പാർഷതി ജെ നാഥ്, ജിയോ ബേബി, കാവ്യ പ്രകാശ്, വിധു വിൻസെന്റ് | ഫോട്ടോ: മാതൃഭൂമി
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ കഥാപാത്രങ്ങള്‍ താന്‍ തന്നെയായിരുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. അടുക്കളയില്‍ പെട്ടുപോയ അവസ്ഥയിലാണ് താന്‍ പെണ്ണുങ്ങളെപ്പറ്റി ചിന്തിച്ചതെന്നും ജിയോ ബേബി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'വരവേല്‍ക്കാം വനിതാ സംവിധായകരെ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വാങ്ക്' എന്ന ചിത്രത്തിന്റെ സംവിധായിക കാവ്യ പ്രകാശ്, 'മാന്‍ഹോളി'ന്റെ സംവിധായിക വിധു വിന്‍സെന്റ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പാര്‍ഷതി ജെ നാഥായിരുന്നു മോഡറേറ്റര്‍.
.png?$p=a8a5e14&&q=0.8)
'ഫെമിനിസം വേണമെന്ന് എനിക്ക് തോന്നിയിട്ട് കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളു. കേരളത്തില്‍ ജീവിക്കുന്ന ഒരു സാധാരണ പുരുഷനായിരുന്നു ഞാന്‍, ഇപ്പോഴും അങ്ങനെയാണ്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ചെയ്യാനിടയായ സാഹചര്യങ്ങളാണ് എന്നെ മാറ്റിയത്. അടുക്കളയില്‍ പെട്ടുപോയ സമയത്താണ് ഞാന്‍ പെണ്ണുങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. അപ്പോള്‍ എനിക്ക് കുറ്റബോധം തോന്നി.
ചെറുപ്പം മുതല്‍ ഞാന്‍ പാചകം ചെയ്യും. പക്ഷേ മാസങ്ങളോളം ആ ഉത്തരവാദിത്വം എന്നിലേയ്ക്ക് വരുമെന്നായപ്പോള്‍ ചെയ്യുമെന്ന് പറഞ്ഞ് അതിലേയ്ക്ക് കടന്നു. ആദ്യത്തെ രണ്ടുദിവസം കൊണ്ട് ഞാന്‍ അസ്വസ്ഥനായതോടെ ഞാന്‍ എന്റെ അമ്മയേയും പാര്‍ട്ണറേയും പെങ്ങളേയും കുറിച്ച് ചിന്തിച്ചു. ഞാന്‍ പെട്ടെന്ന് അവരോട് പോയി സംസാരിച്ചു. നിങ്ങളെങ്ങനെയാണ് ഇത് കൊണ്ടുപോകുന്നതെന്ന് തിരക്കി.

പെണ്ണുങ്ങള്‍ ഇടപെടുന്ന എല്ലായിടത്തും അതിഭീകരമായ വിവേചനമാണ്. ആ വിവേചനത്തിന് പിന്നില്‍ ഞാന്‍ ഉള്‍പ്പെടുന്ന പുരുഷന്മാരാണെന്ന് മനസിലാക്കിയ സമയത്താണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ചെയ്യാന്‍ തീരുമാനിക്കുന്നത്. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന പേരാണ് ആദ്യം ഇട്ടത്. പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഞാന്‍ ഉള്‍പ്പടെയുള്ള ആണുങ്ങള്‍ക്കിട്ട് പണി കൊടുക്കാന്‍ വേണ്ടിത്തന്നെ ചെയ്തതാണ്.
'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന ചിത്രത്തിലെ സുരാജും സുരാജിന്റെ അച്ഛനും നിമിഷയും ഞാന്‍ തന്നെയാണ്. ജിയോ ബേബി പെണ്ണാണെന്നാണ് വിചാരിച്ചതെന്ന് പലരും പറഞ്ഞു. ഞാന്‍ സ്ത്രീകളുടെ വക്താവാണെന്നാണ് പലരും വിചാരിക്കുന്നത്. ഒരു സ്ത്രീയെ മനസിലാക്കാന്‍ മറ്റൊരു സ്ത്രീയ്‌ക്കേ പറ്റൂ എന്നാണ് ഞാന്‍ കരുതുന്നത്.
ചിത്രം എങ്ങനെ അവസാനിപ്പിക്കണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആണുങ്ങളുടെ മുഖത്ത് ചെളിവെള്ളം ഒഴിക്കണം എന്ന് ഉറപ്പിച്ചിരുന്നു. പണ്ട് വീട്ടില്‍ അതിഥികള്‍ വന്നിട്ട് നമ്മള്‍ ഉണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറയുമ്പോള്‍ ചെളിവെള്ളം എടുത്ത് ഒഴിക്കണമെന്ന് പാര്‍ട്ണറോട് പറഞ്ഞിരുന്നു.
നമ്മള്‍ ഫീമെയില്‍ ഫിലിം മേക്കര്‍ എന്നാണ് പറയുന്നത്. ഫിലിം മേക്കര്‍ എന്ന് പറഞ്ഞാല്‍ മതി. ഈ നാട്ടില്‍ ജീവിച്ച് ജീവിച്ച് നമുക്കൊക്കെ പ്രത്യേക മാനസികാവസ്ഥയായി. ഇതില്‍ നിന്ന് തിരിച്ച് വരണം. റിവേഴ്സ് കണ്ടിഷന്‍ കുറച്ച് പാടാണ്.
അടുക്കള പ്രശ്‌നം ഉള്ള ഒരിടമായി കാണുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ഞാന്‍ ഡയലോഗ് എഴുതിയിട്ടില്ല. കല്യാണം, എന്നൊക്കെ എഴുതി വയ്ക്കും. ഡയലോഗ് അപ്പോള്‍ ആലോചിക്കും. ആ ഇടയ്ക്ക് പെണ്ണുങ്ങള്‍ എഴുതുന്നത് മാത്രമേ വായിക്കുമായിരുന്നുള്ളു. അവര്‍ ചെയ്യുന്ന സിനിമകള്‍ മാത്രമേ കാണുള്ളു.
ആള്‍ക്കാരെ മടുപ്പിക്കണം എന്ന ഉദ്ദേശം ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാണിച്ച ഷോട്ടുകള്‍ വീണ്ടും കാണിച്ചത്. അടുക്കളയിലെ മടുപ്പ് ആളുകളും അറിയണം. സിനിമ ഇത്ര ഹിറ്റ് ആകുമെന്ന് വിചാരിച്ചിരുന്നില്ല. എന്റെ ആഗ്രഹം കൊണ്ട് ചെയ്ത സിനിമയാണ്. തിയേറ്ററില്‍ ഓടിച്ച് പൈസ ഉണ്ടാക്കാമെന്ന് വിചാരിച്ചിട്ടില്ല'- ജിയോ ബേബി പറഞ്ഞു.
'വാങ്കിന്റെ പ്രമേയമാണ് എന്നെ ആകര്‍ഷിച്ചത്. കണ്ടന്റാണ് പ്രധാനം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണൊക്കെ ഒരുപാട് പേര്‍ക്ക് കണക്ട് ചെയ്തിട്ടുണ്ട്. പ്രമേയം ആളുകള്‍ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധിപ്പിക്കാനാകുന്ന സിനിമ ചെയ്യണം.
എന്റെ കഥയിലെ നായിക വിപ്ലവകാരി ആയിരുന്നില്ല. സംസാരത്തിലല്ല പ്രവര്‍ത്തിയിലാണ് കാര്യം എന്ന് വിശ്വസിക്കുന്ന ആളാണ് നായിക. വാങ്ക് രണ്ട് വര്‍ഷത്തെ പ്രോസസ്സ് ആയിരുന്നു. ചിത്രത്തിന്റെ എട്ട് തരത്തിലുള്ള സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. ഒരുപാട് റിസേര്‍ച്ച് ചെയ്താണ് സിനിമ ചെയ്തത്. ഒരുപാട് മുസ്ലീം സ്ത്രീകളെ പോയി കണ്ടു. അഭിപ്രായങ്ങളും പ്രശ്‌നങ്ങളും കേട്ടു.

അസിസ്റ്റന്റ് ആവുന്ന സമയത്ത് ഒരുപാട് കഷ്ടപ്പെട്ടിരുന്നു. വനിതാ സംവിധായിക ആയപ്പോള്‍ പലര്‍ക്കും അനുസരിക്കാന്‍ മടിയുണ്ടായിരുന്നു- കാവ്യ പ്രകാശ് പറഞ്ഞു.
'സിനിമയിലേയ്ക്ക് ധാരാളം വനിതാ സംവിധായകര്‍ വരുന്നു എന്ന് പറയുന്നുണ്ട്. സത്യത്തില്‍ നേരത്തെ ഒരാളുണ്ടെങ്കില്‍ ഇപ്പോള്‍ മൂന്നോ നാലോ പേരുണ്ട് എന്നേ ഉള്ളു. സിനിമയില്‍ അസിസ്റ്റന്റ് ആയൊന്നും പ്രവര്‍ത്തിച്ചിട്ടില്ലാത്ത ആളാണ് ഞാന്‍.
സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഓടില്ലെന്ന് പണ്ട് സമീപിച്ച നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കേരളത്തില്‍ ഓടില്ലെന്ന് പറഞ്ഞ നിര്‍മാതാക്കള്‍ ഈയടുത്ത് വിളിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃത കഥകള്‍ ഉണ്ടോ നമുക്ക് ചെയ്യാമെന്ന് പറയുന്നു. ഇതൊരു പോസീറ്റീവ് കാര്യമാണ്'- വിധു വിന്‍സെന്റ് പറഞ്ഞു.
Content Highlights: mbifl 2023 direcors jeo baby vidhu vincent kavya prakash talk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..