിച്ചു.
'കരുത്തനായ ഒരു എഡിറ്റര്‍ ഒരു സാഹിത്യസൃഷ്ടിക്ക് പിന്നിലുണ്ട് എന്ന് പറയുന്നതും ആളുകളറിയുന്നതും യഥാര്‍ത്ഥത്തില്‍ എഴുത്തുകാരന് അത്ര ഭൂഷണമല്ലതാനും. കാരണം, എഡിറ്ററുടെ കഴിവുകൊണ്ടാണ് കൃതി നന്നായതെന്ന ഒരു ധാരണ അവിടെ ഉണ്ടാകും' -സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യകാരന്മാര്‍കൂടിയായ പത്രാധിപരുടെ എഴുത്തുജീവിതത്തെക്കുറിച്ച്
ചര്‍ച്ച നയിച്ച ഇ. സന്തോഷ്‌കുമാറിന്റെ ഈ ചോദ്യം സദസ്സിന്റേതുതന്നെയായിരുന്നു. എഴുത്തുകാരനായ എഡിറ്ററില്‍നിന്നും എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങളിലൊന്ന്. എഴുത്ത് കുറഞ്ഞെന്നും അത് തന്റെ വ്യക്തിപരമായ നഷ്ടം മാത്രമാണെന്നും സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു.
'ഒരു പ്രധാനപ്പെട്ട ജോലി ചെയ്യുമ്പോള്‍ അതിന് കാലം നമ്മളെ നിയുക്തനാക്കി എന്ന തോന്നല്‍ വന്നാല്‍ ആ ഒരു ജോലി കുറേക്കൂടി സാര്‍ത്ഥകമായി ചെയ്യാന്‍ സാധിക്കും. ഞാന്‍ അങ്ങനെയാണ് അതിനെ കാണുന്നത്'- അദ്ദേഹം പറഞ്ഞു.
വലിയ എഴുത്തുകാരുടെ കഥകള്‍ ആഴ്ചപ്പതിപ്പിലേക്ക് എത്തുമ്പോള്‍ പ്രസിദ്ധീകരണയോഗ്യമല്ലാതിരുന്നിട്ടും അവ പ്രസിദ്ധീകരിക്കേണ്ടതായി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സുഭാഷ് ചന്ദ്രന്‍ നല്‍കിയ മറുപടി. എന്നാല്‍ തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കെ.സി. നാരായണന്‍ വ്യക്തമാക്കി.
'ഒരു ഉത്തമ ലിറ്ററി എഡിറ്റര്‍ക്കും ഉത്തമ എഴുത്തുകാരനും ഉദാഹരണമാണ് എം.വി. ഗോവിന്ദനും ആനന്ദും'- എഴുത്തുകാരനായി പേരെടുക്കുന്നതിന് മുമ്പുള്ള ആനന്ദിന്റെ നോവല്‍ എം.വി. ഗോവിന്ദന്‍ എഡിറ്റ് ചെയ്തരീതി വിശദീകരിച്ചുകൊണ്ട് ഇരുവരും തമ്മിലുണ്ടായിരുന്ന നിശബ്ദമായ ആശയവിനിമയത്തെക്കുറിച്ച് കെ.സി. നാരായണന്‍ സംസാരിച്ചു. എല്ലാ എഴുത്തും ഓരോ ഇന്ദ്രിയങ്ങള്‍ക്കുമുള്ള ചികിത്സയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി. എസ്. രാകേഷ് രചിച്ച്, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ദ്രൗപതി മുര്‍മു- പ്രചോദനം പകരും ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കെ.സി. നാരായണന്‍, സുഭാഷ് ചന്ദ്രന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
Content Highlights: mbifl2023, Discussion, Subhash Chandran, K.C. Narayanan, Editors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..