കൂടുതല്‍ കരുണയാണ് ലോകത്തിനാവശ്യം: അബ്ദുള്‍ റസാഖ് ഗുര്‍ണ


By ഷബിത

1 min read
Read later
Print
Share

അബ്ദുൾ റസാഖ് ഗുർണ സംസാരിക്കുന്നു. ഫോട്ടോ: മധുരാജ്

കാലാവസ്ഥാ വ്യതിയാനവും അഭയാര്‍ഥി പ്രതിസന്ധിയും നേരിട്ടുകൊണ്ടിരിക്കുന്ന ലോകത്തിന് കൂടുതല്‍ കരുണയാണ് ഇന്ന് ആവശ്യമായിരിക്കുന്നതെന്ന് നൊബേല്‍ സമ്മാനജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ. പറഞ്ഞു. ആവശ്യമായവര്‍ക്ക് വേണ്ടത്ര വിഭവസമൃദ്ധിയും ആതിഥ്യമര്യാദയും ഔദാര്യവും കാണിച്ച് ഭാവിയെ പ്രകാശഭരിതമാക്കുകയാണ് ഏറ്റവും മികച്ച വഴി. 'ചരിത്രത്തിന്റെ നിഴലുകള്‍ ഭാവിയുടെ വിളക്കുകള്‍ എന്ന വിഷയത്തില്‍' മാതൃഭൂമി അക്ഷരോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'ചരിത്രത്തിന്റെ പ്രതിഫലനങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനും ആഘോഷിക്കാനും ചര്‍ച്ച ചെയ്യാനുമായി നമ്മള്‍ ഇത്തരത്തില്‍ ഒരുമിച്ച് കൂടിയിരിക്കുന്നു എന്നതുതന്നെയാണ് മഹത്തായ കാര്യം. ഇതുപോലുള്ള അക്ഷരോത്സവങ്ങള്‍ വിലപ്പെട്ടതാണ്. ചരിത്രത്തിന് ഇരുണ്ട ആഖ്യാനമാണ് ഉള്ളത്. ദുരന്തപൂര്‍ണമായ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ചരിത്രം. നമ്മെ പിടിച്ചുകുലുക്കുന്ന, അടിച്ചമര്‍ത്തുന്ന പേടിസ്വപ്നമാണ് ചരിത്രം. എക്കാലത്തും നമ്മള്‍ നേടിക്കൊണ്ടിരിക്കുന്ന ചെറിയ നിമിഷങ്ങളുടെയും നേട്ടങ്ങളുടെയും പരമ്പരയാണ് ചരിത്രം. ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ രേഖപ്പെടുത്തപ്പെട്ട ഇരുണ്ട പ്രവചനങ്ങളെക്കുറിച്ച് നമ്മള്‍ ഓര്‍ത്തിരിക്കേണ്ടതും പ്രതിസന്ധികളില്‍ എങ്ങനെ ജീവിക്കണം എന്ന് തിരിച്ചറിയേണ്ടതുമുണ്ട്. അതേസമയം തന്നെ ശോഭനമായ ഭാവിയിലേക്കുള്ള പാത ഇവിടെയുണ്ട് എന്ന വിശ്വാസം നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

ലോകശക്തികള്‍ നടത്തിയ കോളിനിവത്ക്കരണത്തിന്റെ മറ്റൊരു പരിണിതഫലമാണ് ഇന്ന് വ്യാപകമായ നടന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥി പ്രശ്നങ്ങളും പ്രതിസന്ധിയും. യൂറോപ്പിലേക്ക് അഭയാര്‍ഥികള്‍ വന്നുകൊണ്ടേയിരിക്കുന്നത് യൂറോപ്പിന്റെ നീളവും വീതിയും നിര്‍ണയിക്കുന്നതില്‍ വലിയ സ്വാധീനമുളവാക്കുന്നുണ്ട്. നൊബേല്‍ സമ്മാനം ലഭിച്ചതോടെ കൃതികള്‍ മറ്റു ഭാഷകളിലേക്ക് ധാരാളം വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തില്‍ ഞാന്‍ സജീവപങ്കാളിയല്ല, പക്ഷേ വര്‍ണവിവേചനത്തെക്കുറിച്ചും പൗരാവകാശ സമരങ്ങളെക്കുറിച്ചും കേട്ടും പഠിച്ചുമാണ് വളര്‍ന്നത്. വിവേചനങ്ങളോട് മഹാത്മാഗാന്ധിയും നെല്‍സണ്‍ മണ്ഡേലയും പുലര്‍ത്തിയ നിലപാടുകളും അവരുടെ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ലോകം ഒരൊറ്റ നേതാവിന് കീഴില്‍ അണിനിരക്കുന്നത് വ്യത്യസ്തതകളെ ഇല്ലാതാക്കും. അങ്ങനെയൊരാള്‍ ഉണ്ടായാല്‍ അയാള്‍ക്കൊപ്പം വിലക്കുകളും ഉയരും. എന്തു ചെയ്യണം, ചെയ്യരുത് എന്ന അതിരുകള്‍ ആ ലോക നേതാവ് നിശ്ചയിക്കും. മനുഷ്യര്‍ അവരുടെ സ്വകാര്യ സന്തോഷങ്ങള്‍ അനുഭവിക്കട്ടെ, അതിനു തടസ്സമാകുന്ന ലോകനേതാവ് ഉണ്ടാവേണ്ടതില്ല-ഗുര്‍ണ പറഞ്ഞു.

Content Highlights: Abdulrazak gurnah mbifl

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented