ബോംബെ ജയശ്രീ
തിരുവനന്തപുരം: ലോകപ്രശസ്ത സംഗീതജ്ഞരോടൊപ്പം ചേര്‍ന്ന് ഫ്യൂഷന്‍ കച്ചേരികളും സിംഫണികളും അവതരിപ്പിച്ച ബോംബെ ജയശ്രീ, താന്‍ പിന്നിട്ട വഴികളെപ്പറ്റിയും മുന്നോട്ടുള്ള യാത്രകളെക്കുറിച്ചും സംസാരിക്കാന്‍ കനകക്കുന്നിലെത്തും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഗീതത്തെക്കുറിച്ചു മാത്രമല്ല, തന്റെ കേരള ബന്ധത്തെക്കുറിച്ചും അവര്‍ പറയും.
അക്ഷരോത്സവത്തില്‍ 'വസീഗരാ' എന്ന പേരിലുള്ള സംവാദത്തില്‍ ജയശ്രീ പങ്കെടുക്കും. ഈ പരിപാടിയില്‍ രവി മേനോനും പങ്കെടുക്കും. കനകക്കുന്നിലെ നിശാഗന്ധിയില്‍ ജയശ്രീയുടെ സംഗീതപരിപാടിയുമുണ്ടാകും. ആസ്വാദകരെയും കൂടെ പാടിച്ച് ശുദ്ധസംഗീതത്തിന്റെ സന്തോഷവഴികളിലേക്കുള്ള ഒരു സംഘയാത്രയാണ് അവരുടെ കച്ചേരികള്‍.
ജനിച്ചത് കൊല്‍ക്കത്തയിലും വളര്‍ന്നത് മുംബൈയിലും ആണെങ്കിലും അവധിക്കാലത്ത് പതിവായി അവര്‍ കേരളത്തിലെത്തുന്നുണ്ട്. വടക്കഞ്ചേരിയിലെ അമ്മയുടെ മൂത്ത ജ്യേഷ്ഠന്റെ തറവാട്ടുവീട്ടില്‍ ഒത്തുകൂടാനാണ് എത്തുന്നത്. താനൊരു മലയാളിയാണെന്ന് അവര്‍ പലതവണ പറഞ്ഞിട്ടുണ്ട്. കോഴിക്കോട്ടുകാരിയാണ് അമ്മ സീതാ സുബ്രഹ്‌മണ്യന്‍. തളി മഹാദേവക്ഷേത്രത്തിനടുത്താണ് അമ്മയുടെ വീട്. അച്ഛന്‍ എന്‍.എന്‍.സുബ്രഹ്‌മണ്യന്‍ പാലക്കാട് സ്വദേശിയും.
എം.എസ്.വിശ്വനാഥനുവേണ്ടി 'തമ്പാത്തികള്‍' എന്ന ചിത്രത്തില്‍ പാടിക്കൊണ്ടായിരുന്നു സിനിമയിലെ തുടക്കം. ജോണ്‍സണ്‍, ഇളയരാജ, എ.ആര്‍.റഹ്‌മാന്‍, കീരവാണി, ഔസേപ്പച്ചന്‍, രമേഷ് നാരായണന്‍, എം.ജയചന്ദ്രന്‍ തുടങ്ങിയവരുടെ ഈണങ്ങളിലും അവര്‍ പാടി.
'ഇരുവര്‍' എന്ന ചിത്രത്തില്‍ എ.ആര്‍.റഹ്‌മാന്റെ സംഗീതത്തില്‍ ഉണ്ണികൃഷ്ണനോടൊപ്പം പാടിയ 'നറുമുഗയേ...' ആണ് തമിഴില്‍ ബോംബെ ജയശ്രീയുടെ ആദ്യത്തെ ശ്രദ്ധേയഗാനമെങ്കിലും യഥാര്‍ത്ഥ വഴിത്തിരിവ് 'മിന്നലെ'യിലെ 'വസീഗരാ...' തന്നെ. 'ലൈഫ് ഓഫ് പൈ' എന്ന സിനിമയിലൂടെ ഓസ്‌കര്‍ നോമിനേഷനിലേക്കു വരെ അവരുടെ സംഗീതമെത്തി.
'കുടുംബസമേത'മെന്ന സിനിമയില്‍ ജോണ്‍സണ്‍ ഈണമിട്ട 'പാഹിമാം ശ്രീ...', 'കമലാംബികേ രക്ഷമാം...' എന്നീ ഗാനങ്ങള്‍ പാടിയാണ് മലയാളത്തിെേലക്കത്തിയത്. 'ഒരേ കടലി'ലെ 'പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്റെ വിരഹമറിയുന്നുവോ', 'മാമാങ്കം' സിനിമയിലെ 'കണ്ണനുണ്ണി മകനേ...' ഗാനങ്ങളും മികച്ചതായി.
ശാസ്ത്രീയസംഗീതവേദിയില്‍ ജയശ്രീയുടെ ശബ്ദം ഒഴുകിത്തുടങ്ങിയിട്ട് നാലു പതിറ്റാണ്ടു പിന്നിട്ടു. 1982-ല്‍ പതിനെട്ടാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഇന്ത്യയില്‍ മാത്രമല്ല, നാല്‍പ്പതിലധികം വിദേശരാജ്യങ്ങളിലുള്ളവരും അവരുടെ പരിപാടികള്‍ ആസ്വദിച്ചു.
Content Highlights: mbifl 2023, mbifl 4th edition, Bombay Jayashri, Kanakakkunnu, Thiruvananthapuram
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..