മൃഗങ്ങളുടെ സ്നേഹം ശുദ്ധമാണ്,സ്നേഹത്തിന്റെ ഭാഷയിലാണ് നമ്മളോട് സംസാരിക്കുന്നത്- ജെറി പിന്റു


By അജ്മല്‍ എന്‍.എസ്‌

2 min read
Read later
Print
Share

ഒരാളുടെ വളർത്തുനായ മരിച്ച ഉടനെ വേറെ ഒന്ന് വാങ്ങാൻ ഒരാളെ നിർബന്ധിക്കരുത്, അയാൾക്കത് സാധിക്കണമെന്നില്ല

സെഷനിൽ നിന്ന്

'വാഹനത്തിൽ സഞ്ചരിക്കവേ മുന്നിൽ ഒരു മനുഷ്യനും പട്ടിയും ഉണ്ടെകിൽ നിങ്ങൾ ആരെ ഇടിക്കും', മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയിൽ എഴുത്തുകാരി അനിത നായർ സംസാരിച്ച് തുടങ്ങിയത് ഈയൊരു ചോദ്യത്തോടെയാണ്. പട്ടിയെ ഇടിക്കും എന്നായിരിക്കും ഭൂരിഭാഗത്തിന്റെയും ഉത്തരം എന്ന് പറഞ്ഞ അനിത നായർ ബ്രേക്ക്‌ പിടിക്കുന്നതാണ് യുക്തിപരമായ ഉത്തരമെന്ന് വ്യക്തമാക്കി. പട്ടികളെ പലപ്പോഴും വിലകൽപ്പിക്കാത്ത മനോഭാവം ആളുകൾക്കുണ്ടെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അനിത.

ലോകമൊട്ടാകെയുള്ള നിരവധി എഴുത്തുകാർ പട്ടികളുടെ സ്നേഹത്തേക്കുറിച്ചുള്ള കഥകൾ പറയുന്ന 'ദി ബുക്ക്‌ ഓഫ് ഡോഗ്' എന്ന പുസ്തകത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു അനിത നായർ. എഴുത്തുകാരായ ജെറി പിന്റു, മനു ഭട്ടതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂവരും 'ദി ബുക്ക്‌ ഓഫ് ഡോഗ്' എന്ന പുസ്തകത്തിന്റെ രചനയിൽ പങ്കുവഹിച്ചിട്ടുണ്ട്.

'എന്റെ അമ്മാവൻ ആശുപത്രിയിൽ കിടക്കുന്ന സമയത്താണ് ഈ പുസ്തകത്തിൽ എഴുതാനുള്ള അവസരം ലഭിക്കുന്നത്. പുസ്തകത്തിലുള്ള കഥ എഴുതി പകുതി ആയപ്പോൾ അങ്കിൾ മരിച്ചു. ഒരു വർഷത്തോളം എന്റെ മനസ് ആസ്വസ്ഥമായിരുന്നു. നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും സന്തോഷിച്ചത് 'ദി ബുക്ക്‌ ഓഫ് ഡോഗി'ലെ' 'യിപ്പി' എഴുതിയപ്പോൾ ആണ്.

പട്ടി എന്ന വാക്ക് ഇപ്പോഴും തെറിയായിട്ടാണ് പലരും ഉപയോഗിക്കുന്നത്.പട്ടികൾക്ക് ഒരു പ്രത്യേകതയുണ്ട്. നടക്കാൻ പോകുമ്പോൾ അപരിചിതരെ കണ്ടാൽ നമ്മൾ സംസാരിക്കില്ല. എന്നാൽ നമ്മൾ പട്ടിയെയും കൊണ്ടാണ് നടക്കാൻ പോകുന്നതെങ്കിൽ പട്ടിയെയും കൊണ്ട് വരുന്ന മറ്റൊരാളുമായി ഉറപ്പായും പരിചയപ്പെടും. സ്വാർത്ഥത ഇല്ലാത്തവരായിരിക്കാൻ പട്ടികൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

ഇന്നാട്ടിൽ നമുക്ക് മുടി വെട്ടാൻ 200 രൂപയാണെങ്കിൽ പട്ടികൾക്ക് 2000 വേണം. പട്ടികളെയും കൊണ്ട് മൃഗാശുപത്രിയിൽ പോകുന്നത് ആഢംബരം പോലെയാണ് മറ്റുള്ളവർ കാണുന്നത്. ഇത് മാറണം. പട്ടികളെ പരിപാലിക്കുന്നത് അനാവശ്യ കാര്യമാണെന്ന ആളുകളുടെ ചിന്ത മാറണം.

പട്ടികളെ കുറിച്ചുള്ള മികച്ച ഓർമകൾ ഒരുപാടുണ്ട്. ഞാൻ കൂടെയില്ലെങ്കിൽ പോലും എന്റെ വീട്ടിലുള്ള പട്ടികളുടെ സ്നേഹം എനിക്കറിയാം. എന്നെ കാണാത്തതിനാൽ അവർ ഓരിയിടുന്നുവെന്ന് ഭാര്യ വിളിച്ചു പറയാറുണ്ട്'- മനു ഭട്ടതിരി പറഞ്ഞു.

'എന്റെ പട്ടികൾക്ക് ഞാൻ പാട്ട് പാടിക്കൊടുക്കാറുണ്ട്. 20 പട്ടികളുടെ ഇടയിൽ കൊണ്ടിട്ടാലും ഞാൻ അവയോടൊക്കെ കൂട്ടാവും. ഒരു വീട്ടിൽ ചെന്നാൽ രണ്ട് കാര്യമാണ് ഞാൻ ആദ്യം നോക്കുക. ഒന്ന് അവിടെ പുസ്തകം ഉണ്ടോ എന്നും രണ്ട് അവിടെ പട്ടികൾ ഉണ്ടോയെന്നും.

ഞാൻ ഭക്ഷണം കഴിക്കുമ്പോൾ വീട്ടിലുള്ള പട്ടികൾ അടുത്ത് വന്നിരിക്കും. ഞാൻ ഒരു ഇഡ്ഡലി എടുത്താൽ അവർക്കും ഓരോന്ന് കൊടുക്കണം. പട്ടികൾക്ക് നമ്മുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കും' - അനിത നായർ പറഞ്ഞു.

'ഒരു പട്ടി മരിക്കുമ്പോൾ വിഷമം വരും. പക്ഷേ അത്രയും നാൾ അതിന്റെ കൂടെയുള്ള ഓർമ്മകൾ ഒപ്പമുണ്ടാകും.
ഒരാളുടെ വളർത്തുപട്ടി മരിച്ച ഉടനെ വേറെ ഒന്ന് വാങ്ങാൻ ഒരാളെ നിർബന്ധിക്കരുത്. അയാൾക്കത് സാധിക്കണമെന്നില്ല. ഭർത്താവ് മരിച്ച ഉടനെ വേറെ ഒരു വിവാഹം കഴിക്കാൻ പറയുന്നത് പോലെയാണത്.

മൃഗങ്ങളുടെ സ്നേഹം ശുദ്ധമാണ്. സ്നേഹത്തിന്റെ ഭാഷയിലാണ് പട്ടികൾ സംസാരിക്കുന്നത്. പട്ടികൾ പിണങ്ങാറുമില്ലല്ലോ.

ഒരിക്കൽ നാല് പട്ടിക്കുട്ടികളെ ചവറ്റുകുട്ടയിൽ നിന്ന് രക്ഷപ്പെടുത്താൻ ഞാൻ റെസ്ക്യൂ ടീമിനൊപ്പം പോയി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷത്തിൽ ഒന്നായിരുന്നു അത്'- ജെറി പിന്റു പറഞ്ഞു.

Content Highlights: mbifl 2023 interactive session jerry pintu, anita nair, book of dog

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented