അഞ്ജു ബോബി ജോർജ്, കെ. വിശ്വാനാഥ് | photo: mathrubhumi
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക കായിക വേദിയിലെ മെഡൽ നഷ്ടമാകാൻ കാരണം വെളിപ്പെടുത്തി ഒളിമ്പ്യനും മുൻ ലോങ്ങ് ജമ്പ് താരവും അതിലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോർജ്ജ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ വിശ്വനാഥിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഞ്ജു ബോബി ജോർജ്.
മര്യാദയ്ക്ക് ചാടിയിരുന്നേൽ ഗോൾഡ് മെഡൽ കിട്ടിയേനെ
ഭർത്താവ് റോബർട്ട് ബോബി എനിക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. അമ്മയാണ് എന്നെ മുന്നോട്ട് കൊണ്ടുവന്നത്. ഞാൻ മത്സരിക്കാൻ പോകുമ്പോൾ കറുത്ത് പോകും, കല്യാണം നടക്കില്ല എന്നൊക്കെ ആളുകൾ പറയരുതായിരുന്നു. ഞാൻ മെഡൽ കൊണ്ടു വരുമ്പോൾ നിങ്ങൾ മാറ്റിപ്പറയുമെന്ന് അമ്മ പറയുമായിരുന്നു. പെണ്ണായത് കൊണ്ട് എന്നെ ആരും ഇതുവരെ മാറ്റി നിർത്തിയിട്ടില്ല.
20 വർഷം മുൻപ് ഞാൻ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത് എല്ലാവർക്കും അത്ഭുതമായിരുന്നു. 210 രാജ്യങ്ങൾക്കൊപ്പമാണ് മത്സരിക്കുന്നത്. ഇന്ന് മെഡൽ ഉറപ്പിച്ച് കൊണ്ടാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് പോകുന്നത്. ഒരു സുപ്രഭാതത്തിൽ മെഡൽ നേട്ടത്തിൽ നിന്ന് മെഡൽ പ്രതീക്ഷിക്കാവുന്ന നിലയിലേയ്ക്ക് നമ്മുടെ രാജ്യം എത്തി.
എന്റെ ആരോഗ്യസ്ഥിതി വെച്ച് നോക്കുകയാണെങ്കിൽ ഒരു ജില്ലാ ചാമ്പ്യൻ പോലും ആകില്ല. ജന്മനാ എനിക്ക് ഒരു കിഡ്‌നിയെ ഉള്ളു. പൊടി അലർജിയുണ്ട്. 2003 ലെ ലോക ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് ഏതൻസ് ഒളിമ്പിക്സിന് പോകുമ്പോൾ എല്ലാവരും മെഡൽ ഉറപ്പിച്ചിരുന്നു. ഏതൻസിൽ വെച്ച് പൊടിക്കാറ്റ് വന്നു. ജപ്പാൻകാരൊക്കെ മാസ്ക് വെച്ചു. ഞങ്ങളൊക്കെ ഇത് കണ്ട് ചിരിച്ചു.
ഫൈനലിന്റെ തലേ ദിവസം ഏഴ് മീറ്ററാണ് ഞാൻ ചാടിയത്. ആ ദൂരം പിന്നിട്ടാൽ മെഡൽ ഉറപ്പായിരുന്നു. മത്സരത്തിന് മുൻപ് കുടുംബക്കാരൊക്കെ അവിടെ വന്നു. അവരെ കണ്ടതും തല കറങ്ങും പോലെ തോന്നി. കണ്ണിലൊക്കെ ഇരുട്ട് കയറി. ഞാൻ ഓടുന്നില്ലെന്ന് പറഞ്ഞു. പക്ഷേ ബോബി സമ്മതിച്ചില്ല. ഒളിമ്പിക്സ് ഫൈനൽ ആണ് ഓടിയെ പറ്റുള്ളൂ എന്ന് ബോബി പറഞ്ഞു.
മത്സരത്തിനായി ഒരുങ്ങി. ചാടിയതെ ഓർമ്മയുള്ളൂ, തല കറങ്ങിയാണ് വീണത്. 6.83 മീറ്ററാണ് ചാടിയത്. അത് ഇന്നും ദേശീയ റെക്കോഡ് ആണ്. മര്യാദയ്ക്ക് അന്ന് ചാടിയിരുന്നേൽ ഗോൾഡ് ആണ്. ദേഷ്യത്തിൽ രണ്ട് മാസം സ്‌പൈക്ക് മാറ്റി വെച്ചു. ബോബിയുടെ പിന്തുണ കൊണ്ട് വീണ്ടും വന്നു. മെഡലുകൾ നേടി. നമ്മളും മനുഷ്യരാണ്. മനുഷ്യസഹജമായ പ്രശ്നങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വനിതാ അത്ലറ്റുകൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നു.
ഉസൈൻ ബോൾട്ടും അമേരിക്കയും ക്രിക്കറ്റും
നമ്മുടെ രാജ്യത്ത് ക്രിക്കറ്റിന് പ്രാധാന്യം ഏറെയാണ്. ഇവിടെ ഇന്ത്യ - പാകിസ്താൻ മത്സരം വരുമ്പോൾ ഇവിടെ യുദ്ധ പ്രതീതിയാണ്. കുറച്ച് രാജ്യം മാത്രം ഉള്ളതിനാൽ വേൾഡ് കപ്പ് ലഭിക്കാൻ കുറച്ച് കൂടി എളുപ്പമാണ്.
കൂടുതൽ നേരം മത്സരം ഉണ്ടെന്നത് പരസ്യക്കാരെ ആകർഷിക്കുന്നു. അത്ലറ്റിക് മത്സരങ്ങൾ പെട്ടെന്ന് കഴിയുന്നു. മർക്കറ്റ് ചെയ്യാനുള്ളത് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഇവർക്ക് ലഭിക്കുന്നു. അല്ലെങ്കിൽ ഉസൈൻ ബോൾട്ടിനെ പോലെയുള്ള താരങ്ങൾ വേണം.
100 മീറ്റർ ഓട്ടത്തിൽ ജീനിയസ് അമേരിക്കക്കാർ ആയിരുന്നു. പക്ഷേ ഉസൈൻ ബോൾട്ടിനൊപ്പം അമേരിക്കക്കാർ ഓടുന്നത് കണ്ടാൽ കാർട്ടൂൺ കാണുന്നത് പോലെയാണ് തോന്നുക.
അഞ്ജുവിന് അഞ്ചാം സ്ഥാനം
ലോക വേദിയിൽ അഞ്ചാം സ്ഥാനം ലഭിക്കുമ്പോൾ അഞ്ചാം സ്ഥാനമേ ഉള്ളൂ എന്ന് മോശമായി ആളുകൾ കാണുന്നു. ഇത്രയുമധികം രാജ്യങ്ങൾ മത്സരിക്കുന്ന വേദിയിലെ അഞ്ചാം സ്ഥാനം അംഗീകരമായി കാണുന്നില്ല.
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാരെ കാണികൾ കളിയാക്കാറുണ്ട്. ഏത് കാട്ടിൽ നിന്ന് വരുന്നു എന്നൊക്കെ ചോദിക്കും. എന്ത് വേഷമാണ് ഇതെന്ന് ഒക്കെ കളിയാക്കി ചോദിക്കും. ഇത്തരത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്.
അത്ലറ്റിക്‌സിലെ കേരളം
വിദ്യാഭ്യാസത്തിൽ കേരളം വളരെ മുന്നിലാണ്. പണ്ട് സ്പോർട്സിൽ നമ്മളായിരുന്നു മുന്നിൽ. ഇന്ന് കേരളം എങ്ങും ഇല്ലാണ്ടായി. ഇന്ന് ഖേലോ ഇന്ത്യയിൽ പോലും വിരലിൽ എണ്ണാവുന്ന മെഡൽ ആണ് നമുക്ക് ലഭിക്കുന്നത്. വനിതാ താരങ്ങളാണ് പണ്ട് കൂടുതൽ നേട്ടം സ്വന്തമാക്കിയത്.
ഒരുപാട് കഴിവുള്ള താരങ്ങൾ ഉണ്ടായിരുന്ന നടന് കേരളം. ഞങ്ങളുടെ അക്കാദമിയിലേയ്ക്ക് ഒരു മലയാളി കുട്ടിയെ എടുത്താൽ ഒരുപാട് മറുപടികൾ പലരോടും പറയേണ്ടി വരും. പുറമെയുള്ള കുട്ടികൾ നമ്മൾ പറയുന്നത് അനുസരിക്കും. എന്തിനാണ് വെറുതെ തലവേദന വാങ്ങി വെക്കുന്നത് എന്ന് ഞങ്ങൾ ചിന്തിച്ചു.
നീരജ് ചോപ്രയും ഷൈലി സിങ്ങും
നീരജ് ചോപ്ര ഒക്കെ കഴിവുള്ള ഉള്ള താരമാണ്. ദേശീയതലം തൊട്ട് പിന്തുണ കിട്ടുന്നുണ്ട്. ഇന്ന് അത്ലറ്റുകൾക്ക് സർക്കാരിന്റെ പിന്തുണയുണ്ട്. പണ്ട് ഇതൊന്നും ഇല്ലായിരുന്നു. എനിക്ക് എന്റെ ഭർത്താവിന്റെ പിന്തുണ മാത്രമാണ് ലഭിച്ചിരുന്നത്.
പുതിയ താരങ്ങൾക്ക് ഞങ്ങളെപ്പോലെയുള്ള സീനിയർ താരങ്ങളുടെ അനുഭവ സമ്പത്ത് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഞങ്ങൾക്ക് വഴികാട്ടാൻ ആരുമുണ്ടായില്ല.
ഷൈലി സിങ് എന്ന യുവതാരത്തിന്മേൽ നല്ല പ്രതീക്ഷയാണ് ഉള്ളത്. ബോബിയാണ് ഷൈലിയെപ്പറ്റി പറയുന്നത്. ഒരു മത്സരത്തിനിടെ കണ്ടതാണ്. ഞാൻ മറ്റൊരു മത്സരത്തിൽ വെച്ച് ഷൈലിയെ ശ്രദ്ധിച്ചും ഫോട്ടോ എടുത്ത് ബോബിയെ കാണിച്ചു. അപ്പോഴാണ് നമ്മൾ രണ്ടുപേരും ഒരാളെപറ്റിയാണ് പറയുന്നതെന്ന് മനസിലായത്.
യു.പി സ്വദേശിയാണ് കുട്ടി. കുടുംബം രക്ഷിക്കണം എന്നാണ് അവളുടെ ആഗ്രഹം. എന്ത് ചെയ്യാനും അവൾ തയ്യാറാണ്. ഞങ്ങളാണ് ആദ്യം മുതൽ സ്പോൺസർ ചെയ്യുന്നത്. വന്ന സമയത്ത് ഇട്ട ഡ്രസ്സ് മാറ്റാൻ അവളുടെ പക്കൽ ഇല്ലായിരുന്നു. ഇപ്പോൾ അവളെ ആളുകൾ സഹായിക്കുന്നുണ്ട്. ഷൈലിയെ ഞങ്ങൾ സമ്മർദ്ദപ്പെടുത്താറില്ല. അവൾക്ക് 18 വയസ്സേ ഉള്ളൂ. ചെറിയ പ്രയത്നം എടുത്താൽ ദേശീയ റെക്കോഡ് ഇടാനാകും.
സാനിയ മിർസയും മേരി കോമും
ടെന്നീസ് താരം സാനിയ മിർസ ഭയപ്പെടുത്തുന്ന സിസ്റ്റത്തിൽ നിന്ന് വന്നവയാളാണ്. അവർ പൊരുതി. അവരുടേത് പോലൊരു കരിയർ ഇന്ത്യയിൽ മറ്റാർക്കും ഇല്ല. സാനിയയ്ക്ക് പകരം വയ്ക്കാവുന്ന താരം ഇന്നില്ല, ഇനി വരണം. മേരി കോമിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അഭിമാനമാണ്.
ഇന്നത്തെ പെൺകുട്ടികൾക്ക് ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. അവർക്ക് എല്ലാം അറിയാം. നേടാനുള്ള ആഗ്രഹം മതി. ഫോക്കസ് ചെയ്യണം. അവസാന നിമിഷം അവരെ ശ്രമിക്കണം. സ്ത്രീ എന്നത് ഒരു പോസിറ്റീവ് ആയി എടുക്കണം - അഞ്ജു ബോബി ജോർജ് പറഞ്ഞു
Content Highlights: mbifl 2023 anju boby george k vishwanath talk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..