ജഡ്ജിമാർ പോപ്കോൺ പോലെ നമ്മുടെ മുമ്പിലെത്തുന്നു, കേരള ബജറ്റ് വായിക്കാൻ സമയം കിട്ടിയില്ല- ബ്രിട്ടാസ്


By സാബി മുഗു

2 min read
Read later
Print
Share

കോടതി ജഡ്ജിമാർ പോലും ഭയപ്പെട്ടിരിക്കുന്ന കാലമാണ്. ഇന്ത്യയിൽ ഒരു ജഡ്ജ് നിയമിതനാകുന്നത് മുമ്പ് തന്നെ അയാളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സർക്കാരിന്റെ മുമ്പിലുണ്ടാകും. അത് വെച്ചിട്ടാകും അയാളെ നിയന്ത്രിക്കുക. ഇതിന് മുമ്പ് ഏതെങ്കിലും കാലത്തിൽ ഇങ്ങനെ ഉണ്ടായിരുന്നോ? ജോൺ ബ്രിട്ടാസ് ചോദിച്ചു.

ജോൺ ബ്രിട്ടാസ് എം.പി. സംസാരിക്കുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്

തിരുവനന്തപുരം: സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാൻ ഒരു മാനദണ്ഡവുമില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി.സർക്കാരും ജഡ്ജിമാരും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ആയിട്ടായിരുന്നു ഇത് മുന്നോട്ട് പോയിരുന്നത്. നമ്മുടെ മുകളിൽ വരാൻ പോകുന്ന ജഡ്ജി ആരാണ് എന്നറിയാനുള്ള അവകാശം പൗരന്മാർക്കുണ്ട്. എന്നാൽ ഇന്ന് ഇല്ല. ഒരു ജഡ്ജ് പോപ് കോൺ പോലെ നമ്മുടെ മുമ്പിലേക്ക് വരികയാണ്. ഇതിന് മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഇന്ത്യ ജനഹിതം ജനാധിപത്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം, സർക്കാർ പറഞ്ഞ എല്ലാ പേരുകളും അംഗീകരിക്കാത്തതാണ്. സുപ്രീം കോടതിയെ ജഡ്ജിയെ നിയമിക്കാൻ എന്ത് മാനദണ്ഡമാണുള്ളത്. ഒരു കുടുംബത്തിലെ പതിനാറോളം ജഡ്ജിമാരെയാണ് പരിശോധിച്ചപ്പോൾ കണ്ടെത്താൻ സാധിച്ചത്. ഇത് ഇങ്ങനെ പോയാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജനാധിപത്യത്തോടും പാർലമെന്ററി സംവിധാനത്തോടുമെല്ലാം ഉണ്ടായിരുന്ന ആദരവ് ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിന് വന്ന മാറ്റമാണ്. പലതരത്തിലുള്ള ധിഷണാപരമായ ചർച്ചകൾക്ക് വേദിയായിരുന്നു പാർലമെന്റ്. ഇന്ത്യയിൽ രാജീവ് ഗാന്ധി മുതലുള്ള പ്രധാനമന്ത്രിമാരൊക്കെ എങ്ങനെയാണ് പാർലമെന്റിൽ സംബന്ധിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. വ്യത്യസ്ത ചേരിയിലുള്ളവരാണെങ്കിൽ പോലും പാർലമെന്റിന്റെ വേദി സർഗാത്മകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അത്തരത്തിൽ ഒന്ന് പാർലമെന്റിൽ ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.

സർക്കാർ, പാർലമെന്റ്, ജുഡീഷ്യറി, മാധ്യമം എന്നീ നാല് നെടുംതൂണുകൾ ബാലൻസിങ് ആയി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം സർഗാത്മകമാകുന്നത്. എന്നാൽ ഇന്ന് സംഭവിച്ചിരിക്കുന്നത് ഓരോ നെടുംതൂണുകളും പൊളിഞ്ഞു വീഴുകയാണ്. പാർലമെന്റ് പഴയ പാർലമെന്റ് അല്ല എന്ന് പറയാൻ കാരണം, നെഹ്റുവിനെ പോലെയുള്ള പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനും ഇരുത്തേണ്ടിടത്ത് ഇരുത്താനുമുള്ള ഒരു പാർലമെന്റുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ കഴിവ് ഉണ്ടോ എന്ന് സംശയമാണ്.

എന്തും ആർക്കെതിരേയും എപ്പോഴും വിളിച്ചു പറയാനുള്ള ഒരു അധികാരവും തന്റേടവും സ്ഥാനവും കേരളത്തിലെ മാധ്യമങ്ങൾക്കുണ്ടെന്നും ഇതാണ് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മാധ്യമ സാംസ്കാരിക അന്തരീക്ഷത്തെ ഇന്ത്യയിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്ന പ്രധാനപ്പെട്ട ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥയെക്കാളും തീവ്രമായ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് എത്ര നിലപാടുകൾ, എഡിറ്റോറിയലുകൾ ഉണ്ടായിരുന്നു. പ്രതിഷേധത്തിന്റെ തലങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന്റെ ആവശ്യം വന്നിട്ടില്ല. ഇന്ന് ഏതെങ്കിലും ഒരു പത്രവാർത്തയെക്കുറിച്ച് ഇന്ത്യൻ പാർലമെന്റിൽ ആരെങ്കിലും എന്തെങ്കിലും ഒരു വരി വായിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ അപ്പുറത്തേക്ക് ഇന്ത്യയിലെ സാഹചര്യങ്ങൾ മാറി.

കോടതി ജഡ്ജിമാർ പോലും ഭയപ്പെട്ടിരിക്കുന്ന കാലമാണ്. ഇന്ത്യയിൽ ഒരു ജഡ്ജ് നിയമിതനാകുന്നത് മുമ്പ് തന്നെ അയാളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സർക്കാരിന്റെ മുമ്പിലുണ്ടാകും. അത് വെച്ചിട്ടാകും അയാളെ നിയന്ത്രിക്കുക. ഇതിന് മുമ്പ് ഏതെങ്കിലും കാലത്തിൽ ഇങ്ങനെ ഉണ്ടായിരുന്നോ? അദ്ദേഹം ചോദിച്ചു.

കേരള ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്; വായിക്കാൻ സമയം കിട്ടിയില്ല എന്നായിരുന്നു മറുപടി. മുതിർന്ന പത്രപ്രവർത്തകൻ പി.പി.ശശീന്ദ്രൻ മോഡറേറ്ററായിരുന്നു.

Content Highlights: john brittas mp on mbifl discussion session

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented