ജി.ആർ ഇന്ദുഗോപൻ
തിരുവനന്തപുരം: അനുസരണത്തിന്റെ കാലം കഴിഞ്ഞെന്നും എന്തുനിഷേധിക്കണമെന്ന് കൃത്യമായ ധാരണയുള്ള 'നിഷേധി'കളാകും ഭാവിയിലെ തലമുറയെ നയിക്കുന്നതെന്നും ജി. ആര്. ഇന്ദുഗോപന്. പണ്ട് 'വിവരദോഷി 'എന്ന് വിളിക്കുമായിരുന്നു. ഇന്ന് വിവരക്കൂടുതല്‍ കൊണ്ടുള്ള ദോഷമാണ്, അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം എഡിഷന് മുന്നോടിയായി നടന്നുവരുന്ന 'നൂറു ദേശങ്ങള്‍ നൂറുപ്രഭാഷണങ്ങള്' എന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി വിളപ്പില്‍ശാല സരസ്വതി ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ഭാവനയുടെ ചിത്രീകരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
.jpg?$p=7b364d9&&q=0.8)
ഭാവനയുടെ ചിത്രീകരണം എന്ന വിഷയത്തില്‍ ജി. ആര്. ഇന്ദുഗോപന്
പ്രഭാഷണം നടത്തുന്നു.
നമുക്കാവശ്യമില്ലാത്ത, ആഗ്രഹമില്ലാത്ത വിവരങ്ങള്‍, കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവ സാങ്കേതികവിദ്യ നമ്മുടെ മേല്‍ ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ ഇന്‍ഫര്‍മേഷന്റെ കുത്തൊഴുക്കിനിടയില്പ്പെട്ട്
ചതഞ്ഞുപോകാതിരിക്കുന്നതാണ് പുതിയ യുക്തി. ഈ സമുദ്രത്തില്‍ നിന്ന് ആവശ്യമുള്ളതിനെ സ്വീകരിച്ച് മറ്റുള്ളവയെ നിഷേധിച്ച്, നമ്മുടെ ആയുസ്സിനെയും സമയത്തെയും രക്ഷിച്ചെടുക്കുന്നവരാണ് പുതിയകാല ബുദ്ധിമാന്മാര്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ദുര്‍ബലരായ മനുഷ്യരുടെ ശ്രദ്ധയെയും അവരുടെ സമയത്തെയും എങ്ങനെയെങ്കിലും മയക്കിയെടുത്ത്, തങ്ങളുടെ വാണിജ്യത്തിനുപയോഗിക്കാമെന്ന പഠനമാണ് ലോകമെങ്ങും വന്‍കമ്പനികള്‍ നടത്തുന്നത്. നമ്മുടെ സമയത്തെ എങ്ങനെ കാണ്ഡം കാണ്ഡമായി ഊറ്റിയെടുക്കാമെന്നതിന്റെ തുടര്‍പഠനങ്ങളാണ് നമ്മള് കണ്ടുതീര്‍ക്കുന്ന 30 സെക്കന്‍ഡ് വീതമുള്ള 'റീലുകള്‍'. സമയത്തെ കൊല്ലുകയെന്നാല്‍ പതിയെ ഒരു മനുഷ്യനെ തന്നെ കൊല്ലുകയെന്നതാണ് അര്‍ഥം.
നമ്മളെന്തു കാണണം, അനുഭവിക്കണം എന്നത് നമ്മുടെ സ്വാതന്ത്ര്യമാണെന്ന് യുവജനത കരുതുന്നു. അത് നല്ലതാണ്. പക്ഷേ കാണുന്നതും നമുക്ക് കാട്ടിത്തരുന്നതും സത്യമാണോയെന്ന് തിരിച്ചറിയുന്നിടത്താണ് യുക്തിയുടെ വിജയം. നമ്മുടെ ശ്രദ്ധയെ ഊറ്റുന്ന കുബുദ്ധികള്‍ ചമച്ചുവിടുന്ന 'കാഴ്ചകള്‍' നമ്മളെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ നമ്മുടെ യൗവനമാണ് കാഴ്ചകളില്‍ മയങ്ങി ഇല്ലാതാകുന്നതെന്ന് ബോധ്യം വേണം. ഇന്‍ഫര്‍മേഷനെ സസൂക്ഷ്മം സ്വീകരിക്കാനും വേണ്ടാത്തതിനെ തള്ളിക്കളയാനുള്ള മാനസികശക്തി നേടിക്കൊടുക്കലാണ് പുതിയ വിദ്യാഭ്യാസം. നിര്‍ഭാഗ്യവശാല്‍ ഇത് ഒരു സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്നില്ല. പക്ഷേ ഇത് പുതിയ കാലത്തിലെ കുറേ മിടുക്കര്‍ മനസ്സിലാക്കുന്നുവെന്നത് ശുഭകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: mbifl 2023 g r indugopan speech on depiction of imagination
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..