.
കബിര്‍ ബേദി. ഒരു കാലത്തെ ഇന്ത്യയുടെ സെക്‌സ് സിംബല്‍. ഉയരവും സൗന്ദര്യവും കണ്ണുകളും മുഴങ്ങുന്ന ശബ്ദവും കൊണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ മനസ്സുകവര്‍ന്ന താരം. തീയേറ്ററിലൂടെ ബോളിവുഡിലും പിന്നീട് ഹോളിവുഡിലും സാന്നിധ്യമറിയിച്ച കബിറിനെ ഹോളിവുഡില്‍ വിജയിച്ച ആദ്യ ഇന്ത്യന്‍ അഭിനേതാവെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റില്ല. തന്റെ സിനിമാജീവിതത്തെ കുറിച്ച് കബിർ ബേദി പങ്കുവെച്ചപ്പോള്‍
തുഗ്ലക്കിലെ നഗ്നനായുളള എന്‍ട്രി
എന്റെ യഥാര്‍ഥ പാഷന്‍ എന്നുപറയുന്നത് തീയേറ്ററായിരുന്നു. ഗിരീഷ് കര്‍ണാടിന്റെ തുഗ്ലക്കാണ് ചെയ്തതില്‍ ശ്രദ്ധിക്കപ്പെട്ട വേഷം. പൂര്‍ണനഗ്നനായി പുറംതിരിഞ്ഞുനില്‍ക്കുന്ന രീതിയിലായിരുന്നു അതിന്റെ ആദ്യ സീന്‍. കര്‍ട്ടന്‍ ഉയര്‍ത്തിയതും കാണികളെല്ലാവരും 'ആഹ്' എന്ന് ശബ്ദമുയര്‍ത്തിയത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. നാടകം ബോംബെയില്‍ വന്‍ ചര്‍ച്ചയായി. അത് ഒരിക്കലും എന്റെ പൃഷ്ഠം കാണിച്ചതുകൊണ്ടല്ല. അത് സംവിധാന മികവുളള നല്ലൊരു നാടകമായിരുന്നു. അതിലൂടെ സിനിമയിലേക്കുളള വാതില്‍ തുറന്നു.
സിഗരറ്റിന് മോഡലായത്
പുകവലിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അത് ശരീരത്തിന് ഹാനികരമാണ്. പക്ഷേ ഞാന്‍ പുകവലിക്കുന്ന ആളാണ്. അതുകൊണ്ട് സിഗരറ്റ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതില്‍ എനിക്ക് ജാള്യതയൊന്നുമില്ല. ഞാന്‍ കരുതുന്നത് പുകവലിക്കുന്നതും മദ്യപിക്കുന്നതും പാന്‍ ഉപയോഗിക്കുന്നതുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നാണ്. അതെല്ലാം ചെയ്യുന്നത് വ്യക്തിപരമായ ആനന്ദത്തിന്റെ ഭാഗമായിട്ടാണ്. ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അത് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
ബോളിവുഡ് നായകന്മാരെ പോലെ എനിക്ക് പാടാനും ആടാനും ഇഷ്ടമായിരുന്നില്ല
ബോളിവുഡിനേക്കാള്‍ ഉപരിയായി ഞാന്‍ പലതും ആലോചിച്ചുകൊണ്ടിരുന്നു. എനിക്ക് ബോളിവുഡിലെ ലീഡിങ് നായകനായിട്ട് എന്നെ തോന്നിയിരുന്നില്ല. കാരണം ബോളിവുഡ് നായകന്മാരെ പോലെ എനിക്ക് പാടാനും ആടാനും ഇഷ്ടമായിരുന്നില്ല, അത് ആസ്വദിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് ഇറ്റാലിയന്‍സ് ഒരു നടനെ അന്വേഷിച്ച് ബോംബെയിലേക്ക് വന്നപ്പോള്‍ ആ റോള്‍ എനിക്ക് ലഭിക്കുന്നതിന് വേണ്ടി ഞാന്‍ അക്ഷീണം പ്രയത്‌നിച്ചു. ഒഡീഷന് പോകുകയും എനിക്കത് ലഭിക്കുകയും ചെയ്തു. അത് യൂറോപ്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. അത് ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് വളരെ വലിയ കാര്യമായിരുന്നു. മാത്രമല്ല അതെന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. അതെന്നെ ഹോളിവുഡില്‍ എത്തിച്ചു.
ഹോളിവുഡില്‍ ഏഷ്യക്കാര്‍ തിളങ്ങിത്തുടങ്ങി
ഹോളിവുഡില്‍ ഏഷ്യന്‍സിനും ഇന്ത്യന്‍സിനും വേണ്ടിയുളള കഥാപാത്രങ്ങള്‍ അവര്‍ എഴുതാറില്ല. പിന്നെ എങ്ങനെയാണ് ഇന്ത്യക്കാര്‍ അവിടെ കാലുകുത്തുന്നത്. ഞാന്‍ അതിനെതിരായി പോരാടിയിട്ടുണ്ട്. അതിനുശേഷം അവര്‍ എഴുതാന്‍ തുടങ്ങി. ഇന്ന് പ്രിയങ്ക ചോപ്രയൊക്കെ അവിടെ വലിയ വിജയങ്ങള്‍ നേടിയില്ലേ. എന്റെ കാര്യത്തില്‍ ഇന്ത്യനല്ലാത്ത ഒരുപാട് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
വിവാഹം
ആരും വിവാഹമോചനം നേടണം എന്ന ആഗ്രഹത്തോടെ വിവാഹം കഴിക്കുന്നവരില്ല. വിവാഹം വിജയിക്കണമെങ്കില്‍ അതിനനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണം. എന്റെ മുന്‍ഭാര്യമാര്‍ എന്നെ വിട്ടുപോയിട്ടുളളത് പല കാരണങ്ങള്‍ കാരണമാണ്. സാഹചര്യങ്ങള്‍ മാറുന്നു, ആളുകള്‍ മാറുന്നു. പരസ്പര ബഹമാനത്തോടെയാണ് ഞാന്‍ പിരിഞ്ഞിട്ടുളളത്. എന്റെ എല്ലാ മുന്‍ഭാര്യമാരുമായിട്ടും വിവാഹമോചനത്തിന് ശേഷവും എനിക്ക് അടുത്ത സുഹൃദ്ബന്ധമാണ് ഉളളത്. പിരിയുമ്പോള്‍ വേദനയുണ്ടാവുക സ്വാഭാവികമാണ്. ആ വേദന മാറുമ്പോള്‍ സുഹൃത്തുക്കളായി തുടരാന്‍ സാധിക്കണം. അത് വലിയ നേട്ടമാണ്. വിവാഹത്തെ നിങ്ങള്‍ക്ക് അളക്കാന്‍ സാധിക്കില്ല. ഓരോ വിവാഹവും വ്യത്യസ്തമാണ്. ഒരു പുരുഷനും സ്ത്രീക്കും ഇടയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് മാത്രമേ മനസ്സിലാകൂ. മറ്റാര്‍ക്കും മനസ്സിലാകണമെന്നില്ല.
രേഖയ്‌ക്കൊപ്പമുളള അഭിനയം
തന്റെ പുതിയ പടത്തില്‍ നായകനായി ക്ഷണിച്ചുകൊണ്ട് രാകേഷ് റോഷനാണ് എന്നെ വിളിക്കുന്നത്. എന്നെ വിളിച്ചത് എന്താണ് എന്നായിരുന്നു എന്റെ മറുചോദ്യം. അതിന് അദ്ദേഹം ഉത്തരം നല്‍കിയത് എന്റെ ചിത്രത്തില്‍ നായകന്‍ വില്ലനായി മാറുകയാണ്. അത് ചെയ്യാന്‍ തനിക്കേ കഴിയൂ എന്നായിരുന്നു. ഞാന്‍ ചോദിച്ചു ആരാണ് നായിക എന്ന്. രാകേഷ് പറഞ്ഞു രേഖയാണെന്ന്. അന്നവര്‍ ബോളിവുഡില്‍ ദേശീയപുരസ്‌കാരമെല്ലാം നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന സമയമാണ്. അവർ ബോംബെയില്‍ എന്റെ അയല്‍ക്കാരിയായിരുന്നു.
അവര്‍ ആദ്യം വരുമ്പോള്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുളളത്. ദക്ഷിണേന്ത്യക്കാരിയാണ്. കറുമ്പിയാണ്. പക്ഷേ തന്റെ അഭിനയത്തിലൂടെ അതെല്ലാം അവര്‍ മാറ്റിപ്പറയിച്ചു. ഒരു ഭംഗിയില്ലാത്ത താറാവുകുഞ്ഞില്‍ നിന്ന് ഭംഗിയുളള അരയന്നത്തിലേക്കായിരുന്നു അവളുടെ യാത്ര. ബോളിവുഡിന്റെ ഉയരങ്ങള്‍ അവർ കീഴടക്കി. അവര്‍ക്കൊപ്പമുളള ആ ചിത്രം എന്റെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു അതായിരുന്നു ഖൂന്‍ ഭരി മാംഗ്.
രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും
രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും സ്‌കൂള്‍ കാലം മുതലുളള സുഹൃത്തുക്കളാണ്. സഞ്ജയ് എന്നേക്കാള്‍ ഇളയതാണ്. അവരുടെ വീട്ടില്‍ ഇലക്ട്രിക് ട്രെയിനുമായി കളിക്കാന്‍ പോയിരുന്നു. ഇന്ദിരാഗാന്ധി എനിക്ക് ഇന്ദു ആന്റി ആയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിട്ടാണ്് ഞങ്ങള്‍ വളരുന്നത്.
പിന്നീട് കരിയറിന്റെ ഭാഗമായി ഞാന്‍ അമേരിക്കയിലേക്ക് പോയി. രാജീവ് പ്രധാനമന്ത്രിയായതിന് ശേഷമാണ് പിന്നീട് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന്. എവിടെയായിരുന്നു സുഹൃത്തേ എന്ന് ചോദിച്ച് അദ്ദേഹം വന്നു. ഞാന്‍ പറഞ്ഞു പ്രധാനമന്ത്രിയാണ് അല്പം ഗൗരവത്തില്‍ പെരുമാറൂ എന്ന്. അപ്പോള്‍ രാജീവ് പറഞ്ഞു എല്ലാവരും അതാണ് പറയുന്നത്. നീ എന്റെ സുഹൃത്താണ് ദയവായി അങ്ങനെ പറയരുത്. ഞങ്ങള്‍ കുറേ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പിന്നീട് പോകാന്‍ നേരം ഞാന്‍ രാജീവിനെ ആലിംഗനം ചെയ്തു. അദ്ദേഹം വല്ലാതാകുന്നത് എനിക്ക് മനസ്സിലായി. അദ്ദേഹം ബുളളറ്റ് പ്രൂഫ് ധരിച്ചിരുന്നു അതാരും മനസ്സിലാക്കാന്‍ പാടില്ലല്ലോ. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ കടന്നുപോയതിനെ കുറിച്ച് എനിക്ക് മനസ്സിലാകും. ശ്രദ്ധിക്കണം എന്ന്. പക്ഷേ അദ്ദേഹവും പിന്നീട് വധിക്കപ്പെട്ടു.
അക്കാലത്ത് ഗാന്ധി കുടുംബവുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അന്ന് ഗാന്ധി കുടുംബം എന്റെ കുടുംബത്തിന് വേണ്ടി ചെയ്ത നല്ലകാര്യങ്ങളൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
Content Highlights: kabir bedi talks about his career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..