സത്യൻ അന്തിക്കാട്, പ്രിയദർശൻ, സിദ്ദിഖ് | photo: mathrubhumi
എല്ലാക്കാലവും പൊള്ളുന്ന ഒന്നാണ് 'സന്ദേശം' എന്ന ചിത്രമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഇപ്പോഴും സിനിമ ചർച്ചയാകുന്നതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. സംവിധായകൻ പ്രിയദർശനും നടൻ സിദ്ദിഖിനുമൊപ്പം മാതൃഭൂമി അക്ഷരോത്സവത്തിൽ 'ഊട്ടിപ്പട്ടണ പ്രവേശം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറെ വർഷക്കാലമായി മലയാള സിനിമയിൽ യശസ്സോടെ തലയുയർത്തി നിൽക്കുന്നവരുടെ ഒത്തുചേരലിൽ കാണികളും ഒരുപോലെ പങ്കാളികളായി. 'എന്താ വിജയാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തത്', 'വട്ടാണല്ലേ', 'താത്വികമായ അവലോകനം' തുടങ്ങി ഹിറ്റ് ഡയലോഗുകൾ പറഞ്ഞും പരസ്പരം കൗണ്ടറുകൾ അടിച്ചും കാണികളുമായി സംവദിച്ചും മൂവരും അക്ഷരോത്സവ വേദിയെ രസിപ്പിച്ചു.
'ഞാൻ സിനിമയിൽ വന്ന് മൂന്നാമത്തെ കൊല്ലം 'സന്ദേശം' എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. എന്നാൽ മുപ്പത്താം വർഷമാണ് പ്രിയദർശന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. ഉദയഭാനു എന്ന സന്ദേശത്തിലെ കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളണമെന്ന് അന്ന് അറിയില്ലായിരുന്നു. ഗോഡ് ഫാദർ, സന്ദേശം എന്നീ ചിത്രങ്ങൾ ഒരേസമയമാണ് നടന്നത്.
നിങ്ങളെ ഒരു പടത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല, സത്യൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ശ്രീനിവാസനാണ് സന്ദേശത്തിലേയ്ക്ക് വിളിക്കുന്നത്. എനിക്ക് കഥാപാത്രത്തിന്റെ ആഴം മനസിലാക്കാൻ സാധിക്കുമെന്ന് തിലകൻ ചേട്ടൻ അന്ന് പറഞ്ഞിരുന്നു. വീണ്ടും അഭിനയിക്കണം എന്ന് തോന്നിയ ഒരേ ഒരു കഥാപാത്രം ഉദയഭാനുവാണ്.
ഇന്നത്തേക്കാലത്ത് സിനിമയെ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി സിനിമ പ്രമോട്ട് ചെയ്യപ്പെടുന്നു. സിനിമയെ വളർത്തുന്നതിൽ പ്രധാന പങ്ക് സോഷ്യൽ മീഡിയ വഹിക്കുന്നുണ്ട്'- സിദ്ദിഖ് പറഞ്ഞു.
'ഞാൻ സിനിമയിൽ എത്തിപ്പെടുകയാണ് ഉണ്ടായത്. സംവിധായകൻ ആവണമെന്ന ആഗ്രഹം എങ്ങനെയോ ഉണ്ടായി. സിനിമാ പാരമ്പര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു. വിധിയാണ് സംവിധായകൻ ആക്കിയത്. നമ്മൾ അതിയായി ആഗ്രഹിച്ചാൽ അത് നടക്കും. സിനിമ ചെയ്യുന്നത് തന്നെയാണ് എന്റെ സന്തോഷം.
പ്രിയനും ഞാനും തമ്മിൽ ഒന്നോ രണ്ടോ വർഷത്തെ വ്യത്യാസമേ ഉള്ളൂ, ഞങ്ങൾ സമകാലികാരാണ്. ഞാനും ശ്രീനിവാസനും ചെയ്ത അർപ്പണത്തിന്റെ ഫലമാണ് 'സന്ദേശം'. എപ്പോഴും പൊള്ളുന്ന ഒന്നാണ് ഈ ചിത്രം. ഇപ്പോഴും ഈ സിനിമ ചർച്ചയാകുന്നതിൽ സന്തോഷം.
തിരക്കഥ വേണ്ടെന്ന് പറയാമെ എനിക്ക് തിരക്കഥ ഇല്ലാതെ പറ്റില്ല. തിരക്കഥ എഴുതാനാണ് പാട്. ഞാനും ശ്രീനിയും സംസാരിച്ചും വഴക്കിട്ടും ആസ്വദിച്ചും എഴുതിയാണ് സന്ദേശമെന്ന ചിത്രം. സംഭാഷണം പിന്നെയാണ് എഴുതിയത്. 'പോളണ്ടിനെ പറ്റി പറയരുത്' എന്നത് ഷൂട്ടിങ് സമയത്ത് എഴുതിയതാണ്. ഞാനും ശ്രീനിയും തിരക്കഥ എഴുതുമ്പോൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഞങ്ങൾ തന്നെയാണ്.
തിരക്കഥ എഴുതുന്നത് ഒരേസമയം ആനന്ദവും വിഷമം പിടിച്ചതുമാണ്. അനുഗ്രഹം കിട്ടിയ നടനാണ് സിദ്ദിഖ്. ആൻ മരിയയിലെ സിദ്ദിഖിന്റെ അഭിനയം കണ്ട് ഫാൻ ആയിപ്പോയിട്ടുണ്ട്.
മോഹൻലാലൊക്കെ കഥാപാത്രം ആയി മാറുന്ന ആളാണ്. സന്മനസുള്ളവർക്ക് സമാധാനം ചെയ്യുന്ന സമയത്ത് അയാൾ പണിക്കരായി മാറി. ഞാൻ പണിക്കരെ എന്നാണ് വിളിച്ചിരുന്നത്. പണ്ട് മോഹൻലാൽ പറഞ്ഞിട്ടുണ്ട് അഭിനയം ഫുട്ബാൾ കളി പോലെയാവണം എന്ന്. കളിച്ച് കളിച്ച് പഠിക്കണം.
സിനിമ ജീവിതവുമായി ബന്ധമുണ്ടാകണം. ഒരുപാട് കലാകാരന്മാരുടെ സംഭാവനയാണ് സിനിമ. ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഫിലോമിന എന്നിവരുടെ ശൂന്യത എന്നെ ബാധിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. സ്വന്തം പ്രവീണ്യം കാണിക്കാൻ ആളുകൾ സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കാറുണ്ട്. ഒരാളെ കുറെ പേർ ചേർന്ന് ആക്രമിക്കുന്നു. പണ്ട് തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയ വഴിയാണ് ഇത് ചെയ്യുന്നത്. പ്രിയൻ ഒരു അപരാതമേ ചെയ്തിട്ടുള്ളു, മരക്കാർ ചെയ്തു. സിനിമയിൽ ഇല്ലാത്ത ഡയലോഗ് ഉപയോഗിച്ച് പോലും ട്രോളുകൾ വന്നു.
തല്ലുമാല ഇറങ്ങിയപ്പോൾ യൂത്ത് കയറിയാലേ സിനിമ വിജയിക്കൂ എന്ന് ആളുകൾ പറഞ്ഞു. അപ്പോഴാണ് മാളികപ്പുറം വരുന്നത്. അതിന് അമ്മമാരൊക്കെയാണ് കയറുന്നത്. സിനിമയെ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല' സത്യൻ അന്തിക്കാട് പറഞ്ഞു.
'നമ്മൾ പുതിയ തലമുറയെ കണ്ടല്ല, പുതിയ തലമുറയിൽ നിന്ന് നമ്മളാണ് പഠിക്കുന്നത്. അവരുടെ അഭിരുചിയിൽ നിന്നും വിപ്ലവകരമായ പെരുമാറ്റത്തിൽ നിന്നും പലതും പഠിക്കുന്നുണ്ട്. പണ്ട് എനിക്ക് പഠിത്തത്തിൽ തീരെ താല്പര്യം ഇല്ലായിരുന്നു.പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും തോറ്റു, പിന്നെ എഴുതി എടുത്തു.
അടാപ്റ്റേഷൻ ആണ് പ്രയാസം. മയ്യഴിപ്പുഴ ചെയ്യണം എന്നുണ്ട്. പക്ഷേ ചെയ്യില്ല. കിട്ടിയ ചീത്തപ്പേര് മതി, കൂടുതൽ വേണ്ട. മനസ്സിൽ പതിഞ്ഞ നോവൽ സിനിമയാക്കിയാൽ നീതി പാലിക്കാൻ പ്രയാസമാണ്. .
ഇന്ത്യൻ സിനിമയുടെ കയ്യൊപ്പാണ് പാട്ടുകൾ. മറ്റ് ലോക സിനിമകൾക്ക് അത് ഇല്ല.നസീർ സാറിന്റെ ഒക്കെ ഭംഗി നമ്മൾ കണ്ടിരിക്കുമായിരുന്നില്ലേ. ഇവരുടെ ഭംഗി കൂടുതൽ കണ്ടിരുന്നത് പാട്ടുകളിൽ ആയിരുന്നു. സിനിമയെ മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി മാത്രമാണ് ഞാൻ പാട്ടുകൾ ഉപയോഗിക്കുന്നത്.
ഞാൻ ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം സിനിമ എടുക്കുന്നയാളാണ്. എനിക്ക് അതാണ് ഇഷ്ടം.. ഇടയ്ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീർക്കാൻ വേണ്ടിയാണ്. പണ്ട് ആളുകൾ അഭിനയിക്കും. ഇന്ന് പെരുമാറുകയാണ് ചെയ്യുന്നത്. ആൾക്കാർക്ക് പെരുമാറുന്നത് കാണാനാണ് ഇഷ്ടം.
96 സിനിമകൾ 40 വർഷം കൊണ്ട് ചെയ്തു. ഒ.ടി.ടി കാരണം മലയാളം സിനിമ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്നു. ബാഹുബലിയും ആർ. ആർ. ആറും ഇല്ലെങ്കിലും നല്ല ഉള്ളടക്കം ഉള്ള സിനിമകൾ മലയാളത്തിലുണ്ട്.
സോഷ്യൽ മീഡിയ വഴി മിക്ക മേഖലകളും വിമർശനം നേരിടുന്നു. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളെ നമ്മൾ ബഹുമാനിക്കണം. ഇവരെ എടാ, പോടാ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. ആരോഗ്യപരമായ വിമർശനം നല്ലതാണ്. മനഃപൂർവം ആരെയും ഉപദ്രവിക്കരുത്.
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ. ദേഹം മുഴുവൻ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്.അറബി ചരിത്രത്തിൽ
നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും.
ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല.ഞാൻ ഏറ്റവുമധികം മിസ്സ് ചെയുന്നത് ജഗതി ശ്രീകുമാറിനെയാണ്. അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് കട്ട് പറയാൻ മറന്ന് പോയിട്ടുണ്ട്' - പ്രിയദർശൻ പറഞ്ഞു.
Content Highlights: mbifl 2023 priyadarshan sathyan anthikkad siddique talk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..