ഫോട്ടോ: ആകാശ് എസ് മനോജ്
നാരായണീ...
ഞാൻ മരിച്ചു പോയാൽ എന്നെ ഓർക്കുമോ?
പ്രിയപ്പെട്ട നാരായണീ, മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല, ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ.’
---
നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.
:ഭൂഗോളത്തിലെങ്ങുമോ അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്
:നാരായണീ...
മുഖസ്തുതിയല്ല, പരമസത്യം.
മതിലുകള്‍,
മതിലുകള്‍.
നോക്കൂ, ഈ മതിലുകള്‍ ലോകം മുഴുവനും ചുറ്റി പോകുന്നു...
കണ്ണടച്ച്, കാത് കൂർപ്പിച്ച്, നെടുനിശ്വാസത്തോടെ ബഷീറിനെ കേട്ട് കൊണ്ടല്ലാതെ പിന്നെങ്ങനെയാണ് ഈ അക്ഷരനഗരിയിലേക്ക് പ്രവേശിക്കാനാവുക. മതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലേക്ക്, നാരായണിയും നാരായണിയുടെ ഓർമ്മകളും പേറിക്കൊണ്ടുള്ള ഈ മതിലുകൾ ഭേദിച്ച് കടന്നു ചെല്ലുമ്പോൾ, ഇതിനപ്പുറത്ത് ലോകരാജ്യങ്ങളിൽ നിന്നുള്ള വിവിധ എഴുത്തുകാരും രാഷ്ട്രീയ, നയതന്ത്രജ്ഞരടക്കമുള്ള പ്രഗത്ഭരുടെ നീണ്ട സെഷനുകൾ കാണാം. വിവിധ സ്റ്റേജുകളിലായി വിവിധ സെഷനുകൾ.
അക്ഷര നഗരിയുടെ കവാടം കടന്നാൽ ആദ്യം വരവേൽക്കുന്നത് ബഷീറിന്റെ, സുഗതകുമാരിയുടെ, ഒ.വി. വിജയന്റെ, ഒ.എൻ.വിയുടെ, എം.പി. വീരേന്ദ്ര കുമാറിന്റെ, തകഴിയുടെ എഴുത്തുകളാണ്. ഓഡിയോകളായി പ്രദർശിപ്പിച്ചിരിക്കുന്നയിടങ്ങളിൽ കൂടി കടന്നു വരുമ്പോൾ ഓരോരുത്തരായി നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തും. ആദ്യം ബഷീർ പിന്നെ സുഗതകുമാരി, ഒ.വി. വിജയൻ, ഒ.എൻ.വി., എം.പി. വീരേന്ദ്ര കുമാർ, തകഴിയിൽ നിന്ന് പിന്നെ അങ്ങോട്ട് അക്ഷരങ്ങളുടെ എഴുത്തുകാരുടെ ചർച്ചകളുടെ കലകളുടെ കഥകളുടെ കവിതകളുടെ കൂടിച്ചേരലുകളിടെ ഇടം.
നാരായണിയുടെ ഓർമ്മകളിൽ നിന്ന് മതിലുകളെ ഭേദിച്ച് മുമ്പോട്ട് കടക്കുമ്പോൾ നേരെ ചെന്നെത്തുന്നത് സുഗതകുമാരിയുടെ വരികളായിരിക്കും. ബേപ്പൂർ സുൽത്താന്റെ നാരായണിയുടെ ഓർമ്മകൾ നടൻ ആസിഫ് അലിയുടെ ശബ്ദത്തിലാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. സുഗതകുമാരിയുടെ വരികൾ മൂളിയിരിക്കുന്നത് കെ.എസ്. ചിത്രയും. അൽപം നടന്നാൽ ചെതലിയുടെ താഴ്വരകളെക്കുറിച്ച് പ്രൊഫസർ അലിയാറുടെ ശബ്ദത്തിൽ വിവരണം കേൾക്കാം. മതിവരാത്ത തസ്രാക്കിലേക്കുള്ള യാത്രകൾ നിങ്ങളെ കോരിത്തരിപ്പിക്കും.
“പണ്ടുപണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി അസ്തമയത്തില്‍ ആറാടി നിന്ന ഒരു താഴ്‌വാരത്തില്‍ എത്തി. ഇതിന്റെ അപ്പുറം കാണേണ്ടേ? ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു......" വായിച്ച് കേട്ട് മതിവരാത്ത വരികൾ. കേട്ട് തീർക്കും മുമ്പേ സിതാരയുടെ ശബ്ദത്തിൽ,
"മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ,
പാടി മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൗന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,
ണ്ടതുംപേറി ഞാന്‍ യാത്ര തുടരുന്നൂ..." ഒ.എൻ.വിയുടെ പഥേയം കേൾക്കാം. കുറച്ചങ്ങോട്ട് നീങ്ങിയാൽ എം.പി. വീരേന്ദ്ര കുമാറിന്റെ 'ആ ദുഃഖകഥ ആരും എഴുതിയിട്ടില്ല' എന്ന രചന നടൻ ബിജു മേനോന്റെ ശബ്ദത്തിൽ കേൾക്കാം. നടന്നു നീങ്ങിത്തുടങ്ങവെ തിര തീരം തൊടുന്ന ശബ്ദം കേൾക്കുന്നുണ്ടോ, തകഴിയുടെ ചെമ്മീൻ ആണ് മഞ്ജുവാര്യർ വായിച്ചു തുടങ്ങിയിരിക്കുന്നത്.
: കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ? ഇത് വരെ നാം ഒരു മിച്ചായിരുന്നു ഇനി ഞാൻ ഒറ്റയ്ക്കാണ്.
: എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ.
: കറുത്തമ്മ പോയാലും ഈ കടപ്പുറത്തീന്നു ഞാൻ പോവില്ല.
: എന്റെ കൊച്ചു മുതലാളീ, എന്തിനാ നമ്മൾ കണ്ടു മുട്ടിയത്?
: ദൈവം പറഞ്ഞിട്ട്. ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും.
: ഞാനതോർത്തു തൃക്കുന്നപ്പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും.
: അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും.
: അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും.
: എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടിപ്പിടിച്ചു ഈ കടാപ്പുറതാകെ പാടി പാടി നടക്കും.
: എന്റെ കൊച്ചു മുതലാളീ...
ഈ അക്ഷരങ്ങളുടെ ലോകത്തേക്ക് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് പ്രവേശിക്കുക.
Content Highlights: immensive story of mbifl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..