'അനിഷ്ടങ്ങൾ കളിയാക്കപ്പെടേണ്ടതാണെന്ന ധാരണ അടിച്ചേൽപിക്കുന്നത് കോമഡി ഷോകൾ'


By അനന്യലക്ഷ്മി ബി.എസ്.

2 min read
Read later
Print
Share

ഡോ മേഴ്‌സി സെബാസ്റ്റിയൻ, സ്മിത സതീഷ്, ശ്യാമ എസ്. പ്രഭ, രംമോഹൻ പാലിയത്ത് എന്നിവർ

'ഇതൊക്കെ തമാശയായി എടുത്തുകൂടെ'. ഒരാളുടെ രൂപത്തെ, ശാരീരികാവസ്ഥയെ വൈകല്യത്തെയൊക്കെ ക്രൂരമായി കളിയാക്കി അതിനെ ന്യായീകരിക്കാന്‍ സ്ഥിരമുപയോഗിക്കുന്ന ചോദ്യമാണിത്. മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഒന്നാം ദിവസം 'ഷെയിം ഷെയിം' എന്ന സെഷന്‍ ചര്‍ച്ച ചെയ്തതും ആത്മവിശ്വാസം തകര്‍ക്കുന്ന മാനസികാരോഗ്യത്തെ, വ്യക്തിജീവിതത്തെയും തൊഴിലിനെയും വരെ സാരമായി ബാധിക്കുന്ന ബോഡിഷെയ്മിങിനെ കുറിച്ചാണ്. പാഠ്യ പദ്ധതിയില്‍ ബോഡിഷെയ്മിങിനെതിരേയുള്ള അവബോധം ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് രാംമോഹന്‍ പാലിയത്ത് മോഡേററ്ററായി മാനസികാരോഗ്യ വിദഗ്ധയും മുന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ സ്മിത സതീഷ്, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ അധ്യാപികയായ ശ്യാമ എസ് പ്രഭ, തൃശൂര്‍ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. മേഴ്‌സി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്ത പാനല്‍ പറഞ്ഞു.

എല്ലാം തിരുത്തലുകള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ തിരുത്തലുകള്‍ ഏറ്റവും ആവശ്യപ്പെടുന്ന വസ്തുതയാണ് ബോഡി ഷെയിമിങ്. ഒട്ടുമിക്ക എല്ലാ മനുഷ്യരും ബോഡിഷെയിമിങ്ങിനിരയായിട്ടുണ്ടാകും. അതേസമയം എല്ലാവരും തന്നെ ബോഡിഷെയ്മിങ് നടത്തിയിട്ടുമുണ്ടാകും. ഇന്ത്യയില്‍ ബോഡിഷെയ്മിങ് ഒരുപരിധിവരെ ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അതാണ് ഇവിടുത്തെ ബോഡിഷെയ്മിങ്ങിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതും. രാമോഹന്‍ പാലിയത്ത് പറഞ്ഞു.

ഒരാള്‍ വളര്‍ന്നുവരുന്ന സാഹചര്യമാണ് മറ്റൊരാളെ ബോഡിഷെയ്മിങ് നടത്തുന്നതിലേക്ക് അവരെ നയിക്കുന്നതെന്ന്. വീടുകളില്‍ നിന്ന് തന്നെ തന്റെ ശരീരം കളിയാക്കപ്പെടേണ്ടതാണെന്നുള്ള ചിന്തകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നു. എവിടെ ചെന്നാലും ശാരീരിക അവസ്ഥയെ കുറിച്ച് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്മിത സതീഷ് പറഞ്ഞു. നമ്മുടെ സൗന്ദര്യം നിര്‍ണയിക്കുന്നത് ആരാണ്. എന്റെ ശരീരം ഇങ്ങനെയാണെന്ന് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. വീടുകളില്‍ നിന്ന് തന്നെ മാറ്റം തൂടങ്ങണം. എന്നാല്‍ ഇന്ന് ധാരാളം മാറ്റം വരുന്നുണ്ടെന്നും എല്ലാ തരത്തിലുള്ള ആളുകളേയും ചേര്‍ത്തുനിര്‍ത്താന്‍ ഇന്നത്തെ കാലം ഒരു പരിധിവരെ വിജയിച്ചു എന്നും സ്മിത സതീഷ് കൂട്ടിച്ചേര്‍ത്തു.

തുറന്നു സംസാരിക്കേണ്ട വിഷയമാണ് ബോഡിഷെയ്മിങ് എന്നും ഇത്തരത്തില്‍ ഒരു വിഷയം ചര്‍ച്ചയ്ക്ക് തിരഞ്ഞെടുത്ത മാതൃഭൂമിയോട് നന്ദി അറിയിക്കുന്നതായും ഡോ. മേഴ്‌സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൗമാരപ്രായത്തിലുള്ളവരെയാണ് ബോഡിഷെയ്മിങ് കൂടുതല്‍ ബാധിക്കുന്നതെന്നും ചിലര്‍ അതിനെ തള്ളിക്കളയുമ്പോള്‍ ചിലരുടെയെങ്കിലും നിലനില്‍പ്പിനെ തന്നെ അത് ബാധിക്കുന്നതായും ഡോ. മേഴ്സി പറഞ്ഞു.

സാധാരണ ഒരു മനുഷ്യന്‍ കണ്ണാടിയില്‍ നോക്കുന്നത് തന്നെ മറ്റുള്ളവര്‍ക്ക് കളിയാക്കാന്‍ പാകത്തിന് ഒന്നും നമ്മുടെ ശരീരത്തിലില്ല എന്ന് ഉറപ്പു വരുത്താനാണെന്ന് ശ്യാമ എസ് പ്രഭ പറഞ്ഞു. ഓരോ വ്യക്തികളും വ്യത്യസ്തരാണെന്നും വ്യക്തിവ്യത്യാസത്തെ വിമര്‍ശിക്കാതെ വൈവിധ്യങ്ങളായി കാണണം. സ്ത്രീകളും പുരുഷന്മാരും ട്രാന്‍സ്‌ജെന്‍ഡറുകളും ബോഡിഷെയ്മിങ് അനുഭവിക്കുന്നത് ഓരോ രീതിയിലായിരിക്കും. ഒരാളുടെ ശരീരപ്രകൃതിയും രൂപവും സ്വാഭാവസവിശേഷതയും നമ്മളെ പ്രീതിപ്പെടുത്തുന്നില്ലെങ്കില്‍ അത് കളിയാക്കപ്പെടേണ്ടതാണെന്ന ചിന്ത അടിച്ചേല്‍പ്പിക്കുന്നതില്‍ പല മാധ്യമങ്ങളിലും വരുന്ന കോമഡി ഷോകള്‍ക്ക് വലിയ പങ്കുണ്ട്. കളിയാക്കലുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയാന്‍ നമ്മള്‍ പഠിക്കണം. ശ്യാമ എസ് പ്രഭ കൂട്ടിച്ചേര്‍ത്തു.

Content Highlights: body shaming, effects of body shaming, mbifl 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented