മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് എഡിറ്റർ പി.വി ചന്ദ്രൻ, സബിൻ ഇക്ബാൽ, അബ്ദുൾ റസാഖ് ഗുർണ, മാതൃഭൂമി സീനിയർ ജനറൽ മാനേജർ പബ്ലിക്ക് റിലേഷൻസ് കെ.ആർ പ്രമോദ് എന്നിവർ വേദിയിൽ.
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വിസ്മയമാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഒന്നാമത്തെ എഡിഷനില്‍നിന്ന് നാലാമത്തേതില്‍ എത്തുമ്പോള്‍ നാലിരട്ടിയാണ് പങ്കാളിത്തം. ഇതിന്റെ പ്രസക്തി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് അന്താരാഷ്ട്ര തലത്തില്‍ എത്തിയിരിക്കുന്നു എന്നതാണ് അക്ഷരോത്സവത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വായന മരിക്കുന്നില്ല എന്നതിന്റെ തെളിവാണ് അക്ഷരോത്സവത്തിലെ പങ്കാളിത്തം. ചെറുപ്പക്കാരാണ് ഏറ്റവും കൂടുതല്‍ എത്തിപ്പെട്ടത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു മനുഷ്യന്റെ ആവിഷ്‌കാര ത്വരയാണ് സാഹിത്യം. അത് പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും എഴുത്തുകാരന് ആനന്ദം നല്‍കുന്നതാണത്. അത് വായിക്കപ്പെട്ടാല്‍ കൂടുതല്‍ ആനന്ദം ലഭിക്കും. വൈവിധ്യമായ എഴുത്തുകള്‍ ഇന്ന് മുന്നിലുണ്ട്. ഇത്തരം എഴുത്തുകളെ എന്നും മാതൃഭൂമി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നമ്മുടെ മലയാള ഭാഷയ്ക്ക് എന്നും നന്‍മയുടെ അര്‍ഥമാണുണ്ടായിരുന്നത്. പക്ഷെ ഇന്ന് സോഷ്യല്‍ മീഡിയ പല മലയാള വാക്കുകള്‍ക്കും പുതിയ അര്‍ത്ഥം നല്‍കിയിരിക്കുന്നു. കുലസ്ത്രീ, പണി കൊടുക്കല്‍' നന്‍മമരം, വാഴ ഈ വാക്കുകള്‍ക്കെല്ലാം സോഷ്യല്‍ മീഡിയ ഏത് തരത്തിലുള്ള അര്‍ഥമാണ് നല്‍കിയിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ മനസ്സിലാവും. ഇതിനെയൊക്കെ എങ്ങനെ മറികടക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അക്ഷരോത്സവത്തിന് എത്തിയത് ബുദ്ധിജീവികള്‍ മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തിന്റേയും വായനയുടേയും എഴുത്തുകാരുടേയും മാത്രം സംഗമം ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. അക്ഷരോത്സവത്തിന്റെ വിജയം വിവിധ കൂട്ടായ്മയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസം പരസ്പര സ്‌നേഹവും കരുതലും പങ്കു വെക്കലുമാണ് ഇവിടെ കണ്ടത്. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികള്‍ വരെ വളരെ ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുകണ്ടു. 14 ജില്ലകളില്‍ നിന്നും ആളുകളെത്തി. ഇത് ഇത്ര പെട്ടെന്ന് കഴിഞ്ഞു പോയല്ലോ എന്ന ചിന്തയാണ് ഇപ്പോഴുളള തെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഡയറക്ടര്‍ ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ് കുമാര്‍ സ്വാഗതം പറഞ്ഞു. മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നൊബേല്‍ സമ്മാന ജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ എഴുത്തുകാരി പെഗ്ഗി മോഹന് സമ്മാനിച്ചു. ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ, പെഗ്ഗി മോഹന്‍, അബ്ദുള്‍ റസാഖ് ഗുര്‍ണ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സീനിയര്‍ ജനറല്‍ മാനേജര്‍ പബ്ലിക്ക് റിലേഷന്‍സ് കെ.ആര്‍ പ്രമോദ് നന്ദി പറഞ്ഞു.
Content Highlights: Mathrubhumi international festival of letters MBIFL
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..