പ്രൊഫ. ലീ
കൊറിയന്‍ സാഹിത്യത്തെക്കുറിച്ചും മ്യൂസിക് ബാന്റുകളെക്കുറിച്ചും ആഗോളതലത്തില്‍ കൊറിയയുടെ സാംസ്‌കാരിക ഇടപെടലുകളെക്കുറിച്ചും ദക്ഷിണ കൊറിയന്‍ എഴുത്തുകാരനും വിവര്‍ത്തകനും അക്കാദമിക്കുമായ പ്രൊഫ. ലീ സംസാരിക്കുന്നു.
1893-ല്‍ കനേഡിയന്‍ മിഷണറിയും എഴുത്തുകാരനും ബൈബിള്‍ വിവര്‍ത്തകനുമായ ജെയിംസ് സ്‌കാര്‍ത് ഗേല്‍ കൊറിയന്‍ ഭാഷയിലേക്ക് ജോണ്‍ ബനിയന്റെ വിഖ്യാതകൃതിയായ പില്‍ഗ്രിം പ്രോഗ്രസ് വിവര്‍ത്തനം ചെയ്ത് അച്ചടിക്കുന്നതോടെയാണ് കൊറിയയില്‍ വരമൊഴിയുടെ സാധ്യത തെളിയുന്നത്. തൊണ്ണൂറുകളില്‍ കൊറിയന്‍ അക്ഷരമാലയായ ഹാങുല്‍ വിപുലമാക്കപ്പെടുകയും രാജ്യത്തെ തൊഴിലാളികള്‍ക്ക് സാക്ഷരതനല്‍കുക എന്ന ഉദ്ദേശ്യത്തോടെ ചെറുകവിതകളും കഥകളും അച്ചടിക്കപ്പെടുകയും ചെയ്യുന്നു. പയ്യെപ്പയ്യെ കൊറിയ ബൗദ്ധികതയുടെ സഞ്ചാരപഥത്തിലേറുന്നു. കൊറിയയുടെ സാംസ്‌കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പ്രാമുഖ്യം കൊടുക്കുന്നയാള്‍ എന്ന നിലയില്‍ താങ്കളുടെ രാജ്യത്തിന്റെ സാഹിത്യാഭിരുചിയെ എങ്ങനെ വിലയിരുത്തുന്നു?
ദക്ഷിണകൊറിയയിലെ സാഹിത്യവും സംസ്‌കാരവും വളരെ സമ്പന്നമാണ്. എല്ലാ നാടുകളിലെയും സാഹിത്യമുണ്ടായതുപോലെ തന്നെ വാമൊഴിപ്പാട്ടുകളിലൂടെ വികസിച്ചതാണ് ഞങ്ങളുടെ സാഹിത്യവും. കൊറിയന്‍ സാഹിത്യത്തെ പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നതാണ് നല്ലത്. കൊറിയയുടെ സാഹിത്യസ്വത്വം രൂപപ്പെട്ടുവന്നത് പോസ്റ്റ്കൊളോണിയല്‍ കാലഘട്ടത്തിലാണ്. കവിതകളും കഥകളും നോവലുകളും യാത്രാവിവരണങ്ങളുമടങ്ങുന്ന വലിയൊരു സാഹിത്യശൃംഖല തന്നെ കൊറിയയിലുണ്ട്. ഞങ്ങളുടെ രാജ്യത്തെ ആളുകള്‍ ഞങ്ങളുടെ ഭാഷയില്‍ത്തന്നെ സാഹിത്യം ആസ്വദിച്ചുകൊണ്ടിരുന്ന അവസ്ഥാവിശേഷത്തിന് കഴിഞ്ഞ കുറച്ചുകാലമായി മാറ്റം വന്നിട്ടുണ്ട്. കൊറിയയിലെ സാഹിത്യകാര്‍ ആഗോളതലത്തില്‍ വിനിമയം ചെയ്യപ്പെടുന്ന ഭാഷയായ ഇംഗ്ലീഷിനെ ആശ്രയിച്ചുതുടങ്ങി. മാതൃഭാഷയില്‍ എഴുതുന്ന പുതിയ കൃതികള്‍ എല്ലാം തന്നെ കാലതാമസം നേരിടാതെ വിവര്‍ത്തകരെ തേടുന്നു. ആഗോളതലത്തില്‍ തങ്ങളുടെ കൃതികള്‍ ശ്രദ്ധിക്കപ്പെടണം എന്ന ആഗ്രഹം എഴുത്തുകാര്‍ക്കുണ്ട്. വിവര്‍ത്തകര്‍ക്ക് കൊറിയയില്‍ നല്ലകാലമാണിപ്പോള്‍. ഭാഷയുടെ രാഷ്ട്രീയവാദം വളരെയധികം ഉയര്‍ത്തിപ്പിടിക്കുന്ന ജനതയാണ് കൊറിയക്കാര്‍. പക്ഷേ ലോകഭാഷയില്‍ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിച്ചതിനാലും ലോകവുമായുള്ള സാംസ്‌കാരികവിനിമയം സാധ്യമാക്കേണ്ടതിനാലും കൊറിയന്‍ എഴുത്തുകാര്‍ ഇംഗ്ലീഷ് പഠിച്ചുതുടങ്ങി എന്നുവേണം പറയാന്‍. ആശയവിനിമയം ചെലവേറിയ സംഗതിയായി മാറിയിരിക്കുന്നു. അക്കാദമിക് എന്ന നിലയില്‍ ഈ ഭാഷാപഠനത്തെ ഞാന്‍ പോസിറ്റീവായിട്ടാണ് കാണുന്നത്.
അതേസമയം ആശയപരമായും താത്വികമായും സര്‍ഗാത്മകസൗന്ദര്യത്തിലും യൂറോപ്പിന്റെ സ്വാധീനം ഒട്ടും തന്നെ തങ്ങളുടെ കൃതികളില്‍ വരാതിരിക്കാന്‍ കൊറിയന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കുന്നുണ്ട്. കൊറിയന്‍ ജനതയുടെ ജീവിതവും പാരമ്പര്യവും തന്നെയാണ് പ്രമേയമായി അധികവും വരുന്നത്. കൊറിയന്‍ സംസ്‌കാരത്തിന്റെ ആധുനിക മുഖത്തെ പ്രതിനിധാനം ചെയ്യുന്ന കൃതികളെ ആഗോളസമൂഹത്തിന് പരിചയപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ജനാധിപത്യം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ സംജ്ഞകള്‍ കൊറിയയുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പലസന്ദര്‍ഭങ്ങളിലും അവ്യക്തതയുണ്ടാവാറുണ്ട്. രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ പലപ്പോഴും കൊറിയയില്‍ നിന്നുണ്ടാവാറില്ല.
ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി തിരിച്ചുകൊണ്ടാണ് കൊറിയന്‍ ജനതയ്ക്കുമേല്‍ ഭരണകൂടം ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണകൊറിയയില്‍ മുതലാളിത്ത കേന്ദ്രീകൃത സമൂഹവും ഉത്തരകൊറിയയില്‍ സോഷ്യലിസവുമാണ് ഭരണം നിയന്ത്രിക്കുന്നത്. ഇത് രണ്ടും കൂടിയുണ്ടാക്കുന്ന ഒരു പ്രത്യേകതരം ആത്മസംഘര്‍ഷം ജനങ്ങള്‍ക്കിടയില്‍ എല്ലായ്പ്പോഴുമുണ്ട്. രാഷ്ട്രീയക്കാരായ ആളുകള്‍ അനാവശ്യമായും മനപ്പൂര്‍വവും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് കൊറിയയില്‍ നിലനില്‍പുണ്ടാവില്ല എന്ന് അവര്‍ക്ക് തന്നെ നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ തന്ത്രപരമായി അവര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയാധികാരം നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള തന്ത്രം കൂടിയാണത്.
അതേസമയം കൊറിയന്‍ ജനതയുടെ സ്വഭാവവും ജീവിതവും നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ പഠിക്കുകയാണെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും, ഉയര്‍ന്ന തലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് തെല്ലിട ഭയമോ ആശങ്കയോ ഇല്ലാതെ അവര്‍ കര്‍മനിരതരായിക്കൊണ്ടേയിരിക്കുന്നു. മനപ്പൂര്‍വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനോ ആകുലപ്പെടാനോ അവര്‍ തയ്യാറല്ല. രാഷ്ട്രീയം ഒരു വിഭാഗത്തിന്റെ ബിസിനസ്സായിട്ട് അവര്‍ കാണുന്നു. വലിയ ലാഭങ്ങള്‍ അവര്‍ കൊയ്തെടുക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പോസ്റ്റ് കൊളോണിയല്‍ പ്രത്യയശാസ്ത്രങ്ങള്‍ ഏതെല്ലാം വിധത്തില്‍ കൊറിയയെ സ്വാധീനിക്കുന്നു എന്ന് നിരീക്ഷിക്കുന്ന അക്കാദമിക് എന്ന നിലയില്‍ പക്ഷേ ചില സംഭവങ്ങള്‍ എന്നെ അസ്വസ്ഥനാക്കാറുണ്ട്. രാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുന്നു എന്ന് ഉറ്റുനോക്കി ജീവിക്കുന്ന ജനതയുടെ എണ്ണം വളരെ കുറവാണ്. വ്യക്തിപരമായി പ്രസിഡണ്ടിനോട് എനിക്ക് വിയോജിപ്പുണ്ട്. യാന്‍ സുക്-യേല്‍ ഒരു ഭരണാധികാരിയല്ല, ഏകാധിപതിയാണ്. ജുഡീഷ്യല്‍ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. മുന്‍പ്രോസിക്യൂട്ടര്‍ ജനറലായിരുന്നു. മിലിറ്ററി പശ്ചാത്തലം അദ്ദേഹത്തിനില്ല. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ കൊറിയയിലെ ആര്‍മിയും രാഷ്ട്രീയവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയില്ല. നിയമം അറിയാവുന്നതുകൊണ്ട് 'സാങ്കേതിക ഏകാധിപതി' എന്നുവിളിക്കാനാണ് എനിക്കിഷ്ടം. ജനങ്ങളുടെ സാമൂഹിക ജീവിതത്തിനുമേല്‍ പ്രസിഡണ്ട് എന്ന നിലയില്‍ ഏകാധിപത്യം സ്ഥാപിക്കുന്നതിനാല്‍ കൊറിയയില്‍ അസ്വസ്ഥതകള്‍ ഉണ്ട്.
സാഹിത്യത്തേക്കാള്‍ കൊറിയന്‍ സിനിമകളും സീരിയലുകളുമാണ് മലയാളികള്‍ക്ക് പരിചിതം. സിനിമയെന്ന മാധ്യമത്തിലൂടെ കൊറിയന്‍ ജീവിതവും ആശയങ്ങളും ചിന്തകളും വളരെ വേഗത്തില്‍ തന്നെ ആഗോളപ്രേക്ഷക ഇടത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ്.
കൊറിയന്‍ സിനിമകള്‍ക്കും സീരിയലുകള്‍ക്കും മലയാളി പ്രേക്ഷകര്‍ ഉണ്ടെന്നുള്ളത് വളരെ സന്തോഷം തരുന്ന കാര്യമാണ്. വിനോദമേഖലാവ്യവസായം അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒന്നാണ്. കൊറിയന്‍ കഥകള്‍ നിങ്ങളുടെ ആസ്വാദനത്തില്‍ ഇടംപിടിക്കുന്നു എന്നത് ആഗോളതലത്തില്‍ കൊറിയ നേടുന്ന സാംസ്‌കാരിക നേട്ടം തന്നെയാണ്. വെബ്സീരിസുകളും ഇതില്‍ പ്രധാന ഇടം നേടിയിട്ടുണ്ട്. സിനിമകള്‍ തന്നെയാണ് കൊറിയയിലും സാംസ്‌കാരികമായി മുന്നിട്ടുനില്‍ക്കുന്നത്.
ഏതൊരു നാടിന്റെയും സാഹിത്യം വേരുറയ്ക്കുന്നത് നാടോടിപ്പാട്ടുകളിലൂടെയാണ്. കൊറിയന്‍ ഗ്രാമീണഗാനശാഖയുടെ ഏറ്റവും ആധുനികരൂപമാണ് ഇപ്പോള്‍ ലോകം ആഘോഷിക്കുന്ന മ്യൂസിക് ബാന്റുകള്‍. ബി.ടി.എസ് എന്ന മ്യൂസിക് ബാന്റും അതിലെ യുവാക്കളായ ഗായകരും ലോകപ്രശസ്തരാണ്. സംഗീതത്തിലൂടെയാണ് നിങ്ങള്‍ ഇപ്പോള്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്.
കൊറിയന്‍ ഗ്രാമീണഗാനങ്ങളെ ആധുനികവല്‍ക്കരിച്ചുകൊണ്ട് പുനരവതരിപ്പിക്കുന്നതില്‍ ബി.ടി.എസ്സിനെപ്പോലുള്ള മ്യൂസിക് ബാന്റുകള്‍ വിജയം കണ്ടെത്തിയിട്ടുണ്ട്. ഞങ്ങളുടെ പ്രസിഡണ്ടിനെ അറിയാത്തവരുണ്ടാകും പക്ഷേ ജിന്‍, ജിമിന്‍, ഹോപ് തുടങ്ങിയ യുവാക്കളായ ഗായകരെ അറിയാത്തവരായി ആരുമില്ല. സംഗീതത്തിന്റെ കരുത്ത് അതാണ്. അവരുടെ ഗാനങ്ങള്‍ക്ക് ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയുണ്ടെങ്കിലും ഇന്ത്യക്കാരെ മഹാഭാരതവും രാമായണവും സ്വാധീനിക്കുന്നതുപോലെ ഞങ്ങളുടെ പൈതൃക രചനകളുടെ സ്വാധീനം അവരുടെ ഗാനങ്ങളില്‍ കാണാം. ആരംഭകാലത്തുള്ള കൊറിയന്‍ പാട്ടുകളെ ആധുനിക ലോകത്തിന്റെ അഭിരുചിയും താല്‍പര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുനരാവിഷ്‌കരിക്കുകയാണ് ബി.ടി.എസ്സിനെപ്പോലുള്ള മ്യൂസിക് ബാന്റുകള്‍ ചെയ്യുന്നത്. നാടന്‍പാട്ടിനേക്കാള്‍ കൊറിയന്‍ പൈതൃകത്തെയാണ് ഇവര്‍ പുനരാവിഷ്‌കരിക്കുന്നത്. ആ ശ്രമത്തില്‍ ഗംഭീരമായ വിജയം അവര്‍ കൈവരിച്ചു എന്നതാണ് അത്ഭുതം.
ബി.ടി.എസ്സിലെ കലാകാരനായ ജിന്‍ നിര്‍ബന്ധിത മിലിറ്ററി സേവനത്തിനായുള്ള ഉത്തരവ് കൈപ്പറ്റിയപ്പോള്‍ ആസ്വാദകലോകം മുഴുവനും, പ്രത്യേകിച്ചും ടീനേജുകാര്‍, ഒറ്റസ്വരത്തില്‍ പറഞ്ഞത് കലാകാരന്മാരെ നിര്‍ബന്ധിത സേവനത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ്.
ശരിയാണ്. കൊറിയന്‍ സംഗീതത്തെ ആഗോളശ്രദ്ധയിലേക്കുയര്‍ത്തിയ ബിടിഎസ്സിലെ കലാകാരന് നിര്‍ബന്ധിത സൈനികസേവനം ചെയ്യാന്‍ ഉത്തരവ് വന്നത് ആസ്വാദകലോകത്തെ വിഷമത്തിലാക്കിയിരിക്കാം. ഗായകന്റെ മുടി വെട്ടുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആ കുട്ടികള്‍ തങ്ങളുടെ സര്‍ഗാത്മക പരീക്ഷണങ്ങള്‍ കൊറിയന്‍ സംഗീതത്തിലൂടെ വിജയകരമാക്കിക്കൊണ്ട് മുന്നേറുമ്പോഴാണ് നിര്‍ബന്ധിത സൈനികസേവനഉത്തരവ് വന്നത്. അയാള്‍ രാജ്യത്തിനായി സേവനം ചെയ്യാന്‍ തുടങ്ങുന്നതോടെ സംഗീതവുമായുള്ള ബന്ധം മുറിയുന്നു. ആ കലാകാരന്റെ ഏറ്റവും പ്രൊഡക്ടീവായ വര്‍ഷങ്ങള്‍ രാജ്യസേവനത്തിനായി മാറ്റി ചെലവഴിക്കപ്പെടുന്നു. ബിടിഎസ്സിലെ കലാകാരന്മാരെ നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ഥന ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഒരു മ്യൂസിക് ബാന്റിനെ അവരുടെ സര്‍ഗാത്മകസംഭാവനയെ മാനിച്ചുകൊണ്ട് സൈനികസേവനത്തില്‍ നിന്നും ഒഴിവാക്കിയെന്നിരിക്കട്ടെ, മറ്റു കലാകാരന്മാര്‍ക്കെല്ലാം ഈ പരിഗണന ഭരണകൂടം നല്‍കാന്‍ നിര്‍ബന്ധിതരാവില്ലേ? സ്പോര്‍ട്സ് താരങ്ങള്‍ വെറുതെയിരിക്കുമോ?
ഇന്ത്യയെപ്പോലുള്ള വലിയ രാജ്യങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്കുമാത്രം രാജ്യസേവനം നടത്താം എന്ന തീരുമാനമെടുക്കാം. കാരണം നിങ്ങളുടെ ജനസംഖ്യ അത്രയധികമാണ്. കൊറിയയ്ക്ക് പക്ഷേ അത് സാധ്യമല്ല. യുവാക്കള്‍ക്ക് അവരുടേതായ മേഖലകളില്‍ ശോഭിക്കാനായിരിക്കും ആഗ്രഹം. പക്ഷേ രാജ്യസുരക്ഷയാണ് പ്രധാനം. രാജ്യമുണ്ടെങ്കിലേ രാജ്യത്തെ സംബന്ധിക്കുന്ന മറ്റെല്ലാറ്റിനും നിലനില്‍പുണ്ടാവുകയുള്ളൂ. കലാകാരന്മാര്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്യന്തികമായി പൗരന്മാരാണ്. സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ ഗായകന്റെ സംഗീതത്തിന് നിര്‍ബന്ധിത ഇടവേള സംഭവിച്ചതില്‍ വിഷമമുണ്ട്. പക്ഷേ ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തോടാണ് പ്രഥമ ഉത്തരവാദിത്തവും കടമയും നിറവേറ്റേണ്ടത്. പൗരന്മാരില്‍ ദേശീയാവബോധം സൃഷ്ടിക്കുക, ഗവണ്‍മെന്റ് സംവിധാനത്തെ സേവിക്കുക, എന്നതാണ് നിര്‍ബന്ധിത സൈനികസേവനം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അത് നിറവേറ്റേണ്ടത് എങ്ങനെയായിരിക്കണം എന്നാണ് നിര്‍ബന്ധിത സൈനികസേവനത്തിലൂടെ പഠിപ്പിക്കുന്നത്.
Content Highlights: Prof. Lee talks about Korean literature and Music
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..