മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; മലയാളിയുടെ സാംസ്‌കാരികോത്സവം


ടി.കെ. രാജീവ്കുമാര്‍



പ്രതീക്ഷകളെക്കാള്‍ ഒരുപിടി ഉയരത്തില്‍ നില്‍ക്കുന്ന പുതുമകളുമായാണ് ഇത്തവണ അക്ഷരോത്സവത്തിന് കനകക്കുന്നില്‍ 2023 ഫെബ്രുവരി രണ്ടിന് തിരശ്ശീലയുയരുക.

2020ൽ നടന്ന അക്ഷരോത്സവത്തിൽനിന്ന് | ഫയൽ ചിത്രം

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വെറുമൊരു സാഹിത്യോത്സവം മാത്രമായിട്ടല്ല അനുഭവപ്പെടുക എന്നു പറയുന്നു അക്ഷരോത്സവത്തിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍. ഈ മേളയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തിരിച്ചുകൊണ്ടുപോകാന്‍ നമ്മുടെ നാടിന്റെ സാഹിത്യത്തിന്റെ, സംസ്‌കാരത്തിന്റെ ഒരു പരിച്ഛേദം അക്ഷരോത്സവം സമ്മാനിക്കും. സാഹിത്യോത്സവം എന്നതിലുപരി നമ്മുടെ നാടിന്റെ ഖ്യാതി ലോകത്തിനുമുന്നില്‍ വിളിച്ചോതുന്ന ഇടമാവും മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവം.

മാതൃഭൂമി അക്ഷരോത്സവം നാലാം എഡിഷന്‍ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. ഓരോ എഡിഷന്‍ പിന്നിടുമ്പോഴും ആളുകളുടെ പങ്കാളിത്തം പതിന്മടങ്ങായി വര്‍ധിക്കുന്ന കാഴ്ച തികച്ചും ആഹ്ലാദകരമാണ്. ഒപ്പം ഓരോ തവണയും അവരുടെ പ്രതീക്ഷകളും ഏറിവരുകയാണ്. കോവിഡ് തീര്‍ത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ അക്ഷരോത്സവം കനകക്കുന്നില്‍ വിരുന്നെത്തുന്നത്. എന്നാല്‍, ആ ഒരു ഇടവേള അനുഭവപ്പെടുന്നില്ലെന്നതാണ് സത്യം. മൂന്നാമത്തെ അക്ഷരോത്സവം ഇന്നലെ കനകക്കുന്നില്‍ കഴിഞ്ഞതേയുള്ളൂ എന്നൊരു പ്രതീതിയാണ് എല്ലാവര്‍ക്കുമുള്ളത്.

കാമ്പുള്ള ഉള്ളടക്കമാണ് മാതൃഭൂമി അക്ഷരോത്സവത്തെ എന്നും എപ്പോഴും മലയാളിയുടെ പ്രിയ സാഹിത്യോത്സവമാക്കി മാറ്റുന്നത്. മാതൃഭൂമിയുടെ നൂറാംവര്‍ഷത്തില്‍ നടക്കുന്ന ഈ നാലാം എഡിഷനെക്കുറിച്ച് അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളുണ്ടാവും. ആ പ്രതീക്ഷകളെക്കാള്‍ ഒരുപിടി ഉയരത്തില്‍ നില്‍ക്കുന്ന പുതുമകളുമായാണ് ഇത്തവണ അക്ഷരോത്സവത്തിന് കനകക്കുന്നില്‍ 2023 ഫെബ്രുവരി രണ്ടിന് തിരശ്ശീലയുയരുക.

ലോക സാഹിത്യത്തിന്റെ പരിച്ഛേദമായി മാറുന്ന അക്ഷരോത്സവത്തില്‍ നാലുദിവസങ്ങളിലായി ലോകത്തിന്റെ വിവിധ ഭൂപ്രദേശങ്ങളില്‍നിന്നുള്ള നാനൂറിലധികം എഴുത്തുകാരും കലാ, സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് പ്രതിനിധികളോട് സംവദിക്കാനെത്തുന്നത്. അക്ഷരോത്സവ വേദിയില്‍ നടക്കുന്ന സംവാദങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കുമെല്ലാം അപ്പുറം പ്രതിനിധികളായെത്തുന്ന മനുഷ്യരെ മാനസികമായി അതിനോട് അടുപ്പിക്കുകയും അതിനകത്തുതന്നെ മുഴുവന്‍സമയം അലിഞ്ഞുചേര്‍ക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

അതുകൊണ്ടുതന്നെ ആദ്യ എഡിഷന്‍മുതല്‍ പരമ്പരാഗത രീതിയിലുള്ള ഒരു സാഹിത്യോത്സവം എന്നതിനപ്പുറത്ത് നമ്മുടെ നാട്ടിലെ കലകളും സംഗീതവും നാടകവും സിനിമയും എല്ലാം അക്ഷരോത്സവത്തോട് ബന്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാതരം ആളുകള്‍ക്കും ആസ്വദിക്കാനും വിവിധതലത്തിലുള്ള കഴിവുകളെയും കലകളെയും പ്രോത്സാഹിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനും പറ്റുന്ന വേദി എന്ന നിലയിലാണ് അക്ഷരോത്സവത്തെ ഡിസൈന്‍ ചെയ്യാറുള്ളത്. ഇത്തവണ കൂടുതല്‍ വിപുലമായ രീതിയില്‍ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് എഡിഷനുകളെക്കാള്‍ കൂടുതല്‍ സെഷനുകളും അതിഥികളും കൂടുതല്‍ വേദികളും ഇത്തവണ ഉണ്ടാകും. 'Shadows Of Histoy, Lights Of the Future' എന്നതാണ് ഇത്തവണത്തെ പ്രമേയം. ആ തീം കേന്ദ്രീകരിച്ചാണ് അക്ഷരോത്സവ വേദിയിലെ ഡിസൈനുകളും ഇന്‍സ്റ്റലേഷനുമെല്ലാം ഒരുക്കിയിരിക്കുന്നത്. കനകക്കുന്നിലെ അക്ഷരോത്സവവേദിയുടെ പ്രവേശനകവാടംമുതല്‍ ആയൊരു പ്രമേയത്തിലേക്ക് ഡെലിഗേറ്റ്‌സിന് സഞ്ചരിക്കാം.

ഈ മേളയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തിരിച്ചുകൊണ്ടുപോകാന്‍ നമ്മുടെ നാടിന്റെ, സാഹിത്യത്തിന്റെ, സംസ്‌കാരത്തിന്റെ ഒരുപരിച്ഛേദം അക്ഷരോത്സവം സമ്മാനിക്കുമെന്നുറപ്പ്. സാഹിത്യോത്സവം എന്നതിലുപരി നമ്മുടെ നാടിന്റെ ഖ്യാതി ലോകത്തിനുമുന്നില്‍ വിളിച്ചോതുന്ന ഇടമാക്കി മാതൃഭൂമി അക്ഷരോത്സവത്തെ മാറ്റാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

കഥ കേട്ട് നടക്കാം...ടണല്‍ ഓഫ് ഇമേഴ്‌സീവ് സ്റ്റോറീസ്

കഥകള്‍ കേട്ട് വളര്‍ന്നവരാണ് നമ്മള്‍, വീടിന്റെ അകത്തളങ്ങളിലിരുന്ന് കുട്ടിക്കാലത്ത് കേട്ട മുത്തശ്ശിക്കഥകള്‍ എന്നും നമുക്കൊരു ഗൃഹാതുരത്വമാണ്. ഈ ഗൃഹാതുരത തന്നെയാണ് ആധുനികകാലത്ത് ഓഡിയോ ബുക്കുകള്‍ വലിയ ജനപ്രീതി നേടാനുള്ള കാരണവും. മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രവേശനകവാടം ഇത്തരം കഥകളും കവിതകളും പറഞ്ഞുതരുന്ന ഒരു ടണലിന്റെ രൂപത്തിലാണ് ഒരുക്കുന്നത്. 'ഇമേഴ്‌സീവ് സ്റ്റോറീസ്' എന്നാണ് ഞങ്ങളിതിന് നല്‍കുന്ന പേര്.

മണ്‍മറഞ്ഞുപോയ പ്രമുഖ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും കേട്ട് അതിഥികള്‍ക്ക് നടന്നുപോകാം എന്നതാണ് ഇമേഴ്‌സീവ് സ്റ്റോറീസിന്റെ പ്രത്യേകത. ആധുനിക സൗണ്ട് ടെക്‌നോളജിയായ ഡോള്‍ബിയുടെ സഹായത്തോടെയാണ് 120 അടി നീളമുള്ള ഈയൊരു ടണല്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ മുഖങ്ങളാണ് കഥകള്‍ക്ക് ശബ്ദം നല്‍കുന്നത്.

ടണലിനുള്ളില്‍ ആറു ബ്ലോക്കുകളിലായി രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള നാലു കഥകളും രണ്ട് കവിതകളുമായിരിക്കും ഒരുസമയം കേള്‍ക്കാനാകുക. തിരുവനന്തപുരം നഗരത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍നിന്ന് അക്ഷരോത്സവ വേദിയിലേക്ക് കയറിവരുന്നവര്‍ക്ക് പുതുമയുള്ള ഈ ശ്രവ്യാനുഭവത്തിലൂടെ സഞ്ചരിച്ച് ഫെസ്റ്റിവല്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനാകും.

'ക' കോര്‍ണറും കിഡ്‌സ് കോര്‍ണറും...

അക്ഷരോത്സവത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 'ക' കോര്‍ണര്‍. സാഹിത്യവുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ക്ക് നിറംപകരുന്ന പ്രമുഖരായ ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് ഇവിടെ നിറയുക. കാണികള്‍ക്ക് മുന്നില്‍ തത്സമയം ചിത്രങ്ങള്‍ വരയ്ക്കുകയും വരയ്ക്കാന്‍ പഠിപ്പിക്കുകയും ചിത്രങ്ങള്‍ക്കുപിന്നിലെ കഥകള്‍ പറയുകയുമൊക്കെ ചെയ്യുന്ന രസകരമായ ഇടമായിരിക്കും ഇത്. കഴിഞ്ഞ എഡിഷനുകളിലെല്ലാം 'ക' കോര്‍ണറിന് ലഭിച്ച വലിയ സ്വീകാര്യത മുന്നില്‍ക്കണ്ട് കുറച്ചുകൂടി വിപുലമായ രീതിയിലാണ് ഇത്തവണ ഈ ഇടം ഒരുക്കിയിരിക്കുന്നത്.

നാളെയുടെ തലമുറയെ വാര്‍ത്തെടുക്കുകയെന്നതുകൂടി മാതൃഭൂമി അക്ഷരോത്സവത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഒന്നാണ്. കുട്ടികള്‍ക്ക് സാഹിത്യത്തിന്റെയും കലയുടെയും വിശാലമായ വാതായനങ്ങള്‍ തുറന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്ഷരോത്സവത്തില്‍ കിഡ്‌സ് കോര്‍ണര്‍ എന്ന ഇടമൊരുക്കുന്നത്. കുട്ടികളുമായി അക്ഷരോത്സവത്തിനെത്തുന്ന അതിഥികള്‍ കിഡ്‌സ് കോര്‍ണറില്‍ കുട്ടികളെ അവരുടെ ലോകത്തെ കാഴ്ചകള്‍ കാണാനായി ഏല്‍പ്പിക്കാനാകും. സാഹിത്യം, സിനിമ, ഗെയിമുകള്‍ തുടങ്ങി കുട്ടികള്‍ക്കായി വിവിധ സെഷനുകളും പരിപാടികളും ഇവിടെ നടക്കും.

അണയാത്ത കലാവിളക്ക്

നമ്മുടെ നാടിന്റെ അഭിമാനമായ ഒരു കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക, പരിചയപ്പെടുത്തുക എന്നൊരു ചിന്തയോടെയാണ് അക്ഷരോത്സവത്തിന്റെ നാലാം എഡിഷനില്‍ 'സെന്‍ട്രല്‍ സ്റ്റേജ്' എന്ന പുതിയൊരു ഇടത്തിന് രൂപംനല്‍കിയിരിക്കുന്നത്. യുനെസ്‌കോയുടെയടക്കം അംഗീകാരം ലഭിച്ച കേരളത്തിന്റെ പൈതൃകകലയായ കൂടിയാട്ടമാണ് ഇത്തവണ സെന്‍ട്രല്‍ സ്റ്റേജില്‍ നിറയുക. കനകക്കുന്നിലെ ബാലഭവനാണ് സെന്‍ട്രല്‍ സ്റ്റേജായി മാറുക.

പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണുവിന്റെ നേതൃത്വത്തില്‍ 25 ഓളം പ്രമുഖ കലാകാരന്മാരാണ് ഈ വേദിയെ നയിക്കുക. ഇതൊരു െറസിഡന്‍സീവ് പരിപാടിയായതിനാല്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആവശ്യമാണ്. 30 പേര്‍ക്ക് മാത്രമാണ് ഒരുസമയം ഈ പരിപാടിയില്‍ പങ്കെടുക്കാനാകുക. കൂടിയാട്ടവുമായി ബന്ധപ്പെട്ട ഒരുവണ്‍ഡേ വര്‍ക്ക് ഷോപ്പ് എന്ന് തന്നെ പറയാം. അതിന്റെ ചരിത്രം, വര്‍ത്തമാനം, പ്രത്യേകതകള്‍, അവതരണരീതി തുടങ്ങി എല്ലാവശങ്ങളും ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് വിശദമായി മനസ്സിലാക്കാനാകും. എല്ലാ ദിവസവും വൈകുന്നേരം ഈ വേദിയില്‍ കൂടിയാട്ടം അവതരണവും നടക്കും. അക്ഷരോത്സവ പ്രതിനിധികള്‍ക്കെല്ലാം വൈകീട്ടത്തെ അവതരണത്തില്‍ പങ്കെടുക്കാം.

സെന്‍ട്രല്‍ സ്റ്റേജിന് പുറമേ നിശാഗന്ധിക്ക് അരികിലായി കേരളത്തിലെ കലകളുടെ പ്രദര്‍ശനത്തിന് പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം ഒരുകല എന്നരീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെമുതല്‍ ആടയാഭരണ നിര്‍മാണം, കോപ്പ് നിര്‍മാണം, സംഗീതം തുടങ്ങി ഓരോ കലയുടെയും അണിയറക്കാഴ്ചകള്‍ അക്ഷരോത്സവ പ്രതിനിധികള്‍ക്ക് കാണാനും കലാകാരന്മാരുമായി സംവദിക്കാനും സാധിക്കും.

കൂടിയാട്ടം കലാകാരി കപിലാ വേണു.

വൈകുന്നേരങ്ങളില്‍ കലാവതരണവും നടക്കും. മുടിയേറ്റ്, പുലികളി, തിറ, തെയ്യം എന്നീ ക്രമത്തിലാണ് ഓരോ ദിവസവും പ്രദര്‍ശനം നടക്കുക. ഒപ്പം മേഘാലയയില്‍ നിന്നുള്ള ഡ്രം ഡാന്‍സേഴ്‌സാണ് ഇത്തവണ പ്രത്യേക അതിഥികളായി കലാപ്രദര്‍ശനത്തിനെത്തുന്നത്. നാലുദിവസവും അവര്‍ കലാപ്രകടനവുമായി അക്ഷരോത്സവവേദിയില്‍ നിറയും.

പാട്ടുപാടാം ബാന്റിനൊപ്പം

'കപ്പ ദ പ്ലെയ്‌സ്' എന്ന പേരില്‍ സംഗീതത്തിനായി ഒരുപ്രത്യേക ഇടം ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇവിടെ നാലുദിവസവും ഒരു മ്യൂസിക് ബാന്‍ഡുണ്ടാകും. അക്ഷരോത്സവത്തിലെ സംഗീതജ്ഞരായ ഡെലിഗേറ്റ്‌സിന് ഈ ബാന്‍ഡിനൊപ്പം പെര്‍ഫോമന്‍സ് ചെയ്യാനുള്ള അവസരമൊരുക്കുക എന്നതാണ് ഈയൊരു വേദിയുടെ മറ്റൊരു ലക്ഷ്യം.

പുതിയ താരോദയങ്ങളുടെ പിറവിക്ക് ഈ വേദി സഹായകമാകും എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇതിനൊപ്പം 800 ഓളം വരുന്ന സംഗീതോപകരണങ്ങളുടെ പ്രദര്‍ശനവും നടക്കും. മ്യൂസിക് ആന്‍ഡ് ലിറിക്‌സ് ഈവനിങ്ങാണ് അക്ഷരോത്സവത്തിന്റെ രാത്രികളെ സുന്ദരമാക്കുക. ബോംബൈ ജയശ്രീ, കാര്‍ത്തിക്, ഹിപ്പ് പോപ്പ് ടീം തുടങ്ങിയവരുടെ പരിപാടികളാണ് മൂന്ന് രാത്രികളിലായി നടക്കുക.

വിപുലമായ ലൈബ്രറി സൗകര്യവും സൈനിങ് ഏരിയയും ഉണ്ടാകും. അക്ഷരോത്സവത്തിലെത്തുന്ന സെലിബ്രിറ്റികളുമായി സ്വകാര്യമായി സംവദിക്കാനുള്ള ഒരു ഇടം ലൈബ്രറിക്കരികിലായി ഇത്തവണ ഒരുക്കുന്നുണ്ട്. ഓഡിയോ സ്റ്റേഷനുകള്‍ കനകക്കുന്നില്‍ പലയിടത്തായി ക്രമീകരിക്കും. വിവിധ രീതിയിലുള്ള ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ് ഫെസ്റ്റിവലും അക്ഷരോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. എല്ലാ വേദികളുടെയും മേല്‍ക്കൂരകളും മെടഞ്ഞ ഓലകള്‍ക്കൊണ്ടാണ് നിര്‍മിക്കുന്നത്. പരിസ്ഥിതിസൗഹൃദമാകുക ഒപ്പം വെയില്‍മൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍.

തിരശ്ശീലയില്‍ നിറയും സത്യജിത് റായ്

അക്ഷരോത്സവത്തിലെ ഫിലിം ഫെസ്റ്റിവല്‍ വേദിയായ ബ്ലാക്ക് ബോക്‌സ് ഇത്തവണ 'സത്യജിത് റായിയുടെ നൂറുവര്‍ഷങ്ങള്‍' എന്ന പ്രമേയത്തിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. അദ്ദേഹം സംവിധാനം ചെയ്തതും അദ്ദേഹത്തിന്റെ കഥകളെ ആധാരമാക്കി നിര്‍മിച്ചവയുമായ ഹ്രസ്വചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഫെസ്റ്റിവലാണ് നടക്കുക. ഇത്തവണ ഐ.എഫ്.എഫ്.കെ.യുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപിക സുശീലനാണ് സത്യജിത് റായ് ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

സത്യജിത് റായ്

സത്യജിത്ത് റായിയുടെ മകനടക്കം പ്രമുഖര്‍ ബ്ലാക്ക് ബോക്‌സില്‍ പ്രത്യേക അതിഥിയായെത്തും. അക്ഷരോത്സവത്തിനുവേണ്ടി നാലു ചെറുകഥകളും നാലു കവിതകളും നാടകരൂപത്തിലാക്കിയിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അലംനി വിദ്യാര്‍ഥികളാണ് അതിനുപിന്നില്‍. ആ നാടകങ്ങളുടെ അവതരണം അക്ഷരോത്സവ വേദിയിലെ ഓപ്പണ്‍ തിയേറ്ററില്‍ നടക്കും.

Content Highlights: mbifl 2023, T.K. Rajeevkumar, Artistic Director of mbifl, Thiruvananthapuram

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented