സമന്വയപ്രകാശത്തിന്റെ അക്ഷരോത്സവം


എം.വി. ശ്രേയാംസ്‌കുമാര്‍"കോവിഡിനുശേഷം ന്യൂ നോര്‍മല്‍ എന്നു പേരിട്ടുവിളിക്കുന്ന പുതുലോകത്തില്‍ അക്ഷരോത്സവം അതിന്റെ എല്ലാ ചാരുതകളോടുംകൂടി മടങ്ങിവരുകയാണ്. നൂറാംവര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന മാതൃഭൂമി ഇക്കുറി അക്ഷരോത്സവത്തില്‍ മുന്നോട്ടുവെക്കുന്ന ആശയം 'ചരിത്രത്തിന്റെ നിഴലുകളും ഭാവിയുടെ വെളിച്ചവും' എന്നതാണ്".

ഫോട്ടോ: മധുരാജ്

ഏതു പ്രതിസന്ധിയിലും കലയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും അദൃശ്യനാഡികളാല്‍ നാം പരസ്പരം ചേര്‍ന്നുനില്‍ക്കും എന്നതിന്റെ വിളംബരംകൂടിയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം എന്നുപറയുന്നു മാതൃഭൂമി മാനേജിങ് ഡയറക്ടറും അക്ഷരോത്സവത്തിന്റെ ചെയര്‍മാനുമായ ലേഖകന്‍. കനകക്കുന്നിലെ നാല് പകലിരവുകളില്‍ പ്രതിഭയുടെ നക്ഷത്രങ്ങള്‍ മിന്നിത്തെളിയും.

ഭാഷയുടെയും ഭാവുകത്വത്തിന്റെയും മഹാമേളയുടെ അമരത്തേക്ക് മാതൃഭൂമി വീണ്ടുമെത്തുന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. സര്‍ഗാത്മകതയുടെ ഇടപെടലുകളെ എക്കാലത്തും പോഷിപ്പിച്ച ചരിത്രമാണ് മാതൃഭൂമിയുടേത്. അറിവിന്റെയും അക്ഷരത്തിന്റെയും വിപ്ലവകരമായ മുന്നേറ്റത്തിന്റെ 100 വര്‍ഷങ്ങള്‍ എന്ന് അതിനെ അടയാളപ്പെടുത്താം. ആ അക്ഷരവിപ്ലവത്തിന്റെ തുടര്‍ച്ചയെന്നോണം സാഹിത്യം, കല, സംഗീതം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ ലോകത്തിന്റെ സാംസ്‌കാരിക ഭൂപടത്തിലെ എല്ലാ വന്‍കരകളുടെയും സംഗമഭൂമിയാകാന്‍ തലസ്ഥാനനഗരി ഒരുങ്ങുകയാണ്.

ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെയുള്ള നാളുകളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പ് ലോകവേദിയാകും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാംപതിപ്പില്‍ അഞ്ചുവന്‍കരകളില്‍നിന്നായി അഞ്ഞൂറിലധികം പ്രതിഭാശാലികള്‍ മലയാളികളോട് സംവദിക്കാനെത്തും. ആശയപ്രതിഫലനങ്ങളുടെയും ആസ്വാദനത്തിന്റെയും അരങ്ങായിമാറും തലസ്ഥാനം. തലമുറകള്‍ക്ക് അക്ഷരോര്‍ജം സമ്മാനിച്ച മാതൃഭൂമി നൂറാംവര്‍ഷത്തിലേക്ക് എത്തുന്ന ഈ വേളയില്‍ കൊണ്ടാടുന്ന അക്ഷരോത്സവം മലയാളത്തിനായി സമര്‍പ്പിക്കുകയാണ്.

അക്ഷരോത്സവത്തിന്റെ നാലാംഎഡിഷന് തിരിതെളിയുമ്പോള്‍ നിറഞ്ഞ അഭിമാനമാണ് തോന്നുന്നത്. അതോടൊപ്പം മനസ്സിന്റെ അതിരില്‍ ഒരു വലിയശൂന്യത ജ്ഞാനപ്രകാശംപോലെ മുനിഞ്ഞുകത്തുന്നു. അതൊരു കെടാവിളക്കാണ്. എം.പി. വീരേന്ദ്രകുമാര്‍ എന്ന ധിഷണാശാലിയും മാതൃഭൂമിയുടെ അമരക്കാരനുമായ എന്റെ അച്ഛന്റെ വിയോഗശേഷം ഇതാദ്യമായാണ് മാതൃഭൂമി അക്ഷരോത്സവം അരങ്ങേറുന്നത്. നാളിതുവരെയും അദ്ദേഹം പകര്‍ന്നുതന്ന അറിവിന്റെ മഹാവെളിച്ചം ആ അസാന്നിധ്യത്തിലും വഴികാട്ടുകതന്നെ ചെയ്യും.

കോവിഡ്തരംഗത്തെത്തുടര്‍ന്ന് ലോകം അടച്ചിടലിലേക്കെത്തുന്നതിന് തൊട്ടുമുമ്പാണ് അക്ഷരോത്സവത്തിന്റെ മൂന്നാം എഡിഷന്‍ വിജയകരമായി പൂര്‍ത്തിയായത്. ആദ്യ രണ്ട് എഡിഷനുകളിലുമെന്നപോലെ മൂന്നാംതവണയും വന്‍ ജനപങ്കാളിത്തത്തിന് കനകക്കുന്ന് വേദിയായി. ചര്‍ച്ചകളും സംവാദങ്ങളും ഇശലുകളും ആരവങ്ങളും നിറഞ്ഞ സാംസ്‌കാരികത്തുരുത്തായി കനകക്കുന്ന് മാറിയ നാളുകള്‍. ആദ്യ മൂന്ന് എഡിഷനുകളെയും വന്‍വിജയമാക്കി മാറ്റിയത് കലാസ്‌നേഹികളും വിജ്ഞാനദാഹികളുമായ മലയാളികള്‍ത്തന്നെയാണ്. അതേച്ചൊല്ലി മാതൃഭൂമി എന്ന പ്രസ്ഥാനം അഭിമാനിക്കുന്നു. പ്രതീക്ഷയുടെ ആലയമാണ് ഭൂമി എന്ന ഉറപ്പ് വെച്ചുനീട്ടുന്നുണ്ട് സാഹിത്യകുതുകികളും കലാസ്വാദകരും സംഗീതപ്രേമികളും ഒക്കെയുള്‍പ്പെടുന്ന സാമൂഹികപ്രതിബദ്ധരായ പ്രബുദ്ധരായ ഈ ആള്‍ക്കൂട്ടം.

കോവിഡിനുശേഷം ന്യൂ നോര്‍മല്‍ എന്നു പേരിട്ടുവിളിക്കുന്ന പുതുലോകത്തില്‍ അക്ഷരോത്സവം അതിന്റെ എല്ലാ ചാരുതകളോടുംകൂടി മടങ്ങിവരുകയാണ്. നൂറാംവര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന മാതൃഭൂമി ഇക്കുറി അക്ഷരോത്സവത്തില്‍ മുന്നോട്ടുവെക്കുന്ന ആശയം 'ചരിത്രത്തിന്റെ നിഴലുകളും ഭാവിയുടെ വെളിച്ചവും' എന്നതാണ്. ചരിത്രം നമുക്കേകിയ അനുഭവപാഠങ്ങളുടെ നിഴല്‍ത്തണലേറ്റ് കലയും സാഹിത്യവും സംസ്‌കാരവും ശാസ്ത്രവും ചൊരിയുന്ന സമന്വയപ്രകാശത്തില്‍ ഭാവിയിലേക്ക് മുന്നേറാനുള്ള ആഹ്വാനമായി ഇതിനെ കാണാം. അക്ഷരങ്ങളുടെ കൈപിടിച്ച് കാലത്തിന്റെ കെടുതികളില്‍നിന്ന് നമുക്ക് കരകയറാം.

അഞ്ചുഭൂഖണ്ഡങ്ങളില്‍നിന്നുള്ള പ്രതിഭകള്‍ ഭാഗഭാക്കാകുന്ന, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവത്തിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എം.ടി. വാസുദേവന്‍ നായരുടെ മുഖ്യപ്രഭാഷണത്തോടെ അക്ഷരാഘോഷത്തിന് തുടക്കമാകും. കനകക്കുന്ന് ഭാഷയുടെ സംഗമഭൂമിയാകും. ഒരു നൊബേല്‍ ജേതാവ്, രണ്ട് ബുക്കര്‍ജേതാക്കള്‍, മൂന്ന് ജ്ഞാനപീഠ ജേതാക്കള്‍ എന്നിവര്‍ ഒന്നുചേരുന്നു എന്നതാണ് ഇക്കുറി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ സവിശേഷത. 2021-ലെ സാഹിത്യ നൊബേല്‍ ജേതാവായ അബ്ദുള്‍റസാഖ് ഗുര്‍ണയും ബുക്കര്‍ജേതാക്കളായ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകയും, ഒമാനി എഴുത്തുകാരി ജൊകാ അല്‍ഹാര്‍തിയും അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പലായനത്തിന്റെ നോവറിഞ്ഞ, വറുതിയുടെ വെമ്പലറിഞ്ഞ, അസമത്വത്തിന്റെ ചൂടറിഞ്ഞ ജനതയ്ക്കുള്ള സമര്‍പ്പണമായി അവരുടെ സാന്നിധ്യത്തെ നമുക്ക് കാണാം. ജ്ഞാനപീഠം ജേതാക്കളായ എം.ടി. വാസുദേവന്‍ നായര്‍, അമിതാവ് ഘോഷ്, ദാമോദര്‍ മൗസോ എന്നിവര്‍ അക്ഷരോത്സവത്തിനുണ്ടാവും. മലയാള കഥാലോകത്തെ മഹാരഥനായ ടി. പത്മനാഭന്‍, സുധാമൂര്‍ത്തി, ജയമോഹന്‍, ആനന്ദ് നീലകണ്ഠന്‍ എന്നിങ്ങനെ വിവിധതലമുറകളിലെ പ്രതിഭകളുടെ ഒത്തുകൂടലിനും കനകക്കുന്ന് വേദിയാകും. അക്ഷരോത്സവത്തിന്റെ പേട്രണ്‍ കൂടിയായ ശശി തരൂര്‍ സജീവസാന്നിധ്യമായി ഒപ്പമുണ്ടാകും.

മഹാരോഗത്തിന്റെ വൈറസ് മനുഷ്യരെ പരസ്പരം അകറ്റിനിര്‍ത്തിയ കാലത്തിന് സാക്ഷിയായ തലമുറയാണ് നമ്മുടേത്. ഏത് പ്രതിസന്ധിയിലും കലയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും അദൃശ്യനാഡികളാല്‍ പരസ്പരം ചേര്‍ന്നുനില്‍ക്കുകതന്നെചെയ്യും എന്ന വിളംബരംകൂടിയാണ് അക്ഷരോത്സവ വേദിയില്‍ പരോക്ഷമായി ഉയരുന്നത്. വിശ്വസാഹിത്യം വാഴ്ത്തിയ എഴുത്തുകാരുടെയും വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭാശാലികളുടെയും സമകാലിക രാഷ്ട്രീയത്തിലെ കരുത്തരുടെയും കലാ-കായികരംഗത്തെ അതികായരുടെയും സാന്നിധ്യത്താല്‍ കനകക്കുന്നിന് ശോഭയേറുന്ന നാളുകളാണ് വരാന്‍പോകുന്നത്.

ആശയസംവാദങ്ങളുടെയും സാഹിത്യ ചര്‍ച്ചകളുടെയും പകലുകള്‍ക്കൊടുവില്‍ സംഗീതസാന്ദ്രമായ സായാഹ്നങ്ങള്‍ സമ്മാനിക്കും കനകക്കുന്ന്. അക്ഷരലോകത്തെ നവപ്രതിഭകള്‍ക്കായി എഴുത്തുകളരികളും ഉണ്ടാകും. നാലുദിവസം, ഇരുന്നൂറ്റമ്പതിലധികം സെഷനുകള്‍. ചര്‍ച്ചകള്‍ക്കുപുറമേ സോളോ, ഡയലോഗ്, ഡിബേറ്റ്, ഇന്‍ര്‍വ്യൂ എന്നീ വിഭാഗങ്ങള്‍. രണ്ടുലക്ഷം രൂപ സമ്മാനത്തുകയുള്ള മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാര പ്രഖ്യാപനത്തിനും അക്ഷരോത്സവം വേദിയാകും. നവഎഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തിയ മാഗസിന്‍ ഇക്കുറിയും പുറത്തിറക്കുന്നുണ്ട്

അക്ഷരോത്സവത്തിന് മുന്നോടിയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രഭാഷണപരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്കേകിയ ഊര്‍ജം ചെറുതല്ല. പ്രകൃതിയോടിണങ്ങി പരിസ്ഥിതിസൗഹാര്‍ദപരമായാണ് ഇതുവരേക്കും അക്ഷരോത്സവം കൊണ്ടാടിയിട്ടുള്ളത്. ഇത്തവണയും ആ പതിവിന് മാറ്റമുണ്ടാകില്ല. അനശ്വരരചനകള്‍ ലോകത്തിന് സമ്മാനിച്ച മലയാളത്തിന്റെ മണ്ണില്‍ ആശയങ്ങളുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉല്ലാസഭരിതമായ ഉത്സവകാലമായിരിക്കും കനകക്കുന്നിലെ ഈ നാല് പകലിരവുകളെന്ന് ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു


Content Highlights: mbifl 2023, M.V. Shreyams Kumar, Mathrubhumi, Kanakakunnu Palace, Thiruvananthapuram

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://mbi.page.link/DHwe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023

Most Commented