സുധാമൂർത്തി
തിരുവനന്തപുരം: ഹൃദയം നിറയുന്ന സ്‌നേഹവും കരുണയുമാണ് സുധാമൂര്‍ത്തിയുടെ വാക്കുകളിലും പ്രവൃത്തികളിലും. എഴുത്തിന്റെ വഴിയില്‍ നടക്കുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ചുറ്റുമുള്ളവരെ ചേര്‍ത്തുനിര്‍ത്തിയാണ് അവര്‍ക്കു ശീലം. സമ്പന്നതയുടെ കൊടുമുടികള്‍ തൊടാതെയുള്ള അവരുടെ ജീവിതം പ്രചോദനമാകുന്നത് നിരവധിപ്പേര്‍ക്കാണ്.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'വേര്‍ഡ്‌സ് ഓഫ് വിസ്ഡം' എന്ന സംവാദപരിപാടിയില്‍ സുധാമൂര്‍ത്തി സംസാരിക്കും. ആഗോള പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസിന്റെ ഇന്ത്യന്‍ മേധാവി മിലി ഐശ്വര്യയും ഒപ്പംചേരും. കൂടാതെ അക്ഷരോത്സവത്തിലെ കിഡ്സ് കോര്‍ണറില്‍ കഥകളും ജീവിതാനുഭവങ്ങളുമായി കുട്ടികളുമായും സുധാമൂര്‍ത്തി സംവദിക്കും.
ദാരിദ്ര്യനിര്‍മാര്‍ജനം, പൊതുശുചിത്വം, ഗ്രാമീണ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിങ്ങനെ സുധാമൂര്‍ത്തിയുടെ കൈയൊപ്പു പതിയാത്ത മേഖലകള്‍ ചുരുക്കം. പ്രചോദനാത്മകമായ അവരുടെ ജീവിതത്തെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങളിലൂടെ ലോകം മുഴുവന്‍ വായനക്കാരെ സ്വാധീനിച്ച എഴുത്തുകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. ലാളിത്യത്തിന്റെ ആള്‍രൂപം.
ടാറ്റ എന്‍ജിനിയറിങ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയിലെ ആദ്യ വനിതാ എന്‍ജിനിയറായി സുധാമൂര്‍ത്തി എത്തുന്നത് ജെ.ആര്‍.ഡി. ടാറ്റയ്ക്കു തൊടുത്തുവിട്ടൊരു കത്തിലൂടെയാണ്. സ്ത്രീകള്‍ അപേക്ഷിക്കരുതെന്ന നോട്ടീസ് ബോര്‍ഡിലെ പരസ്യത്തില്‍നിന്നായിരുന്നു അങ്ങനെയൊരു വലിയ മാറ്റത്തിനു വഴിതെളിഞ്ഞത്. പുണെയില്‍ വെച്ചാണ് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.
നാരായണമൂര്‍ത്തിയുടെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജമായത് സുധാമൂര്‍ത്തിയുടെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമായിരുന്നു. ഭര്‍ത്താവിനൊപ്പം ഇന്‍ഫോസിസിന്റെ ഓരോ ചുവടുവയ്പിലും സുധാമൂര്‍ത്തി ചേര്‍ന്നുനിന്നു. ഇന്‍ഫോസിസിന്റെ നേതൃസ്ഥാനത്തും അവര്‍ തന്റേതായ മുദ്രപതിപ്പിച്ചു.
2006-ല്‍ രാജ്യം പദ്മശ്രീ നല്‍കി അവരെ ആദരിച്ചു. അതോടൊപ്പം ആര്‍.കെ.നാരായണ്‍ അവാര്‍ഡ്, ക്രോസ് വേഡ് ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
Content Highlights: mbifl 2023, mbifl 4th edition, Sudha Murthy, Kanakakkunnu, Thiruvananthapuram
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..