മലാഖി എഡ്വിൻ വേദമണി
ആംഗലേയ കവിയായ മലേഷ്യയിലെ മലാഖി എഡ്വിന്‍ വേദമണിക്ക് തമിഴ്-ഇന്ത്യന്‍-മലയ കവിയെന്നറിയപ്പെടാനാണ് ഏറെയിഷ്ടം. ഒരുപക്ഷെ, സംസ്‌കൃതവും ഭഗവത്ഗീതയും ഒരുപോലെ ഹൃദിസ്ഥ മാക്കിയ ഏക മലേഷ്യന്‍ കവിയാകാം താനെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നോവലെഴുതുന്നതിനേക്കാളേറെ കവിതയും ചെറുകഥയും എഴുതാനാണ് എനിക്ക് താല്പര്യം. കാരണം, ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കാനുള്ള ക്ഷമയും അച്ചടക്കവും എനിക്കില്ല.' നാലു വാല്യങ്ങളുള്ള കവിതാ സമാഹാരവും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ച മുന്‍ അദ്ധ്യാപകനും ജീവചരിത്രകാരനും വിമര്‍ശകനുമായ വേദമണി പറഞ്ഞു.
വേദമണിയുടെ കഥകളിലും കവിതകളിലും ഇന്ത്യയും സംസ്‌കൃതിയും നിറഞ്ഞ് നില്ക്കുന്നു. 'റംബൂട്ടാന്‍ കിസ്സസ് ' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരം.
തിരുനല്‍വേലിയില്‍ വേരുകളുള്ള വേദമണി മലേഷ്യയില്‍, ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. പുറംനാട്ടില്‍, മലേഷ്യന്‍-ഇന്ത്യന്‍ എന്നും.
മലയ, ഇംഗ്ലീഷ് , ചൈനീസ് എഴുത്തുകാരാണ് അന്നാട്ടില്‍ അധികവും. അവിടെ, സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത് പ്രാദേശിക മലയ ഭാഷ തന്നെയാണ്. ഇംഗ്ലീഷ് കൃതികള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല, സാക്ഷരതയാവട്ടെ പൂര്‍ണ്ണവുമല്ല. എന്നാല്‍ മറ്റ് ഭാഷകളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. മലേഷ്യയിലെ ചൈനീസ് എഴുത്തുകാരനായ, ടാന്‍ ത്വാന്‍ എങ് മാന്‍ ഏഷ്യന്‍ ലിറ്ററെറി പ്രൈസ് കരസ്ഥമാക്കിയ ആദ്യ മലേഷ്യന്‍ എഴുത്തുകാരനാണ്.
തമിഴ്, ചൈനീസ് ഭാഷ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ മലേഷ്യയില്‍ അനവധിയുണ്ടെന്ന് സംഘകാല തമിഴില്‍ ഗവേഷണം നടത്തിയ വേദമണി പറഞ്ഞു. കൃതികളില്‍ മത-വംശീയ വിദ്വേഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ സെന്‍സര്‍ഷിപ്പ് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും വേദമണി കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാര്‍ക്ക് ധാരാളം എഴുത്തു സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് മലേഷ്യ. എന്നാല്‍, അതിന്റെ പരിധി ഓരോരുത്തരും അതെ ങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എഴുത്തുകാര്‍ നേരിടുന്ന ഭീഷണികള്‍ പൊതുവെ കുറവാണ്, കാരണം അവിടെ വായനക്കാരും കുറവാണ്.
പത്രവിതരണക്കാരനായ അച്ഛന്‍ മക്കളെ നന്നായി പഠിപ്പിച്ചത് കൊണ്ടാണ് അക്ഷരങ്ങളെ സ്‌നേഹിച്ചു ജീവിക്കാന്‍ സാധിക്കുന്നതെന്നാണ് വേദമണി പറഞ്ഞു നിര്‍ത്തിയത്.
Content Highlights: Malachi Edwin Vethamani mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..