കഥയുടെ ഭാഷയിരിക്കുന്നത് നഗരത്തിലോ ഗ്രാമത്തിലോ?


By ഷബിത

2 min read
Read later
Print
Share

ലിജു കുര്യാക്കോസ്, അരുണാവസിൻഹ, ദാമോദർ മൗസോ, വസുധേന്ദ്ര എന്നിവർ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിൽ. ഫോട്ടോ: എസ്.ശ്രീകേഷ്

കഥയുടെ ആത്മാവ് എവിടെ കുടികൊള്ളുന്നു എന്ന അന്വേഷണമാണ് ജ്ഞാനപീഠ ജേതാവും ഗോവന്‍ സാഹിത്യകാരനുമായ ദാമോദര്‍ മൗസോ, ബംഗാളി എഴുത്തുകാരനും വിവര്‍ത്തകനുമായ അരുണാവസിന്‍ഹ, കന്നട എഴുത്തുകാരന്‍ വസുദേവേന്ദ്ര എന്നിവരുമായി എഴുത്തുകാരന്‍ ലിജോ കുര്യാക്കോസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ചര്‍ച്ച ചെയ്തത്.

പ്രൈമറിതലം തൊട്ടേ ആഗോളഭാഷയെ ആശ്രയിക്കുന്നവര്‍- ദാമോദര്‍ മൗസോ

ആഗോളവത്ക്കരണം ഗ്രാമത്തെ മാറ്റിമറിച്ചുവെന്നും ഇന്നത്തെ ഗ്രാമങ്ങളെ ടൗണ്‍ എന്നാണ് വിളിക്കേണ്ടതെന്നും ജ്ഞാനപീഠ ജേതാവും ഗോവന്‍ എഴുത്തുകാരനുമായ ദാമോദര്‍ മൗസോ അഭിപ്രായപ്പെട്ടു. ആഗോളവത്ക്കരണം ഗ്രാമത്തിലെ ജീവിതശൈലിയെയും ഭാഷയെയും സ്വാധീനിച്ചു. മുമ്പുണ്ടായിരുന്ന കടകള്‍ ഇന്ന് സൂപ്പര്‍ സ്റ്റോറുകളായതുപോലെ പണ്ട് ഉപയോഗിച്ചിരുന്ന ഭാഷകളും പരിഷ്‌കരിക്കപ്പെട്ടുവരുന്നു. കുട്ടിക്കാലത്ത് പ്രീ-പ്രൈമറി തലത്തില്‍ കൊങ്കിണിയും പ്രൈമറി തലത്തില്‍ മറാഠിയും ഹൈസ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷും വിനിമയഭാഷയായി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രൈമറി തലം തൊട്ടേ അത് ഇംഗ്ലീഷ് ആയി മാറിയിരിക്കുന്നു. അത്കൊണ്ട് ഗ്രാമഭാഷയും പ്രയോഗങ്ങളും പുതിയ തലമുറയ്ക്ക് അന്യമാകുന്നു. വാമൊഴിയായി കൈമാറ്റം ചെയ്തുവന്ന കുട്ടിക്കഥകളും മിത്തുകളും തലമുറകള്‍ക്ക് അന്യമാവുകയും ക്രമേണ അത് ഇല്ലാതാവുകയും ചെയ്യുന്നു. എല്ലാ ഗ്രാമീണഭാഷകളിലും ഇത് സംഭവിക്കുന്നുണ്ട്. എം.ടി വാസുദേവന്‍ നായര്‍ ഭാഷയിലെ തന്റെ ആകുലത പങ്കുവെച്ചത് ഇക്കാരണത്താലാണ്.

കഥകള്‍ക്ക് എക്കാലവും ജൈവികമാണ്. ഒരു കര്‍ഷകന്‍ ഒരിക്കലും നഗരവാസിയുടെ ഭാഷ ഉപയോഗിക്കില്ല. കുട്ടിയുടെ ഭാഷ കുട്ടിയ്ക്കു മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നത് ആരാണോ അതിന്റെ പ്രകാശനമാണ് എഴുത്ത് എന്നുപറയുന്നത്. ഗ്രാമങ്ങളില്‍ നിന്നു നഗരത്തിലേക്ക് വരുന്നവര്‍ ഗ്രാമത്തിന്റെ ഹൃദയവും ഭാഷയുമായിട്ടാണ് വരുന്നത്. അവര്‍ കഥാപാത്രങ്ങളാവുമ്പോള്‍ ഗ്രാമീണത കടന്നുവരാതെയിരിക്കില്ല. ലോകത്ത് ഒരു ഭാഷയും ചെറുതല്ല. പക്ഷേ അത് ഉപയോഗിക്കുന്ന സമൂഹത്തിന്റെ എണ്ണത്തില്‍ കുറവുണ്ടായേക്കാം എന്നു മാത്രം. കൊങ്കിണി ഭാഷയ്ക്ക് കൃത്യവും വ്യക്തവുമായ ചരിത്രമുണ്ട്. കൊങ്കിണി ഭാഷയുടെ മണ്ണും ആത്മാവും കുടികൊള്ളുന്നത് ഗോവയിലാണ്.

കഥയ്ക്ക് പ്രമേയമാകുന്നത് ഗ്രാമത്തിലെ കഥാപാത്രമായാലും നഗരത്തിലെ കഥാപാത്രമായാലും ആഖ്യാതാവിന്റെ ഭാഷയും അയാള്‍ക്ക് വഴങ്ങുന്ന ഭാഷയും കഥയെ ആശ്രയിക്കുന്നുണ്ട്.- മൗസോ പറഞ്ഞു.

വായനക്കാരെ സന്തോഷിപ്പിക്കരുത്, അസ്വസ്ഥരാക്കുകയാണ് വേണ്ടത്- വസുധേവേന്ദ്ര

ഭാഷയേതായാലും എഴുത്തിലൂടെ ഒരിക്കലും വായനക്കാരെ സന്തോഷിപ്പിക്കരുത്, അസ്വസ്ഥരാക്കുകയാണ് വേണ്ടതതെന്ന് പ്രശസ്ത വിവര്‍ത്തകനും കന്നട എഴുത്തുകാരനുമായ വസുധേവേന്ദ്ര പറഞ്ഞു. ആയിരത്തിഅഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രാദേശികഭാഷകളിലായി എഴുത്തുകാര്‍ പലതരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വളരെ അടുത്തുണ്ടായ എഴുത്തുമാധ്യമമാണ്. പക്ഷേ ഇംഗ്ലീഷില്‍ ഒരു പുസ്തകം ഇറക്കിയാല്‍ എഴുത്തുകാര്‍ സെലിബ്രിറ്റികളായി മാറുന്ന പ്രവണതയാണ് ഇന്നുള്ളത്. അയോധ്യയില്‍ ഇരുന്നുകൊണ്ട് വാത്മീകി ദക്ഷിണേന്ത്യയിലെ കഥയെഴുതിയെങ്കില്‍ എന്തുകൊണ്ട് ഇവിടെയിരുന്ന് ലിസ്ബണെക്കുറിച്ച് എഴുതിക്കൂടെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് പ്രശസ്തരായിരിക്കുന്ന, നഗരങ്ങളില്‍ വസിക്കുന്ന മിക്ക അഭിനേതാക്കളും തങ്ങളുടെ കുട്ടിക്കാലത്ത് ഗ്രാമത്തില്‍ ജീവിച്ചവരാണ്. അവരുടെ ബുദ്ധിയില്‍ മേല്‍ക്കോയ്മയുള്ളത് പ്രാദേശിക ഭാഷയ്ക്കാണ്. ഭാഷയുടെയോ പ്രാദേശികതയുടെയോ കാര്യമല്ല മറിച്ച് നല്ല പുസ്തകം മോശം പുസ്തകം എന്നീ രണ്ട് വിഭാഗത്തില്‍ പെട്ട പുസ്തകങ്ങള്‍ മാത്രമേയുള്ളൂ.

ഗ്രാമത്തിലെ ഭാഷാഭംഗിയെക്കുറിച്ചും നിര്‍മമതയെക്കുറിച്ചും പറയുന്നതുപോലെ തന്നെയാണ് നഗരത്തിലെ ഭാഷയും സംസ്‌കാരവും. നഗരം പശ്ചാത്തലമാകുന്ന കഥകള്‍ക്ക് മെട്രോഭാഷയുടേതായ ഭംഗിയുണ്ട്. പ്രാദേശികഭാഷയെക്കുറിച്ചുപറയുമ്പോള്‍ മുംബെയിലെ കഥയെഴുതാന്‍ ബാംഗ്ലൂരിലെ പ്രാദേശികത ഉപയോഗിക്കാന്‍ കഴിയില്ല എന്ന കാര്യമാണ് പ്രധാനം. മനുഷ്യവംശത്തെക്കുറിച്ച് കൃത്യമായ ധാരണയും അവബോധവുമുണ്ടെങ്കില്‍ ഏതുതരം കഥയുമെഴുതാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണത്തെപ്പറ്റി പറയുന്നതുപോലെ തന്നെയാണ് കഥയിലെ ഭാഷയെക്കുറിച്ച് പറയുന്നത്. ഇന്ന് റസ്റ്റോറന്റുകളില്‍ വിവിധരാജ്യങ്ങളിലെ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. അതുപോലെ തന്നെയാണ് ഭാഷയും സംസ്‌കാരവും. പുതിയ ഭാഷയെ നമ്മള്‍ രുചിച്ചുനോക്കുന്നു, ഇഷ്ടപ്പെട്ടെങ്കില്‍ സ്വീകരിക്കുന്നു. വായനയിലും എഴുത്തിലും അത് സ്വാഭാവികമാണ്. ഭാഷയേതായാലും എഴുത്തിലൂടെ ഒരിക്കലും വായനക്കാരെ സന്തോഷിപ്പിക്കരുത്, അസ്വസ്ഥരാക്കുകയാണ് വേണ്ടത്- വസുധേവേന്ദ്ര
പറഞ്ഞു.

എഴുത്തുകാര്‍ വിവര്‍ത്തനത്തിനുമുതിരാറില്ല- അരുണാവ സിന്‍ഹ

മൂലകൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ നിന്നാണ് മറ്റ് ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് വിവര്‍ത്തകനും എഴുത്തുകാരനുമായ അരുണാവ സിന്‍ഹ അഭിപ്രായപ്പെട്ടു. ചുരുക്കം ചില എഴുത്തുകാര്‍ തങ്ങളുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യാറുണ്ട്. ഭാഷായാഥാര്‍ഥ്യത്തില്‍ നിന്നും രണ്ടുതവണ മാറ്റിയെഴുതപ്പെടുന്നതാണ് വിവര്‍ത്തനം. എഴുത്തുകാര്‍ തന്നെ മറ്റുഭാഷയിലേക്ക് തങ്ങളുടെ കൃതി വിവര്‍ത്തനം ചെയ്യുന്ന റിസ്‌കിനു പകരം ആ സമയം അടുത്ത രചനയ്ക്കായി അവര്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്- സിന്‍ഹ പറഞ്ഞു.

Content Highlights: Damodar Mauzo, Vasudhendra, Arunava Sinha, Lijo Kuriakose at mbifl 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented