സക്കറിയ അക്ഷരോത്സവവേദിയിൽ സംസാരിക്കുന്നു.
ഇന്ത്യയിലെ രാഷ്ട്രീയക്കാരല്ല, ജനങ്ങളാണ് മോശമെന്ന് സാഹിത്യകാരന്‍ സക്കറിയ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍' കഥായനം' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ വി. ഷിനിലാലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകത്തൊരിടത്തും ഒരു ജനപ്രതിനിധിയുടെ മുന്നിലും ജനങ്ങള്‍ വാലാട്ടി നില്‍ക്കില്ല. പക്ഷേ ഇന്ത്യക്കാര്‍ അങ്ങനെ ചെയ്യും. പ്രാകൃതമായ അധികാരത്തിന് കീഴടങ്ങാനുള്ള ഒരു അടിമത്ത മനഃസ്ഥിതി എവിടേയോ മലയാളിയുടെ മനസ്സില്‍ സൃഷ്ടിക്കപ്പട്ടിട്ടുണ്ട്. രാഷ്ട്രീയക്കാരില്‍ നമ്മള്‍ പരിഹസിക്കുന്ന പലരുമടക്കം ചിലര്‍ സ്വന്തം മണ്ഡലത്തിനായി നല്ല പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. ആ രീതിയില്‍ എനിക്ക് അവരോട് ഒരു ബഹുമാനക്കുറവും ഇല്ല. എന്നാല്‍, രാഷ്ട്രീയക്കാരുടെ നയങ്ങളോട്, മതതീവ്രവാദത്തോട് ഫണ്ടമെന്റലിസത്തോട്, അധികാരം കിട്ടിയാല്‍ ഉടന്‍ കാണിക്കുന്ന പൊങ്ങച്ച മനഃസ്ഥിതിയോട് എല്ലാം കഷ്ടം തോന്നാറുണ്ടെന്നും സക്കറിയ വ്യക്തമാക്കി.
ഇന്ത്യന്‍ രാഷ്ട്രീയം
'ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം പഠിച്ചുകഴിഞ്ഞാല്‍ നമുക്ക് ഇന്ത്യക്കാരനായിരിക്കുന്നതിന്റെ രാഷ്ട്രീയമായ പരിതാപകരമായ അവസ്ഥ, എങ്ങനെയാണ് രാഷ്ട്രീയം പൊള്ളവിഗ്രഹങ്ങളെ നിര്‍മിക്കുന്നത്, മണ്ണുണ്ണിമാര്‍ എങ്ങനെയാണ് മഹാരൂപങ്ങളായി അവരോധിക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാകും. ഈ ഉള്ളുകള്ളികള്‍ മനസ്സിലാക്കിയ സുഹൃത്തുക്കളാണ് എനിക്ക് കാര്യങ്ങള്‍ പറഞ്ഞുതന്നത്. അവിടെനിന്നും എന്റെ പ്രാഥമിക രാഷ്ട്രീയ പാഠങ്ങള്‍ ആരംഭിക്കുകയായിരുന്നു.
അങ്ങനെ നമ്മള്‍ കണ്ണുതുറന്ന് പിടിച്ച് ജീവിക്കുന്ന ഒരു പൗരനായിത്തീരുന്നു. അതിന് ശേഷം ഞാന്‍ ഡല്‍ഹിയില്‍ അടിയന്തരാവസ്ഥയിലൂടെ കടന്നുപോയി. ഭരണഘടനയടക്കം എല്ലാം തുടച്ചുനീക്കിയ 18 മാസമുണ്ടായിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷമുള്ള കൂട്ടക്കൊലകളിലൂടെ കടന്നുപോയി. അതെല്ലാം കണ്ട് ജീവിച്ച് കഴിഞ്ഞാല്‍ പഴയ മനുഷ്യനായി പിന്നീട് നമുക്ക് തുടരാന്‍ കഴിയില്ല.
സക്കറിയയുടെ കൃതികളിലെ ജൈവപ്രകൃതി
'എന്റെ ഗ്രാമമാണ് എനിക്ക് അടിസ്ഥാന പ്രകൃതി പാഠം നല്‍കിയത് '. തന്റെ കൃതികളില്‍ നടത്തപ്പെട്ടിട്ടുള്ള ജൈവപ്രകൃതിയുടെ ഡോക്യുമെന്റേഷനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. പതിനാറ് വയസ്സുവരെ നാട്ടിലാണ് ജീവിച്ചത്. പിന്നീട് അവിടവിടങ്ങളിലായി ജീവിക്കേണ്ടി വന്നു. 25 വര്‍ഷമായി തിരുവനന്തപുരത്ത് ജീവിക്കുന്നു. എന്റെ ഗ്രാമമാണ് എനിക്ക് അടിസ്ഥാന പ്രകൃതി നിരീക്ഷണപാഠം നല്‍കിയത്. കുട്ടിയായിരുന്നപ്പോള്‍ പഠിക്കുന്ന പഠിത്തം ഒരിക്കലും തലച്ചോറില്‍നിന്ന് പോകുന്നില്ല.
യേശു; അപ്രായോഗികതയുടെ മാസ്റ്റര്‍
'കുട്ടിക്കാലത്ത് എന്ത് കേള്‍ക്കുന്നോ എതാണ് നമ്മള്‍ വിശ്വസിക്കുക. പിന്നീടാണല്ലോ തലച്ചോര്‍ കൃത്യമായി പ്രവര്‍ത്തിക്കാൻ തുടങ്ങുക. അതുവരെ എന്തിനെക്കുറിച്ചും നമുക്ക് നല്‍കപ്പെട്ട രൂപങ്ങള്‍ അങ്ങനെത്തന്നെ മനസ്സിലിരിക്കുന്നു.
ഒരു എഴുത്തുകാരനെന്ന നിലയ്ക്കും പൗരനെന്ന നിലയ്ക്കും ഞാന്‍ ആവശ്യപ്പെടാതെ വിശ്വാസത്തിലേയ്ക്ക് കയറ്റിവിടപ്പെട്ട ആളെന്ന നിലയ്ക്കും എനിക്കതിനെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. എന്താണ് ഈ മതത്തിന്റെ യാഥാര്‍ത്ഥ്യം? അതിന്റെ ചരിത്രമെന്താണ്? ആരാണ് യേശു?, എന്തുകൊണ്ടാണ് യേശുവിനെ ദൈവമായി വച്ചിരിക്കുന്നത്, ദൈവമാണോ? എന്നുള്ള ചോദ്യങ്ങള്‍ നാം ചോദിക്കേണ്ടതുണ്ട്. ഏത് പൗരനും ചോദിക്കേണ്ട ചോദ്യം മാത്രമാണ് ഞാന്‍ ചോദിച്ചത്.
എം.എ.യ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ബൈബിള്‍ വായിക്കുന്നത്. അപ്പോഴാണ് യേശു ശുദ്ധനും സാഹസികനും നന്മയുള്ളവനുമായ ഒരു മനുഷ്യനായിരുന്നുവെന്നും വിപ്ലവകാരിയായിരുന്നെന്നും എന്ന് കൃത്യമായി മനസ്സിലാക്കുന്നത്. എല്ലാ വിപ്ലവകാരികള്‍ക്കും സംഭവിക്കുന്നപോലെ അദ്ദേഹവും കൊല്ലപ്പെടുകയും ചെയ്തു. അതിനപ്പുറത്ത് യേശുവിനെക്കുറിച്ച് പുതിയ നിയമത്തില്‍നിന്ന് സംഭരിക്കാന്‍ ഒന്നുതന്നെയില്ല. മാന്യനായ മനുഷ്യനാണ് യേശു. അപ്രായോഗികതയുടെ മാസ്റ്ററായിരുന്നു. ഈ ലോകത്ത് നടപ്പിലാക്കാവുന്ന ഒരു കാര്യവും അദ്ദേഹം പറഞ്ഞിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ കഴുത്തിന് പിടിക്കുന്ന ഒരു വിശ്വാസത്തിനും ഞാന്‍ വഴങ്ങില്ല'. തന്റെ അന്വേഷണങ്ങള്‍ ഫലംതന്നെന്നും അതുകൊണ്ട് യേശുവെന്ന മനുഷ്യനെ അറിയാന്‍ സാധിച്ചെന്നും സക്കറിയ പറഞ്ഞു.
Content Highlights: mbifl2023, Zacharia, Indian Politics, Interaction with V Shinilal at mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..