ആർ രാജശ്രീ
വായനയുടെ സ്വാഭാവം മാറിവരുന്നുവെന്നും ആഗോളതലത്തില്‍ വായിക്കപ്പെടുന്ന സൃഷ്ടികളാണ് ഇന്നിന്റെ ആവശ്യമെന്നും നോവലിസ്റ്റ് ആര്‍ രാജശ്രീ. എഴുത്തുകള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന സാഹചര്യം ഇന്നില്ലെന്നും ആഗോളതലത്തില്‍ വായിക്കപ്പെടുന്ന രീതികളിലേക്ക് എഴുത്തുകള്‍ മാറേണ്ടതുണ്ടെന്നും രാജശ്രീ പറഞ്ഞു. അതിന്റെ ആവശ്യകത 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവലിന്റെ പരിഭാഷ തയ്യാറാക്കുന്ന സമയത്താണ് മനസ്സിലായതെന്നും നാലാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്ന ആര്‍. രാജശ്രീ കൂട്ടിച്ചേര്‍ത്തു.
നല്ല എഡിറ്റര്‍മാരുണ്ടെങ്കില്‍ മലയാളത്തിലെ മിക്ക പുസ്തകങ്ങളുടേയും വലിപ്പം നന്നേ കുറവായിരിക്കും. വിട്ടുപോയ ചില സ്‌പേസുകള്‍ പൂരിപ്പിക്കുന്നതു കൂടിയാണ് എഡിറ്റിങ്. കല്യാണിയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുന്ന സമയത്താണ് അതിലെ തിരുത്തുകള്‍ ശ്രദ്ധിക്കപ്പെട്ടത്. പല പ്രാദേശിക പദപ്രയോഗങ്ങളും മലയാളികളല്ലാത്ത വായനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു തോന്നി. എഴുതുന്ന സമയം അതിന് പ്രാധാന്യം നല്‍കിയില്ല. അതുകൊണ്ടു തന്നെ പല പൊളിച്ചെഴുത്തുകളും നടത്തേണ്ടി വന്നു. ഇംഗ്ലീഷ് പരിഭാഷ നൂറു ശതമാനം പുതിയ സൃഷ്ടിയാണ്. അതു കൊണ്ടാണ് അതിന്റെ ഉടമസ്ഥാവകാശം ഞാന്‍ അവകാശപ്പെടാത്തത്.
എന്നാല്‍ എഴുത്തുകളില്‍ പ്രാദേശിക സ്വത്വവാദത്തിന്റെ കാലം കഴിഞ്ഞു. വിവിധ ഭാഷകള്‍, വിവിധ സംസ്‌കാരങ്ങള്‍, വിവിധ രാഷ്ട്രീയാഭിപ്രായങ്ങള്‍ വിവിധ മതങ്ങള്‍ എന്നിവയുള്ളതു കൊണ്ടാണ് ലോകത്തിന് നിറമുള്ളത്. എഴുത്തും ഈ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാകണം. വായനാ സമൂഹം എഴുത്തിനെ പല തരത്തിലുള്ള ഓഡിറ്റിങ്ങിനു വിധേയമാക്കും. എഴുതുന്ന ഓരോ വരികളും സൂക്ഷ്മതയോടെ വേണം. ഓരോ വാക്കിനും കഥാകൃത്തിന് ഉത്തരവാദിത്വമുണ്ട്.
കേരളത്തിലെ ഒരു മധ്യവര്‍ഗ സ്ത്രീ എഴുത്തിലൂടെ എങ്ങനെയാണ് അവളുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണമാണ് കല്യാണിയെന്ന നോവല്‍. കല്യാണിയില്‍ ഭാവന വളരെക്കുറച്ചേയുള്ളൂ. കൂടുതലും ചുറ്റുമുള്ള സ്ത്രീകളുടെ അനുഭവങ്ങളാണ്. പി. കുഞ്ഞിരാമന്‍ നായരെ പോലെയും എ. അയ്യപ്പനെ പോലെയുമൊക്കെയുള്ള കുടുംബവ്യവസ്ഥകളെ പൊളിച്ചെഴുതുന്ന ദേശാന്തരഗമനമായ ജീവിതം വലിയൊരു പങ്കും ഇഷ്ടപ്പെടുന്നുണ്ട്. അത്തരമൊരു കഥാപാത്രമായതു കൊണ്ടാവാം നോവലിലെ കല്യാണിയെ ഭൂരിഭാഗമാളുകളും സ്വീകരിച്ചത്.
സ്ത്രീകളുടെ ജീവിതം പഴയതു പോലെയല്ല എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഇപ്പോഴും അതിനു വലിയ മാറ്റങ്ങള്‍ വന്നതായി എനിക്കു തോന്നിയിട്ടില്ല. എവിടെയും വേരുകളാഴ്ത്താന്‍ പറ്റുന്ന സസ്യങ്ങളായാണ് സ്ത്രീകളെ വളര്‍ത്തിവിടുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ ലഭിച്ച അനുഭവങ്ങള്‍ ചേര്‍ത്തുവെച്ചാണ് നോവലെഴുതിയത്. ഒരു സ്ത്രീയുടെ കണ്ണിലൂടെയുള്ള കാഴ്ചയാണത്. രാജശ്രീ പറഞ്ഞു
Content Highlights: mbifl 2023, r rajasree, kalyaniyennum dakshyaniyennum peraya randu sthreekalude katha, novel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..