.
കോഴിക്കോട്: അക്ഷരങ്ങളും ആശയങ്ങളും സംഗമിക്കുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തിരുവനന്തപുരത്തെ കനകക്കുന്നില്‍ ആരംഭമാവാന്‍ ഇനി ഒന്പതുനാള്മാത്രം.
ഫെബ്രുവരി രണ്ടിന് അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം എഡിഷന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്യുക. കഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും എഴുത്തിന്റെ മാന്ത്രികത മലയാളിയെ അനുഭവിപ്പിച്ച എം.ടി. വാസുദേവന്‍ നായരുടെ മുഖ്യപ്രഭാഷണത്തോടെ രണ്ടിന് രാവിലെ അക്ഷരോത്സവത്തിന് കൊടിക്കൂറയുയരും. എം.ടി.യുടെ വാക്കുകള്‍ കനകക്കുന്നിനെയും ഭാഷയെയും പ്രകാശിപ്പിക്കും.
മലയാളകഥയുടെ തിടമ്പ് വെക്കുന്ന ഉന്നതശിരസ്സാണ് ടി. പത്മനാഭന്റേത്. നവതി കഴിഞ്ഞിട്ടും നവ നവോന്മേഷത്തോടെ കഥകളെഴുതുന്ന ടി. പത്മനാഭന് ഉദ്ഘാടനവേദിയില്‍ 'മാതൃഭൂമി' മുന്‍ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറും അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ പ്രഥമ ചെയര്‍മാനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് സംസാരിക്കും.
.jpg?$p=9c2ba89&&q=0.8)
ഒരു നൊബേല്‍ സമ്മാനജേതാവ്, രണ്ട് ബുക്കര്‍ സമ്മാനജേതാക്കള്‍, മൂന്ന് ജ്ഞാനപീഠം ജേതാക്കള്‍ എന്നിവര്‍ സംഗമിക്കുന്നു എന്നതാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. നൊബേല്‍ സമ്മാന ജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ, ബുക്കര്‍ സമ്മാന ജേതാക്കളായ ഷെഹാന് കരുണതിലകെ, ജൊകാ അല്‍ ഹാര്‍തി, ജ്ഞാനപീഠം ജേതാക്കളായ എം.ടി., അമിതാവ് ഘോഷ്, ദാമോദര്‍ മൗസോ എന്നിവര്‍ അക്ഷരോത്സവത്തിനുണ്ടാവും.
കൊളംബിയക്കും കേരളത്തിനുമിടയിലെ മഴവില്പ്പാലമായിരുന്നു ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ രചനകള്‍. 'അത്രമേല്‍ മലയാളിയായ' മാര്‍ക്കേസിനെ കാണാനുള്ള ഭാഗ്യം കേരളീയര്‍ക്ക് കിട്ടിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ക്ഷണപ്രകാരം ഫിദല്‍ കാസ്ട്രോയോടൊപ്പം ഡല്ഹിവരെയേ മാര്‍ക്കേസ് വന്നിട്ടുള്ളൂ. എന്നാല്‍, മാര്‍ക്കേസ് എന്ന മാന്ത്രികതയെത്തൊടാന് മലയാളിക്ക് ഒരു അപൂര്‍വാവസരമാണ് ഇത്തവണത്തെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവമൊരുക്കുന്നത്.
.jpg?$p=2922c1a&&q=0.8)
മുത്തച്ഛനെക്കുറിച്ച് സംസാരിക്കാന്‍ മാര്‍ക്കേസിന്റെ കൊച്ചുമകനും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ യുവ എഴുത്തുകാരനുമായ മാറ്റിയോ ഗാര്‍സ്യ എലിസൊണ്ടോ അക്ഷരോത്സവത്തിലുണ്ടാവും. അറിയപ്പെടുന്ന തിരക്കഥാകൃത്തുകൂടിയായ മാറ്റിയോ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ പുതുപ്രവണതകളെക്കുറിച്ചും സംസാരിക്കും.
.jpg?$p=41c7523&&q=0.8)
മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവം ഇത്തവണ അതിന്റെ വിഷയവൈവിധ്യംകൊണ്ടുകൂടിയാണ് വ്യത്യസ്തമാവുന്നത്. മനുഷ്യപ്രതിഭയുടെ പല തലങ്ങളില്പ്പെട്ടവരാണ് സംവാദങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കുമായി തിരുവനന്തപുരത്തെ കനകക്കുന്നില്‍ നാലു ദിവസങ്ങളിലായെത്തുന്നത്.
മലയാളിയുടെ പല തലമുറകള്‍ സിനിമ തുടങ്ങുന്നതിനുമുമ്പേ കൈയടിച്ചിരുന്ന ഒരു പേരുണ്ടായിരുന്നു സംഘട്ടനം ത്യാഗരാജന്. ആറര പതിറ്റാണ്ടിലധികമായി മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ സിനിമകളിലെ തീപാറുന്ന സംഘട്ടനരംഗങ്ങളൊരുക്കിയ ത്യാഗരാജന് അക്ഷരോത്സവത്തില്‍ തന്റെ ജീവിതത്തെയും വ്യത്യസ്തമായ സിനിമാ ജീവിതത്തെയുംകുറിച്ച് സംസാരിക്കാനാണ് എത്തുന്നത്.
സ്ക്രീനിലെ വെറുമൊരു പേരുമാത്രമായി നാമറിഞ്ഞിരുന്ന ഒരു മനുഷ്യന്റെ അമ്പരപ്പിക്കുന്ന ജീവിതം അക്ഷരോത്സവവേദിയില്‍ നേരിട്ട് കേള്‍ക്കാം.
ഇന്‍ഫോസിസ് തലവന്‍ എന്‍.ആര്. നാരായണ മൂര്‍ത്തിയുടെ ഭാര്യയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാ മാതാവുമാണെങ്കിലും തന്റെ അഭിമാന മേല്‍വിലാസം എഴുത്തുകാരി എന്നതാണ് എന്ന് സാഭിമാനം പറയുന്നയാളാണ് സുധാ മൂര്‍ത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹൃദ്യമായതാണ് അവരുടെ രചനകള്‍. ആര്‍ക്കും പ്രചോദനാത്മകമാണ് ആ ജീവിതം. വാക്കുകളെയും ജ്ഞാനത്തെയും കുറിച്ച് സംസാരിക്കാനാണ് സുധാമൂര്ത്തിയെത്തുന്നത്.
.jpg?$p=fec0f18&&q=0.8)
മലയാളത്തിലും തമിഴിലും തീക്ഷ്ണവും തീവ്രവുമായ രചനകള്‍ നടത്തിയ എഴുത്തുകാരനാണ് ജയമോഹന്. മലയാളിയായി ഇരുന്നുകൊണ്ട് ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ അറിയപ്പെടുന്ന ശബ്ദമായ ആളാണ് ആനന്ദ് നീലകണ്ഠന്. ഇതിഹാസ രചനകളില്‍നിന്ന് പുനഃസൃഷ്ടികള്‍ നടത്തിയ ഇരുവരും അക്ഷരോത്സവത്തില്‍ ഒന്നിച്ചിരിക്കുന്നത് ഇതിഹാസങ്ങള്‍ പുനരാഖ്യാനം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാനാണ്.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രക്ഷാധികാരികൂടിയായ ശശി തരൂര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അഞ്ചു സെഷനുകളിലാണ് ഇത്തവണ പ്രത്യക്ഷപ്പെടുക. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് സഞ്ചരിക്കുന്ന തരൂര്‍ മലയാളവിഭാഗത്തില്‍ തന്റെ സ്വപ്നത്തിലെ കേരളത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാമിനോട് സംസാരിക്കും.

ക്യാപ്റ്റന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതവും കര്‍മങ്ങളുമെല്ലാം എല്ലാ തലമുറയില്‍പ്പെട്ടവര്‍ക്കും പ്രചോദനത്തിന്റെ ചിറകുകള് നല്കുന്നവയാണ്. അസാധ്യമായത് ഒന്നുമില്ല എന്ന് അടിവരയിട്ട് പറയുന്നതാണ് അദ്ദേഹത്തിന്റെ 'Simply fly' എന്ന ആത്മകഥ. ഇന്ത്യയെക്കുറിച്ചുള്ള മറ്റൊരു വീക്ഷണം തുറന്നിടുന്നതാണ് 'Our India' എന്ന പുതിയ പുസ്തകം. അക്ഷരോത്സവത്തില്‍ ക്യാപ്റ്റന്‍ ഗോപിനാഥ് സംസാരിക്കുന്നത് 'Daring to Fly: Life Journey' എന്ന വിഷയത്തെക്കുറിച്ചാണ്.
ഇന്ത്യയുടെ സംക്ഷിപ്ത ചരിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതിയ ജോണ്‍ കീ ഹിമാലയത്തെക്കുറിച്ചുള്ള തന്റെ അന്വേഷണാത്മകമായ പുസ്തകത്തിലൂടെയാണ് ഇത്തവണ ഇന്ത്യയെയും ലോകത്തെയും സ്പര്‍ശിച്ചിരിക്കുന്നത്. ചരിത്രകാരനായ ജോണ്‍ കീ ചരിത്രത്തെക്കുറിച്ച് മാത്രമല്ല, ഹിമാലയത്തിന്റെ അദ്ഭുതലോകത്തെക്കുറിച്ചുകൂടി അക്ഷരോത്സവത്തില്‍ സംസാരിക്കും. ടി.പത്മനാഭന്മുതല് മലയാളസാഹിത്യത്തിലെ ഏറ്റവും പുതിയ തലമുറയിലുള്ളവര്വരെ പങ്കെടുക്കാനെത്തും.
ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്തെ കനകക്കുന്നിലാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം.
Content Highlights: mbifl 2023, Mathrubhumi International Festival of Letters, Kanakakunnu palace,Thiruvananthapuram
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..