വയലാറും ഭാസ്കരൻ മാഷും നടന്ന വഴിയിലൂടെയാണ് ഞാൻ നടന്നത് - ശ്രീകുമാരൻ തമ്പി


അജ്മല്‍. എന്‍.എസ്

വ്യത്യസ്തനാണെന്ന് പ്രഖാപിച്ച് കൊണ്ടാണ് വയലാർ വന്നത്. മനോഹരമായ പദങ്ങൾ അദ്ദേഹം ഉപയോഗിക്കും. ഭാസ്കരൻ മാഷ് ആശയത്തിനാണ് പ്രാധാന്യം നൽകിയത്.

ശ്രീകുമാരൻ തമ്പി, രമേശ് ഗോപാലകൃഷ്ണൻ | photo: mathrubhumi

വയലാർ രാമവർമയും പി. ഭാസ്കരനും നടന്ന വഴിയിലൂടെയാണ് താൻ നടന്നതെന്ന് ഗാനരചയിതാവും നിർമാതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. "പോയകാലമേ വന്നിട്ട് പോകുമോ" എന്ന വിഷയത്തിൽ മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീത നിരൂപകനും എഴുത്തുകാരനുമായ രമേശ്‌ ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

മലയാള സിനിമ ഗാനങ്ങളുടെ തുടക്കം മുതലുള്ള യാത്രയെക്കുറിച്ച് ശ്രീകുമാരൻ തമ്പി സംസാരിച്ചു. അധികമാരും കേട്ടിട്ടില്ലാത്ത വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത് കാണികളിൽ കൗതുകമുണർത്തി. മലയാളികൾ എന്നെന്നും കേൾക്കാൻ കൊതിക്കുന്ന പഴയ ഗാനങ്ങൾ കോർത്തിണക്കിയാണ് അദ്ദേഹം സംസാരിച്ചത്. കാണികൾ കൈയടിയോടെയാണ് ശ്രീകുമാരൻ തമ്പിയുടെ വാക്കുകളെ വരവേറ്റത്.

'മലയാളത്തിൽ വിഗതകുമാരൻ, മാർത്താണ്ഡ വർമ എന്നീ നിശബ്ദ ചിത്രങ്ങൾക്ക് ശേഷമാണ് ആദ്യത്തെ ശബ്ദചിത്രമായ 'ബാലൻ' ഇറങ്ങുന്നത്. ബാലൻ നിർമിച്ചിരിക്കുന്നത് തമിഴ് നിർമാതാവായ ടി.ആർ. സുന്ദരമാണ്. 24 പാട്ടുകൾ ചിത്രത്തിലുണ്ട്. അന്ന് സംഗീത സംവിധായകൻ വേണം എന്നുപോലും ഇല്ലായിരുന്നു. ബാലനിലെ പാട്ടുകൾ പലതും ഇന്ന് കിട്ടാനില്ല. സംഭാഷണങ്ങൾ പാട്ടുപോലെ എഴുതുന്ന രീതിയാണ് അന്ന് സ്വീകരിച്ചിരുന്നത്. ശരിക്കും പാട്ടെന്ന് പറയാൻ പറ്റുന്ന ഒരെണ്ണം സിനിമയിൽ ഉണ്ടായിരുന്നത് ഒരു പ്രാർഥനയാണ്. ഈ പാട്ട് കേൾക്കുന്നത് തന്നെ ബാലനിൽ അഭിനയിച്ച എം.കെ കമലം പാടി കേൾപ്പിച്ചപ്പോഴാണ്.

പിന്നീട് വന്ന 'ജ്ഞാനാംബിക'യും നിർമിച്ചത് തമിഴ് നിർമാതാവാണ്. ഈ ചിത്രത്തിന് ആദ്യമായി ഒരു സംഗീത സംവിധായകൻ വന്നു, ഓൾ ഇന്ത്യ റേഡിയോയിലെ ഉദ്യോഗസ്ഥൻ കൂടിയായ ടി.എ ജയരാമ അയ്യർ. ആദ്യമായി ഒരു കവി പാട്ടെഴുതാൻ വരുന്നതും ഈ ചിത്രത്തിൽ തന്നെ. മഹാകവി പുത്തൻകാവ് മാത്തൻ തരകനാണ് വരികൾ എഴുതിയത്.' മോഹനമേ മനോ മോഹനമേ… ' പതിയെ സംഗീതത്തിലേയ്ക്ക് വരികൾ പിച്ചവെച്ചു തുടങ്ങി.

പിന്നീട് പുറത്തിറങ്ങിയ 'പ്രഹ്ളാദ' സംവിധാനം ചെയ്തത് തമിഴ് സംവിധായകനായ കെ. സുബ്രമണ്യം ആണ്. സത്യത്തിൽ ഈ ചിത്രത്തിനായി പണം മുടക്കിയത് റാണി ലക്ഷ്മി ഭായ് ആണ്. എന്നാൽ ഇത് ചരിത്രത്തിൽ ഇല്ല, പറഞ്ഞിട്ടും ഇല്ല. നിർമിച്ചത് വേറെ ബാനറിന്റെ പേരിലായിരുന്നു.

അന്നൊക്കെ അഭിനയിക്കുന്ന ആൾ തന്നെ പാടുന്ന സമ്പ്രദായമായിരുന്നു. ആദ്യമായി മലയാളി നിർമിച്ച ചിത്രം നിർമലയാണ്. പി.ജെ ചെറിയാൻ ആയിരുന്നു നിർമാണം. പി.വി കൃഷ്ണ അയ്യരായിരുന്നു സംവിധാനം.

കുടുംബത്തിൽ പിറന്നവർ സിനിമയിൽ അഭിനയിക്കില്ലെന്ന് ഒരു പറച്ചിൽ അന്നുണ്ടായിരുന്നു. അഭിനയിക്കാൻ ആളെ കിട്ടാനില്ല. നിർമാതാവ് മരുമകളോട് നായികയാവാൻ പറഞ്ഞു. അപ്പൊൾ അവർക്ക് തൊട്ട് അഭിനയിക്കാൻ വയ്യെന്ന് പറഞ്ഞു. അങ്ങനെ ഭർത്താവ് നായകനുമായി. ജി ശങ്കരക്കുറുപ്പ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത്. അന്ന് അദ്ദേഹം യുവകവിയാണ്. പതിയെ സിനിമ ഗാനങ്ങൾ ജനകീയമായി മാറി'- ശ്രീകുമാരൻ തമ്പി പറഞ്ഞു.

പി ഭാസ്കരൻ വിശ്വകവിയാണെന്ന് രമേശ്‌ ഗോപാലകൃഷ്ണൻ പറഞ്ഞു. ദാരിദ്ര്യം എന്ന ദുഃഖസത്യത്തെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചാർളി ചാപ്ലിനെ പോലെ. കാവ്യ ഗുണ ത്രയത്തിന്റെ സംഗമമാണ് ശ്രീകുമാരൻ തമ്പിയെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. മെലഡി പൂത്തുനിന്ന കാലത്തെ പ്രതിനിധാനം ചെയ്യുന്ന അവസാന പ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അപൂർവ സഹോദരങ്ങൾ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് പി ഭാസ്കരൻ മാഷ് ആദ്യമായി വരികൾ എഴുതിയത്. പാട്ടിലെ മലയാളം വരികളാണ് അദ്ദേഹം എഴുതിയത്. ദക്ഷിണാമൂർത്തിയാണ് ഈണം പകർന്നത്.

ഭാസ്കരൻ മാഷിനും പിന്നിലാണ് വയലാർ. അദ്ദേഹത്തെ താഴ്ത്തി കാണിക്കുകയല്ല. ഭാസ്കരൻ മാഷാണ് വയലാറിന് വഴി കാട്ടിയത്. ഇരുവരുമാണ് എനിക്ക് വഴികാട്ടിയായത്.

ഭാസ്കരൻ മാഷ് വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു. വയലാറിനെയും ഭാസ്കരൻ മാഷിനെയും താരതമ്യം ചെയ്താൽ, ഭാസ്കരൻ മാഷ് ആശയത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. കഥാ സന്ദർഭത്തിന് അദ്ദേഹം പ്രാധാന്യം നൽകി.

"എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു" എന്ന് ഭാസ്കരൻ മാഷ് എഴുതും. മുറിച്ചെടുത്തു പോലുള്ള പദങ്ങൾ ഒന്നും വയലാർ ഉപയോഗിക്കില്ല.വയലാർ മനോഹരമായ പദങ്ങൾ തിരഞ്ഞെടുക്കും. വർണ ഭംഗി വരിഞ്ഞൊഴുകുന്ന വരികളാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തമാണ്.

താൻ വ്യത്യസ്തനാണ് എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് വയലാർ വന്നത്. ആദ്യ പാട്ടിൽ തന്നെ തന്റെതായ മുദ്ര പതിപ്പിക്കാൻ വയലാറിനായി. സംഗീതാത്മകമായ പദങ്ങൾ അദ്ദേഹം തിരഞ്ഞെടുത്തു. ശാസ്ത്രീയബോധമുള്ള വ്യക്തി കൂടിയായിരുന്നു വയലാർ.

വയലാറിന് വയലാറിന്റേതായ കസേരയുണ്ട്. ഭാസ്കരൻ മാഷിനും ഭാസ്കരൻ മാഷിന്റെതായ കസേരയുണ്ട്. വയലാറും ഭാസ്കരൻ മാഷും നടന്ന വഴിയിലൂടെയാണ് ഞാൻ നടന്നത് '- ശ്രീകുമാരൻ തമ്പി പറഞ്ഞു.

'തൽക്കാല ദുനിയാവ്: എന്ന പാട്ട് ആലപിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ധൈര്യമായി തനിക്ക് ഈ പാട്ട് പാടാമെന്നും ഇത് തന്റെ പാട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: mbifl 2023 sreekumaran thampi talks about vayalar and p bhaskaran at kanakakunnu palace

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented