പൊളിറ്റിക്കൽ കറക്റ്റ്നസും തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് - രമേഷ് പിഷാരടി


By സാബി മു​ഗു

2 min read
Read later
Print
Share

ചിരിപുരണ്ട ജീവിതം എന്ന സെഷനിൽ രമേഷ് പിഷാരടി സംസാരിക്കുന്നു

തിരുവനന്തപുരം: ഫെമിനിസം പോലെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന പദവുമെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി പറഞ്ഞു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ചിരി പുരണ്ട ജീവിതം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹാസ്യം പറയുകയും അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അഭിനയത്തിന്റെ സാധ്യതകളുണ്ട്. എന്നാൽ എഴുതുമ്പോൾ അതിനുള്ള സാധ്യത കുറവാണ്. വായനക്കാരുടെ ഭാവനയിൽക്കൂടി കടന്നുപോയെങ്കിൽ മാത്രമേ വരയില്ലാത്ത എഴുത്തുകൾക്ക് സാധ്യതയുള്ളൂ. ഹാസ്യം എഴുതുമ്പോൾ വായനക്കാർക്ക് മനസ്സിലാകണം എന്ന ബോധ്യത്തോടു കൂടി ചെയ്തില്ലെങ്കിൽ കുഴപ്പമാണ്. അത്തരത്തിലുള്ള കഥകൾ മാത്രമാണ് ചിരിപുരണ്ട ജീവിതം എന്ന പുസ്തകത്തിലുള്ളത്. പറഞ്ഞു വിജയിച്ച എല്ലാ കഥകളും എഴുതാൻ ശ്രമിച്ചിട്ടില്ല.

കാലോചിതമായ തമാശകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ, എന്നെക്കുറിച്ചോ വിശ്വസിക്കുന്ന മതത്തെക്കുറിച്ചോ, രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ, സുഹൃത്തിനെക്കുറിച്ചോ ആകാതിരുന്നാൽ മതി. ബാക്കി ഏതും സഹിച്ചോളാം എന്ന രീതിയാണ്.

പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കി വേണം തമാശ പറയാൻ. സമൂഹം പുതിയത് പഠിപ്പിക്കുമ്പോൾ അതനുസരിച്ച് മാറണം. എന്നാൽ ഫെമിനിസം പോലെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് പൊളിറ്റിക്കൽ കറക്റ്റ്നസെന്നും തോന്നിയിട്ടുണ്ട്.

വായന ഇല്ലാതാകുന്നില്ല, വായന ഉണ്ട്. അത് വേറെ മാധ്യമങ്ങളിൽ കൂടിയുള്ളതാണ്. വായനാശീലം ഒരു നല്ല ശീലമാണ് എന്ന് പറയാൻ പറ്റില്ല. എന്തു വായിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് വായനാശീലത്തിന്റെ പ്രസക്തി.

അതേസമയം ബ്ലോഗർമാരുടെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്; പ്രേക്ഷകർക്ക് അവർ കണ്ട കാര്യം നല്ലതാണോ ചീത്തയാണോ എന്ന് പറയാനുള്ള അധികാരമുണ്ട്. എന്നാൽ പ്രതിഫലമായി പണംപറ്റിക്കൊണ്ട് അത്തരത്തിൽ ചെയ്യാൻ അതിനുള്ള യോഗ്യത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകത്തിന് 'ചിരി പുരണ്ട ജീവിതം' എന്ന പേര് കൊടുക്കാനുള്ള കാരണം എന്ത് എന്ന ചോദ്യത്തിന്; പുരളുക എന്നത് ബോധപൂർവം ചെയ്യുന്ന ഒന്നല്ല, അറിയാതെ പറ്റിപ്പോകുന്നതാണ്. അതുകൊണ്ടാണ് ചിരിപുരണ്ട ജീവിതം എന്നപേര് പുസ്തകത്തിന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഷാരടിയുടെ ചിരിപുരണ്ട ജീവിതം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പും വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. നടൻ ജോയ് മാത്യു എഴുത്തുകാരൻ ഇന്ദുഗോപന് നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. പിഷാരടി തമാശ ഉത്പാദിപ്പിക്കുന്ന യന്ത്രമാണെന്ന് ജോയ് മാത്യു പറഞ്ഞു. പേരിൽ തന്നെ സന്തോഷം കൊണ്ട് നടക്കുന്നയാളാണ് ജോയ് മാത്യു എന്ന് പിഷാരടി തമാശരൂപേണ തിരിച്ചടിക്കുകയും ചെയ്തു.

Content Highlights: chiri puranda jeevitham ramesh pisharody on mbifl

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented