സന്തോഷ് ഏച്ചിക്കാനം, പി.വി ഷാജി കുമാർ, ഉണ്ണി ആർ | PHOTO: MATHRUBHUMI
ഇടുക്കി ഗോൾഡ് താൻ എഴുതിയിരുന്നെങ്കിൽ അത് വേറൊരു തിരക്കഥയായി മാറിയേനെ എന്ന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം. തന്റെ ഇടുക്കി ഗോൾഡിനോട് യാതൊരു നീതിയും പുലർത്തിക്കൊണ്ടല്ല പടം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കഥ റാഞ്ചുന്ന സിനിമ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരായ പി.വി ഷാജി കുമാർ, ഉണ്ണി ആർ. എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
'മലയാള സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആദ്യ ശബ്ദ ചിത്രമായ ബാലന് ആധാരമായത് തന്നെ ഒരു ചെറുകഥയാണ്.അപ്പന്‍, ജയ ജയ ഹെ പോലുള്ള ചിത്രങ്ങള്‍ ഹിറ്റ് ആകുന്നു. ഗംഭീരമായി ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടിന്റെയും ഉള്ളടക്കം ആഴത്തിലുള്ളതാണ്.
ചുരുളി എന്ന ചിത്രത്തില്‍ തെറിയുണ്ട് എന്ന ആക്ഷേപം വന്നിരുന്നെങ്കില്‍ കൂടി ആ സിനിമ ഉന്നയിക്കുന്നൊരു ഭയങ്കരമായ രാഷ്ട്രീയമുണ്ട്. ഇത്തരത്തിലുള്ള ഒരു സ്‌ക്രിപ്റ്റിങ് ധൈര്യം ചെറുകഥാകൃത്തുകള്‍ക്കേ ഉള്ളുവെന്നാണ് എന്റെ തോന്നല്‍. കണ്‍വെന്‍ഷണല്‍ രീതികള്‍ തകര്‍ക്കാനുള്ള ധൈര്യവും ആര്‍ജവവും ചെറുകഥാകൃത്തുക്കള്‍ക്കെ ഉള്ളു. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് ചെറുകഥകള്‍ക്കും കഥാകൃത്തുക്കള്‍ക്കും പ്രാധാന്യം ഏറുന്നത്.
തന്റെ കഥ സിനിമയാക്കാന്‍ ആരെങ്കിലും സമീപിക്കണം എന്ന ആഗ്രഹത്തോടെ എഴുതുന്നവരുടെ എണ്ണം കൂടുകയാണ്. ഇതാ സാഹിത്യത്തെ ബാധിക്കും. കഥയില്‍ സാഹിത്യം കൂടി അളവില്‍ വരുന്നതും പ്രശ്‌നമാണ്. താന്‍ കഴിഞ്ഞ വര്‍ഷം മൂന്ന് സ്‌ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കി എന്നും അവയൊന്നും ഇത് വരെ സിനിമ ആയില്ല. സിനിമ എന്നത് വലിയൊരു പ്രക്രിയയാണ്'-ഷാജി കുമാര്‍ പറഞ്ഞു.
'കഥയും തിരക്കഥയും രണ്ടാണ്. ഞാന്‍ എഴുതുന്ന കഥ തന്നെ തിരക്കഥ ആക്കാനാണ് എനിക്കിഷ്ടം. ഒരു കഥ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി സാധ്യതകളാണ് ലഭിക്കുന്നത്. ഒരാളുടെ കഥ മറ്റൊരാള്‍ തിരക്കഥയാക്കി മാറ്റുമ്പോള്‍ അത് മറ്റൊരു ഉത്പന്നം ആയിരിക്കണം. നമ്മള്‍ എഴുതിയതെല്ലാം സിനിമയാകുന്നില്ല. ഒരുപാട് സമയം ഇതിനായി നഷ്ടമാവുകയാണ്.
ഇടുക്കി ഗോള്‍ഡ് ഞാന്‍ എഴുതിയിരുന്നെങ്കില്‍ അത് വേറൊരു തിരക്കഥയായി മാറിയേനെ. എന്റെ ഇടുക്കി ഗോള്‍ഡിനോട് യാതൊരു നീതിയും പുലര്‍ത്തിക്കൊണ്ടല്ല പടം ചെയ്തിരിക്കുന്നത്.
അധികം സിനിമയൊന്നും കാണാത്ത, പുസ്തകങ്ങള്‍ വായിക്കാത്ത ഒരു പോലീസുകാരന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. എന്റെ കഥകളോ സിനിമകളോ അദ്ദേഹം കണ്ടിട്ടില്ല. മയക്കുമരുന്നിനെതിരെയൊക്കെ പ്രവര്‍ത്തിക്കുന്ന ആളാണ് അദ്ദേഹം. താന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ള ചിത്രം ഇടുക്കി ഗോള്‍ഡാണെന്ന് അയാള്‍ പറഞ്ഞു. ഇടുക്കി ഗോള്‍ഡിന്റെ കഥാകൃത്തിനെ കണ്ടാല്‍ വെടിവെച്ച് കൊല്ലണം എന്ന് ഓരോ സ്‌റ്റേജിലും പറയുന്നയാളാണ് താനെന്ന് പോലീസുകാരന്‍ പറഞ്ഞു. ഞാനാണ് ആ കഥാകൃത്തെന്ന് പുള്ളിക്കറിയില്ല. ഒരു റിവോള്‍വറും കൊണ്ടാണ് അയാള്‍ ഇരിക്കുന്നത്.
കൊല്ലരുത്, ഒരു സത്യം പറയാം, ഞാനാണ് ആ കഥാകൃത്തെന്ന് അയാളോട് പറഞ്ഞു. നിങ്ങളെങ്ങനെയാണ് ആ കഥ എഴുതിയതെന്ന് അയാള്‍ ചോദിച്ചു. സിനിമ ഭയങ്കരമായിട്ട് മയക്കുമരുന്നിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. കേരളത്തിലുള്ള ഏഴാം ക്ലാസ് മുതല്‍ പതിനൊന്നാം ക്ലാസുവരെയുള്ള 100 കുട്ടികളില്‍ 70 പേര്‍ ഒരു തവണയെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. ഇതിലേക്ക് ഈ സിനിമ ഒരു സമൂഹത്തെ നയിച്ചുവെന്നത് എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ ഞെട്ടിച്ചു.
പക്ഷേ എന്റെ കഥയില്‍ അങ്ങനൊരു സംഭവം ഇല്ല. മയക്കുമരുന്ന് പ്രമോട്ട് ചെയ്യുന്ന ഒന്നും എന്റെ കഥയില്‍ ഇല്ല. മറിച്ച് ആ സിനിമയില്‍ മയക്കുമരുന്നിനെ ഗ്ലോറിഫൈ ചെയ്യുന്നു.
'സൗഹൃദമാണ് ഏറ്റവും വലിയ ലഹരി, മയക്കുമരുന്നല്ല' എന്ന് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത് നന്നായി. ഒരു കഥ സ്വന്തമായി തിരക്കഥയാക്കുന്നതാണ് എപ്പോഴും നല്ലത്'- സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
'ഈ നാട്ടില്‍ തോക്കിന് ഒരു പ്രശ്‌നവും ഇല്ല. എത്ര വേണോ ഉപയോഗിക്കാം. വെടിവെച്ച് കൊല്ലുക എന്നതും ന്യായീകരിക്കപ്പെടും. അതിലൊരു ഹിംസയും ഇല്ല. വലിക്കുക എന്നതാണ് പ്രശ്‌നം. ലഹരിയെ ഞാന്‍ ന്യായീകരിക്കുകയല്ല.
റിയലിസം എന്നൊരു തട്ടിപ്പ് പരിപാടി സിനിമയില്‍ നടക്കുന്നുണ്ട്. ആക്ഷനും കട്ടിനും ഇടയ്ക്കുള്ള സംഭവമാണ് സിനിമ. അതിന് കൃത്യമായ ലൈറ്റിങ്ങും തിരക്കഥയും സംഗീതവും ഒക്കെയുണ്ട്. അതൊരു ക്രീയേറ്റീവ് പ്രോസസ്സാണ്. കൈലി ഉടുത്ത് വന്നാല്‍ റിയലിസ്റ്റിക് സിനിമ ആണെന്നാണ് ആളുകളുടെ വിചാരം. സിനിമ അതൊന്നുമല്ല. സിനിമ നമ്മള്‍ കാണാനാഗ്രഹിക്കുന്ന മറ്റൊരു ലോകത്തെ കാണിക്കുകയാണ്. ഒരിക്കലും നിങ്ങള്‍ വായിക്കുന്നത് തിരശ്ശീലയില്‍ പ്രതീക്ഷിക്കരുത്. സിനിമ ദൃശ്യഭാഷയാണ്.
ഏത് സിനിമ എപ്പോള്‍ വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല. ബിഗ് ബി 25 ദിവസം മാത്രമാണ് ഓടിയത്. പക്ഷേ പിന്നീട് സിനിമ ആളുകള്‍ ഏറ്റെടുത്തു. ആര്‍ക്കും സിനിമയെടുക്കാമെന്ന ധാരണയുണ്ട്. സിനിമ അത്യാവശ്യം ബുദ്ധിയുള്ള മനുഷ്യര്‍ക്ക് പറ്റിയ പണിയാണ്. തിരക്കഥ എഴുതുകയെന്നത് എളുപ്പമുള്ള പണിയൊന്നും അല്ല. പല അവസ്ഥയിലൂടെ വരുന്ന ആളുകളെ കൊമേഴ്ഷ്യൽ സിനിമ എന്റര്‍ടെയിന്‍ ചെയ്യിക്കണം.
എഴുത്തിനൊക്കെ പുറമെ മുന്നറിയിപ്പ് എന്ന ചിത്രം വിജയിക്കാന്‍ കാരണം മമ്മൂട്ടി എന്ന മനുഷ്യനാണ്. മമ്മൂട്ടി അല്ലാതൊരു നടന്‍ അത് ചെയ്താല്‍ എത്രത്തോളം വിജയിക്കുമെന്ന് സംശയമുണ്ട്. മമ്മൂട്ടി എന്ന വലിയ നടന് മാത്രമാണ് അത് സാധിക്കുന്നത്.
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് വളരെ മോശമായ രീതിയില്‍ തെറ്റിദ്ധരിക്കപ്പെടുന്ന നാടാണ് കേരളം. പൊളിറ്റിക്കല്‍ കറക്ടനെസ് പലരുടേയും താത്കാലിക രക്ഷയാണ്.
മനുഷ്യന്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കും. തെറ്റ് ചെയ്ത ചില മനുഷ്യര്‍ ഇത്രയും നാള്‍ സാഹിത്യത്തിനോ കലയ്‌ക്കോ നല്‍കിയ സംഭാവന ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിക്കൊണ്ട് അവരെ വിചാരണ ചെയ്യുന്നു. ഇതിന് നമുക്ക് അര്‍ഹതയില്ല, നമ്മള്‍ അര്‍ഹരല്ല. ഒരു ദിവസം കൊണ്ട് തൂത്തുകളയാന്‍ ഉള്ളതല്ല അവരുടെ ചരിത്രം'- ഉണ്ണി ആര്‍. പറഞ്ഞു.
Content Highlights: mbifl 2023 talk pv shaji kumar unni r santhosh echikkanam talk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..