വി. മധുസൂദനൻ നായർ | ഫോട്ടോ: ശ്രീകേഷ് എസ്.
ഷാര്‍ജ: മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി യു. എ.ഇ. യുടെ സാംസ്കാരിക ആസ്ഥാനമായ ഷാര്‍ജയില്‍ ഞായറാഴ്ച അക്ഷരോത്സവ പ്രഭാഷണവും കേരളതനിമയാര്‍ന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് മാതൃഭൂമി അക്ഷരോത്സവ പ്രഭാഷണം സംഘടിപ്പിക്കുന്നത്.
അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ വൈകീട്ട് നാലുമണിമുതല്‍ പ്രഭാഷണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമാവും. മലയാളത്തിന്റെ പ്രിയ കവി വി. മധുസൂദനന് നായര്‍ 'ഇന്നലെയുടെ നിഴല്‍, നാളെയുടെ വെളിച്ചം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ചിത്രരചന ശില്പശാലയോടെ തുടക്കം
നാലുമണിക്ക് ഷാര്‍ജ അല്‍ ഇബ്തിസാമ സ്പെഷ്യല്‍ നീഡ് സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുന്ന ചിത്രരചന ശില്പശാലയോടെ പരിപാടിക്ക് തുടക്കമാവും. എട്ട് ചിത്രകലാ വിദഗ്ധര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. കമ്യൂണിറ്റി ഹാളില്‍ തന്നെയാണ് ശില്പശാലയും നടക്കുക. ഏഴുമണിക്ക് പ്രവാസലോകത്തെ കലാകാരികള്‍ പങ്കെടുക്കുന്ന ശാസ്ത്രീയനൃത്തങ്ങള്ക്ക് അരങ്ങേറും. തുടര്‍ന്ന് മാതൃഭൂമിയുടെ ശീര്ഷകഗാനങ്ങള്ക്ക് അനുസൃതമായി കലാകാരികള്‍ നൃത്തമവതരിപ്പിക്കും.
വി. മധുസൂദനന് നായര്‍ ആലപിച്ച ചങ്ങമ്പുഴയുടെ 'കാവ്യനര്‍ത്തകി' എന്ന കവിതയുടെ നൃത്താവിഷ്കാരം, മാതൃഭൂമിയുടെ നൂറുവര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള ദൃശ്യാവിഷ്കാരം എന്നിവയും അരങ്ങേറും. എട്ടുമണിക്ക് വി. മധുസൂദനന് നായരുടെ പ്രഭാഷണം ആരംഭിക്കും. സംഘാടകസമിതി ചെയര്മാന് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിക്കും.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി. പി. ശശീന്ദ്രന്, ജനറല്‍ മാനേജര്‍ ശ്രീകുമാര്‍, ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളായ ടി. കെ. ശ്രീനാഥ്, മനോജ് വര്‍ഗീസ് എന്നിവര്‍ സന്നിഹിതരാവും. ചടങ്ങില്‍ അഡ്വ. വൈ.എ. റഹീമിനെ സാമൂഹിക പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി ആദരിക്കും. കലാപരിപാടികളില്‍ പങ്കെടുത്തവരെ വി. മധുസൂദനന് നായര്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച് അനുമോദിക്കും. തുടര്‍ന്ന് മടിക്കൈ നാടന്‍കലാ സമിതിയുടെ നാടന്‍പാട്ട് ഉണ്ടായിരിക്കും.
Content Highlights: mbifl lecture series 2023, V. Madhusoodanan Nair, Sharjah, UAE
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..