'കുഞ്ഞുങ്ങള്‍ക്ക് അവിസ്മരണീയമായ അക്ഷരോത്സവം സമ്മാനിച്ചതില്‍ നന്ദി'- അധ്യാപിക എഴുതുന്നു. 


ഉമ തൃദീപ്‌



കാര്‍ട്ടൂണിസ്റ്റ് ബാലു കുട്ടികളെ വരകളുടെയും വര്‍ണ്ണങ്ങളുടെയും മാന്ത്രികലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കഥ പറച്ചിലും അതിനനുസരിച്ചുള്ള പടം വരയും കാരിക്കേച്ചറും വിനോദ സംഭാഷണങ്ങളും ഒക്കെയായി കടന്നുപോയി ആ സെഷന്‍.

ഇടവിളാകം ഗവ. യു.പി സ്‌കൂളിലെ കുട്ടികളോടൊപ്പം ഡോ. ഗീതാ രാമാനുജം

*എല്ലാംകൊണ്ടും കിഡ്‌സ് കോര്‍ണര്‍ അതിഗംഭീരം. * ഫ്രഞ്ച് ഉച്ചാരണത്തിലുള്ള വാചകങ്ങള്‍ അത്ര നന്നായി കുട്ടികള്‍ ഗ്രഹിക്കുന്നു എന്നത് ഞങ്ങള്‍ അധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തി-ഇടവിളാകം സര്‍ക്കാര്‍ യു.പി സ്‌കൂളിലെ കുട്ടികളെയും കൊണ്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക ഉമ തൃദീപ് എഴുതുന്നു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദി സന്ദര്‍ശിക്കാന്‍ ഞങ്ങളുടെ വിദ്യാലയമായ ഇടവിളാകം ഗവ. യു.പി സ്‌കൂളിന് അവസരം ലഭിച്ചു. 5, 6, 7 ക്ലാസുകളിലെ അറുപത് കുട്ടികളുമായിട്ടാണ് ഞങ്ങള്‍ കുറച്ച് അധ്യാപകര്‍ അക്ഷരോത്സവവേദിയായ കനകക്കുന്നില്‍ എത്തിയത്. പ്രധാന കവാടത്തിനരികില്‍ മലയാളം അക്ഷരങ്ങള്‍ കൊണ്ടുള്ള കൂറ്റന്‍ ഇന്‍സ്റ്റലേഷനു മുന്നില്‍ അതിഗംഭീരമായ വാദ്യമേളമാണ് ഞങ്ങളെ എതിരേറ്റത്. ഒ.എന്‍.വി, ഒ.വി വിജയന്‍, സുഗതകുമാരി, ബഷീര്‍ തുടങ്ങിയവരുടെ കാരിക്കേച്ചറുകള്‍ കണ്ട്, ആസിഫ് അലിയുടെയും മഞ്ജുവാര്യരുടെയും ബിജുമേനോന്റെയുമൊക്കെ ശബ്ദത്തില്‍ ഒഴുകിയെത്തിയ ഓഡിയോ ബുക്കുകള്‍ ആസ്വദിച്ച് നേരെ കിഡ്‌സ് കോര്‍ണറിലേക്കാണ് കുട്ടികളെ നയിച്ചത്. ഓലച്ചുവരുകളും ഓലമേഞ്ഞ മേല്‍ക്കൂരയുമുള്ള ഹാളിന്റെ പുറംകാഴ്ച തന്നെ അവര്‍ക്ക് കൗതുകമുള്ളതായിരുന്നു.

അകത്തേക്ക് കടന്നതും കൗതുകം ഇരട്ടിച്ചു. വര്‍ണ്ണാഭമായ ഒരു മായാലോകം! നിലത്തുവിരിച്ച പച്ചപ്പരവതാനിക്കുമേല്‍ നാനാവര്‍ണ്ണങ്ങളില്‍ കുട്ടികള്‍ക്ക് ഇരിക്കാനുള്ള ചെറുപായകള്‍. ഭിത്തികളില്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. ഓലമേലാപ്പിനിടയിലൂടെ അകത്തേക്ക് പടര്‍ന്നുനില്‍ക്കുന്ന മരച്ചില്ലകള്‍. അതില്‍നിന്ന് താഴേക്ക് ഞാന്നുകിടക്കുന്ന പക്ഷിരൂപങ്ങള്‍!

അവതാരകന്റെ സ്വാഗതാശംസകള്‍ സ്വീകരിച്ചുകൊണ്ട് കുട്ടികള്‍ ഇരിപ്പുറപ്പിച്ചപ്പോഴേക്കും ആദ്യസെഷനിലെ അതിഥിയെത്തി. ഇന്ത്യയിലെ അറിയപ്പെടുന്ന കഥാപറച്ചിലുകാരിയും എഴുത്തുകാരിയുമായ ഡോ. ഗീതാ രാമാനുജം! ചെറുചോദ്യങ്ങളിലൂടെയും ശബ്ദാനുകരണങ്ങളിലൂടെയും ഡോ. ഗീത ആദ്യം തന്നെ കുട്ടികളെ കയ്യിലെടുത്തു. തുടര്‍ന്ന് കഥപറച്ചിലിന്റെ മാസ്മരാനുഭവത്തിലൂടെ അവര്‍ കുട്ടികളെ കൊണ്ടുപോയി. ചോദ്യങ്ങള്‍ക്കെല്ലാം കുട്ടികള്‍ ആവേശഭരിതരായിക്കൊണ്ട് മറുപടി നല്‍കിക്കൊണ്ടേയിരുന്നു. 40 മിനിട്ട് കടന്നുപോയത് അറിഞ്ഞില്ല. ഒടുവില്‍ if you are happy and you know it...എന്ന പാട്ടിനൊപ്പിച്ച് കുട്ടികളെ കൈകൊട്ടിച്ച്, ഫിംഗര്‍ക്ലാപ്പ് ചെയ്യിച്ച്, ഹുറേ വിളിപ്പിച്ച്, ഗുഡ്‌ബൈ പറയിച്ച് അവസാനിപ്പിച്ചപ്പോള്‍ കുട്ടികള്‍ എനര്‍ജി ലെവലിന്റെ പാരമ്യത്തിലായിരുന്നു. ഡോ. ഗീതയ്‌ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴും കുട്ടികള്‍ അതേ ഊര്‍ജ്ജത്തില്‍ കൈവിട്ടിരുന്നില്ല.

എഴുത്തുകാരെ പരിചയപ്പെടാനുള്ളതായിരുന്നു അടുത്ത സെഷന്‍. തിരുവനന്തപുരം മൃഗശാലയിലെ ജോര്‍ജ് എന്ന കടുവയെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രഞ്ച് എഴുത്തുകാരിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ക്ലെയര്‍ ലീ മിഷേലിനെ കുട്ടികള്‍ കരഘോഷത്തോടെ സ്വാഗതം ചെയ്തു.. കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന നീലക്കുപ്പായത്തിനുമേല്‍ കസവുനേരിയത് ചുറ്റിയെത്തിയ ക്ലെയര്‍ മധുരശബ്ദത്തില്‍ ലളിതമായ ഇംഗ്ലീഷില്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ സംസാരം നിര്‍ത്തി നിര്‍ത്തി സംവദിച്ചു. അവരുടെ ഓരോ വാക്കുകളും വിടര്‍ന്ന കണ്ണുകളുമായി തലയാട്ടി ശ്രദ്ധിച്ചിരിക്കുന്ന കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ ഞങ്ങള്‍ക്കും വളരെ കൗതുകമായിരുന്നു.

വീണ്ടും വീണ്ടും വരാന്‍ തോന്നുന്ന കേരളത്തിന്റെ മനോഹാരിതയെക്കുറിച്ചു പറഞ്ഞപ്പോള്‍ കുട്ടികള്‍ സ്വാഭാവികമായി കൈയ്യടിച്ചു. ഒരു വിദേശിയുടെ സംസാരം, അതും ഫ്രഞ്ച് ഉച്ചാരണത്തിലുള്ള വാചകങ്ങള്‍ അത്ര നന്നായി കുട്ടികള്‍ ഗ്രഹിക്കുന്നു എന്നത് ഞങ്ങള്‍ അധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തി. ആശയഗ്രഹണത്തിന് ബുദ്ധിമുട്ടില്ലായിരുന്നു എങ്കില്‍ കൂടി ദ്വിഭാഷിയുടെ സേവനവും ലഭ്യമായിരുന്നു. നാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്ന, സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വളരെ സവിശേഷമായ ഒരു അനുഭവമാണ് ആ സെഷന്‍ സമ്മാനിച്ചത്.

ആര്‍ടിസ്റ്റ് ബാലു
കിഡ്‌സ് കോര്‍ണറില്‍ കുട്ടികളോടൊപ്പം

തുടര്‍ന്ന് സര്‍ഗാത്മക സെഷനായിരുന്നു. ആര്‍ടിസ്റ്റ്‌ ബാലു കുട്ടികളെ വരകളുടെയും വര്‍ണ്ണങ്ങളുടെയും മാന്ത്രികലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കഥ പറച്ചിലും അതിനനുസരിച്ചുള്ള പടം വരയും കാരിക്കേച്ചറും വിനോദ സംഭാഷണങ്ങളും ഒക്കെയായി കടന്നുപോയി ആ സെഷന്‍. വരയ്ക്കാന്‍ ആവശ്യമായ കടലാസും ചായപ്പെന്‍സിലുകളുമെല്ലാം മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തിരുന്നു.

അഞ്ജലി രാജന്റെ കഥാവായനാനേരമായിരുന്നു അടുത്തത്. മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ പലതവണ സന്ദര്‍ശനത്തിനെത്തിയിട്ടുള്ള അഞ്ജലി മാഡം ഞങ്ങള്‍ക്കൊക്കെ ചിരപരിചിതയാണ്. ഇടവിളാകം സ്‌കൂളിനെയും മുരുക്കുംപുഴ കായലിനെയുകുറിച്ചൊക്കെ പറഞ്ഞുകൊണ്ട് കുട്ടികളില്‍ ഒരാളായി മാറി മാഡം. ഒരു മഞ്ഞുരുക്കല്‍ സെഷനുശേഷം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കഥ അവര്‍ക്ക് വായിച്ചു കൊടുത്തു.

നേരം ഉച്ചയായത് കുട്ടികളും ഞങ്ങളും അറിഞ്ഞില്ല. മില്‍മ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണപ്പാക്കറ്റുകളും വാങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ കുട്ടികള്‍ രാവിലെ വന്നതിനേക്കാള്‍ പതിന്മടങ്ങ് ഉത്സാഹത്തിലായിരുന്നു. സ്‌കൂള്‍ബസ്സില്‍ കയറി സ്‌കൂള്‍ എത്തും വരെയും 'ക'യുടെ വിശേഷംപറച്ചിലുകള്‍ തന്നെയായിരുന്നു.

അഭിനന്ദനാര്‍ഹമായ ആസൂത്രണം, മികച്ച സംഘാടനം, ഹൃദ്യമായ ആതിഥേയത്വം, ഉന്നതനിലവാരം പുലര്‍ത്തുന്ന അവതരണം, ആകര്‍ഷകമായ സജ്ജീകരണം, കുട്ടികളോട് ചേര്‍ന്നുനില്‍ക്കുന്ന ക്ഷണിതാക്കളുടെ തെരഞ്ഞെടുപ്പ് അങ്ങനെ എല്ലാംകൊണ്ടും കിഡ്‌സ് കോര്‍ണര്‍ അതിഗംഭീരം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത സുന്ദരമായ ഒരു അനുഭവം സമ്മാനിച്ചതിന് മാതൃഭൂമിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി....

Content Highlights: uma trideep govt school teacher sharing experince mathrubhumi international festival of letters

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented