മാതൃഭൂമി അക്ഷരോത്സവേദിയിൽ ഇന്ദ്രൻസും ഷംസുദീൻ കുട്ടോത്തും
ആരോടും പരിഭവം കാണിക്കാത്ത, എല്ലാവരും സ്നേഹിക്കുന്ന ഒരു മനുഷ്യൻ മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയിൽ നിറഞ്ഞ് നിന്ന കാഴ്ചയ്ക്കാണ് കനകക്കുന്ന് വെള്ളിയാഴ്ച സാക്ഷിയായത്. അക്ഷരോത്സവത്തിന്റെ രണ്ടാം ദിനത്തിൽ 'ജീവിതം നെയ്ത കാലം' എന്ന സെഷനിൽ നടൻ ഇന്ദ്രൻസ് സംസാരിച്ചപ്പോൾ കൈയടികളും പൊട്ടിച്ചിരികളുമായി ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. ഷംസുദ്ധീൻ കുട്ടോത്തിന്റെ ചോദ്യങ്ങൾക്ക് നർമത്തിൽ പൊതിഞ്ഞ മറുപടികളുമായി ഇന്ദ്രൻസ് കാണികളെ രസിപ്പിച്ചു, ചില മറുപടികൾ ചെറുതായൊന്നു നോവിപ്പിച്ചു.
എനിക്ക് എപ്പോഴും കൊതിയാണ്
എനിക്ക് എപ്പോഴും കൊതിയാണ്, സിനിമയോടും പുസ്തകങ്ങളോടും. വീണ്ടും അതുപോലത്തേത് കിട്ടാൻ തോന്നും. ചില ഭക്ഷണങ്ങൾ കാണുമ്പോൾ ഉള്ളത് പോലെ. ആ കൊതി ഒരിക്കലും മാറില്ല.
തുന്നലാണ് എന്നെ സിനിമയിലോട്ട് അടുപ്പിച്ചത്. ഇപ്പോഴും പല ഡ്രസ്സുകൾ ഒക്കെ കാണുമ്പോൾ ഡിസൈൻ ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവരുടെ ഡ്രസ്സ് ശ്രദ്ധിക്കുമ്പോൾ ചില അമളികളും പറ്റിയിട്ടുണ്ട്.
തമാശ ചെയ്യാനാണ് എനിക്കിഷ്ടം
തമാശ ചെയ്യാനാണ് എനിക്കിഷ്ടം. പഴത്തൊലിയിൽ ചവിട്ടി വീഴുന്ന തമാശ ആണെങ്കിലും ആളുകൾ ഇനിയും ചിരിക്കും. പക്ഷേ എങ്ങനെ അവതരിപ്പിക്കും എന്നതിനെ അനുസരിച്ചിരിക്കും അത്. ജഗതി ചേട്ടൻ ഒക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ.
എന്നെ ഇതുവരെ എത്തിച്ചത് വായന
ഭക്ഷണം പോലെ തന്നെ എനിക്ക് പ്രധാനമാണ് പുസ്തകവും. പുതിയ പുസ്തകം ഇറങ്ങുന്നത് അറിയുമ്പോൾ മാതൃഭൂമിയുടെ ഒക്കെ ബുക്ക് സ്റ്റാളിൽ പോയി കേറും. നല്ല ചന്തമുള്ള കവർ കാണുമ്പോള്‍ ആ പുസ്തകം വാങ്ങി വയ്ക്കാറുമുണ്ട്. വായിച്ച പുസ്തകത്തിന്റെ ശക്തിയാണ് ഇതുവരെ എത്തിച്ചത്. ഞാൻ ആസ്വദിച്ച് വായിക്കുന്ന വ്യക്തിയാണ്. വായിക്കുന്ന പുസ്തകത്തിലെ ഓരോ കഥാപാത്രത്തെയും ഞാൻ എടുത്ത് അണിയും. ഇപ്പോൾ കിട്ടുന്ന വേഷങ്ങള്‍ ചെയ്യാൻ ഒക്കെയുള്ള ധൈര്യം തന്നത് വായിച്ച കഥകളിലെ കഥാപാത്രങ്ങളാണ്.
ഉടൽ, അഞ്ചാം പാതിര എന്നിവയിലെ വേഷം
കഥകൾ മാറി, ചുറ്റുമുള്ള ആൾക്കാരുടെ കഥകൾ വന്നു. വില്ലനെന്ന സങ്കല്പത്തിൽ മാറ്റം വന്നു. അവിടെ എന്നെപ്പോലെ ഉള്ള ഒരുപാട് വില്ലന്മാരെ കാണാം. ഇപ്പോൾ കിട്ടുന്ന പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. തമാശയ്ക്ക് വേണ്ടി നമ്മളെ വലിച്ചെറിയാത്ത കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് കൊതിയായിരുന്നു.
സ്ഫടികം ഒക്കെ ഇപ്പോഴും സ്വീകരിക്കും എന്ന് തന്നെയാണ് വിശ്വാസം. പുതിയ ടെക്നോളജി ഒക്കെ വെച്ച് കൂടുതൽ ചടുലം ആയിട്ടേ ഉള്ളൂ ചിത്രം. സ്ഫടികത്തിലെ 'തോമച്ചന് കറുത്ത മുട്ടനാടിന്റെ ചോര' എന്ന് തുടങ്ങുന്ന പ്രശസ്ത ഡയലോഗ് പറയാനും ഇന്ദ്രൻസ് മറന്നില്ല.
ഇന്ദ്രൻസിന്റെ സൂര്യനമസ്കാരം
ഏതോ ഒരു ജോത്സ്യൻ അമ്മ യോടു പറഞ്ഞു ഞാൻ പന്ത്രണ്ട് വയസ്സ് തികയ്ക്കില്ല. അതിനു മുമ്പ് മരിയ്ക്കുമെന്ന്. അമ്മയ്ക്ക് ഭയങ്കര ഭക്തിയാണ്. എന്റെ ശരീരം മുഴുവൻ നിറയെ ചരടുകൾ അമ്മ കെട്ടിച്ചിട്ടുണ്ടായിരുന്നു. അതും കൊണ്ടായിരുന്നു നടപ്പ്. അങ്ങനെ ഇരിക്കുമ്പോൾ ജാതകം എഴുതിയ ജോത്സ്യൻ സൂര്യ നമസ്കാരം ചെയ്താൽ ദോഷങ്ങളൊക്കെ മാറുമെന്ന് പറഞ്ഞു. അങ്ങനെ സൂര്യനമസ്കാരം തുടങ്ങി. മിക്ക ദിവസവും വ്രതമാണ്. അങ്ങനെ വ്രതമെടുത്ത് ഞാൻ വെജിറ്റേറിയനായി. 12 വയസ്സ് കഴിഞ്ഞിട്ടും കുഴപ്പം ഒന്നും പറ്റിയില്ല. സൂര്യൻ ആളു കൊള്ളാലോ എന്ന് എനിക്കും അപ്പോൾ തോന്നി. അന്ന് തൊട്ടു കുറച്ചു വലിപ്പമുള്ള കെട്ടിടങ്ങളൊക്കെ നോക്കി തൊഴാൻ തുടങ്ങി. നോക്കി തൊഴുതിരുന്ന ചിലത് രക്തസാക്ഷി മണ്ഡപം ആയിരുന്നു. പിന്നീടാണ് ആ സത്യം തിരിച്ചറിഞ്ഞത്.
ജീവിതത്തിലും ഒലിവർ ട്വിസ്റ്റിന്റെ ഫോൺ
ഇപ്പോഴും കയ്യിൽ പഴയ മോഡൽ നോക്കിയ ഫോൺ ആണ്. കുട്ടികളൊക്കെ പല തവണ ഫോണിന്റെ കാര്യങ്ങളൊക്കെ പഠിപ്പിക്കാൻ നോക്കി. പക്ഷേ എനിക്ക് അതൊന്നും പഠിക്കാൻ പറ്റിയില്ല. എല്ലാം ഇംഗ്ലീഷിലാണ്. പിന്നെ ഇതൊക്കെ ഭയങ്കര പൊല്ലാപ്പാണെന്നാണ് പറയുന്നത്. നമുക്ക് മെസേജ് ഒക്കെ വരും. അതിന് മറുപടി കൊടുക്കണം, ഇല്ലെങ്കിൽ അവർക്ക് പരിഭവമാകും, മെസേജ് വായിച്ചു മിണ്ടാതെ പതുങ്ങിയിരുന്നാൽ അവർ കണ്ടു പിടിക്കും എന്നൊക്കെയാണ് പറയുന്നത്. എന്തിനാ വെറുതെ. അതുകൊണ്ട് ഫോൺ വേണ്ടെന്ന് വച്ചു. ഫോണിൽ എല്ലാം കിട്ടും, പത്രവും പുസ്തകവുമൊക്കെ വായിക്കാം. പക്ഷേ എനിക്ക് ഇപ്പോഴും പത്രം കയ്യിൽ പിടിച്ചു വായിക്കുന്നതാണ് സുഖം.
എല്ലാവരെയും ചേർത്തുപിടിക്കണം
കഥാപാത്രമാകാൻ നമുക്ക് ചുറ്റുമുള്ള ജീവിതം പഠിച്ചാൽ മതി. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. കളിയാക്കലുകള്‍ കാര്യമാക്കാറില്ല. അമിതാഭ് ബച്ചനുമായാക്കെയല്ലേ താരതമ്യം ചെയ്തത്.
എനിക്ക് എല്ലാരേം ചേർത്ത് പിടിക്കണം. സിനിമയ്ക്ക് പോലും ആരെയും വേണ്ട. നമുക്കാണ് എല്ലാവരെയും വേണ്ടത്. ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. നമ്മളൊക്കെ പഴയ ആളുകളല്ലേ. ഇപ്പോൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. സംവിധായകനാകാൻ ഒന്നും ആഗ്രഹമില്ല. നല്ല രണ്ടു കഥാപാത്രം കിട്ടണേ എന്നാണ് പ്രാർത്ഥന - ഇന്ദ്രൻസ് പറഞ്ഞ് അവസാനിപ്പിച്ചു.
Content Highlights: mbifl 2023 actor indrans talk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..