ആ സ്രാവാണ് എന്നെ കലാസംവിധായകനാക്കിയത്: സാബു സിറില്‍


By അജ്മല്‍ എന്‍. എസ് 

2 min read
Read later
Print
Share

എം.പി. സുരേന്ദ്രൻ, സാബു സിറിൽ | photo: mathrubhumi

ചരിത്ര സിനിമകള്‍ ചെയ്യാനാണ് ബുദ്ധിമുട്ടെന്ന് ആര്‍ട്ട് ഡയറക്ടര്‍ സാബു സിറില്‍. മാതൃഭൂമി അക്ഷരോത്സവത്തില്‍ 'കാലത്തിന്റെ ശില്പി' എന്ന വിഷയത്തില്‍ ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ എം.പി. സുരേന്ദ്രനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അയ്യര്‍ ദി ഗ്രേറ്റ്' മുതല്‍ ഓസ്‌കാര്‍ നോമിനേഷന്‍ സ്വന്തമാക്കിയ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ വരെയുള്ള അനുഭവസമ്പത്ത് അദ്ദേഹം പങ്കുവെച്ചു.

'സംഗീത സാമ്രാട്ടായ കുന്നൈക്കൊടി വൈദ്യനാഥന്‍ ബ്രഹ്‌മാവിന്റെ ശില്പിയാണെന്ന് പറഞ്ഞുകൊണ്ട് തലയില്‍ കൈവെച്ച് അനുഗ്രഹിച്ച കലാകാരനാണ് സാബു സിറില്‍. കേരളത്തില്‍ നിന്ന് പോയി ഇന്ത്യ കീഴടക്കിയ ആളാണ് സാബു സിറില്‍. കലാകുടുംബത്തില്‍ നിന്നാണ് സാബു സിറില്‍ വരുന്നത്'- എം.പി. സുരേന്ദ്രന്‍ പറഞ്ഞു.

'മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആവാനായിരുന്നു ആഗ്രഹം. പഠിക്കുന്ന സമയത്ത് സിനിമ കാണുമെങ്കിലും സിനിമാക്കാരെ ഇഷ്ടമല്ലായിരുന്നു. 'അയ്യര്‍ ദി ഗ്രേറ്റി'ല്‍ ഒരാഴ്ചത്തെ വര്‍ക്കിനായി എത്തിയതാണ്. അത് ആറ് മാസം നീണ്ടു. ആ സമയത്ത് നടത്തി കൊണ്ടിരുന്ന പരസ്യ ഏജന്‍സി മതിയാക്കേണ്ടി വന്നു. ട്രെന്‍ഡ് മാറുന്നത് കൊണ്ടാണ് സിനിമയിലെ പാട്ടുകള്‍ അപ്രത്യക്ഷമാകുന്നത്'- സാബു സിറില്‍ പറഞ്ഞു.

സ്രാവിനെ ഉണ്ടാക്കാന്‍ പോയി, സിനിമ ചെയ്തു

അയ്യര്‍ ദി ഗ്രേറ്റിന് പിന്നാലെയാണ് ഭരതേട്ടന്റെ അമരത്തിന്റെ വര്‍ക്ക് വന്നത്. ഒരു സ്രാവിനെ ഉണ്ടാക്കാനാണ് വിളിപ്പിച്ചത്. അത് കണ്ടപ്പോള്‍ മുഴുവന്‍ പടവും ചെയ്യാന്‍ പറഞ്ഞു. അമരത്തില്‍ ഞാന്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ ഒക്കെ ശരിയായപ്പോള്‍ എനിക്ക് ഒരു കോണ്‍ഫിഡന്‍സ് വന്നു.

വിസ്മയിപ്പിച്ച അനുഭവം

ഒരിക്കല്‍ കോഴിക്കോട് വളയനാട്ട് 'അദ്വൈതം' എന്ന ചിത്രത്തിന് വേണ്ടി ക്ഷേത്രത്തിന്റെ സെറ്റ് ഇട്ടു. സെറ്റില്‍ വന്ന ശ്രീവിദ്യ ചെരിപ്പ് ഊരിയിട്ട് കയറാന്‍ ഒരുങ്ങി. സെറ്റ് ആണെന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിച്ചില്ല. അവിടെ കാണിക്കവഞ്ചിയുടെ മോഡല്‍ ഉണ്ടായിരുന്നു. ആളുകള്‍ അതില്‍ കാണിക്ക ഒക്കെ ഇടുമായിരുന്നു.

സെറ്റ് കണ്ടിട്ട് ആരാ ചെയ്തതെന്ന് തിക്കുറിശ്ശി ചോദിച്ചു. ഇങ്ങനെ ഒന്ന് കണ്ടിട്ടില്ലെന്നും പറഞ്ഞു. ടി. കെ രാജീവ് കുമാറിന്റെ പവിത്രം എന്ന ചിത്രത്തിന് വേണ്ടി ചെയ്ത ആശുപത്രിയുടെ സെറ്റ് കണ്ടിട്ട് മോഹന്‍ലാല്‍ നല്ല അഭിപ്രായം പറഞ്ഞിരുന്നു.

സെറ്റുകള്‍ക്ക് പിന്നിലെ കഥകള്‍

ഒരു സിനിമയ്ക്ക് ഉപയോഗിച്ച സെറ്റ് നശിപ്പിക്കാറാണ് പതിവ്. തന്റെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച സെറ്റ് മറ്റൊരു സിനിമയ്ക്ക് കൊടുക്കുന്നത് പല സംവിധായകര്‍ക്കും ഇഷ്ടമല്ല. ഒരേ സംവിധായകന്‍ ആണെങ്കില്‍ സെറ്റ് നിലനിര്‍ത്തും. സംവിധായകന്റെ ആവശ്യമാണ് പ്രധാനം. അത് ചെയ്ത് കൊടുക്കുകയാണ് നമ്മള്‍ വേണ്ടത്.

വിശ്വസനീയമാവണം

ക്യാമറയ്ക്ക് പിന്നില്‍ ഒരുപാട് വര്‍ക് ചെയ്തിട്ടുണ്ട്. ചരിത്ര സിനിമകള്‍ ചെയ്യുമ്പോള്‍ അബദ്ധം പറ്റാതെ ശ്രദ്ധിക്കാന്‍ ഒരുപാട് സഹായികളുണ്ട്. ആര്‍ട്ട് ചെയ്യുമ്പോള്‍ വിശ്വസനീയമായിരിക്കണം എന്നതാണ് വെല്ലുവിളി. ബാഹുബലിയില്‍ ആനയും കുതിരയും ഒക്കെ മെക്കാനിക്കല്‍ ആണ്. ഒറിജിനല്‍ ആണെങ്കില്‍ ആക്ഷന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. കൂടെ ഒരുപാട് സഹായികള്‍ ഉണ്ടാകും. ആര്‍.ആര്‍.ആറില്‍ വ്യത്യസ്തമായ ആക്ഷനാണെന്ന് രാജമൗലി പറഞ്ഞിരുന്നു. ചരിത്ര സിനിമ ചെയ്യാനാണ് ബുദ്ധിമുട്ട്. ഒരുപാട് പഠനങ്ങള്‍ വേണം.

പ്രിയദര്‍ശന്റെ മരക്കാര്‍

ചിത്രത്തിനായി 45 ദിവസം കൊണ്ട് മൂന്ന് വലിയ കപ്പല്‍ ഉണ്ടാക്കി. രാമോജി ഫിലിം സിറ്റിയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ട് ജെ.സി.ബി ഉപയോഗിച്ചാണ് തിരമാല ഉണ്ടാക്കിയത്. സിനിമയില്‍ ഉപയോഗിച്ച രണ്ട് ചെറിയ കപ്പല്‍ മോഡലുകള്‍ മോഹന്‍ലാലിന്റെ പക്കലുണ്ട്.103 ദിവസമായിരുന്നു ഷൂട്ടിങ്. എനിക്ക് ആറ് മാസത്തെ പണി ഉണ്ടായിരുന്നു സാബു സിറില്‍ പറഞ്ഞുനിര്‍ത്തി.

Content Highlights: MBIFL 2023 sabu cyril speaks at kanakakkunn

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented