നൃത്തം തുടങ്ങുംവരെ മാത്രമേ ആകാരഭംഗിക്ക് മനസ്സിൽ സ്ഥാനമുള്ളൂ: അലർമേൽ വള്ളി


By അലര്‍മേൽ വള്ളി/ രമ്യ ഹരികുമാര്‍

10 min read
Read later
Print
Share

.

'കുട്ടി എലി പോലിരിക്കുന്ന ഈ പെണ്‍കുട്ടി നൃത്തം ചെയ്യുകയോ അതും ഭരതനാട്യം.'
'പെന്‍സിലുപോലെ ഇരിക്കുന്ന ഈ കുട്ടി എങ്ങനെ നൃത്തം ചെയ്യാനാണ്, ഒടിഞ്ഞുവീഴില്ലേ?'

വെളുത്ത് മെലിഞ്ഞ ആറുവയസ്സുകാരിയെ നോക്കി ആളുകള്‍ മുഴുവന്‍ സംശയിച്ചെങ്കിലും ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അവളില്‍ വിശ്വാസമുണ്ടായിരുന്നു. ആ പെണ്‍കുട്ടിക്കുള്ളില്‍ മികച്ചൊരു നര്‍ത്തകിയുണ്ടെന്ന്, നിരന്തര പരിശീലനം അവളെ ലോകമറിയുന്ന നര്‍ത്തകിയാക്കി മാറ്റുമെന്ന്. അമ്മയുടെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. ലോകം അവളെ അറിഞ്ഞത് നര്‍ത്തകി അലർമേൽ വള്ളിയെന്നാണ്. 16-ാം വയസ്സില്‍ പാരീസില്‍ നടന്ന നൃത്തോത്സവത്തില്‍ ഭരതനാട്യം അവതരിപ്പിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വേദികളിലെ അലർമേൽവള്ളിയുടെ അരങ്ങേറ്റം. പന്തനല്ലൂര്‍ ചൊക്കലിംഗം പിള്ളയുടെ അരുമശിഷ്യ'കുട്ടി വള്ളി'യിലൂടെ പന്തനല്ലൂര്‍ ശൈലിയും വളര്‍ന്നു. നര്‍ത്തകീ ലക്ഷണങ്ങളെ തിരുത്തിക്കുറിച്ച അലർമേൽ വള്ളിയെന്ന നര്‍ത്തകി, ചുവടുകളിലൂടെ ലോകം കീഴടക്കിയപ്പോള്‍ പന്തനല്ലൂര്‍ ശൈലിയും ലോകം മുഴുവനുമെത്തി. നൃത്തലോകത്തിന് അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് 2004-ല്‍ രാജ്യം അലർമേൽ വളളിയെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. തന്നെ അലർമേൽ വള്ളിയാക്കിയത് അമ്മ ഉമ മുത്തുകുമാരസ്വാമിയാണെന്ന് അവര്‍ പറയുന്നു. അമ്മയെ കുറിച്ചും നൃത്തജീവിതത്തെ കുറിച്ചും അലർമേൽ വള്ളി സംസാരിക്കുന്നു.

ആറാംവയസ്സില്‍ നൃത്തലോകത്തേക്ക് കൈപിടിച്ചു നടത്തിയത് അമ്മയായിരുന്നല്ലോ? അലർമേൽ വള്ളിയെന്ന നര്‍ത്തകിയുടെ ജീവിതത്തില്‍ അമ്മയുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നു?

കുട്ടിക്കാലത്ത് എന്നെ കണ്ടാല്‍ ഒരു നര്‍ത്തകിയായി സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ല. വളരെ മെലിഞ്ഞിട്ടായിരുന്നു ശരിക്കും ഒരു കുട്ടി എലിയുടെ പോലെ. അതുകൊണ്ട് ആരും എന്നില്‍ ഒന്നും കണ്ടില്ല. പക്ഷേ എന്റെ അമ്മ എന്നില്‍ ഒരു നര്‍ത്തകിയെ കണ്ടു. എനിക്ക് കഴിവുണ്ടെന്ന് മനസ്സിലാക്കി. നൃത്തത്തോട് ഒരുതരം ഭക്തിയാണ് അമ്മയ്ക്ക്. അതുകൊണ്ട് എനിക്ക് കഴിവില്ലായിരുന്നെങ്കില്‍ എന്നെ നൃത്തത്തിലേക്ക് അവര്‍ കൊണ്ടുവരില്ലായിരുന്നു. അങ്ങനെ അവര്‍ എന്നെ വലിയ മാസ്റ്റര്‍മാരുടെ അടുത്ത് എത്തിച്ചു. 'ഇവള്‍ക്ക് നൃത്തം വരുമോയെന്ന് നിങ്ങള്‍ നോക്കൂ. കഴിയുമെന്ന് തോന്നുന്നുണ്ടെങ്കില്‍ നൃത്തം പഠിപ്പിക്കൂ.' അദ്ദേഹം എന്നെ കൊണ്ട് തട്ടടവ് ചെയ്പ്പിച്ചുനോക്കി. കഴിയുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ എന്നെ പഠിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു. അദ്ദേഹത്തിന് എന്നെ വളരെ ഇഷ്ടമായിരുന്നു കുട്ടി വള്ളി എന്നാണ് വിളിച്ചിരുന്നത്.

നൃത്താധ്യാപകനേക്കാള്‍ കാര്‍ക്കശ്യം അമ്മയ്ക്കായിരുന്നു. എനിക്ക് തെറ്റുപറ്റിയാല്‍ മാസ്റ്റര്‍ ഒന്നും പറയില്ല. പക്ഷേ അമ്മ ശകാരിക്കുമായിരുന്നു. നിനക്ക് കഴിയില്ലെങ്കില്‍ നീ നൃത്തം ചെയ്യേണ്ട എന്നാണ് പറയുക. നൃത്തം പാവനമായ സമര്‍പ്പണം വേണ്ട ഒന്നാണ്, നൂറുശതമാനം നീതിപുലര്‍ത്താന്‍ കഴിയണം.അതൊരു പൂജയാണ്. പൂജ ചെയ്യുമ്പോള്‍ എന്തെങ്കിലും മോശപ്പെട്ടത് ദൈവത്തിന് സമര്‍പ്പിക്കുമോ ഇല്ലല്ലോ. അതുപോലെയാണ് നൃത്തമെന്നാണ് അമ്മ എല്ലായ്‌പ്പോഴും പറയാറുളളത്.

ജീവിതത്തില്‍ അച്ചടക്കം വന്നത് അമ്മ കാരണമാണ്. ഒരു വികൃതിക്കുട്ടിയായിരുന്നു ഞാന്‍. വികൃതി എന്ന് തമിഴില്‍ അര്‍ഥം വരുന്ന 'വാല്‍' എന്നാണ് എല്ലാവരും എന്നെ വിളിച്ചിരുന്നത്. പിന്നെ വായന. അതായിരുന്നു ഇഷ്ടം. ഒരു സ്വപ്‌നജീവി. ഉഴപ്പലുകളൊന്നും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ആറാം വയസ്സിലും എന്നും രാവിലെ 5.30ന് എന്നെ ഉണര്‍ത്തി അമ്മ സാധകം ചെയ്യിക്കുമായിരുന്നു. അവധിക്കാലത്തുപോലും വൈകുന്നേരങ്ങള്‍ എനിക്കെപ്പോഴും പരിശീലനത്തിന്റേതായിരുന്നു. രണ്ടുമണിക്ക് മടങ്ങി വരണം. അമ്മ കാത്തുനില്‍ക്കും.

എന്റെ നങ്കൂരമായിരുന്നു അമ്മ, എന്റെ കവചം, മെന്റര്‍ എല്ലാമായിരുന്നു. എല്ലാ ദിവസവും അമ്മ ക്ലാസില്‍ വരും. പണം വരും പോകും യഥാര്‍ഥ സമ്പത്ത് പഠനവും നൃത്തവുമാണെന്നും അതു മാത്രമേ എന്നും നിലനില്‍ക്കുകയുളളൂവെന്നും അവര്‍ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ഞാന്‍ നന്നായി പഠിച്ചിരുന്നു. വള്ളീ പടി അത് പടി എന്ന് അമ്മ പറഞ്ഞുകൊണ്ടേയിരുന്നത് കൊണ്ടാണ് എനിക്കതിന് സാധിച്ചിരുന്നത്. എന്റെ അരങ്ങേറ്റവും വളരെ നേരത്തേയായിരുന്നു. ഒമ്പതര വയസ്സില്‍ ഞാന്‍ അരങ്ങേറ്റം നടത്തി.

അമ്മ ഉണ്ടായിരുന്നത് കൊണ്ട് അച്ചടക്കമുളള ജീവിതമാണ് എനിക്ക് കിട്ടിയത്. ഞാനിപ്പോഴും ഒരു പെര്‍ഫക്ഷനിസ്റ്റാണ്. പൂര്‍ണത ലഭിക്കുന്നതിന് വേണ്ടി എനിക്കൊപ്പം ജോലി ചെയ്യുന്നവരെ ഞാന്‍ വട്ടാക്കികളയാറുണ്ട്. അവര്‍ എന്നെ ബഹുമാനിക്കുകയും നന്നായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ ഞാന്‍ കാരണം അവര്‍ക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരുന്നു.

കുട്ടിക്കാലത്ത് വല്ലാതെ മെലിഞ്ഞിരുന്ന ഒരാളായിരുന്നല്ലോ. ഒരു നര്‍ത്തകിക്കുവേണ്ട ശരീരസൗകുമാര്യം ഇല്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഞാന്‍ സുന്ദരിയായിരുന്നില്ല, മേക്കപ്പിട്ടാല്‍ ഞാന്‍ കുഴപ്പമില്ല എന്നല്ലാതെ. 'മെലിഞ്ഞതാണ്, സൗന്ദര്യമില്ലെന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുത്. കഠിനമായി അധ്വാനിക്കണം. നിന്റെ കൈയില്‍ കല മാത്രമേ ഉണ്ടാകൂ' എന്ന് അമ്മ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്ത് അതിമനോഹരമായ നൃത്തം ചെയ്യാനായാല്‍ ആളുകളുടെ കാഴ്ചയില്‍ നൃത്തം മാത്രമേ നിലനില്‍ക്കൂ.. എന്ന് പറഞ്ഞ് എന്നെ നൃത്തപരിശീലനം ചെയ്യിച്ചത് അമ്മയാണ്.

കേളു ചരണ്‍ മഹാപാത്ര, ബ്രിജു മഹാരാജ് അവരൊന്നും സുന്ദരന്മാര്‍ അല്ലല്ലോ. പക്ഷേ അവര്‍ നൃത്തം ചെയ്യാന്‍ ആരംഭിച്ചാല്‍ അവരുടെ ആകാരസൗഷ്ഠവം എല്ലാം മറക്കും. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കന്ന രീതിയിലാണ് പിന്നെ അവരെ കാണുക. നൃത്തം ചെയ്യുമ്പോള്‍ ആളുകള്‍ക്ക് വള്ളിക്ക് ഉപരിയായി നൃത്തം കാണാനാകണം. അത്തരം മാജിക് ഉണ്ടാകണമെങ്കില്‍ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതായി വരും.

വെളുപ്പിനുളള സാധകം, സ്‌കൂളില്‍ പോക്ക്.. നൃത്തസപര്യ എങ്ങനെയായിരുന്നു?

രാവിലെ മാസ്റ്റര്‍ വരും ഞാന്‍ നൃത്തം പഠിക്കും അതുകഴിഞ്ഞാണ് സ്‌കൂളില്‍ പോക്ക്. അന്ന് ഞാന്‍ സാന്‍ഡ്‌വിച്ചും പാലും മാത്രമാണ് കഴിച്ചിരുന്നത്. വേറെ ഒന്നും കഴിക്കാന്‍ നേരം പോലും കിട്ടിയിരുന്നില്ല. സ്‌കൂളില്‍നിന്ന് മടങ്ങിവന്നാല്‍ വീണ്ടും നൃത്തം.

നൃത്തജീവിതത്തില്‍ മാത്രമായിരുന്നോ അമ്മയുടെ സ്വാധീനം?

നൃത്തത്തിലേക്ക് മാത്രമല്ല സാഹിത്യത്തിലേക്കും എന്നെ എത്തിച്ചത് അമ്മയാണ്. എന്റെ താത്ത പെരിയ പുരാണത്തില്‍ നിന്നുളള കഥകള്‍ പറഞ്ഞുതരുമായിരുന്നു. കമ്പരാമായണത്തില്‍ നിന്നും മറ്റും. ചിലപ്പതികാരം. ഷേക്ക്‌സ്പിയര്‍, ഡിക്കന്‍സ് എല്ലാം അദ്ദേഹം വായിക്കുമായിരുന്നു. എന്റെ അമ്മ എനിക്ക് പുസ്തകം തരും എന്നിട്ട് പറയും വേഗത്തില്‍ ഓടിച്ച് വായിക്കരുത്. വായിക്കുന്നത് ഒരു കടലാസില്‍ എഴുതി വെക്കണം. ഇതെല്ലാം അഭിനയത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന്. ശരിയാണ് അത് വളരെ പ്രധാനമാണ് നൃത്തത്തില്‍. വായിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഒരു പൂര്‍ണ നര്‍ത്തകിയാകുക. ഒരുപക്ഷേ സെന്‍സേഷണല്‍ ഡാന്‍സര്‍ ആകാന്‍ കഴിയുമായിരിക്കും. പക്ഷേ ഒരിക്കലും ഒരു പൂര്‍ണ നര്‍ത്തകി ആകാന്‍ സാധിക്കില്ല. നൃത്തം ദൃശ്യകവിതയും ദൃശ്യ സംഗീതവുമാണ്. ഒരു ഭാഷയെ എങ്ങനെയാണോ ക്രാഫ്റ്റ് ചെയ്യുന്നത് അതുപോലെത്തന്നെയാണ് നൃത്തത്തെ ക്രാഫ്റ്റ് ചെയ്യേണ്ടതും. ഒരു ലേഖനം എഴുതുമ്പോള്‍ അതിന്റെ തുടക്കവും ഒടുക്കവും മധ്യവും എങ്ങനെയായിരിക്കണമെന്ന് അറിയേണ്ടതുപോലെയാണ് നൃത്തത്തിന്റെ കാര്യവും.

കൊറിയോഗ്രഫിയുടെ ഫോര്‍മുല എന്താണെന്ന് എന്നോട് ശിഷ്യര്‍ ചോദിക്കാറുണ്ട്. എങ്ങനെയാണ് നൃത്ത സംവിധാനം ചെയ്യുന്നതെന്ന്. അതൊരിക്കലും ലീനിയര്‍
ആയിരിക്കരുത്. കഥ പറച്ചില്‍ മാത്രം പോര കാണികള്‍ക്ക്‌ അതിന് പുറകിലുളള പല ലെയറുകള്‍ കാണാന്‍ സാധിക്കണം. ലേഖനമെഴുത്തില്‍ അമ്മ പഠിപ്പിച്ചിട്ടുളള പാഠങ്ങള്‍ ആണ് നൃത്തസംവിധാനത്തിലും എന്നെ സഹായിച്ചിട്ടുളളത്.

നൃത്തമാണ് ജീവിതമെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നോ?

ഒരിക്കലും ഒരു നര്‍ത്തകി ആകുമെന്ന് കരുതിയിരുന്നില്ല. ആസ്‌ട്രോഫിസിസ്റ്റ്‌ ആകാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. 16-ാം വയസ്സില്‍ പാരിസില്‍ അന്താരാഷ്ട്ര വേദിയില്‍ നൃത്തം ചെയ്യാന്‍ പോയതോടെയാണ് നൃത്തത്തോടുളള എന്റെ കാഴ്ചപ്പാട് മാറുന്നത്. ആദ്യമായിട്ടാണ് ഇന്ത്യക്കാര്‍ ആദ്യമായാണ് അവിടെ പെര്‍ഫോം ചെയ്യാനെത്തുന്നത്. കൂട്ടത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ ആളായിരുന്നു ഞാന്‍. ഹരിപ്രസാദ് ചൗരസ്യ, ബ്രിജു മഹാരാജ്, കുമാര്‍ ശര്‍മ, ധനഞ്ജയന്‍സ്, ഒഡീസി നര്‍ത്തകിയായ അലോക എന്നിവരായിരുന്നു എനിക്കൊപ്പം. ആ തിയേറ്ററിന്റെ ചരിത്രത്തില്‍ 16 വയസ്സുളള ആരും നൃത്തം ചെയ്തിട്ടില്ല. അന്നാണ് നൃത്തമാണ് എന്റെ വഴി എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ആ വര്‍ഷം എനിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഒരുവര്‍ഷം വീട്ടിലിരുന്ന് പഠിക്കുന്നതിനിടയില്‍ എന്റെ പ്രഥമ പരിഗണന മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അത് അവിശ്വനീയമായിരുന്നു. 1973-ലാണ് അത്.

പതിനാറാം വയസ്സിലെ അന്താരാഷ്ട്ര വേദി. നൃത്തത്തോടും ലോകത്തോടുമുളള കാഴ്ചപ്പാടുകളെ അത് വലിയ രീതിയില്‍ തന്നെ സ്വാധീനിച്ചുവല്ലേ?

അന്നാട്ടുകാര്‍ ഇന്ത്യക്കാരെ കണ്ടിരുന്നില്ല. സാരിയൊക്കെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. രണ്ടുദിവസം നിറഞ്ഞുകവിഞ്ഞ വേദിയിലാണ് ഞാന്‍ പെര്‍ഫോം ചെയ്തത്. അന്ന് നമുക്ക് സ്‌റ്റേജ് റിഹേഴ്‌സല്‍ ഒന്നുമില്ല. ഡ്രസ്, സൗണ്ട്, സ്‌റ്റേജിലെത്തുന്ന സമയം ഇതെല്ലാം ഉറപ്പുവരുത്തുന്നതിനായി അവിടെ ഞങ്ങള്‍ക്ക് നാലുതവണ സ്‌റ്റേജ് റിഹേഴ്‌സല്‍ ചെയ്യേണ്ടി വന്നതൊക്കെ ഓര്‍ക്കുന്നു. ഒരു ഗ്രൂപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ലൈറ്റ് അണയ്ക്കുമ്പോള്‍ അടുത്ത ഗ്രൂപ്പ് കയറണം ഇന്ത്യയില്‍ അതൊന്നും നമ്മള്‍ ശീലിച്ചിരുന്നില്ല. ഹരിജി(ഹരിപ്രസാദ് ചൗരസ്യ) നിങ്ങള്‍ 2 മിനിട്ട് കൂടുതലാണ് 3 മിനിട്ട് കൂടുതലാണ് എന്നൊക്കെ അദ്ദേഹത്തോട് സംഘാടകര്‍ പറയുന്നതും ഞാനെങ്ങനെയാണ് എല്ലായ്‌പ്പോഴും ഒരുപോലെ വായന അവസാനിപ്പിക്കുക എന്ന് അദ്ദേഹം ചോദിക്കുന്നതുമെല്ലാം ഇന്നും ഓര്‍ക്കുന്നുണ്ട്. ടൈമിങ്ങിനെ കുറിച്ച് അവര്‍ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. അത് വളരെ ബുദ്ധിമുട്ടേറിയ അനുഭവം ആയിരുന്നെങ്കിലും ആശ്ചര്യജനകവുമായിരുന്നു. ഒരു വേദിയില്‍ എത്രത്തോളം പ്രൊഫഷണലാകണം എന്നെല്ലാം പഠിക്കുന്നത് അങ്ങനെയാണ്. ഇന്ത്യയില്‍ അക്കാലത്ത് വേദിയില്‍ നൃത്തത്തിനായി നില്‍ക്കുമ്പോള്‍ പാറ്റയും എലിയുമെല്ലാം ഓടുന്നത് കണ്ട് വന്നവരാണ് ആദ്യമായി ഇത്തരം റിഹേഴ്‌സലുകള്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ആദ്യ വിദേശ യാത്രയും.

ഹരിജിയുടെ ഭാര്യ എസ്കലേറ്ററില്‍ കയറാന്‍ ഭയന്നുനിന്നത് ഞാന്‍ ഓര്‍ക്കുന്നു. നഗരത്തില്‍ വന്നുപെട്ട കുഗ്രാമത്തില്‍നിന്നുളള ആളുകളുടെ അവസ്ഥയിലായിരുന്നു ഞങ്ങള്‍. ഇന്ത്യന്‍ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കാന്‍ നൃത്തമുദ്രകള്‍ കാണിച്ച് പറഞ്ഞുകൊടുത്തതിന്റെ ക്ഷീണത്തിലാണ് ഫ്രഞ്ച് പഠിച്ചേ പറ്റൂ എന്ന് ചിന്തിക്കുന്നതും പിന്നീട് പഠിക്കുന്നതും.

എപ്പോഴാണ് ഒഡീസിയിലേക്ക് ആകൃഷ്ടയാകുന്നത്?

പാരിസില്‍ ഞങ്ങള്‍ക്കൊപ്പം ഒരു ഒഡീസി നര്‍ത്തകിയുമുണ്ടായിരുന്നല്ലോ. അതുകണ്ടതോടെ ഞാന്‍ ഒഡീസിയുമായി പ്രണയത്തിലായി എന്നുപറയാം. നാട്ടിലേക്ക് തിരിച്ചെത്തിയ സമയത്താണ് കേളു ചരണ്‍ മഹാപാത്ര ഒരു പരിപാടിയുടെ ഭാഗമായി ചെന്നൈയില്‍ എത്തുന്നത്. അമ്മ അദ്ദേഹത്തിന്റെ അടുത്ത് പോയി കാര്യം പറഞ്ഞു. 'ഞാന്‍ വീട്ടിലേക്ക് വരാം. അവളുടെ നൃത്തം കാണട്ടേ. എന്നിട്ട് തീരുമാനിക്കാം പഠിപ്പിക്കണോയെന്ന്.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ പരിശീലനം ചെയ്യുന്ന സമയത്താണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന് ഞാന്‍ നൃത്തം ചെയ്യുന്നത് ഇഷ്ടപ്പെട്ടു. മൂന്നാഴ്ച അദ്ദേഹം പഠിപ്പിക്കാനായി വന്നു. അന്ന് അദ്ദേഹത്തിന് തിരക്കേറിയിട്ടില്ല. അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. 'എന്റെ നല്ല ഒരു വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ ഉപേക്ഷിച്ചാണ് ഞാന്‍ പോകുന്നത്.' അന്നെങ്ങനെയാണ് സമയം കൈകാര്യം ചെയ്തിരുന്നത് എന്ന് എനിക്കുതന്നെ അറിയില്ല. ഞാന്‍ അന്ന് ഫ്രഞ്ച് പഠിക്കുന്നുണ്ടായിരുന്നു. ആഴ്ചയില്‍ ആറുദിവസം രാവിലെ ഭരതനാട്യം പഠിക്കാനായി മാറ്റിവെക്കും. ശനിയും ഞായറും സംഗീതക്ലാസ്. അതിനായി അഡയാര്‍ പോകണം. രാത്രി ഞാന്‍ ഗൃഹപാഠം എല്ലാം കഴിഞ്ഞ് ഒഡീസി ക്ലാസ് ആരംഭിക്കും. 6.30 ന് തുടങ്ങും 12.30 വരെയൊക്കെ അത് നീണ്ടുപോകും.

ഒഡീസിയും ഭരതനാട്യവും ഒരുമിച്ച് കൊണ്ടുപോവുക എളുപ്പമായിരുന്നോ? രണ്ടും രണ്ടുതരം ശൈലിയല്ലേ?

അരങ്ങേറ്റം കഴിഞ്ഞതിന് ശേഷം വിദേശ രാജ്യങ്ങളില്‍ ഞാന്‍ ഒഡീസി നൃത്തം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് പിന്നീട് തോന്നി രണ്ടു നൃത്തരൂപങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകേണ്ടതില്ലെന്ന്. കാരണം ഭരതനാട്യത്തില്‍ ഞാന്‍ പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയായിരുന്നു. പലരും പറയാറുണ്ട്. ഒഡീസി പഠിച്ചതുകൊണ്ടാണ് വള്ളി ഗ്രേസ്ഫുള്‍ ആയിരിക്കുന്നതെന്ന്. പക്ഷേ അത് ഞാന്‍ വിശ്വസിക്കുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ ഗ്രേസ്ഫുളളാണ് അല്ലെങ്കില്‍ അല്ല.

ഭരതനാട്യത്തില്‍ ഗുരു പന്തനല്ലൂര്‍ ചൊക്കലിംഗം പിളളയുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നു?

ചൊക്കലിംഗസാര്‍ പന്തനല്ലൂര്‍ ശൈലി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ അത് പഠിക്കുന്നത്. അന്ന് കൊളോണിയല്‍ കാഴ്ചച്ചപ്പാടുപ്രകാരം നൃത്തത്തെ അസന്മാര്‍ഗികമായ ഒന്നായാണ് കണ്ടിരുന്നത്. പന്തനല്ലൂര്‍ ശൈലി റിജിഡ് സ്റ്റൈല്‍ ആണ് പിന്തുടരുന്നത്. പക്ഷേ ആ നിബന്ധനകള്‍ വിടാതെ ഗ്രേസോടെ ചെയ്യാന്‍ സാധിക്കണം. 'കൈ എറിയുകയല്ല വിരിയുകയാണ് വേണ്ടത്'. 'ജഡം മാതിരി ആടാതെ', 'രസിച്ചുപിടി'എന്നെല്ലാം മാസ്റ്റര്‍. നൃത്തത്തെ രുചിക്കുകയാണ് വേണ്ടത്.

പന്തനല്ലൂര്‍ ശൈലിയുടെ തുടക്കകാലത്ത് ആ ശൈലിയില്‍ ആടിത്തുടങ്ങിയ വ്യക്തിയാണ്. കാലങ്ങള്‍ക്കൊപ്പം എന്തൊക്കെ മാറ്റങ്ങളാണ് അതില്‍ വന്നിട്ടുളളത്?

നൃത്തം എല്ലാക്കാലത്തും മാറിക്കൊണ്ടിരിക്കുകയാണ്. പന്തനല്ലൂര്‍ എന്റെ ശൈലിയായി മാറിക്കഴിഞ്ഞു. എനിക്ക് മാസ്റ്റര്‍ സ്വാതന്ത്ര്യം തന്നിരുന്നു. വള്ളിയുടെ നൃത്തം കണ്ടാല്‍ അറിയാം അത് പന്തനല്ലൂര്‍ ശൈലിയാണെന്ന്. പക്ഷേ നൃത്തത്തിന് കൂടുതല്‍ വളരാനുണ്ട്. നര്‍ത്തകരാണ് അതിലേക്ക് കൂടുതല്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കേണ്ടത്.

ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിക്കുക എന്ന പഴയ സമ്പ്രദായം കാലത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്.

യുട്യൂബ് ഗുരു.. യുട്യൂബിലൂടെ ആളുകള്‍ നിരവധി നൃത്തരൂപങ്ങള്‍ കാണുകയാണ്. അതില്‍ ഒരാളുടെ നൃത്തത്തില്‍ വളരെ മനോഹരമായത് കാണുമ്പോള്‍ അത് സ്വീകരിക്കും, മറ്റൊരാളില്‍നിന്ന് മറ്റൊന്നും. പക്ഷേ അങ്ങനെ വരുമ്പോള്‍ അതില്‍ നിങ്ങളുടെ അടയാളപ്പെടുത്തല്‍ ഉണ്ടാകണമെന്നില്ല. പഴയകാലത്ത് സ്മാര്‍ട്ട് ഫോണോ റെക്കോഡിങ് പോലുമോ സാധ്യമായിരുന്നില്ലല്ലോ. അന്ന് ഗുരു പറയുന്നത് ശ്രദ്ധിക്കും. പിന്നീട് വീട്ടിലെത്തി ഭാവനയിലൂടെ അതിന് കൂടുതല്‍ തലങ്ങള്‍ നല്‍കും. അന്ന് ചിന്തയും ഭാവനയും സജീവമായിരുന്നു.

ഇക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാം അരച്ച് ചേര്‍ത്ത് കൊടുക്കണം. അപ്പോള്‍ അത് വിഴുങ്ങും. അല്ലാതെ സ്വയം ചെയ്യില്ല. അതില്‍ കാര്യമില്ല. കാട്ടിലൂടെ വഴി തെളിച്ച് മുന്നോട്ടുപോകുന്നതും പണിതിട്ട ഒരു റോഡിലൂടെ മുന്നോട്ടുപോകുന്നതും വ്യത്യസ്തമല്ലേ. പണിതിട്ട റോഡിലൂടെ പോകുമ്പോള്‍ വേഗത്തില്‍ പോകാം. ലക്ഷ്യത്തിലെത്താം. പക്ഷേ വഴിതെളിക്കുന്നവന്‍ അനുഭവത്തിലൂടെ പഠിക്കുന്നതെല്ലാം അത്തരത്തിലുളളവര്‍ക്ക് നഷ്ടപ്പെടും. പക്ഷേ ഇന്നുളളവര്‍ക്ക് ലക്ഷ്യത്തിലെത്തിയാല്‍ മതി. ഞങ്ങള്‍ പഠിച്ചത് അത്തരമൊരു ലക്ഷ്യസ്ഥാനമില്ലെന്നാണ്. സോഷ്യല്‍ മീഡിയയില്‍ ആ ലക്ഷ്യസ്ഥാനം എന്നുപറയുന്നത് ലൈക്കും ഷെയറുമാണ്. എല്ലാം വേഗത്തില്‍ വേണം.

ഇന്ന് മഹാന്മാരായ ഗുരുക്കന്മാര്‍ ഇല്ല. 1000 അധ്യാപകരുണ്ടെങ്കില്‍ അവരെല്ലാം ഗുരുക്കന്മാരാണോ അല്ല. നൃത്തം പഠിച്ചവരെല്ലാം ഇന്ന് അധ്യാപകരാണ്. ഒരു ഗുരുമുഖത്ത് നിന്ന് നമുക്ക് ലഭിക്കുക അവര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമായിരിക്കില്ല. അവര്‍ പറയാത്ത കാര്യങ്ങളും നിരവധിയുണ്ടാകും. യഥാര്‍ഥ ഗുരുക്കന്മാര്‍ പാത്രം പോലെയാണ്. അവര്‍ തങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ വഹിക്കുന്നു. അവരുടെ അടുത്ത് ഒന്നും സംസാരിക്കാതെ ഇരുന്നാല്‍ പോലും ഒരുപാട് പഠിക്കാനുണ്ട്. അഞ്ചുവര്‍ഷമായി പഠിപ്പിക്കുന്നില്ല. വീണ്ടും തുടങ്ങണം.

വളരെ വേഗത്തിലുളള പ്രശസ്തിയാണ് പലരും ആഗ്രഹിക്കുന്നത്

പ്രശസ്തി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് മാത്രമായി നിങ്ങളുടെ ലക്ഷ്യം ചുരുങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് അനുഭവങ്ങള്‍ നിറഞ്ഞ കാടുകളാണ്.

ഒരു നര്‍ത്തകിക്ക് സംഗീതത്തില്‍ എത്രത്തോളം ജ്ഞാനം ആവശ്യമുണ്ട്?

100 ശതമാനം. കാരണം നൃത്തവും സംഗീതവും തമ്മില്‍ യാതൊരു വേര്‍തിരിവുകളുമില്ല. ഞാന്‍ ബാലമ്മ പറയുന്നത് കേട്ടിട്ടുണ്ട്. അഭിനയം ചൊല്ലിത്തരാന്‍ ആകില്ല. അത് തന്നെ വരണമെന്ന്.. അത് പഠിച്ചെടുക്കാന്‍ ആവുന്ന ഒന്നല്ല. അത് തനിയെ വരേണ്ട ഒന്നാണ്. 17-18 വയസ്സുളളപ്പോഴാണ് ഞാന്‍ സംഗീതം പഠിക്കുന്നത്. അപ്പോഴാണ് അതിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയത്. ആംഗികാഭിനയം കാഴ്ചവെക്കുമ്പോള്‍ അത് മുഖത്ത് മാത്രമല്ല. സംഗീതത്തിന് അനുസരിച്ച് ശരീരം മുഴുവന്‍ അഭിനയിക്കുകയാണ്. സംഗീതത്തെ ശ്രദ്ധിച്ചുകൊണ്ട് ശരീരം അതിനെ വ്യാഖ്യാനിക്കുകയാണ്. അതുകൊണ്ടാണ് 'സംഗീതം കാണൂ നൃത്തം കേള്‍ക്കൂ' എന്നു ഞാന്‍ പറയുന്നത്. നിങ്ങള്‍ സംഗീതം കണ്ടുകൊണ്ട് നൃത്തം കേള്‍ക്കൂ.

ആംഗികാഭിനയത്തെ കുറിച്ച് പറഞ്ഞതുകൊണ്ടുചോദിക്കട്ടേ ഒരു നര്‍ത്തകിയുടെ ആകാരത്തിന് നൃത്തത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ട്?

നര്‍ത്തകിക്ക് മനോഹരമായ കണ്ണുകള്‍ ഉണ്ടെങ്കില്‍ നന്ന്. നന്നായി ഭാവങ്ങള്‍ തെളിയുന്ന മുഖം വേണം. അധികം തടിയില്ലെങ്കില്‍ അതാണ് നല്ലത്. നിങ്ങള്‍ മെലിഞ്ഞതാണെങ്കില്‍ ശരീരത്തിന്റെ അംഗശുദ്ധം വളരെ വ്യക്തമായിരിക്കും. പക്ഷേ ബാലമ്മയെയും ബ്രിജു മഹാരാജിനെയും നോക്കൂ. ശാരീരിക സൗന്ദര്യത്തിന് അപ്പുറത്തേക്ക് അവര്‍ നൃത്തം ചെയ്യുമ്പോള്‍ മാജിക്കാണ്. അതായത് നര്‍ത്തകി നൃത്തവുമായി ഇഴുകിച്ചേരുമ്പോള്‍ കാണികള്‍ക്ക് നൃത്തത്തെയും നര്‍ത്തകിയെയും വേര്‍തിരിച്ച് കാണാന്‍ സാധിക്കില്ല. നൃത്തവും സംഗീതവും കവിതയും പര്‌സപരപൂരകങ്ങളാണ്.

ശാസ്ത്രീയ നൃത്തം ചെയ്യുന്നവരുടെ മേക്കപ്പ് വിമര്‍ശിക്കപ്പെട്ടിട്ടുണ്ടല്ലോ?

പഴയതുപോലെ ഇന്ന് അമ്പലങ്ങളില്ല നൃത്തം ചെയ്യുന്നത്. തിയേറ്ററുകളിലാണ്. ഒരു അടച്ചിട്ട മുറിക്കുളളിലാണെങ്കില്‍ കണ്ണെഴുതി സാധാരണ സാരി ധരിച്ച് നൃത്തം ചെയ്യാം. അക്രോബാറ്റിക് ആണെങ്കില്‍ അവിടെ മുഖത്തിന് പ്രാധാന്യമില്ല. ശരീരത്തിനാണ് പ്രാധാന്യം. എന്നാല്‍ ക്ലാസിക്കല്‍ നൃത്തത്തിലേക്ക് വരുമ്പോള്‍ ആഹാര്യത്തിന് വളരെ വലിയ പ്രധാന്യമുണ്ട്. ആഭരണങ്ങള്‍ നിങ്ങളുടെ ഭാവങ്ങളെ ഉദ്ദീപിപ്പിക്കും. അള്‍ത്ത നിങ്ങളുടെ കൈവിരലുകളെ ഹൈലൈറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്. മോഡേണ്‍ ഡാന്‍സ് ശരീരം മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ക്ലാസിക്കല്‍ നൃത്തത്തില്‍ മുഖം ഉപയോഗിക്കുന്നു. പുരികക്കൊടികളുടെ ചലനം മേക്കപ്പില്ലാതെ എങ്ങനെ മനസ്സിലാക്കാനാണ്. ഓരോ നൃത്തരൂപത്തിനും അതിനനുസരിച്ചുളള മേക്കപ്പ് കൂടിയേ തീരൂ. വിവിധ നൃത്ത രൂപങ്ങള്‍ക്ക് വിവിധ തരത്തിലുളള ആസ്വാദനക്ഷമതയാണ് ഉളളത്.

ക്ലാസിക്കല്‍-കണ്ടംപററി നൃത്തരൂപങ്ങളുടെ സമന്വയമാണ് ഇന്ന് കൂടുതലും അവതരിപ്പിക്കപ്പെടുന്നത്..

ക്ലാസിക്കല്‍ നൃത്തത്തിന് വ്യത്യസ്തമായ ഒരു ഭാഷയാണ് ഉളളത്. ആധുനികവും ശാസ്ത്രീയവും വ്യത്യസ്ത ഭാഗങ്ങളാണ്. കല എന്നുപറയുന്നത് കല മാത്രമാണ്. മോഡേണ്‍ നൃത്തത്തെ ക്ലാസിക്കല്‍ നൃത്തങ്ങളുടെ ഭക്തിഭാവവുമായി ബന്ധപ്പെടുത്താന്‍ ആവില്ല. ഫാഷനബിള്‍ ആണ് അതുകൊണ്ട് ചെയ്യുന്നു എന്നാകരുത് മറിച്ച് നിങ്ങള്‍ മോഡേണ്‍ നൃത്തം ചെയ്യൂ. പക്ഷേ അത് സത്യസന്ധമായി, ആത്മാര്‍ഥമായി ചെയ്യണം എന്നേയുളളൂ.

പ്രശസ്തരായ നര്‍ത്തകര്‍ പോലും ചിലപ്പോള്‍ വര്‍ണത്തേക്കാള്‍ ഡാന്‍സ് ഡ്രാമയിലേക്ക് പോകുന്നതായി കണ്ടിട്ടില്ലേ?

സോളോ നൃത്തത്തില്‍ കുറേക്കൂടി സമയം ചെലവഴിക്കേണ്ടി വരും. അതിന് കൂടുതല്‍ കഴിവും കാണികളെ ആകര്‍ഷിക്കാനും കഴിയേണ്ടതുണ്ട്. അതത്ര എളുപ്പമല്ല. ഡാന്‍സ് ഡ്രാമയോ സംഘനൃത്തമോ ചെയ്യുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അത് കാണികള്‍ക്കും നര്‍ത്തകിക്കും ഒരുപോലെ എളുപ്പമാണ്. മറിച്ച് രണ്ടുമണിക്കൂര്‍ നേരത്തേക്ക് സോളോ നൃത്തം ചെയ്യണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് സമയം നീളുന്ന കഠിനാധ്വാനം ഉണ്ട്. കാണികളെ പിടിച്ചിരുത്തേണ്ടതുണ്ട്. അവരുമായി സംവദിക്കേണ്ടതുണ്ട്. അതാണ് നൃത്തത്തിന്റെ സത്ത.

കേരളത്തില്‍ മതത്തിന്റെ പേരില്‍ ഒരു നര്‍ത്തകിക്ക് ക്ഷേത്രത്തില്‍ വേദി നിഷേധിക്കപ്പെട്ട ഒരു സംഭവമുണ്ടായിരുന്നു. നൃത്തത്തിന് ജാതിയും മതവുമൊക്കെയുണ്ടോ?

ജാതിയിലും മതത്തിലുമൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരുതരത്തിലുളള ഫണ്ടമെന്റലിസത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. പരസ്പരം നോക്കൂ നമ്മള്‍ മനുഷ്യരാണ്. അതിലാണ് നാം വിശ്വസിക്കേണ്ടത്. ഒരേയൊരു ശക്തിയേ നമുക്ക് മുന്നിലുളളൂ. ബംഗാളില്‍ ഒരു മുസ്ലീം യുവാവ് കാളിയെ കുറിച്ച് എഴുതിയ കവിതയുണ്ട്. നമുക്ക് മുന്നില്‍ യേശുദാസും റഹ്മാനുമുണ്ട്. കലാരൂപത്തെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നാണ് എനിക്ക് പറയാനുളളത്. അത് തെറ്റാണ്. കല കലതന്നെയാണ്. ഇതാണ് ലോകത്തിന്റെ പല രാജ്യങ്ങളില്‍ സഞ്ചരിച്ചതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. നിങ്ങളുടെ ഭാഷയും മതവും എന്തുമായിക്കൊളളട്ടേ, സംസ്‌കാരവും ഡാന്‍സിന് നിങ്ങളോട് സംസാരിക്കാന്‍ സാധിക്കണം.

ഒരിക്കല്‍ ഒരു നൃത്ത പരിപാടിക്ക് ശേഷം ഒരു സ്ത്രീ എന്റെ അടുത്ത് വന്ന് പറഞ്ഞു. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ സന്തോഷങ്ങളില്ലാത്ത ആളാണ്. നിങ്ങളുടെ നൃത്തം എന്നെ മറ്റൊരുലോകത്തേക്ക് കൊണ്ടുപോയി. ഒരുതരം മുറിവുണക്കുന്ന അനുഭവമാണ് എനക്കതിലൂടെ ഉണ്ടായത്. ഇതിനേക്കാള്‍ മികച്ച വേറെന്ത് അഭിനന്ദനമാണ് നര്‍ത്തകിക്ക് ലഭിക്കാനുളളത്. ആത്മാവും ആത്മവും തമ്മിലുളള സംവാദമാണ് ഏറ്റവും വലുത്. നൃത്തത്തിലൂടെ അതിന് സാധിക്കുന്നുണ്ടെങ്കില്‍ അതിലും വലുത് എന്താണ്?

കലയ്ക്ക് എത്രത്തോളം സാമൂഹിക പ്രതിബദ്ധതയുണ്ട്?

നൃത്തം, സിനിമ എന്നിവയെല്ലാം സമൂഹമായി ബന്ധപ്പെട്ടതാണ്. പക്ഷേ ശാസ്ത്രീയ നൃത്തം സമൂഹത്തേക്കാളുപരി മനുഷ്യരുമായി ബന്ധപ്പെട്ടതാണെന്നാണ് ഞാന്‍ കരുതുന്നത്. പുഷ്പവിലാപം നോക്കൂ, അതില്‍ പൂവിറുക്കുന്നതിനെ കുറിച്ചാണ് പറയുന്നതെങ്കിലും അതിന്റെ ആഴത്തിലുളള അര്‍ഥമെന്താണ്. പ്രകൃതിയെ നശിപ്പിക്കരുതെന്നാണ്. മരം മുറിക്കരുത് അല്ലെങ്കില്‍ മരങ്ങള്‍ നടണം എന്നൊന്നുമല്ല ഒരു പൂവിലൂടെ പ്രകൃതിയെ നശിപ്പിക്കരുതെന്നാണ് പറഞ്ഞുവെക്കുന്നത്. അതാണ് നൃത്തത്തിന് ചെയ്യാനാവുക.

Content Highlights: the bharatanatyam danseuse Alarmel valli

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Parmesh Shahani
Premium

4 min

ക്വീര്‍ മനുഷ്യര്‍ക്ക് വേണ്ടത് ചെയ്യട്ടെ, കേരളം ശരിയായ പാതയിൽ-പര്‍മേഷ് ഷഹാനി

Feb 4, 2023


anu
Premium

4 min

'അയ്യപ്പനും കോശിയിലും മറ്റൊരാളായിരുന്നെങ്കിൽ അവര്‍ക്ക് പിന്നെ യഥേഷ്ടം അവസരം ലഭിച്ചിട്ടുണ്ടാകും'

Feb 3, 2023

Most Commented